എല്ലാ സ്ത്രീകൾക്കും സൗജന്യ ചികിത്സ, വീട്, വീട്ടമ്മമാർക്ക് മാസശമ്പളം; വമ്പൻ വാഗ്ദാനങ്ങളുമായി കമൽഹാസൻ
നിയമസഭയിൽ അധികാരത്തിൽ എത്തിയാൽ എല്ലാ സ്ത്രീകൾക്കും സൗജന്യചികിത്സ ഉറപ്പാക്കുമെന്ന് കമൽഹാസൻ പ്രഖ്യാപിച്ചു
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ, വമ്പൻ സ്ത്രീ സൗഹൃദ വാഗ്ദാനങ്ങളുമായി കമൽഹാസൻ. നിയമസഭയിൽ അധികാരത്തിൽ എത്തിയാൽ എല്ലാ സ്ത്രീകൾക്കും സൗജന്യചികിത്സ ഉറപ്പാക്കുമെന്ന് കമൽഹാസൻ പ്രഖ്യാപിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് വീട് നിർമ്മിച്ച് നൽകും. വനിതകൾക്കായി എല്ലാ ഗ്രാമങ്ങളിലും തൊഴിലധിഷ്ഠിത ക്ലാസുകൾ സംഘടിപ്പിക്കും. യൂണിഫോം തസ്തികകളിൽ 50 ശതമാനം വനിതാ സംവരണം ഉറപ്പാക്കും. പൊതുവിതരണ സംവിധാനത്തിലൂടെ സാനിറ്ററി നാപ്കിൻ വിതരണം ചെയ്യും. എല്ലാ വീട്ടമ്മമാർക്കും മാസശമ്പളം നൽകും തുടങ്ങിയവയാണ് പ്രഖ്യാപനങ്ങൾ. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യത്യസ്തമായി സ്ത്രീ സൗഹൃദ പ്രഖ്യാപനങ്ങളാണ് കമൽഹാസന്റേതെന്നത് ശ്രദ്ധേയമാണ്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലാണ് കമൽഹാസൻ മത്സരിക്കാനൊരുങ്ങുന്നത്. ആലന്തൂരും കോയമ്പത്തൂരിലും. അതേ സമയം സീറ്റ് വിഭജനത്തിന്റെ പേരിൽ ഡിഎംകെ -കോൺഗ്രസ് സഖ്യത്തിൽ ഭിന്നത തുടരുന്നതിനിടെ കോൺഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് കമൽ സ്വാഗതം ചെയ്തു. ഒരേ കാഴ്ചപ്പാട് ഉള്ളവർക്ക് പാർട്ടിയിലേക്ക് സ്വാഗതം. ചർച്ചകൾക്കുള്ള വാതിൽ തുറന്ന് തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.