കേരളത്തിലേതടക്കം തോൽവി പഠിക്കാൻ കോൺഗ്രസിന് അഞ്ചംഗസമിതി, അശോക് ചവാൻ അധ്യക്ഷൻ

കേരളം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തോൽവിയാണ് പ്രധാനമായും എഐസിസിക്ക് മുന്നിലെ വലിയ ആശങ്കയായി നിലനിൽക്കുന്നത്. പശ്ചിമബംഗാളിൽ സിപിഎമ്മുമായി അടക്കം കൂട്ടുചേർന്നുള്ള കോൺഗ്രസ് സഖ്യം തകർന്നടിഞ്ഞിരുന്നു.

aicc appoints five member committee to study defeat in kerala assembly elections

ദില്ലി: കേരളത്തിലേതടക്കം നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവി പഠിക്കാൻ അ‍ഞ്ചംഗസമിതിയെ നിയോഗിച്ച് കോൺഗ്രസ്. മുതിർന്ന നേതാവ് അശോക് ചവാൻ അധ്യക്ഷനായ അഞ്ചംഗസമിതിയെയാണ് നിയോഗിക്കുന്നത്. സമിതിയിൽ മറ്റ് മുതിർന്ന അംഗങ്ങളായ സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസെന്‍റി എച്ച് പാല, എംപി ജോതിമണി എന്നിവരാണുള്ളത്. രണ്ടാഴ്ചയ്ക്കുള്ളിൽ സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ കോൺഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധി നിർദേശിച്ചതായി  എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 

കേരളം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തോൽവിയാണ് പ്രധാനമായും എഐസിസിക്ക് മുന്നിലെ വലിയ ആശങ്കയായി നിലനിൽക്കുന്നത്. പശ്ചിമബംഗാളിൽ സിപിഎമ്മുമായി അടക്കം കൂട്ടുചേർന്നുള്ള കോൺഗ്രസ് സഖ്യം തകർന്നടിഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കകം സമിതി നൽകുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലടക്കം സംഘടനയില്‍ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന.

കേരളത്തിലേക്ക് ഹൈക്കമാൻഡ് നിർദേശിക്കുന്ന നിരീക്ഷണസമിതി നേരിട്ടെത്തി തോൽവി വിലയിരുത്തുമെന്ന് വ്യക്തമാക്കിയിരുന്നതാണ്. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കേരളഘടകത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നേരത്തേ തന്നെ എഐസിസി നൽകുന്നുണ്ട്. തോല്‍വിയെ കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച സമിതി റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടികളുണ്ടാകുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. 

രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും പ്രചാരണത്തിനിറങ്ങിയ കേരളത്തിലെ തോല്‍വി ഞെട്ടിച്ചുവെന്നാണ് പ്രവര്‍ത്തക സമിതിയുടെ വിലയിരുത്തല്‍. തിരിച്ചടി ഗൗരവമായി കാണുന്നുവെന്നും തോല്‍വി പഠിക്കാന്‍ പ്രത്യേക സമിതി വേണമെന്നും സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചു. തൊലിപ്പുറത്തെ ചികിത്സ പോരെന്നും സംഘടനയില്‍ അഴിച്ചുപണിവേണമെന്നും സോണിയഗാന്ധി തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്. വസ്തുതാന്വേഷണ സമിതി സംസ്ഥാനത്തെ നേതാക്കളോടും സ്ഥാനാര്‍ത്ഥികളോടും സംസാരിച്ച് വൈകാതെ റിപ്പോര്‍ട്ട് നല്‍കും. 

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ബൂത്ത് തലം മുതൽ കെപിസിസി വരെയുള്ള സമ്പൂർണ്ണ അഴിച്ചുപണിക്ക് കോൺഗ്രസ് ഒരുങ്ങുകയാണെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുന:സംഘടനാ മാർഗ്ഗരേഖയുണ്ടാക്കാൻ തിരുവനന്തപുരത്ത് 18,19 ദിവസങ്ങളിൽ രാഷ്ട്രീയകാര്യസമിതി വീണ്ടും ചേരാനിരിക്കുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios