'അവര്‍ തരാനുള്ളവരും ഞങ്ങള്‍ വാങ്ങാനുള്ളവരും അല്ല; രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ട്...'
മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിത്വം തള്ളിയാണ് മണിക്കുട്ടന്‍ പണിയന്‍ എന്ന സി മണികണ്ഠന്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ലെന്ന അംബേദ്കറിന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞതോടെ സമുദായത്തിനോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന രാഷ്ട്രീയത്തോട് താല്‍പര്യമുണ്ടെന്നും മണിക്കുട്ടന്‍ സൂചിപ്പിച്ചു. എന്തുകൊണ്ട് ബിജെപിയുടെ സ്ഥാനാര്‍ത്ഥിത്വം തള്ളി, രാഷ്ട്രീയത്തില്‍ എന്താണ് പ്രതീക്ഷ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മണിക്കുട്ടന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു.
സ്ഥാനാര്‍തിത്വത്തിന്റെ കാര്യമറിയുന്നത് ടിവിയിലൂടെയാണോ?
സ്ഥാനാര്‍ത്ഥി ആയിട്ട് മാനന്തവാടി നിയോജകമണ്ഡലത്തില്‍ എന്നെ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന കാര്യം അറിയുന്നത് വാര്‍ത്തയിലൂടെ തന്നെയാണ്.
ഏതെങ്കിലും നേതാക്കള്‍ മുമ്പ് സംസാരിക്കുകയോ ഈ വിഷയം സൂചിപ്പിക്കുകയോ ചെയ്തിരുന്നോ?
എന്നെ നേരിട്ട് കണ്ട് ആരും സംസാരിച്ചിട്ടില്ല. ഫോണ്‍ മുഖേന സംസാരിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ യുവമോര്‍ച്ചാ നേതാവാണെന്ന് തോന്നുന്നു, അഖില്‍ പ്രേം എന്ന് പറയുന്ന ആള്‍, അദ്ദേഹമാണ് എന്നോട് സംസാരിച്ചത്. അതത്ര ഗൗരവത്തിലുള്ള സംസാരമായിരുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം എന്ന തലത്തിലൊന്നുമല്ല, നമ്മള്‍ കാഷ്വലായി സംസാരിച്ചതാണ്. അവര്‍ പണിയ സമുദായത്തിലുള്ള ഒരാളെ നോക്കുന്നുണ്ട്, എന്ന് പറഞ്ഞു. അത് നല്ല കാര്യമാണെന്ന് ഞാന്‍ അവരോട് പറയുകയും ചെയ്തു. ആ ചര്‍ച്ച അങ്ങനെ അവിടെ തീര്‍ന്നു.
പിന്നെ ഒരു ദിവസം തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസില്‍ നിന്ന് എന്നെ വിളിച്ചിരുന്നു. അവരോട് ഞാനെന്റെ നിലപാട് വ്യക്തമാക്കിയതാണ്. അതായത്, ബിജെപി അനുഭാവിയല്ല, ഒരിക്കലും മത്സരരംഗത്തേക്കില്ല, അക്കാദമിക് ക്വാളിഫിക്കേഷനുണ്ട്. ആ ഒരു ലെവലിലാണ് നില്‍ക്കാനാഗ്രഹിക്കുന്നത് എന്നാണ് അവരോട് പറഞ്ഞിരുന്നത്.
നേരത്തേ സംസാരിച്ചുവെന്ന പറഞ്ഞ വ്യക്തി സുഹൃത്തായിരുന്നോ?
