നേമത്ത് കടുത്ത നിലപാടുമായി ഹൈക്കമാന്‍റ്; ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കും സമ്മ‌ര്‍ദ്ദം, പട്ടിക നാളെ

നേമത്ത് കെ മുരളീധരൻ ഇറങ്ങുമോ എന്ന് നാളെ അറിയാം. ബിജെപി ശക്തി കേന്ദ്രങ്ങളിൽ കരുത്തരായ സ്ഥാനാര്‍ത്ഥികൾ തന്നെ മത്സര രംഗത്ത് ഉണ്ടാകണമെന്നതിനാൽ സമ്മര്‍ദ്ദ തന്ത്രങ്ങൾ തുടരുകയാണ് 

Congress candidate list will announce tomorrow says mullappally ramachandran

ദില്ലി: കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഒറ്റഘട്ടമായി തന്നെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ഥാനാര്‍ത്ഥി സാധ്യതാ ലിസ്റ്റിൽ തര്‍ക്കം തുടരുന്നതിനാൽ ദില്ലിയിൽ ചര്‍ച്ചകൾ പുരോഗമിക്കുകയാണ് . നേമത്തും വട്ടിയൂര്‍കാവിലും ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഇത്  വരെ അന്തിമ ധാരണ ആയിട്ടില്ല. 

ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കരുത്തനായ നേതാവ് തന്നെ മത്സരത്തിന് ഇറങ്ങണമെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം. ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കാൻ തയ്യാറാകണമെന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ അനുകൂലമായി പ്രതികരിക്കാൻ ഇതുവരെ ഇരുവരും തയ്യാറായിട്ടില്ല. 

കെ മുരളീധരന്‍റെ പേരാണ് നേമത്തേക്ക് സജീവമായി പരിഗണിക്കുന്ന മറ്റൊന്ന്. എന്നാൽ എംപിമാര്‍ മത്സര രംഗത്തേക്ക് വരേണ്ടതില്ലെന്ന പൊതുനിലപാടാണ് തടസം. കെ മുരളീധരൻ ഇതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും കെ മുരളീധരന് വേണ്ടി മാത്രം ഇളവ് അനുവദിച്ചാൽ നിയമസഭയിലേക്ക് മത്സര സന്നദ്ധത അറിയിച്ച മറ്റുള്ളവരുടെ അതൃപ്തിക്കും അത് കാരണമാകും. എന്തായാലും എംപിമാര്‍ മത്സര രംഗത്ത് ഉണ്ടാകുമോ എന്ന് നാളെ അറിയാമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയത്. ഒറ്റഘട്ടമായി നാളെ വൈകീട്ട് പട്ടിക പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

അതേസമയം മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവര്‍ത്തിക്കുന്നുണ്ട്. നേമം പോലെ തന്നെ കടുത്ത മത്സരം പ്രതീക്ഷിക്കുന്ന വട്ടിയൂര്‍കാവിലേക്ക് ജ്യോതി വിജയകുമാറിനെയും വീണാ എസ് നായരേയും ആണ് പരിഗണിക്കുന്നത്. തൃപ്പൂണിത്തുറയിലെ സാധ്യതാ പട്ടികയിൽ കെ ബാബു ഇടം പിടിച്ചിട്ടുണ്ട്. 

കാഞ്ഞിരപ്പള്ളി ജോസഫ് വാഴയ്ക്കൻ, കോഴിക്കോട് നോർത്ത് കെ.എം അഭിജിത്ത്, ബാലുശേരി ധർമ്മജൻ ബോൾഗാട്ടി,വാമനപുരം ആനാട് ജയൻ, കണ്ണൂർ സതീശൻ പാച്ചേനി എന്നിവരും സാധ്യതാ പട്ടികയിൽ ഇടം പിടിച്ചവരാണ്. തൃശൂരില്‍ പദ്മജ വേണുഗോപാല്‍, കല്‍പറ്റയില്‍ ടി സിദ്ദിഖ്, മാനന്തവാടിയില്‍ പി കെ ജയലക്ഷ്മി എന്നിവരുടെ പേരുകള്‍ ഉറപ്പിച്ചതായാണ് വിവരം.

മൂവാറ്റുപുഴയില്‍ ജോസഫ് വാഴക്കന് പകരം കത്തോലിക്ക സഭാംഗവും മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡൻറുമായ ഡോളി കുര്യാക്കോസ് പട്ടികയിൽ ഇടം നേടി. യാക്കോബായ സഭ അംഗമായ മാത്യു കുഴല്‍നാടനെ ചാലക്കുടിലയിലേക്ക് പരിഗണിക്കുന്നുവെന്നാണ് വിവരം. വൈക്കം സംവരണ സീറ്റില്‍ ഡോ പി ആര്‍ സോനയെ പരിഗണിക്കുമ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷിന് സാധ്യത മങ്ങി.  ഇരിക്കൂറിൽ സജീവ് ജോസഫ്, സോണിസെബാസ്റ്റ്യന്‍, നിലമ്പൂരിൽ വിവി പ്രകാശ്, കഴക്കൂട്ടത്ത് ജെ എസ് അഖില്‍ എന്നിവരുടെ പേരുകളും അന്തിമ സാധ്യത പട്ടികയിലുണ്ട്. 

അതേസമയം എ ഐ ഗ്രൂപ്പ് താൽപര്യങ്ങളിൽ നിന്ന് സ്ഥാനാര്‍ത്ഥി പട്ടിക ഉരുത്തിരിയുന്നതിനോട് കടുത്ത വിയോജിപ്പാണ് ഹൈക്കമാന്റിനുള്ളതെന്നാണ് വിവരം. എഐ ഗ്രൂപ്പുകള്‍ മുന്‍പോട്ട് വയ്ക്കുന്ന പേരുകൾ  ഹൈക്കമാന്‍റ് വെട്ടുന്നതില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അതൃപ്തിയിലാണ്. കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കളുടെ നിര്‍ദ്ദേശങ്ങൾ പരിഗണിച്ച് ഹൈക്കമാന്‍റ് മുന്നോട്ട് വച്ച ചില പേരുകൾ അംഗീകരിക്കാനാകില്ലെന്ന നിലപാടും ഇക്കാര്യത്തിലുള്ള പ്രതിഷേധവും സീറ്റ് ചര്‍ച്ചകൾക്കിടെ പലവട്ടം ഉണ്ടായെന്നും വിവരമുണ്ട്.  എന്നാല്‍ ഭേദഗതി നിര്‍ദ്ദേശം മാത്രമാണ് നല്‍കുന്നതെന്നും, പേരുകള്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നുമാണ് ഹൈക്കമാന്‍റിന്‍റെ വിശദീകരണം.

 

Latest Videos
Follow Us:
Download App:
  • android
  • ios