പതിവ് തെറ്റിച്ച് മലബാർ, പോളിംഗിൽ കാര്യമായ മുന്നേറ്റമില്ല: വോട്ടെടുപ്പിനിടെ പലയിടത്തും സംഘർഷം
അന്തിമ കണക്കുകൾ വരുമ്പോൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ കണക്കിലേക്ക് പോളിംഗ് ശതമാനം ഉയരും എന്നാണ് പൊതുവെയുള്ള പ്രതീക്ഷ.
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിംഗിനുള്ള ഔദ്യോഗിക സമയം കഴിഞ്ഞപ്പോൾ സംസ്ഥാനത്തെ ശരാശരി പോളിംഗ്. 2016-ലെ 77.53 ശതമാനം എന്ന ഔദ്യോഗിക പോളിംഗ് നടന്ന സ്ഥാനത്ത് ഏഴ് മണിക്കുള്ള കണക്ക് അനുസരിച്ച് 74.02 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്തിമ കണക്കുകൾ വരുമ്പോൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ കണക്കിലേക്ക് പോളിംഗ് ശതമാനം ഉയരും എന്നാണ് പൊതുവെയുള്ള പ്രതീക്ഷ.
വയനാട്, കാസർകോട് അടക്കമുള്ള ജില്ലകളിൽ ഇരുമുന്നണികളും പ്രതീക്ഷിച്ച പോലെ നിലവിൽ പോളിംഗ് നടന്നിട്ടില്ല. എന്നാൽ ഏഴ് മണി കഴിഞ്ഞും ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവരുടെ വോട്ടിംഗ് തീരുമ്പോൾ രാത്രിയോടെ പോളിംഗ് ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം കോഴിക്കോട്ടെ നഗരമണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. മാനന്തവാടിയിൽ കഴിഞ്ഞ തവണ 77 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ഇക്കുറി ഇതുവരെ 74 ശതമാനം പോളിംഗുണ്ടായി. സുൽത്താൻ ബത്തേരി 78/73 കൽപ്പറ്റ 79/73 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ 2016-ലേയും 2021-ലേയും പോളിംഗ് ശതമാനം. വയനാട്ടിൽ കഴിഞ്ഞ തവണ വലിയ പോളിംഗ് ഉണ്ടായപ്പോൾ എൽഡിഎഫിനാണ് ഗുണം ചെയ്തത്. അതിനാൽ പോളിംഗ് കുറഞ്ഞാൽ എൽഡിഎഫിനും പോളിംഗ് കൂടിയാൽ യുഡിഎഫിനും നേട്ടമുണ്ടാക്കും എന്ന തീയറി രാഷ്ട്രീയ നിരീക്ഷകർ തന്നെ തള്ളിക്കളയുകയാണ്.
പാലക്കാടേക്ക് വന്നാൽ നഗര മണ്ഡലത്തിലൊഴിച്ച് പാലക്കാട്ടെ മറ്റു മണ്ഡലങ്ങളിലെല്ലാം ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ത്രികോണപ്പോര് സൃഷ്ടിച്ച ആശയക്കുഴപ്പം പാലക്കാട്ടെ പോളിംഗിനെ ബാധിച്ചോ എന്ന് വ്യക്തമല്ല. അതേസമയം തൃത്താലയും ചിറ്റൂരുമടക്കം പാലക്കാട്ടെ മറ്റു മണ്ഡലങ്ങളിലെ പോളിംഗ് 75 ശതമാനം പിന്നിട്ടു കഴിഞ്ഞു.
കണ്ണൂരിൽ 77 ശതമാനം പോളിംഗ് ഇതിനോടകം നടന്നു അതിനിയും കൂടാനാണ് സാധ്യത. തലശ്ശേരിയിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞെങ്കിലും ആകെ കണക്കിൽ ഭേദപ്പെട്ട പോളിംഗ് അവിടെയുണ്ട്. സാധാരണഗതിയിൽ ഉള്ളത് പോലെ അവസാന മണിക്കൂറുകളിൽ പോളിംഗ് കൂടുന്ന ട്രെൻഡ് ഇക്കുറി മലബാറിൽ ദൃശ്യമായില്ല. കാസർകോട്ടെ മഞ്ചേശ്വരത്ത് കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. 2019 ലോക്സഭ, ഉപതെരഞ്ഞെടുപ്പ് സമയത്തെ പോളിംഗ് ശതമാനത്തിലേക്ക് ഇതിനോടകം മഞ്ചേശ്വരം എത്തിയിട്ടുണ്ട്.
അതേസമയം കാസർകോട് നഗരമണ്ഡലത്തിൽ പോളിംഗ് മന്ദഗതിയിലാണ്.
മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തിൽ വയനാട്ടിൽ ആറുമണിയോടെ പോളിംഗ് അവസാനിപ്പിച്ചു. ആറ് മണിക്കും ക്യൂവിൽ നിന്നവർക്ക് ടോക്കൺ നൽകി തുടർന്ന് വോട്ട് ചെയ്യാൻ അവസരം നൽകി. മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും വേട്ടെടുപ്പ് 6 മണിക്ക് അവസാനിപ്പിച്ചു. നിലമ്പൂർ, ഏറനാട്, വണ്ടൂർ മണ്ഡലങ്ങളിലെ പോളിംഗാണ് ഒരു മണിക്കൂർ നേരത്തെ അവസാനിപ്പിച്ചത്. മാവോയിസ്റ്റ് ഭീഷണിയെ തുടർന്നാണ് ഈ നടപടി.
മലപ്പുറത്തും പതിവ് രീതിയിലുള്ള കനത്ത പോളിംഗ് ഇക്കുറി കണ്ടില്ല. പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന വേങ്ങരയിലടക്കം പോളിംഗ് മന്ദഗതിയിലായത് യുഡിഎഫ് ക്യാംപിൽ അമ്പരപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മലപ്പുറത്ത് ലീഗിന് നഷ്ടമായ ഏക മണ്ഡലമായ താനൂരിൽ ഇക്കുറി കനത്ത പോളിംഗ് നടന്നു. പൊന്നാനിയിലെ തീരദേശബൂത്തുകളിലും പോളിംഗ് മന്ദഗതിയിലാണ് നീങ്ങിയത്.
മലബാറിൽ പോളിംഗ് സമാധാനപരമായിരുന്നുവെങ്കിലും ഒറ്റപ്പെട്ട അക്രമങ്ങളും പലയിടത്തും റിപ്പോർട്ട് ചെയ്തു. കൂത്തുപറമ്പ് കണ്ണംപൊയിൽ 84 നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകൻ പൊലീസ് പിടിയിലായി. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്. ഇബാഹിം കുട്ടിയുടെ വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞതും സംഘർഷത്തിന് വഴി തുറന്നു. കൂത്താളി എയുപി സ്കൂളിന് മുമ്പിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞത്. പൊലീസെത്തി തടിച്ച് കൂടിയ പ്രവർത്തകരെ പിന്തിരിപ്പിച്ചു.
അഴീക്കോട്ട് പോളിംഗ് പുരോഗമിക്കുന്നതിനിടെ മീൻകുന്ന് സ്കൂളിൽ വച്ച് എൽഡിഎഫ് പ്രവർത്തകർ കെ.എം.ഷാജിക്ക് നേരെ അസഭ്യവർഷം നടത്തി. ഇഞ്ചികൃഷി എന്നു പറഞ്ഞും എംഎൽഎയെ പ്രവർത്തകർ പരിഹസിച്ചു. പ്രവർത്തകർ വളഞ്ഞെങ്കിലും ഷാജി സ്ഥലത്ത് നിലയുറപ്പിച്ചതോടെ പൊലീസ് ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്. ഷാജിയാണ് അസഭ്യം പറഞ്ഞതെന്ന് സിപിഎം പ്രവർത്തകർ ആരോപിക്കുന്നുണ്ട്.
പത്രിക തള്ളിപ്പോയതോടെ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതായ തലശ്ശേരിയിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം പോളിംഗ് വളരെ കുറവായിരുന്നു. കണ്ണൂർ ജില്ലയിൽ ഏറ്റവും കുറവ് പോളിംഗും തലശ്ശേരിയിലാണുള്ളത്. ബിജെപിയുടെ സ്വാധീന സ്ഥലങ്ങളിലെ പോളിംഗ് കേന്ദ്രങ്ങളിലൊന്നും ആളില്ല. അതേസമയം തലശ്ശേരിയിൽ ബിജെപി വോട്ടുകൾ തനിക്ക് കിട്ടുന്നുണ്ടെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീർ പറഞ്ഞു. ഷംസീറിനെതിരായി എല്ലാ പാർട്ടിക്കാരുടെയും പിന്തുണ തനിക്കുണ്ടെന്നും നസീർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
വയനാട് കമ്പളക്കാട് കൈപ്പത്തിക്ക് കുത്തിയ 2 വോട്ടുകൾ താമരയ്ക്കും ആനയ്ക്കും പോയതായി യുഡിഎഫ് പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകി. ഇതേ തുടർന്ന് ഇവിടെ പോളിംഗ് അരമണിക്കൂറോളം വൈകി. പാലക്കാട് നെന്മാറയ്ക്കടുത്ത വിത്തനശ്ശേരിയിൽ വോട്ടുചെയ്യാനെത്തിയ വയോധിക കുഴഞ്ഞുവീണു മരിച്ചു. വിത്തനശ്ശേരി അപ്പുക്കുട്ടന്റെ ഭാര്യ കാർത്ത്യായനിയമ്മ (69) ആണ് മരിച്ചത്.
രാവിലെ 11 മണിയോടെ വോട്ടുചെയ്യാനെത്തിയ കാർത്യായനിയമ്മ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ നെന്മാറയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു
അട്ടപ്പാടിയിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്ന പോളിങ് ഓഫീസർ 20 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. അഗളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്ന ഉദ്യാഗസ്ഥയാണ് മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റത്. വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാ ലക്ഷ്മി (31) യാണ് അപകടത്തിൽ പെട്ടത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലർച്ചെ 5.30 ഓടെ സംഭവം
പോളിംഗിനിടെ ആന്തൂരിൽ സംഘർഷമുണ്ടായി. യുഡിഎഫ് സ്ഥാനാർത്ഥിയെ സിപിഎം പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്
തളിപറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദിന് ഇതേ തുടർന്ന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. പൊലീസ് അകമ്പടിയിലാണ് തുടർന്ന് സ്ഥാനാർത്ഥി ബൂത്തുകൾ സന്ദർശിച്ചത്. തളിപറമ്പ് മലപ്പട്ടം ബൂത്ത് 187എയിലെ യുഡിഎഫ് ഏജൻ്റ് പി പവിത്രനും , മലപ്പട്ടത്തെ ഏക കോൺഗ്രസ്സ് പഞ്ചായത്തംഗം ബാലകൃഷ്ണനും മർദ്ദനമേറ്റു. ബാലകൃഷ്ണന്റെ കയ്യിലുണ്ടായിരുന്ന പേപ്പറുകൾ വലിച്ചു കീറി നശിപ്പിച്ചു