നിയമസഭാ തെരഞ്ഞെടുപ്പ് ; ബംഗാളും കേരളവും അസമും തുടര്‍ ഭരണത്തിലേക്ക്, പോണ്ടിച്ചേരിയിലും തമിഴ്നാട്ടിലും പുതുഭരണം

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇതുവരെ വോട്ടെണ്ണിക്കഴിയുമ്പോള്‍ കേരളത്തിലും ബംഗാളിലും അസമിലും തുടര്‍ ഭരണമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. 

Assembly Election 2021 Bengal Kerala and Assam continue to rule Pondicherry and Tamil Nadu new government

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണല്‍ പകുതി പിന്നിട്ടപ്പോള്‍ കേരളത്തിലും ബംഗാളിലും അസമിലും തുടര്‍ ഭരണമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ബംഗാളാണ് ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത്. അതോടൊപ്പം കേരളം 40 വര്‍ഷത്തിനിടെ ആദ്യമായി തുടര്‍ഭരണത്തിലേക്ക് പോകുമെന്നാണ് ആദ്യ ഫല സൂചനകള്‍ കാണിക്കുന്നത്. അസമില്‍ ബിജെപിയും ഭരണം ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ എഐഡിഎംകെയുടെ അധികാരം നഷ്ടപ്പെടുമെന്നാണ് ആദ്യ ഫലങ്ങള്‍ തരുന്ന സൂചന. ഡിഎംകെ ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നതായി അവിടെ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്നാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്. 

അസം

2016 ലാണ് അസം സംസ്ഥാനത്തിന്‍റെ അധികാരത്തിലേക്ക് ബിജെപി കടന്ന് വരുന്നത്. സർബാനന്ദ സോനോവാള്‍ ആയിരുന്നു ബിജെപിയുടെ മുഖ്യമന്ത്രി. അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 60 സീറ്റ് നേടിയ ബിജെപിക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പിലും വിജയമായിരിക്കുമെന്ന് എക്സിറ്റ് പോളുകള്‍ സൂചിപ്പിച്ചിരുന്നു. ഇത് ശരിവെക്കും വിധമാണ് അസമില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത്. ഏറ്റവും അവസാന വിവരങ്ങള്‍ ലഭിക്കുമ്പോള്‍ 117 സീറ്റില്‍ എന്‍ഡിഎ 86 സീറ്റുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയാണ്. യുപിഎ 41 സീറ്റുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. 

തമിഴ്നാട് 

തമിഴ്നാട്ടില്‍ 218 സീറ്റുകളില്‍ 136 സീറ്റും വിജയിച്ച് ഭരണത്തിലേറിയ ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ)ത്തിന് ഇത്തവണ വന്‍ പരാജയമായിരിക്കുമെന്നാണ് ആദ്യ ഫല സൂചനകള്‍ തരുന്ന വിവരം. 2016 ല്‍ വെറും 89 സീറ്റില്‍ ഒതുങ്ങിയിരുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എം കെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ 142 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. എക്സിറ്റ് പോളുകളും ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ വിജയമാണ് സൂചിപ്പിച്ചിരുന്നത്. അണ്ണാഡിഎംകെ ശക്തി കേന്ദ്രങ്ങളില്‍ പോലും ഡിഎംകെ മുന്നേറ്റം തുടരുകയാണ്.

ബിജെപി അധ്യക്ഷൻ എൽ മുരുകൻ ഒഴികെ മറ്റ് എന്‍ഡിഎ സ്ഥാനാർത്ഥികൾ എല്ലാം പിന്നിലാണ്. ഒ പനീർസെൽവം ബോഡിനായ്ക്കന്നൂരിൽ പിന്നിലാണെന്ന് ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നു. കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവ് കമൽഹാസനും പിന്നിലാണ്. കോൺഗ്രസ് സ്ഥാനാർത്ഥി എം ജയകുമാർ മുന്നേറുന്നു. തമിഴ്നാട്ടിൽ ഒ പനീര്‍സെല്‍വത്തിന് പുറമെ നാല് മന്ത്രിമാരും ആദ്യ വേട്ടെണ്ണലില്‍ പിന്നിലാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 142 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്. അണ്ണാ ഡിഎംകെ 91 സീറ്റുകളിലും മറ്റുള്ളവര്‍ ഒരു സീറ്റിലുമാണ് മുന്നിലുള്ളത്. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ പത്ത് വര്‍ഷത്തോളം ഭരണം തുടര്‍ന്ന അണ്ണാഡിഎംകെയെ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞ് തമിഴ്നാട്ടില്‍ വീണ്ടും ദ്രാവിഡ രാഷ്ട്രീയം അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ.

ബംഗാള്‍

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം കടന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നതായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ആദ്യ ഫല സൂചനകള്‍. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 206 മണ്ഡലങ്ങളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 83 മണ്ഡലങ്ങളില്‍ മുന്നിലാണ്. 148 സീറ്റാണ് ബംഗാളില്‍ അധികാരം നേടാന്‍ വേണ്ട കേവല ഭൂരിപക്ഷം. മൂന്നാമത്തെ സഖ്യകക്ഷിയായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി നേരിട്ടു. കേവലം മൂന്ന് സീറ്റില്‍ മാത്രമാണ് സഖ്യം മുന്നില്‍ നില്‍ക്കുന്നത്.

അതേസമയം, അഭിമാന പോരാട്ടമായ നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്നിലാണ്. രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 4,997 വോട്ടുകള്‍ക്കാണ് മമത, സുവേന്ദു അധികാരിക്ക് പിന്നില്‍ പോയത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മമത നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. നേരത്തെ രണ്ടിടത്ത് മത്സരിക്കുമെന്ന് മമത സൂചന നല്‍കിയെങ്കിലും ബിജെപിയുടെ വെല്ലുവിളിയെ തുടര്‍ന്ന് നന്ദിഗ്രാമില്‍ മാത്രം മത്സരിക്കാന്‍ മമത തീരുമാനിക്കുകയായിരുന്നു.

നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായാണ് 292 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് രണ്ട് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു, വോട്ടെടുപ്പിന് ഇടയില്‍ ഉണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് വോട്ടെണ്ണല്‍ ദിനത്തിലും കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേരളം

40 വര്‍ഷത്തിനിടെ ആദ്യമായി കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. ഏറ്റവും അവസാനത്തെ  വേട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ 90 സീറ്റുകളില്‍ സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മുന്നണി മുന്നിട്ട് നില്‍ക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടിയ ബിജെപി ഇത്തവണ മൂന്ന് സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത് യുഡിഎഫാണ്. മുന്‍ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി പോലും നേരിയ ഭൂരിപക്ഷത്തിലാണ് മുന്നിട്ട് നില്‍ക്കുന്നത്. 

പോണ്ടിച്ചേരി 

കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പായി. 2016 ല്‍ 30 ല്‍ 15 സീറ്റ് നേടി ഭരണത്തിലേറിയ കോണ്‍ഗ്രസിന് ഇത്തവ ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസിന് മുന്നില്‍ മുട്ട് മടക്കേണ്ടിവരുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭ്യമാകുന്ന വിവരം. എഐഎന്‍ആര്‍സി - ബിജെപി കൂട്ട് കെട്ട് 9 സീറ്റില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് സഖ്യം രണ്ട് സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി 3 ഉം ഡിഎംകെ 3 ഉം സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു.

കോണ്‍ഗ്രസിന് 2 സീറ്റും എഐഎഡിഎംകെക്ക് ഒരു സീറ്റുമാണുള്ളത്. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ലീഡ് നിലനിർത്തിയാണ് എഐഎൻആർസി മുന്നോട്ട്പോയിക്കൊണ്ടിരുന്നത്. 2016 ൽ ഐഎൻസി 15 സീറ്റാണ് നേടിയിരുന്നത്. എഐഎൻആർസിക്ക് 8 സീറ്റും ലഭിച്ചിരുന്നു. എഐഎഡിഎംകെ 4, ഡിഎംകെ 2 എന്നിങ്ങനെയായിരുന്നു അന്നത്തെ സീറ്റ് നില. 2016 ൽ ബിജെപിക്ക് പുതുച്ചേരിയിൽ ഒരു സീറ്റ് പോലും നേടാൻ സാധിച്ചിരുന്നില്ല.

Latest Videos
Follow Us:
Download App:
  • android
  • ios