ഇഞ്ചോടിഞ്ച് പോരാട്ടവും അട്ടിമറികളും, സസ്പെൻസ് ഒളിപ്പിച്ച് മലപ്പുറം ജില്ല; പോസ്റ്റ് പോൾ ഫലം ഇങ്ങനെ

ഇടതുമുന്നണിയിൽ ഉയർന്ന അസ്വാരസ്യങ്ങളെ സ്ഥാനാർത്ഥി പട്ടികയിലൂടെ വോട്ടാക്കി മാറ്റാൻ ഇക്കുറി യുഡിഎഫ് ക്യാംപ് ശ്രമിച്ചിരുന്നു

Kerala Assembly election 2021 Malappuram district Asianet news C Fore post poll survey result

തിരുവനന്തപുരം: ഏത് കൊടുങ്കാറ്റിലും ഇളക്കാത്ത പച്ചക്കോട്ടയാണ് കേരള രാഷ്ട്രീയത്തിനെന്നും മലപ്പുറം. സമീപകാലത്ത് ഇടതുമുന്നണി ജില്ലയിൽ പലയിടത്തും സ്വാധീനം വർധിപ്പിക്കുന്നുണ്ടെങ്കിലും വോട്ടർമാരിൽ ബഹുഭൂരിപക്ഷവും എന്നും ഉറച്ചുനിന്നത് മുസ്ലിം ലീ​ഗിനും യുഡിഎഫിനുമൊപ്പമാണ്. കേരള ചരിത്രത്തിലെ തന്നെ സവിശേഷമായൊരു തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുമ്പോൾ ഉറ്റുനോക്കുന്നതും മലപ്പുറത്തെ പച്ചക്കോട്ടകൾ ഇളക്കാൻ ഇടതിന് സാധിച്ചോയെന്നാണ്.

ഇടതുമുന്നണിയിൽ ഉയർന്ന അസ്വാരസ്യങ്ങളെ സ്ഥാനാർത്ഥി പട്ടികയിലൂടെ വോട്ടാക്കി മാറ്റാൻ ഇക്കുറി യുഡിഎഫ് ക്യാംപ് ശ്രമിച്ചിരുന്നു. അത് ഏറെക്കുറെ ഫലം കണ്ടിട്ടുമുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ പോസ്റ്റ് പോൾ സർവേയിൽ വ്യക്തമായത്. ജില്ലയിൽ നാല് മണ്ഡലത്തിൽ മാത്രമാണ് ഇടതുമുന്നണിക്ക് ജയസാധ്യതയുള്ളത്. പൊന്നാനിയടക്കം ഇഞ്ചോടിഞ്ച് മത്സരം നടന്ന നാലിൽ മൂന്ന് മണ്ഡലത്തിലും നേരിയ മേൽക്കൈ യുഡിഎഫിനാണ്.

കൊണ്ടോട്ടിയിൽ കെപി സുലൈമാൻ ഹാജിയും, നിലമ്പൂരിൽ പിവി അൻവറും വണ്ടൂരിൽ പി മിഥുനയും ഇടതുമുന്നണിക്ക് വേണ്ടി വിജയം നേടുമെന്നാണ് പോസ്റ്റ് പോൾ സർവേ ഫലം. തവനൂരിൽ അതിശക്തമായ പോരാട്ടമാണ് നടന്നത്. ഇവിടെ നേരിയ മേൽക്കൈ കെടി ജലീലിനാണ്. യുഡിഎഫ് സ്ഥാനാ‍ർത്ഥി ഫിറോസ് കുന്നംപറമ്പിൽ പിന്നിലാണ്.

ഏറനാട് മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ മുസ്ലിം ലീ​ഗിന്റെ പികെ ബഷീർ തന്നെ വിജയിക്കും. മഞ്ചേരിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെങ്കിലും, ലീ​ഗിന്റെ അഡ്വ യുഎ ലത്തീഫ് സിപിഐ സ്ഥാനാർത്ഥിയായ ഡിബോണ നാസറിനേക്കാൾ ഒരു പണത്തൂക്കം മുന്നിലാണ്. മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥികളായ നജീബ് കാന്തപുരം പെരിന്തൽമണ്ണയിലും മഞ്ഞളാംകുഴി അലി മങ്കടയിലും പി ഉബൈദുള്ള മലപ്പുറത്തും പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും പി അബ്ദുൾ ഹമീദ് വള്ളിക്കുന്നിലും കെപിഎ മജീദ് തിരൂരങ്ങാടിയിലും പികെ ഫിറോസ് താനൂരിലും വിജയിക്കുമെന്നാണ് സർവേ ഫലം.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തിരൂരിൽ ​സിപിഎമ്മിന്റെ ​ഗഫൂർ പി ലില്ലിസിനേക്കാൾ നേരിയ മേൽക്കൈ മുസ്ലിം ലീ​ഗിന്റെ കെ മൊയ്തീനുണ്ട്. കോട്ടക്കലിൽ മുസ്ലിം ലീ​ഗിന്റെ പ്രൊഫ കെകെ ആബിദ് ഹുസൈൻ തങ്ങൾ വിജയിക്കുമെന്നും പ്രവചിക്കുന്ന സർവ് ചെങ്കോട്ടയായ പൊന്നാനിയിൽ അട്ടിമറി ഉണ്ടാകുമെന്നും പറയുന്നു. സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ മണ്ഡലമായ പൊന്നാനിയിൽ സിപിഎമ്മിന് വേണ്ടി ഇക്കുറി മത്സരിച്ച പി നന്ദകുമാറിനെതിരെ, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോൺ​ഗ്രസിന്റെ എഎം രോഹിത്ത് നേരിയ മേൽക്കൈ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios