കനത്ത തോൽവിയിൽ ഉലഞ്ഞ് കോൺഗ്രസ്; പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന് സൂചിപ്പിച്ച് രമേശ് ചെന്നിത്തല
മുല്ലപ്പള്ളി രാമചന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമാക്കുന്നുണ്ട്. മുല്ലപ്പള്ളിയെ മാറ്റി കെ സുധാകരനെയോ, കെ മുരളീധരനെയോ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്.
തിരുവനന്തപുരം: കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന് സൂചിപ്പിച്ച് രമേശ് ചെന്നിത്തല. പ്രസിഡന്‍റ് സ്ഥാനത്തുനിന്നും മുല്ലപ്പള്ളിയും ഉടൻ തെറിച്ചേക്കും. ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനം എം ലിജു രാജിവെച്ചു. കണ്ണൂർ - ഇടുക്കി ഡിസിസി അധ്യക്ഷന്മാരും രാജിസന്നദ്ധത അറിയിച്ച് കഴിഞ്ഞു.
പിണറായി ചരിത്രവിജയവുമായി വീണ്ടും മുഖ്യമന്ത്രിക്കസേരയിലേക്ക് കയറുമ്പോൾ പ്രതിപക്ഷനിരയിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുകയാണ്. 2016ലെ തോൽവിയിൽ പ്രതിപക്ഷസ്ഥാനം ഉപേക്ഷിച്ച ഉമ്മൻചാണ്ടിയുടെ പാത പിന്തുടരാനൊരുങ്ങുകയാണ് ചെന്നിത്തല. പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന സൂചനകൾ പാർട്ടി നേതാക്കളോട് ചെന്നിത്തല പങ്ക് വെച്ചതായാണ് വിവരം. ചെന്നിത്തല മാറിയാൽ പിന്നെ സാധ്യത വിഡി സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ്. അടിമുടിമാറ്റത്തിനുള്ള മുറവിളിയാണ് പാർട്ടിയിൽ നിന്നുയരുന്നത്.
നേതൃമാറ്റം ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് പി ടി തോമസ് പറഞ്ഞ് കഴിഞ്ഞു. ചെന്നിത്തലക്ക് മാത്രമല്ല മുല്ലപ്പള്ളിക്കും ഇനി പിടിച്ചു നിൽക്കാനാകില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും പകരക്കാരൻ വൈകാതെ എത്താനിടയുണ്ട്. മേൽത്തട്ടിലെ ആവേശത്തിനപ്പുറം സംഘടനാസംവിധാനം തകർന്നടിഞ്ഞതിൻ്റെ ചോദ്യങ്ങളാണ് മുല്ലപ്പള്ളിക്ക് നേരെ ഉയരുന്നത്. അവസാന നിമിഷം തുറുപ്പചീട്ടായി ഉമ്മൻചാണ്ടിയെ ഇറക്കിയിട്ടും രക്ഷയില്ലാതായി.
പിണറായിക്കൊത്ത നേതാക്കൾ ഇപ്പുറത്ത് ഇല്ലാതിരുന്നതാണ് കനത്ത തോൽവിയുടെ കാരണങ്ങളിലൊന്നായി കോൺഗ്രസ് വിലയിരുത്തുന്നത്. ജില്ലാ അധ്യക്ഷന്മാരെല്ലാം തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയുന്നത് സംസ്ഥാനനേതൃത്വത്തിനുമേലുള്ള സമ്മർദ്ദം കൂട്ടുന്നു
വരും ദിവസങ്ങളിൽ ചേരുന്ന പാർട്ടിയോഗങ്ങൾ ഫലം വിലയിരുത്ത് തുടർനടപടിയിലേക്ക് നീങ്ങും. ഹൈക്കമാൻഡിൻ്റെ ഇടപെടലും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നേരിട്ടിറങ്ങി നയിച്ച തെരഞ്ഞെടുപ്പ് തോറ്റതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്നും എഐസിസിക്കും ഒഴിഞ്ഞുമാറാനാകില്ല.
കുഴങ്ങി കേന്ദ്ര നേതൃത്വവും
കൂട്ടത്തോല്‍വിക്ക് പിന്നാലെ കെപിസിസിയില്‍ സമ്പൂർണ്ണ അഴിച്ചുപണി വേണമെന്ന ആവശ്യം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് മേലും ശക്തമാകുകയാണ്. ജയിക്കാന്‍ സാധ്യതയുള്ളിടത്ത് പോലും കാലുവാരി തോല്‍പിച്ചെന്ന പരാതി ചില സ്ഥാനാര്‍ത്ഥികള്‍ കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിച്ചതായാണ് സൂചന. ഓഗസ്റ്റില്‍ നടക്കുന്ന സംഘടന തെരഞ്ഞെടുപ്പോടെ കേരളഘടകത്തിലും അഴിച്ചുപണി നടന്നേക്കും.
എല്ലാ പഴുതുകളുമടച്ച് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിലേക്ക് എന്നതായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍റെ ധാരണ. കേരളത്തിലെ ജയത്തോടെ ദേശീയ തലത്തില്‍ ഒരു തിരിച്ചുവരവിന് നാന്ദി കുറിക്കാമെന്നും നേതാക്കള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ജയസാധ്യതയുള്ളിടത്ത് പോലും ഉണ്ടായ അപ്രതീക്ഷിത തിരിച്ചടി നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
സീറ്റ് മോഹികളുടെ നിരാശ കാലുവാരലിലേക്ക് നീങ്ങിയെന്ന പരാതികള്‍ നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്. നിശബ്ദമായ ഗ്രൂപ്പ് യുദ്ധവും തിരിച്ചടിയായി. കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ടെന്ന സിപിഎമ്മിന്‍റെ ആരോപണത്തെ കൃത്യമായി ചെറുക്കാന്‍ കഴിയാത്തത് മുസ്ലീം വിഭാഗത്തെ അകറ്റിയെന്നാണ് വിലയിരുത്തല്‍. അതേ സമയം ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ മുസ്ലീംപ്രീണനമെന്ന ആരോപണം വേരുപിടിച്ചതും തിരിച്ചടിയായി.
മാറുമോ മുല്ലപ്പള്ളി
മുല്ലപ്പള്ളി രാമചന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമാക്കുന്നുണ്ട്. മുല്ലപ്പള്ളിയെ മാറ്റി കെ സുധാകരനെയോ, കെ മുരളീധരനെയോ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടപ്പാക്കിയത് മുഴുവന്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശങ്ങളായിരുന്നുവെന്നും, സ്ഥാനാര്‍ത്ഥി പട്ടിക പോലും രാഹുലിന്‍റെ മേല്‍നോട്ടത്തിലാണ് തയ്യാറാക്കിയതെന്നുമാണ് മറുവാദം. എന്തായാലും പുതിയ ദേശീയ അധ്യക്ഷനെ ഓഗസ്റ്റില്‍ പ്രഖ്യാപിക്കുന്നതോടെ കേരളത്തിലെ സംഘടനാ രംഗത്തും സമൂലമായ മാറ്റമുണ്ടായേക്കുമെന്ന സൂചന പുറത്ത് വരുന്നുണ്ട്.