പത്രികാസമർപ്പണം ഇന്ന് കൂടി,നാളെ മുതൽ സൂക്ഷ്മപരിശോധന; എൽഡിഎഫ് പ്രകടന പത്രിക ഇന്ന്
അന്ന് വൈകുന്നേരത്തോടെ സംസ്ഥാനത്തെ യഥാർത്ഥ തെരഞ്ഞെടുപ്പ് ചിത്രവും തെളിയും. ഇതുവരെ ഏറ്റവും കൂടുതൽ നാമനിർദേശ പത്രികകൾ ലഭിച്ചത് എറണാകുളം ജില്ലയിലാണ്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. ഉച്ച തിരിഞ്ഞ് വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക നൽകാം. നാളെ മുതൽ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും.തിങ്കളാഴ്ച വരെ സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാം.
അന്ന് വൈകുന്നേരത്തോടെ സംസ്ഥാനത്തെ യഥാർത്ഥ തെരഞ്ഞെടുപ്പ് ചിത്രവും തെളിയും. ഇതുവരെ ഏറ്റവും കൂടുതൽ നാമനിർദേശ പത്രികകൾ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. 750 പത്രികകളാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ഇതുവരെ സമർപ്പിച്ചിട്ടുള്ളത്. പത്രിക സമർപ്പണം കഴിയുന്നതോടെ തെരഞ്ഞെടുപ്പിലെ നിർണായക ഘട്ടവും പൂർത്തിയാവും. ഏപ്രിൽ ആറിനാണ് സംസ്ഥാനത്തെ വോട്ടെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ക്ഷേമപദ്ധതികളും വികസന തുടർച്ചയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ പ്രകടനപത്രികയിൽ ഉണ്ടാകും. ലൈഫ് മിഷന്‍റെ തുടർച്ച, കിഫ്ബി വഴിയുള്ള വികസന പദ്ധതികൾ, തൊഴിൽ, ഭക്ഷണം എന്നിവക്കാകും പ്രകടന പത്രികയിൽ ഊന്നൽ. ക്ഷേമ പെൻഷൻ ഉയർത്താനുള്ള സാധ്യത നിലനിൽക്കുമ്പോഴും സൗജന്യ കിറ്റ് ഉപേക്ഷിച്ചേക്കാനാണ് സാധ്യത. ഇന്ന് വൈകിട്ട് നാലു മണിക്ക് എകെജി സെൻ്ററിൽ മുന്നണി നേതാക്കൾ പ്രകടന പത്രിക പ്രകാശനം ചെയ്യും.