മൻസൂര്‍ വധക്കേസിലെ നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല, ഐപിഎസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണം: ചെന്നിത്തല
അത്യന്തം ദാരുണമായ ഒരു കൊലപാതകമാണ് ഇവിടെ നടന്നത്. എന്തിനാണ് ഈ പാവപ്പെട്ട ചെറുപ്പാക്കരനെ കൊന്നത്. 22 വയസുള്ള മൻസൂറിനെ കൊന്ന് എന്താണ് മാര്‍കിസ്റ്റ് പാര്‍ട്ടി നേടിയത്.
പാനൂര്‍: കൊല്ലപ്പെട്ട പാനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകൻ മൻസൂറിൻ്റെ വീട് പ്രതിപക്ഷ നേതാക്കൾ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സുധാകരൻ, പാറക്കൽ അബ്ദുള്ള എന്നിവരടങ്ങിയ സംഘമാണ് പാനൂരിലെത്തി കൊല്ലപ്പെട്ട മൻസൂറിൻ്റെ വീട് സന്ദര്‍ശിച്ചത്. മൻസൂറിൻ്റെ കൊലപാതകത്തിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തരല്ലെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നിലവിൽ നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.
രമേശ് ചെന്നിത്തല
അത്യന്തം ദാരുണമായ ഒരു കൊലപാതകമാണ് ഇവിടെ നടന്നത്. എന്തിനാണ് ഈ പാവപ്പെട്ട ചെറുപ്പാക്കരനെ കൊന്നത്. 22 വയസുള്ള മൻസൂറിനെ കൊന്ന് എന്താണ് മാര്‍കിസ്റ്റ് പാര്‍ട്ടി നേടിയത്. ആ ബാപ്പയുടേയും ആ കുടുംബത്തിൻ്റേയും കണ്ണീര്‍ കാണാൻ ഞങ്ങൾക്കാവുന്നില്ല. മൻസൂറിൻ്റെ കൊലയ്ക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം. ഇപ്പോൾ നടക്കുന്ന അന്വേഷണം പോരാ. ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ തന്നെ നേരിട്ട് ഈ കേസ് അന്വേഷിക്കണം. ലോക്കൽ പൊലീസ് അന്വേഷിച്ച് പരാജയപ്പെട്ടാൽ മാത്രമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുക. ഇതു പതിവ് രീതിയല്ല. പാര്‍ട്ടിക്ക് വിധേയനായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് അന്വേഷണചുമതല നൽകിയത്. പ്രതികളെ രക്ഷിക്കാനും തെളിവ് നശിപ്പിക്കാനുമാണ്. ഇരകളുടെ അഭിപ്രായം തേടിയ ശേഷമാണ് സാധാരണ ഗതിയിൽ കേസ് അന്വേഷണം നടത്താറുള്ളത്. ഈ കേസിൽ അതുണ്ടായിട്ടില്ല. ആ നടപടിക്ക് പകരം ഏകപക്ഷീയമായി കേട്ടുകേൾവിയില്ലാത്ത നിലയിൽ ക്രൈംബ്രാഞ്ചിന് അന്വേഷണം വിട്ടു കൊടുക്കേണ്ട എന്ത് ആവശ്യമാണുള്ളത്.
ഇടതുമുന്നണി അധികാരത്തിലെത്തിയതിന് ശേഷം നടക്കുന്ന 31-ാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ഊരിയ വാൾ ഉറയിലിടാൻ സിപിഎം തയ്യാറാകണം. രക്തം കുടിച്ച് മതിയായില്ലേ ? അധികാരത്തിലിരിക്കുന്ന പാർട്ടി മറ്റു പാർട്ടിക്കാരെ കൊന്നൊടുക്കുന്നു. പി ജയരാജൻ്റെ മകൻ വിദ്വേഷം പ്രചരിപ്പിക്കുന്നു. ലോക്കൽ പൊലീസിൽ നിന്ന് ക്രൈം ബ്രാഞ്ചിലേക്ക് അന്വേഷണം മാറ്റിയത് ദുരൂഹമാണ്.
ഈ അന്വേഷണം സി പി എം പ്രതികളെ രക്ഷിക്കാൻ വേണ്ടി മാത്രമാണ്. മെയ് 2-ന് അധികാരത്തിലെത്തുന്ന യുഡിഎഫ് സർക്കാർ ആദ്യം തന്നെ ഈ കേസിൽ നീതി ഉറപ്പാക്കും. പ്രതികളെ പിടിക്കാതെ നടത്തുന്ന സമാധാന യോഗങ്ങൾ പ്രഹസനം മാത്രമാണ്. യുഡിഎഫ് പ്രവർത്തകനായ അയൂബ് എന്നയാളെ കൊല്ലുമെന്ന് പ്രചാരണം തുടങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അയൂബിൻ്റെ ഫോട്ടോ വച്ച് ഇങ്ങനെ ഒരു പ്രചാരണം നടത്തുന്നു.
പി.കെ.കുഞ്ഞാലിക്കുട്ടി
ഇന്നലെ ഞങ്ങൾ വ്യക്തമാക്കിയ കാര്യമാണ് ഇന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ തേയ്ച്ചു മായ്ച്ചു കളയുകയാണ് ഇപ്പോഴത്തെ അന്വേഷണത്തിൻ്റെ ലക്ഷ്യം. മുൻപുണ്ടായ പല കേസുകളിലും വിദഗ്ദ്ധസംഘം അന്വേഷിച്ചപ്പോൾ മാത്രമാണ് ഞങ്ങൾക്ക് നീതി ലഭിച്ചത്. അതാണ് ഇവിടെ വേണ്ടത്. അറും കൊലകൾ അവര്‍ തുടരുകയാണ്. അതിനൊരു അവസാനം വേണം.
കെ.സുധാകരൻ
എഫ്.ഐ.ആറിൽ പേരുള്ള രതീഷ് എന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്. രതീഷ് ആത്മഹത്യ ചെയ്തതാണോ അതോ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നതിൽ സംശയമുണ്ട്.