'പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് കൊട്ടാനുള്ള പുറമല്ല'; ആലപ്പുഴ സിപിഎമ്മിൽ തുറന്നടിച്ച്, മുന്നറിയിപ്പുമായി സുധാകരൻ
65 യോഗങ്ങളിൽ പങ്കെടുത്തെന്നും തൻ്റേത് രക്തസാക്ഷി കുടുംബമാണെന്ന് ഓർമ്മിപ്പിച്ചുമൊക്കെയായിരുന്നു വിമർശനങ്ങളെ സുധാകരൻ വാർത്താസമ്മേളനത്തിൽ നേരിട്ടത്. സീറ്റ് നിഷേധവും സുധാകരൻ്റെ പോസ്റ്റർ മാറ്റി ആരിഫിൻ്റെ പോസ്റ്റർ ഒട്ടിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങളുമെല്ലാം ചേർത്തായിരുന്നു മറുപടി.
ആലപ്പുഴ: തനിക്കെതിരായ വാർത്തകൾക്കും പ്രചാരണങ്ങൾക്കുമെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ പ്രവർത്തിച്ചില്ലെന്ന പ്രചാരണത്തിന് പിന്നിൽ പൊളിറ്റിക്കൽ ക്രിമിനലുകളാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. താനടക്കമുള്ളവരെ മാറ്റി പിണറായി ജില്ലയുടെ കടിഞ്ഞാൺ ഏറ്റെടുത്തുവെന്ന പ്രചാരണങ്ങൾ തെറ്റാണെന്നും സുധാകരൻ പറഞ്ഞു.
എല്ലാം കഴിഞ്ഞ് വോട്ട് പെട്ടിയിലായതിന് ശേഷമാണ് പറയുന്നത് ഞാൻ പ്രവർത്തിച്ചിട്ടില്ലെന്ന്, വീട് പണി കഴിഞ്ഞ് ആശാരിയെ പുറത്താക്കുന്നത് പോലെയാണിതെന്നാണ് സുധാകരൻ പറയുന്നത്. ആലുപ്പഴയിൽ സിപിഎമ്മിൽ ഏറെനാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന തർക്കങ്ങൾക്കിടെയാണ് ജി സുധാകരൻ്റെ അതിരൂക്ഷ വിമർശനം. സുധാകരൻ നിയസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ലെന്ന രീതിയിൽ പത്രങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികരണം. മാധ്യമങ്ങളെ ചാരുമ്പോഴാണ് ജില്ലയിലെ പാർട്ടിയിൽ നിന്നും തനിക്കെതിരെ ഉയരുന്ന നീക്കങ്ങളെ തന്നെയാണ് സുുധാകരൻ ശരിക്കും ലക്ഷ്യമിടുന്നത്.
65 യോഗങ്ങളിൽ പങ്കെടുത്തെന്നും തൻ്റേത് രക്തസാക്ഷി കുടുംബമാണെന്ന് ഓർമ്മിപ്പിച്ചുമൊക്കെയായിരുന്നു വിമർശനങ്ങളെ സുധാകരൻ വാർത്താസമ്മേളനത്തിൽ നേരിട്ടത്. സീറ്റ് നിഷേധവും സുധാകരൻ്റെ പോസ്റ്റർ മാറ്റി ആരിഫിൻ്റെ പോസ്റ്റർ ഒട്ടിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങളുമെല്ലാം ചേർത്തായിരുന്നു മറുപടി.
എല്ലാവർക്കും കൊട്ടേണ്ട ചെണ്ടയാണോ ഞാൻ, 55 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്നു. കക്ഷി വ്യത്യാസമില്ലാതെ രാത്രി പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കൽ ക്രിമിനൽസ് ഉണ്ട്. അതൊന്നും ഞങ്ങടെ പാർട്ടിയിൽ നടക്കില്ല, അവരുടെ പേര് ഒന്നും പറയുന്നില്ല, എല്ലാവർക്കും അറിയാം. എല്ലാം കഴിഞ്ഞ് വോട്ടു പെട്ടിയിൽ കയറിയ ശേഷം പറയുന്നു ഞാൻ പ്രവർത്തിച്ചില്ലെന്ന് എന്തൊരു രീതിയാണ്. അരൂരിൽ ജയിക്കുമായിരുന്നു, തോറ്റതല്ല, അതിന്റെ പിന്നിൽ ശക്തികൾ ഉണ്ടായിരുന്നു. സുധാകരൻ പറയുന്നു
ജയിക്കുമെന്ന് ഉറപ്പിച്ച അരൂർ ഉപതെരഞ്ഞെടുപ്പിൽ ചില ബോധപൂർവ്വം തോൽപ്പിച്ചെന്നാണ് സുധാകരൻ്റെ തുറന്ന് പറച്ചിൽ. എന്തായാലും ആലപ്പുഴയിലെ പല സീറ്റുകളിലും കടുത്ത മത്സരം കൂടി ഉയർന്ന സാഹചര്യത്തിൽ ഫലം വരും മുമ്പുള്ള സുധാകരൻ്റെ വിമർശനങ്ങൾക്ക് വലിയ രാഷ്ട്രീയമാനമുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് പിണറായി നേരിട്ടെത്തി ജില്ലയിൽ യോഗം വിളിച്ച് വിഭാഗീയതക്കെതിരെ കർശന നിർദ്ദേശം നൽകിയെങ്കിലും അതൊന്നും വിലപ്പോയില്ലെന്നാണ് ജില്ലയിലെ സംഭവവികാസങ്ങൾ കാണിക്കുന്നത്.