'തെരഞ്ഞെടുപ്പിൽ മൊത്തം പാളി, അനാവശ്യ വിവാദമുണ്ടാക്കി', ബിജെപിക്കെതിരെ ആർഎസ്എസ്

ബിജെപിയിലെ സംഘടനാവിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ആർഎസ്എസ് - ബിജെപി നേതൃയോഗം കൊച്ചിയിൽ നടക്കുകയാണ്. ഈ യോഗത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുയർന്നിരിക്കുന്നത്.

criticism against bjp in rss bjp leadership meet at kochi

കൊച്ചി: സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി ഉന്നയിച്ച് ആർഎസ്എസ്. കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ്- ബിജെപി നേതൃയോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലടക്കം ഉണ്ടായ പാളിച്ചകളിൽ സംസ്ഥാനനേതൃത്വത്തിന് കാര്യമായ വീഴ്ച പറ്റിയെന്നും, അനാവശ്യവിവാദങ്ങളിൽച്ചെന്ന് വീണെന്നും വിമർശനമുയർന്നത്. 

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ ഏകോപനം മൊത്തത്തിൽ പാളിയെന്ന വിലയിരുത്തലാണ് യോഗത്തിലുയർന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ അനാവശ്യവിവാദമുണ്ടാക്കി - ഇതെല്ലാം തോൽവിയായി പ്രതിഫലിച്ചെന്നും യോഗത്തിൽ വിമർശനങ്ങളുയർന്നു.

കാലങ്ങളായി ബിജെപിക്ക് തലവേദനയായ ഗ്രൂപ്പിസത്തിനെതിരെയും യോഗത്തിൽ കടുത്ത വിമർശനമാണുയർന്നത്. ഓരോ നേതാക്കളുടെയും പ്രവർത്തനം വിലയിരുത്തി വിശദമായ സംഘടനാ ഓഡിറ്റിംഗ് വേണമെന്ന സംഘപരിവാർ സംഘടനകളുടെ ആവശ്യവും യോഗം വിശദമായി ചർച്ച ചെയ്തു. 

ബിജെപിയിലെ നിലവിലെ വിവാദങ്ങളിൽ സംഘ പരിവാർ സംഘടനകൾ, ആർഎസ്എസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. കൊടകര കുഴൽപ്പണക്കേസ്, സി കെ ജാനുവിന് കെ സുരേന്ദ്രൻ വയനാട്ടിൽ മത്സരിക്കാനായി കോഴപ്പണം നൽകിയെന്ന പ്രസീത അഴീക്കോടിന്‍റെ വെളിപ്പെടുത്തൽ, മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറാൻ കെ സുരേന്ദ്രന്‍റെ അനുയായികൾ അടക്കമുള്ളവർ 2016-ൽ കെ സുന്ദരയ്ക്ക് പണം നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നിങ്ങനെയുള്ള വെളിപ്പെടുത്തലുകളിലടക്കം പാർട്ടി പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് ആർഎസ്എസ് ഇടപെട്ട് നേതൃയോഗം വിളിച്ചത്.

കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ സുരേന്ദ്രൻ, സംഘടന സെക്രട്ടറി എം ഗണേഷ് അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios