പാലക്കാട്ടും മലമ്പുഴയിലും വോട്ട് കച്ചവടം ആരോപിച്ച് ബിജെപി; സിപിഎമ്മും കോണ്‍ഗ്രസും വോട്ട് മറിച്ചെന്ന് ആരോപണം
മലമ്പുഴയിൽ സിപിഎമ്മിന് കോൺഗ്രസ് വോട്ട് മറിച്ചപ്പോൾ പാലക്കാട് സിപിഎം പ്രത്യുപകാരം ചെയ്തുവെന്ന് ബിജെപി ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആരോപിച്ചു.
പാലക്കാട്: പാലക്കാട്ടും മലമ്പുഴയിലും വോട്ട് കച്ചവടം ആരോപിച്ച് ബിജെപി. മലമ്പുഴയിൽ സിപിഎമ്മിന് കോൺഗ്രസ് വോട്ട് മറിച്ചപ്പോൾ പാലക്കാട് സിപിഎം പ്രത്യുപകാരം ചെയ്തുവെന്ന് ബിജെപി ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആരോപിച്ചു. മലമ്പുഴയിൽ കോൺഗ്രസ് ആധിപത്യമുള്ള കേന്ദ്രങ്ങളിൽ അവർ മൂന്നാമത് എത്തിയത് കച്ചവടത്തിന് തെളിവാണ്. ബിജെപിയുടെ സംഘടന സംവിധാനം മലമ്പുഴയിൽ ശക്തമായിരുന്നുവെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം പ്രതീക്ഷിച്ച്, സംപൂജ്യർ ആയതിന്റെ ഞെട്ടലിലാണ് ബിജെപി. കയ്യിൽ ഉണ്ടായിരുന്ന നേമം പോയത് അടക്കം ദേശീയ നേതൃത്വത്തിന് മുന്നിൽ വിശദീകരിക്കൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാട് പെടും. മത്സരിച്ച രണ്ടിടത്തെ തോൽവിയോടെ സുരേന്ദ്രന്റെയും നില പരുങ്ങലിലാണ്. പ്രതീക്ഷിച്ച സീറ്റുകളിൽ വിജയിക്കാൻ സാധിച്ചില്ലെന്നും എൻഡിഎക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ മുസ്ലിം വോട്ടുകളുടെ ധ്രുവീകരണമുണ്ടായെന്നുമായിരുന്നു വോട്ടെടുപ്പിന് ശേഷം സുരേന്ദ്രന്റെ പ്രതികരണം. രണ്ടാം സ്ഥാനത്തേക്ക് എത്തിയ പാലക്കാടും നേമത്തും മഞ്ചേശ്വരത്തുമെല്ലാം വർഗീയ ധ്രുവീകരണമുണ്ടായെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.