"കെപിസിസിക്ക് നേതൃഗുണമില്ല, എനിക്ക് ആശയുമില്ല, ഇരിക്കൂറില്‍ ഇനി നീതിയുമില്ല.." പൊട്ടിത്തെറിച്ച് സുധാകരന്‍
കോണ്‍ഗ്രസിലെ തിളയ്ക്കുന്ന ശബ്‍ദമാണ് കെ സുധാകരന്‍ എം പി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നതിനു തൊട്ടുപിന്നാലെ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സുധാകരന്‍. സ്ഥാനാർത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ഹൈക്കമാൻഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചെന്നും ഹൈക്കമാൻഡിന്റെ പേരിൽ കെസി വേണുഗോപാല്‍ ഇഷ്‍ടക്കാർക്ക് സീറ്റ് നൽകിയെന്നും പി ജി സുരേഷ് കുമാറിനു നല്‍കിയ അഭിമുഖത്തില്‍ കെ സുധാകരന്‍ തുറന്നടിച്ചു. അഭിമുഖത്തിന്‍റെ പൂര്‍ണരൂപം
? ഈ തെരെഞ്ഞെടുപ്പില്‍, ഒരുക്കത്തിന്‍റെ സമയത്തു തന്നെ കണ്ണൂരില്‍ മാത്രമല്ല കണ്ണൂരിനു പുറത്തേക്കും ഏറ്റവും കൂടുതല്‍ സഞ്ചരിക്കുുകയും പാര്‍ട്ടി പ്രശ്‍നങ്ങളില്‍ ഇടപെടുകയും ചെയ്‍ത ആളാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ശ്രീ കെ സുധാകരന്‍. പട്ടാമ്പിയില്‍, പെരിങ്ങോട്ടുകുറിശിയില്‍, വയനാട്ടില്‍ ഇവിടൊക്കെ പ്രശ്‍നങ്ങള്‍ ഉണ്ടായപ്പോള്‍ അത് പരിഹരിക്കാന്‍ പോയ ആളാണ് താങ്കള്‍. ഇപ്പോള്‍ കണ്ണൂരിലൊരു പ്രശ്‍നമുണ്ട്. സ്വന്തം തട്ടകത്തിലെ പ്രശ്‍നം പരിഹരിക്കാന്‍ താങ്കള്‍ക്ക് എന്താണ് പറ്റാത്തത്?
* പരിഹരിക്കാനുള്ള പ്രപ്പോസല്‍സ് വച്ച് ചര്‍ച്ച നടക്കുകയാണ്. അതിനകത്ത് പാകപ്പിഴകളുണ്ട്. ഈ പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ട് എന്നത് റിയാലിറ്റിയാണ്. പക്ഷേ ആ ഗ്രൂപ്പ് വച്ച് സ്ഥാനമാനങ്ങള്‍ നല്‍കണമെന്ന് ഞങ്ങള്‍ പറയാറില്ല. പക്ഷേ എന്നാല്‍പ്പോലും ആ ഗ്രൂപ്പിന് അവകാശപ്പെട്ടത് ആ ഗ്രൂപ്പിലെ തന്നെ മറ്റാരെയെങ്കിലും വച്ച് റീ പ്ലേസ് ചെയ്യാറാണ് പതിവ്. ഇത്തവണ ഇരിക്കൂറില്‍ അത് ലംഘക്കപ്പെട്ടു എന്നതാണ് ഇവിടുത്തെ വിഷയം. ഉമ്മന്‍ചാണ്ടി അടങ്ങുന്ന കമ്മിറ്റിയാണ് തീരുമാനം എടുക്കുന്നത്. പ്രശ്‍നം വന്നപ്പോള്‍ എ വിഭാഗം പ്രവര്‍ത്തകര്‍ വളരെയധികം അസ്വസ്ഥരായി. അവര്‍ പരസ്യമായി പ്രതികരിച്ചു. ആ പരസ്യപ്രതികരണത്തെ ഒരുപരിധിവരെ ഞാന്‍ ശാന്തനാക്കി. പക്ഷേ അത് പൂര്‍ണമായും പരിഹരിക്കണമെങ്കില്‍ അവരുടെ സംസ്ഥാന നേതൃത്വം വന്നു സംസാരിക്കണം. പരിഹരിച്ചാലും ഇനി അവര്‍ക്ക് നീതി ലഭിക്കും എന്നുള്ള വിശ്വാസവും എനിക്കില്ല. അതിനുള്ള സമയം കടന്നുപോയി.
? ഞാന്‍ സംസാരിക്കുന്നത് കണ്ണൂരിലെ എംപിയോടും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റിനൊടുമാണ്. കണ്ണൂരിലെ എംപിക്കും ഇരിക്കൂറില്‍ എട്ടുതവണ മത്സരിച്ചൊഴിയുന്ന എംഎല്‍എയ്ക്കുമൊക്കെ ഇക്കാര്യത്തില്‍ ഒരഭിപ്രായമാണ്. എന്നാല്‍ മറിച്ചൊരു തീരുമാനം എങ്ങനെയാണ് ഉണ്ടാകുന്നത്?
* അവിടെയാണ് പ്രശ്‍നം. പോരായ്‍മകളൊക്കെ ഈ തീരുമാനം എടുക്കുന്ന നേതാക്കളുടെ ഭാഗത്താണ്. ഒരു ഡീറ്റെയില്‍ഡ് ചര്‍ച്ച ഇല്ല. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി നര്‍ണ്ണയത്തില്‍ വിജയസാധ്യത ഒരുവശത്ത് പറയുമ്പോള്‍ അതിനു വിരുദ്ധമായ ഒരുപാട് സ്ഥാനാര്‍ത്ഥികളെ അവരോധിച്ചിട്ടുണ്ട്. ഉദാഹരണസഹിതം ഞങ്ങളത് നേതാക്കന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ തിരുത്താനുള്ള മനസ് അവര്‍ കാണിച്ചിട്ടില്ല. അതിനര്‍ത്ഥം വിജയസാധ്യതയെക്കാളും അവരുടെ വേണ്ടപ്പെട്ടവര്‍ എന്ന പരിഗണന അവര്‍ ചിലര്‍ക്കു നല്‍കുന്ന സമീപനമാണ് ഈ തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കാണിച്ചത് എന്നു വ്യക്തമാണ്.
? ഈ 'അവരുടെ ' എന്ന് ഉദ്ദേശിക്കുന്നത് ആരെയൊക്കെയാണ്?
* ഈ കമ്മിറ്റിക്ക് അകത്തിരിക്കുന്ന നേതാക്കന്മാര്‍. അതില്‍ പ്രതിപക്ഷ നേതാവുണ്ട്, ഉമ്മന്‍ചാണ്ടിയുണ്ട്, കെ സി വേണുഗോപാലുണ്ട്, കെപിസിസി പ്രസിഡന്‍റുണ്ട്. കെപിസിസി പ്രസിഡന്‍റ് എല്ലാ വിഷയത്തിലും ചാടിയിറങ്ങി ഇടപെടുന്ന ഒരാളല്ല. അദ്ദേഹം ശാന്തനായി ഈ നേതാക്കന്മാര് പറയുന്നതൊക്കെ അനുകൂലിക്കുന്ന സ്വഭാവക്കാരനാണ്. അതുകൊണ്ട് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ തീഷ്‍ണമായി തീരുമാനം എടുക്കാന്‍ കഴിയാത്ത ഈ നേതാക്കന്മാരുടെ പോരായ്‍മ തന്നെയാണ് ഇന്നു കേരളത്തിലുള്ള ഈ പ്രശ്‍നങ്ങളുടെയെല്ലാം ആകെത്തുക.
? കേരള നേതാക്കളുടെ താല്‍പ്പര്യത്തിനു വിരുദ്ധമായി ഹൈക്കമാന്‍ഡ് അടിച്ചേല്‍പ്പിക്കുന്നതാണ് എന്നു പറയുന്നതില്‍ അര്‍ത്ഥമുണ്ടോ?
* ഹൈക്കമാന്‍ഡ് എന്നു പറയുന്നത് രാഹുല്‍ ഗാന്ധിയോ സോണിയാ ഗാന്ധിയോ ഒന്നുമല്ല. ഹൈക്കമാന്‍ഡ് എന്ന് ഇവിടുത്തെ ആളുകള്‍ ഉദ്ദേശിക്കുന്നത് കെ സി വേണുഗോപാലിനെയാണ്. വേണുഗോപാലിന് വേണുഗോപാലിന്‍റെതായ താല്‍പ്പര്യങ്ങളുണ്ട്. കുറേ ആളുകളെ അദ്ദേഹം പറഞ്ഞുകയറ്റിയിട്ടുമുണ്ട്. കോണ്‍ഗ്രസിനെപ്പോലൊരു പാര്‍ട്ടിക്കകത്ത് അത്തരം പ്രവണതകളൊന്നും ശരിയല്ല എന്ന അഭിപ്രായക്കാരാണ് ഞങ്ങളൊക്കെ. ഞാന്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റാണ്. ഞാനുണ്ടാക്കിയ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് അവര്‍ക്ക് കൊടുത്തിട്ടുണ്ട്. ഗ്രൂപ്പ് നോക്കിയല്ല ഞാന്‍ ലിസ്റ്റുണ്ടാക്കിയത്. അവരുടെ കഴിവും പൊതുസ്വീകാര്യതയും വിജയസാധ്യതയും മാത്രം കണക്കിലെടുത്താണ് ഞാന്‍ ലിസ്റ്റുണ്ടാക്കിയത്. ആ ലിസ്റ്റില്‍പ്പോലും വലിയ ശതമാനം ആളുകള്‍ പിന്തളപ്പെട്ടിരിക്കുന്നു.
? ഇങ്ങനെ റിജക്ട് ചെയ്യുന്നത് എന്തുകൊണ്ടാണെന്നു താങ്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ടോ?
* ഇല്ല. ഞങ്ങളു കൊടുത്തയാളുടെ സ്ഥാനത്ത് വേറൊരാളുടെ പേരു വരുമ്പോഴാണ് ഞങ്ങള്‍ അറിയുന്നത്. ഞങ്ങളെയൊക്കെ അവഗണിക്കുകയാണ്. ഞങ്ങളുടെ പ്രവര്‍ത്തനത്തെയും അഭിപ്രായത്തെയുമൊക്കെ വിലമതിക്കാത്ത സമീപനമായിരുന്നു ഇത്തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉണ്ടായത് എന്നത് സത്യമാണ്. ഇക്കാര്യങ്ങളൊക്കെ ഞാന്‍ ഹൈക്കമാന്‍ഡിനോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അവര്‍ നിസഹായരാണ്. കാരണം ഹൈക്കമാന്‍ഡിന് കേരളത്തിലെ വിജയസാധ്യതയുള്ളവര്‍ ആരാണെന്നൊന്നും അറിയില്ലല്ലോ? അവര്‍ക്ക് നേര്‍വഴി കാണിക്കാനാണ് ഇവരെ അംഗങ്ങളാക്കി വച്ചത്. ഇവര്‍ അവരെ മിസ് ലീഡ് ചെയ്യുന്നു എന്നതാണ് യാതാര്‍ത്ഥ്യം.
? കണ്ണൂരിലെ ഗ്രൂപ്പ് രാഷ്‍ട്രീയം ബാലന്‍സ് ചെയ്‍തുപോകണമെന്ന ശക്തമായ തീരുമാനം പരസ്യമായി എടുത്തയാളാണ് താങ്കള്‍. അങ്ങനൊരു തീരുമാനം താങ്കള്‍ എടുക്കുമ്പോള്‍ പോലും കേരളത്തിലെ നേതാക്കളുടെയും താങ്കളുടെയും തീരുമാനത്തിനും ഹൈക്കമാന്‍ഡിന് അറിയാത്ത ഒരു താല്‍പ്പര്യത്തിനുമിടയ്ക്ക് സ്വന്തം താല്പ്പര്യത്തിനു വേണ്ടി ഹൈക്കമാന്‍ഡിന്‍റെ പേരിലൊരാള്‍ ഒരു താല്‍പ്പര്യം കാണിച്ചാല്‍ അത് ഹൈക്കമാന്‍ഡിനു ഗ്രൂപ്പുണ്ടോ എന്നു സംശയിക്കാമല്ലോ?
* ഹൈക്കമാന്ഡിന്‍റെ മുന്നിലും ഇത്തവണ ഇതേക്കുറിച്ച് ഒരുപാടുപേര് പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല ആരും. എല്ലാവര്‍ക്കും നിരാശയാണ്. കോണ്‍ഗ്രസിന്‍റെ വിജയം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ത്ഥിപ്പട്ടിക നിരാശയുണ്ടാക്കി എന്നതാണ് സത്യം.
? താങ്കളൊരു വര്‍ക്കിംഗ് പ്രസിഡന്‍റാണ്. നേരത്തെ പറഞ്ഞതുപോലെ പെരിങ്ങോട്ടുകുറിശിയിലും ബത്തേരിയിലുമൊക്കെ തര്‍ക്കങ്ങളുണ്ടായപ്പോള്‍ മുഖം നോക്കാതെ നേരിട്ടുപോയി ഇടപെട്ട വ്യക്തിയാണ്. അങ്ങനെ ജോലി ചെയ്യുന്ന ഒരാള്‍ക്ക് സ്വന്തം നിയോജകമണ്ഡലത്തിനുള്ളിലും സ്വന്തം ജില്ലയ്ക്കുള്ളിലും ഉള്ള ഒരു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍പ്പോലും ഒരു സ്ഥാനമില്ലെങ്കില്‍ എന്താണ് ഈ നേതൃത്വം നല്‍കുന്ന പിന്തുണ?
* ഞാന്‍ ഈ പാര്‍ട്ടിയില്‍ അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയാണ് താങ്കള്‍ ചൂണ്ടിക്കാട്ടിയത്. വളരെ ഗൌരവമായി ആലോചിക്കുന്ന ഒരു വസ്‍തുതയാണത്. അതിനോട് ഞാന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. എനിക്ക് പറയാന്‍ ഒരുപാടുണ്ട്.
? തുറന്നുചോദിക്കുന്നതു കൊണ്ടൊന്നും തോന്നരുത്. ഒരു ആലങ്കാരികപദവി കെ സുധാകരനെപ്പോലെ ഒരാള്‍ക്ക് ആവശ്യമുണ്ടോ?
* ആലങ്കരികമായ ഒരു പദവി എനിക്ക് ആവശ്യമില്ല. വര്‍ക്കിംഗ് പ്രസിഡന്‍റ് ഷിപ്പ് വേണ്ടെന്നു വയ്ക്കണമെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചതാണ്. പക്ഷേ എന്‍റെ രാജി ഇലക്ഷനു മുമ്പേ നടത്തി ഇലക്ഷന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനും വിജയത്തിനും ഒരു മങ്ങല്‍ ഏല്‍പ്പിക്കരുത്ത് എന്ന നിര്‍ബന്ധം എനിക്കുണ്ട്.
?അപ്പോള്‍ മനസുകൊണ്ട് യോജിച്ചല്ലേ താങ്കള്‍ പ്രവര്‍ത്തിക്കുന്നത്?
*അല്ല, ഒരിക്കലും അല്ല. തൃപ്‍തനും അല്ല. പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിന് മുന്നില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിക്കൊരു പോറലും ഏല്‍ക്കരുതെന്നും വിജയസാധ്യതയെ ബാധിക്കരുതെന്നുമുള്ള ശക്തമായ വിചാരവും വികാരവും ഉള്ളതുകൊണ്ടാണ് രാജിയിലേക്ക് കടക്കാത്തത്.
? വര്‍ക്കിംഗ് പ്രസിഡന്‍റുമാരെ നിയമിക്കുമ്പോള്‍ കൃത്യമായ ചുമതല അന്ന് ഹൈക്കമാന്‍ഡ് നിഷ്‍കര്‍ഷിച്ചിരുന്നു. കെ വി ഗോപിനാഥിനോടു പോയി താങ്കള്‍ സംസാരിക്കുന്നു, ഒരു ഫോര്‍മുല വയ്ക്കുന്നു. ആ തീരുമാനം കോണ്‍ഗ്രസ് നേതൃത്വം എടുത്തില്ലെങ്കില്‍ കെ സുധാകരന്‍റെ ഇടപെടലിനും വാക്കിനും എന്തുവിലയാണുള്ളത്?
* ഒരു വിലയുമില്ല. ഗോപിനാഥിന്‍റെ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി നാളെ കാണാന്‍ പോകുകയാണ്. സത്യത്തില്‍ ഉമ്മന്‍ചാണ്ടി പോകേണ്ട ഒരു കാര്യവും ഇല്ല. ഞാന്‍ ഗോപിനാഥിനെ കണ്ടുസംസാരിച്ചു. ഒരു ഫോര്‍മുല കെപിസിസി നേതൃത്വത്തിന്‍റെ കയ്യില്‍ കൊടുത്തിട്ടുണ്ട്. അതില്‍ ഏതെങ്കിലും ഒന്ന് അംഗീകരിച്ചുപോയാല്‍ അന്നേ തീരുന്നതാണ് ഈ വിഷയം. ഒരു അരമണിക്കൂര്‍ നേരത്തെ പണി. ആ അരമണിക്കൂര്‍ മെനക്കെടാന്‍ അവര്‍ക്ക് സമയമില്ല. അതുകൊണ്ടവര് ചെയ്‍തിട്ടില്ലെന്നാണ് എന്നോടു പറഞ്ഞത്. ഉമ്മന്‍ചാണ്ടി പോയാലും ഞാന്‍ സംസാരിച്ച കാര്യങ്ങള്‍ തന്നെയാണ് അവരുടെ ഭാഗത്തുനിന്നും കേള്‍ക്കുക. ഉമ്മന്‍ചാണ്ടി പോകുന്നതില്‍ എനിക്ക് തടസമൊന്നും ഇല്ല. പക്ഷേ ആവശ്യമില്ലാത്ത രീതിയില്‍ അത്തരം പ്രശ്‍നങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്ന സമീപനം പാര്‍ട്ടിയുടെ ഗുണകരമായ പ്രവര്‍ത്തനത്തിനും ഐക്യത്തിനും അനുകൂലമല്ല എന്നത് നേതൃത്വം മനസിലാക്കുന്നില്ല.
?അത് ലീഡര്‍ഷിപ്പിന്‍റെ പരാജയമല്ലേ?
*അതേ തീര്‍ച്ചയായും പരാജയമാണ്.
?ലതികാ സുഭാഷ് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വല്ലാതെ വേട്ടയാടില്ലേ?
*തീര്‍ച്ചയായും
?കേരളത്തിലെ മറ്റേതെങ്കിലും ഒരു രാഷ്‍ട്രീയ പാര്‍ട്ടി സ്വന്തം ഓഫീസിനുള്ളില്‍ ഇങ്ങനൊരു സംഭവത്തിന് സാഹചര്യം ഒരുക്കുമോ?
*ഒരിക്കലുമില്ല. പക്ഷേ എല്ലാവരും ലതികാ സുഭാഷിന്‍റെ വികാരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. അവരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നൊരു തോന്നല്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഗ്രൂപ്പിന് അതീതമായി ഉണ്ട്. കാരണം പാര്‍ട്ടിക്കു വേണ്ടി രാവുപകലെന്നില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു വനിതാനേതാവാണ് ലതികാ സുഭാഷ്. അവരോട് പറഞ്ഞവാക്കുപോലും പാലിച്ചില്ല എന്നതാണ് അതിലെ ഏറ്റവും പ്രതിഷേധാര്‍ഹമായ വസ്‍തുത. ലതികയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
?ഇതിനെല്ലാം ഘടക കക്ഷികളെ പഴിക്കുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ?
*ഒരു കാര്യവുമില്ല. ഘടകക്ഷികളോടൊക്കെ സംസാരിക്കാനും ഘടകക്ഷികള്‍ അനാവശ്യം സംസാരിക്കുന്നുണ്ടെങ്കില്‍ അതു തിരുത്താനുമൊക്കെ കഴവുള്ളവരാകണം കെപിസിസി നേതൃത്വം. ഘടക കക്ഷികള്‍ക്ക് അടിയറ പറയുന്ന കെപിസിസി നേതൃത്വം എന്തിനാണ്? അതിനു ചര്‍ച്ച വേണ്ടല്ലോ? അവര് പറയുന്നത് അംഗീകരിച്ചുമാത്രം മുന്നോട്ടുപോയാല്‍ പോരേ? പൊതുവായ ഒരുമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന ഒരു രാഷ്‍ട്രീയ പ്രസ്ഥാനത്തിന് മറ്റു ഘടക കക്ഷികളില്‍ അധീശ്വതം വേണം. അതുപറഞ്ഞാല്‍ അനുസരിപ്പിക്കാന്‍ കഴിയുന്ന വ്യക്തിത്വവും ആര്‍ജ്ജവത്വും കഴിവും വേണം. അതില്ലാതാകുമ്പോള്‍ സ്വാഭാവികമായും അവര്‍ തലയില്‍ കയറും. ആ തലയില്‍ കയറ്റം അംഗീകരിക്കലല്ല നേതൃഗുണം. അനുസരിപ്പിക്കലാണ്. സത്യസന്ധമായി കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനവും കാഴ്‍ച്ചപ്പാടും ഘടക കക്ഷികളെക്കൂടി അംഗീകരിപ്പിക്കുന്നതിലാണ് രാഷ്‍ട്രീയ നേതൃത്വത്തിന്‍റെ ഗുണംകിടക്കുന്നത്. ഇവിടെ മട്ടന്നൂരില്‍ ആര്‍എസ്‍പിയുടെ സ്ഥാനാര്‍ത്ഥിയെ തിരുകിവച്ചിട്ടുണ്ട്. ഈ നിയോജകമണ്ഡലത്തില്‍ അവര്‍ക്ക് ആരുമില്ല. അങ്ങനെയുള്ളയിടത്ത് അവരെ തലയില്‍വച്ചു നടക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ട്. നമുക്കത് അംഗീകരിപ്പിക്കാനും പ്രയാസം ഉണ്ട്. കഴിഞ്ഞതവണ തളിപ്പറമ്പില്‍ കേരള കോണ്‍ഗ്രസിനു സീറ്റുകൊടുത്തു. പാതിവഴിയില്‍ ആ സ്ഥാനാര്‍ത്ഥി സ്ഥലംവിട്ടു. അതുകൊണ്ട് നിരവധി ബുദ്ധിമുട്ടുകളുണ്ട്. കഷ്‍ടപ്പെട്ട് സിപിഎമ്മിന്‍റെ കോട്ടക്കൊത്തളങ്ങളിലും പാര്‍ട്ടിഗ്രാമങ്ങളില്‍ ഘടകമുണ്ടാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടി ഘടകങ്ങള്‍ ദുര്‍ബലമാകുകയാണ്. കഴിഞ്ഞതവണത്തെ ഒരൊറ്റ വിഷയം കൊണ്ട് തളിപ്പറമ്പില്‍ പാര്‍ട്ടി ഒരുപാട് ദുര്‍ബലമായി. മട്ടന്നൂരുകൊണ്ട് ഇവിടെയും അത് സംഭവിക്കും. ഡിസിസിയോടും നേതാക്കളോടും ചോദിക്കാതെ, അവരുടെ സമ്മതമില്ലാതെ തീരുമാനം അടിച്ചേല്‍പ്പിക്കുന്നു. ഇത് കോണ്‍ഗ്രസ് പോലൊരു ജനാധിപത്യ പാര്‍ട്ടിക്ക് ഭൂഷണമല്ല.
?എണ്ണം തികയ്ക്കാനാണോ ഈ അടിച്ചേല്‍പ്പിക്കല്‍?
* അതെ. ഞങ്ങളുടെ പുറത്തെന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? തിരുവിതാംകൂറില്‍ നിന്നും കണ്ണൂരിലേക്ക് സ്ഥാനാര്‍ത്ഥികളെ കൊണ്ടുവരുന്നത് എന്തുമര്യാദയാണ്? അവിടെ ജില്ലകളില്ലേ? അവിടെ കൊടുത്താല്‍പ്പോരേ? ആരോടും ചോദിക്കാതെ ഇവിടെ പ്രഖ്യാപിക്കുന്നതിന്‍റെ പൊരുളെന്താണ്? വര്‍ക്കിംഗ് പ്രസിഡന്‍റാണത്രെ ഞാന്‍. എന്‍റെ ജില്ലയില്‍ വയ്ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെക്കുരിച്ചുപോലും എന്നോടു ചര്‍ച്ച ചെയ്യില്ല, അഭിപ്രായം കേള്‍ക്കില്ല ഈ പാര്‍ട്ടിക്കകത്തെ സാഹചര്യം ദു:ഖപൂര്‍ണമാണ്. ഇത്രയുമേ ഇപ്പോള്‍ പറയുന്നുള്ളൂ. ബാക്കി കാര്യങ്ങള്‍ തെരെഞ്ഞെടുപ്പിനു ശേഷം പറയും.
? ഒരുപാട് സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ സ്ഥാനാര്‍ത്ഥി പട്ടിക വരുന്നത്. പട്ടിക വരുമ്പോള്‍ പട്ടികയ്ക്ക് മുമ്പുണ്ടായിരുന്ന ഊര്‍ജ്ജവും ആത്മവിശ്വാസവും താങ്കളെപ്പോലൊരു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനുണ്ടോ?
* ഇല്ല. എനിക്ക് ആ പ്രത്യാശ നഷ്‍ടപ്പെട്ടു എന്നതാണ് സത്യം. കാരണം അത്ര മോശമായിരുന്നു നേതൃത്വത്തിന്‍റെ പ്രതികരണവും പ്രവര്‍ത്തികളും.
?വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ധാരണയുടെ പേരില്‍ പാര്‍ട്ടിയില്‍ വിവാദമുണ്ടായി. അതിനുശേഷം ആര്‍എംപിയെ ചൊല്ലിയും വിവാദമുയര്‍ന്നു. മാണി സി കാപ്പന്‍ വന്നപ്പോള്‍ കൈപ്പത്തിയെ സംബന്ധിച്ചും വിവാദമുണ്ടായി. ഒടുവില്‍ നേമം വരെ ഇത്തരം വിവാദങ്ങള്‍ക്ക് ഉദാഹരണമാണ്. ചുരുക്കത്തില്‍ പാര്‍ട്ടിക്ക് പുറത്തുനടക്കുന്ന ചര്‍ച്ചകളും മുന്നണി സമവാക്യങ്ങളും തീരുമാനം ഉണ്ടാകുന്നതിനു മുമ്പ് നിലപാട് പ്രഖ്യാപിക്കുക വിവാദമാക്കുക. പാര്‍ട്ടി നേതൃത്വത്തിന്‍റെ പക്വതക്കുറവ് കാര്യങ്ങള്‍ ഈ രീതിയില്‍ വഷളാകുന്നതിന് കാരണമാകുന്നുണ്ടോ?
* ഇതൊരു മാസ് പാര്‍ട്ടിയാണ്. കേഡര്‍ പാര്‍ട്ടിയല്ല. അതിന്‍റെ എല്ലാ ദൂഷ്യങ്ങളുമുണ്ട്. പാര്‍ട്ടിക്കകത്ത് ഏതഭിപ്രായം പറയാനും സ്വാതന്ത്യ്രമുണ്ട്. ആത്മസംയമനം പാലിക്കേണ്ടത് കോണ്‍ഗ്രസിന്‍റെ മുഖം നന്നാക്കാന്‍ അനിവാര്യമാണ് എന്നത് എല്ലാ നേതാക്കന്മാരും സ്വയം ആലോചിക്കേണ്ടതാണ്. അത് ആര്‍ക്കും അറിയാത്തതൊന്നുമല്ല. പക്ഷേ പലപ്പോഴും അത് പാലിക്കപ്പെടുന്നില്ല. തിരുത്തണം.
? നേമത്ത് കെ മുരളീധരന്‍ വന്നു. അതുവലിയ ചര്‍ച്ചയായി. ധര്‍മ്മടത്ത് പിണറായിക്കെതിരെ താങ്കള്‍ മത്സരിക്കണമെന്ന് ചില നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളുമൊക്കെ വരുന്നുണ്ട്. അത് ഗൌരവമായൊരു ആലോചന ആണോ?
*ഞാന്‍ ഇതുവരെ ഇക്കാര്യം ആലോചിച്ചിട്ടില്ല. ഏതു മത്സരത്തിനും ഞാന്‍ തയ്യാറാണ്. നാലുതവണ ഒരേ നിയോജക മണ്ഡലത്തില്‍ മത്സരിച്ച് തോറ്റ് ഒടുവില്‍ കേസ് നടത്തി വിജയിച്ച ആളാണ് ഞാന്‍. കഴിഞ്ഞതവണ പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷം കിട്ടുന്ന കണ്ണൂര്‍ മണ്ഡലം വേണ്ടെന്നുവച്ചിട്ടാണ് ഉദുമയില്‍ പാര്‍ട്ടി വളര്‍ത്താനായി ഞാന്‍ മത്സരിക്കാന്‍ പോയത്. ഏതു വെല്ലുവിളിയും രാഷ്‍ട്രീയരംഗത്ത് ഏറ്റെടുത്ത പാരമ്പര്യമേ എനിക്കുള്ളൂ. പക്ഷേ ഈ തെരെഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ ഒരു സ്ഥാനാര്‍ത്ഥിയാകണമെന്ന് ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല.