മലമ്പുഴയിൽ കോൺഗ്രസ് വോട്ട് ബിജെപിക്ക് വിറ്റെന്ന് ഇടത് സ്ഥാനാർത്ഥി, സിപിഎമ്മിന് പരാജയഭീതിയെന്ന് കൃഷ്ണകുമാർ
മലമ്പുഴയിൽ കോൺഗ്രസ് വോട്ട് ബിജെപിക്ക് വിറ്റെന്ന് ഇടത് സ്ഥാനാർത്ഥി, സിപിഎമ്മിന് പരാജയഭീതിയെന്ന് കൃഷ്ണകുമാർ
പാലക്കാട്: മലമ്പുഴയിൽ കോൺഗ്രസ് വോട്ട് വിറ്റെന്ന ആരോപണവുമായി ഇടതുമുന്നണി സ്ഥാനാർഥി എ പ്രഭാകരൻ. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതായി. വോട്ട് വിൽക്കാൽ കോൺഗ്രസും വോട്ട് വാങ്ങാൻ ബിജെപിയും തയ്യാറായെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലാകെ പാട്ടായ കാര്യം ഒളിച്ചുവെക്കേണ്ടതില്ല. കോൺഗ്രസ് മണ്ഡലത്തിൽ സജീവമായിരുന്നില്ല. ആ നിഷ്ക്രിയത്വം വോട്ട് വിൽപ്പനയായി വേണം അനുമാനിക്കാൻ.
കോൺഗ്രസും ബിജെപിയും ഒരു ബൂത്തിലാണ് തെരഞ്ഞെടുപ്പ് ദിവസം ഇരുന്നത്. പുതുശേരി ഒഴികെ മിക്കവാറും പഞ്ചായത്തിലും അതായിരുന്നു സ്ഥിതി. വോട്ട് വിറ്റാലും സിപിഎം മികച്ച ഭൂരിപക്ഷത്തിൽ മലമ്പുഴയിൽ വിജയിക്കുമെന്നും പ്രഭാകരൻ അവകാശപ്പെട്ടു. എന്നാൽ പ്രഭാകരനും സിപിഎമ്മിനും മറുപടിയുമായി ബിജെപിയും രംഗത്തെത്തി. ആരുടെയും വോട്ട് വാങ്ങേണ്ട ആവശ്യം ബിജെപിക്ക് ഇല്ലെന്ന് മലമ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു.
കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും വോട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. അത് രണ്ട് പാർട്ടികൾക്കും എതിരെയുള്ള വികാരം കൊണ്ടാണ്. ആരുമായും ബിജെപിക്ക് കൂട്ടുകെട്ടില്ല. അടിയൊഴുക്കി ബിജെപിക്ക് അനുകൂലമാണ്. സിപിഎം സ്ഥാനാർത്ഥിയുടെ ആരോപണം പരാജയ ഭീതിയിലാണെന്നും കൃഷ്ണകുമാർ പറഞ്ഞു.
അതേസമയം ആരുമായും കൂട്ടുകെട്ട് ഇല്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എസ്കെ അനന്ത കൃഷ്ണൻ പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. മൂന്നാംസ്ഥാനം ഇക്കുറി ബിജെപിക്കായിരിക്കും. 10000 വോട്ട് ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ ജയിക്കുമെന്നും അനന്ത കൃഷ്ണൻ വ്യക്തമാക്കി.