കുറ്റ്യാടിയിലെ പ്രതിഷേധങ്ങൾക്ക് സിപിഎം വഴങ്ങില്ല; തീരുമാനം ഏരിയാ കമ്മിറ്റി യോഗത്തിൽ
മണ്ഡലത്തിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കട്ടെ എന്ന് ഭൂരിപക്ഷ അഭിപ്രായം ഉയർന്നു. ഈ മാസം 14ന് കുറ്റ്യാടിയിൽ വിശദീകരണ യോഗം സംഘടിപ്പിക്കാനും തീരുമാനമായി.
കോഴിക്കോട്: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിലുണ്ടായ പ്രതിഷേധങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന് സിപിഎം. കുന്നുമ്മൽ ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. മണ്ഡലത്തിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കട്ടെ എന്ന് ഭൂരിപക്ഷ അഭിപ്രായം ഉയർന്നു. ഈ മാസം 14ന് കുറ്റ്യാടിയിൽ വിശദീകരണ യോഗം സംഘടിപ്പിക്കാനും തീരുമാനമായി.
ശക്തമായ പ്രതിഷേധങ്ങളുയർന്നിട്ടും കുറ്റ്യാടിയിൽ ഒരു തിരുത്തലിന് പാർട്ടി തയ്യാറല്ല എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. എതിർപ്പുകളെ നേരിടാൻ സിപിഎം സംഘടനാപരമായ നീക്കങ്ങളിലേക്ക് പോകുകയാണ് എന്നാണ് സൂചന. അതിന്റെ ഭാഗമായാണ് ഇന്ന് കുറ്റ്യാടി മണ്ഡലം ഉൾപ്പെടുന്ന കുന്നുമ്മൽ ഏരിയാ കമ്മിറ്റി യോഗവും അതിനോട് ചേർന്ന വടകര ഏരിയാ കമ്മിറ്റി യോഗവും വിളിച്ചു ചേർക്കാൻ തീരുമാനിച്ചത്. നേതാക്കളായ എളമരം കരീം, പി മോഹനൻ എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടിടങ്ങളിലും യോഗം ചേർന്നത്. രാവിലെ തുടങ്ങിയ കുന്നുമ്മൽ ഏരിയാ കമ്മിറ്റി യോഗം ഉച്ചയോടെയാണ് അവസാനിച്ചത്.
അതേസമയം, കുറ്റ്യാടിയിലെയും പൊന്നാനിയിലെയും പ്രതിഷേധങ്ങളിൽ ഇപ്പോൾ നടപടി വേണ്ടെന്ന നിലപാടിലാണ് സിപിഎം കേന്ദ്രനേതൃത്വം. സംസ്ഥാന-ദേശീയ താൽപ്പര്യങ്ങൾ പരിഗണിച്ചാണ് സീറ്റുവിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും പൂർത്തിയാക്കിയതെന്ന് കേന്ദ്ര നേതാക്കൾ വിശദീകരിച്ചു. പ്രാദേശികമായുള്ള വികാരം പാർട്ടി അണികൾ ഉൾപ്പടെയുള്ളവർ പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പ്രതികരിച്ചത്. പാർട്ടി തീരുമാനം എടുക്കുന്നത് വിശാല താൽപ്പര്യം മുൻനിറുത്തിയാണെന്നും കേന്ദ്ര നേതാക്കൾ പറയുന്നു.കേരളത്തിലെ ഭരണ തുടർച്ച ദേശീയതലത്തിൽ ഇടതുപക്ഷത്തിനാകെ അനിവാര്യമാണ്. ഇതാണ് കേരളകോൺഗ്രസിനോട് വിട്ടുവീഴ്ച ചെയ്യാനുള്ള കാരണം. അണികളെ ഇത് ബോധ്യപ്പെടുത്തും. ബോധ്യപ്പെട്ടില്ലെങ്കിൽ എന്തു വേണം എന്നാലോചിക്കും. കുറ്റ്യാടി തിരിച്ചു ചോദിച്ചാൽ പ്രകടനം നടത്തി സീറ്റ് തിരിച്ചെടുത്തു എന്ന ആക്ഷേപം വരാം. അതിനാൽ കേരളകോൺഗ്രസ് മറിച്ച് തീരുമാനിച്ചില്ലെങ്കിൽ പിന്നോട്ടു പോകില്ലെന്നും കേന്ദ്രനേതൃത്വം പറയുന്നു.