45 മണ്ഡലങ്ങളിൽ സിപിഎം - കോൺഗ്രസ് രഹസ്യധാരണയെന്ന് പി.കെ.കൃഷ്ണദാസ്
സി.പി.എമ്മിൻ്റെ പിന്തുണ തേടിയ മുല്ലപ്പള്ളിക്കുള്ള തിരിച്ചടിയാണ് യുഡിഎഫ് പ്രവർത്തകൻ്റെ കൊലപാതകം. പെരിയ കൊലപാതകം പോലും വിസ്മരിച്ചാണ് മുല്ലപ്പള്ളി സിപിഎമ്മിൻ്റെ സഹായം തേടിയത്.
തിരുവനന്തപുരം: ബിജെപിക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസ് - സിപിഎം രഹസ്യകരാറുണ്ടെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. 45 ഓളം മണ്ഡലങ്ങളിൽ രഹസ്യകരാറുണ്ട്. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെയും മുല്ലപ്പള്ളിയുടെയും വാക്കുകൾ ഇക്കാര്യം ശരിവയ്ക്കുന്നതാണ്. ഈ ധാരണ നിലവിൽ വന്നാലും എൻ.ഡി.എ നിർണായക ശക്തിയായി മാറും.
സി.പി.എമ്മിൻ്റെ പിന്തുണ തേടിയ മുല്ലപ്പള്ളിക്കുള്ള തിരിച്ചടിയാണ് യുഡിഎഫ് പ്രവർത്തകൻ്റെ കൊലപാതകം. പെരിയ കൊലപാതകം പോലും വിസ്മരിച്ചാണ് മുല്ലപ്പള്ളി സിപിഎമ്മിൻ്റെ സഹായം തേടിയത്. എൻ.എസ്.എസ് നേതാക്കളെ ഭീഷണിപ്പെടുത്തുന്നത് സി.പി.എം നേതാക്കൾ അവസാനിപ്പിക്കണം.
എൻഎസ്എസ് മുട്ടുമടക്കുമെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും കരുതണ്ട. കാട്ടായിക്കോണത്ത് സി.പി.എമ്മുകാരാണ് ആക്രമണം നടത്തിയത്. മത തീവ്രവാദ സംഘടനകളാണ് എൽഡിഎഫിനേയും യുഡിഎഫിനേയും നിയന്ത്രിക്കുന്നത്. കഴക്കൂട്ടത്ത് അടക്കം നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റുവെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.