കോട്ടയത്ത് ഇടതിന്റെ കണക്കുകൂട്ടൽ പിഴച്ചോ? പോസ്റ്റ് പോൾ സർവേ ഫലം ഇങ്ങനെ

ജില്ലയിലെ പ്രധാന രണ്ട് രാഷ്ട്രീയ കക്ഷികൾ കൈകോ‍ർത്തിട്ടും ഇടതുമുന്നണിക്ക് ജില്ലയിൽ കാര്യമായ നേട്ടമുണ്ടാക്കാനാവില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - സീഫോർ സർവേ ഫലം

Kerala Assembly election 2021 Kottayam district Asianet news C Fore post poll survey result

തിരുവനന്തപുരം: കേരള കോൺ​ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം എങ്ങിനെ പ്രതിഫലിക്കുമെന്നതാണ് കോട്ടയം ജില്ലയിലെ ഫലത്തിലേക്ക് കേരള രാഷ്ട്രീയം ഉറ്റുനോക്കാൻ കാരണം. ജോസ് കെ മാണി മത്സരിക്കുന്ന പാലായിലും മോൻസ് ജോസഫ് മത്സരിക്കുന്ന കടുത്തുരുത്തിയിലും ലതിക സുഭാഷിന്റെ സ്ഥാനാ‍ർത്ഥിത്വത്തിലൂടെ ഏറ്റുമാനൂരും തെരഞ്ഞെടുപ്പ് ചൂടേറ്റിയ മണ്ഡലങ്ങളാണ്. 

ജില്ലയിലെ പ്രധാന രണ്ട് രാഷ്ട്രീയ കക്ഷികൾ കൈകോ‍ർത്തിട്ടും ഇടതുമുന്നണിക്ക് ജില്ലയിൽ കാര്യമായ നേട്ടമുണ്ടാക്കാനാവില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - സീഫോർ സർവേ ഫലം. പിസി ജോർജ്ജിന്റെ പൊന്നാപുരം കോട്ടയായ പൂഞ്ഞാറടക്കം നാല് മണ്ഡലത്തിലാണ് ഇടതുമുന്നണിക്ക് വിജയസാധ്യതയുള്ളത്. പാലായടക്കം അവശേഷിക്കുന്ന മണ്ഡലങ്ങളിൽ മുന്നണി സ്ഥാനാർത്ഥികൾ പിന്നിലാണ്.

പാലായിലും കടുത്തുരുത്തിയിലുമാണ് ജില്ലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. പാലായിൽ മാണി സി കാപ്പനാണ് നേരിയ മേൽക്കൈ. കടുത്തുരുത്തിയിൽ മോൻസ് ജോസഫിന് വലിയ വെല്ലുവിളിയാണ് കേരള കോൺ​ഗ്രസ് എം സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജ് ഉയർത്തിയത്. എന്നാലും നേരിയ മേൽക്കൈ മോൻസ് ജോസഫിന് തന്നെയാണ്. 

വൈക്കം സീറ്റിൽ സിപിഐ സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായ സികെ ആശയ്ക്ക് തന്നെയാണ് ജയസാധ്യത. ഏറ്റുമാനൂർ സീറ്റ് വിഎൻ വാസവനിലൂടെ സിപിഎം നിലനി‍ർത്തും. കോട്ടയം ന​ഗര മണ്ഡലം തിരുവഞ്ചൂർ രാധാകൃഷ്ണനും പുതുപ്പള്ളി ഉമ്മൻ ചാണ്ടിയും നിലനിർത്തും. ചങ്ങനാശേരിയിൽ കേരള കോൺ​ഗ്രസ് എമ്മും കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗവും തമ്മിലുള്ള പോരാട്ടത്തിൽ ജയം യുഡിഎഫിനൊപ്പമാണെന്ന് സർവേ പ്രവചിക്കുന്നു. കാഞ്ഞിരപ്പള്ളി സീറ്റിൽ എൻ ജയരാജ് തന്നെ വിജയിക്കും. പൂഞ്ഞാറിൽ പിസി ജോർജ്ജിന്റെ അപ്രമാദിത്വം അവസാനിപ്പിച്ച് ഇടത് സ്ഥാനാർത്ഥിയായ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിക്കുമെന്നും പോസ്റ്റ് പോൾ സർവേ ഫലം പറയുന്നു.

കോട്ടയത്ത് എൽഡിഎഫിന് 39 ശതമാനം വോട്ടും യു‍ഡിഎഫിന് 38 ശതമാനം വോട്ടും ജില്ലയിൽ കിട്ടും. 18 ശതമാനം വോട്ടാണ് എൻഡിഎക്ക്. നാല് മുതൽ അഞ്ച് സീറ്റ് വരെ ഇരു മുന്നണികൾക്കും കിട്ടാനുള്ള സാഹചര്യമാണ് ഇപ്പോൾ ജില്ലയിൽ.

Latest Videos
Follow Us:
Download App:
  • android
  • ios