എലത്തൂരിൽ തിരിച്ചടി ഉണ്ടായാൽ ഉത്തരവാദിത്വം കോൺഗ്രസ് നേതൃത്വത്തിന്, പത്രിക പിൻവലിക്കുമെന്ന് ദിനേശ് മണി
യുഡിഎഫിന് ക്ഷീണമുണ്ടാവുന്ന ഒന്നും ചെയ്യരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടത് അനുസരിക്കുന്നുവെന്നാണ് ദിനേശ് മണിയുടെ പ്രതികരണം
കോഴിക്കോട്: എലത്തൂരിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് താത്കാലിക പരിഹാരം. നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് തന്റെ പത്രിക പിൻവലിക്കാൻ കോൺഗ്രസിന്റെ പ്രാദേശിക നേതാവ് ദിനേശ് മണി തീരുമാനിച്ചു. ഇന്ന് ഡിസിസി ഓഫീസിൽ നടന്ന യോഗത്തിന് ശേഷം ഡിസിസി പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്. എൻസികെയുടെ സുൾഫിക്കർ മയൂരിയായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥി. ഇദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങും. ഭാരതീയ ജനതാദൾ സ്ഥാനാർത്ഥിയോട് യുഡിഎഫ് ചെയർമാൻ സംസാരിച്ചുവെന്നും അവരും പത്രിക പിൻവലിക്കുമെന്നും ഡിസിസി അധ്യക്ഷൻ അറിയിച്ചു.
യുഡിഎഫിന് ക്ഷീണമുണ്ടാവുന്ന ഒന്നും ചെയ്യരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടത് അനുസരിക്കുന്നുവെന്നാണ് ദിനേശ് മണിയുടെ പ്രതികരണം. എന്നാൽ താഴെ തട്ടിൽ ഇപ്പോഴും അഭിപ്രായ വ്യത്യാസം തുടരുന്നുണ്ടെന്നും അത് ലഘൂകരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എലത്തൂരിൽ തിരിച്ചടി ഉണ്ടായാൽ അത് നേതൃത്വത്തിന്റെ മാത്രം ഉത്തരവാദിത്തമായിരിക്കുമെന്നും എലത്തൂരിലെ നേതാക്കൾക്ക് ഇക്കാര്യത്തിൽ ഒരു പങ്കുമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസിസിയിൽ ചേർന്ന യോഗത്തിൽ നിന്ന് നിജേഷ് അരവിന്ദ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വിട്ടു നിന്നു. എലത്തൂർ വിഷയത്തിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കോഴിക്കോട് എംപി എംകെ രാഘവൻ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. മണ്ഡലത്തിൽ സെനിൻ റാഷിയാണ് ഭാരതീയ ജനതാദളിന് വേണ്ടി പത്രിക നൽകിയത്.