അദ്ദേഹം എന്റെ ഫേസ്ബുക്ക് സുഹൃത്താണ്. അപ്പോള്‍ ഞാനിടുന്ന പോസ്റ്റുകളും കാര്യങ്ങളും ഒക്കെ കാണുന്നുണ്ടായിരിക്കുമല്ലോ. അതായിരിക്കാം പുള്ളി എന്റെ പേര് സജസ്റ്റ് ചെയ്തത്. ഇതുപോലെ ഒരു നിയോജകമണ്ഡലം എംഎല്‍എ സ്ഥാനാര്‍ത്ഥിയെ രാജ്യത്തെ പ്രധാനപ്പെട്ടൊരു പാര്‍ട്ടി വയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ ആരോ ആയ്‌ക്കോട്ടെ, ആ വ്യക്തിയുമായി നേരിട്ടിരുന്ന് ഒന്ന് സംസാരിക്കേണ്ട ആവശ്യകതയുണ്ടല്ലോ, അതുണ്ടായിട്ടില്ല. ഈയൊരു നിര്‍ണയത്തിന് തൊട്ട് മുമ്പേയൊരു ചര്‍ച്ചയുണ്ടായിരുന്നെങ്കില്‍ എനിക്കെന്റെ നിലപാട് നേരിട്ട് അവരോട് തന്നെ അറിയിക്കാമായിരുന്നു. അങ്ങനെയാണെങ്കില്‍ ഇത്രയും വിവാദങ്ങളിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കാന്‍ ശ്രമിക്കാമായിരുന്നു.
പക്ഷേ, ഇതിന് ശേഷം ഞാനവരുടെ കണ്‍വെന്‍ഷനില്‍ പോയി അവരുടെ നേതാക്കളോട് എന്റെ നിലപാട് അറിയിച്ചതാണ്. അതും കഴിഞ്ഞ് പിന്നീട് ഒരു ദിവസത്തെ ഗ്യാപ് ഞാന്‍ ചോദിച്ചിട്ടുണ്ടായിരുന്നു. അതനുസരിച്ച് ഞായറാഴ്ച രാത്രി പതിനൊന്ന് മണി ആയപ്പോള്‍ ഞാനവരെ വിളിച്ച് സംസാരിച്ചു. എന്നെ ഇതില്‍ നിന്ന് മാറ്റണം. എനിക്ക് ആശയപരമായി നിലനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ബിജെപിയിലുള്ളത്. എന്നെ നിങ്ങള്‍ മനസിലാക്കണം, എന്നെ എന്റെ വഴിക്ക് വിടുന്നതായിരിക്കും നല്ലത്... എന്നും പറഞ്ഞു.
അതോടൊപ്പം തന്നെ ഞാന്‍ പറയുന്നത് ബിജെപി ഇപ്പോളെടുത്ത ഒരു സ്റ്റാന്‍ഡുണ്ടല്ലോ അത് ചരിത്രമാണ്. കേരളാ പൊളിറ്റിക്‌സില്‍ തന്നെ ചരിത്രമാണ്.
അതായത്, കേരളത്തില്‍ ഭൂരിഭാഗം കൂടുതലുള്ള ആദിവാസി വിഭാഗമായ പണിയ കമ്മ്യൂണിറ്റിയില്‍ നിന്നാണ് അവര്‍ ഒരാളെ പരിഗണിച്ചത്. അത് കേരളത്തില്‍ ഇടത്- വലത് മുന്നണികള്‍- ആദിവാസികളെ തൊട്ട് നില്‍ക്കുന്ന, ഞങ്ങളുടെ മനസറിയുന്ന, ഞങ്ങളെ അറിയുന്ന -ഇടത്- വലത് പാര്‍ട്ടികള്‍ നാളിത് വരെ ചെയ്യാത്ത കാര്യമാണ്. ആ ഗട്ട്‌സിന് ഞാന്‍ ബിജെപിയെ അനുമോദിക്കും.
പക്ഷേ എനിക്കും എന്റേതായ, ചെറിയ പൊളിറ്റിക്കല്‍ കാഴ്ചപ്പാടുണ്ട്. അതനുസരിച്ച് ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കല്‍ സാധ്യമല്ല.
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയെന്നത് വലിയൊരു പ്രക്രിയയാണ്. അത് നിസാരമായി ഇതുപോലെ സമ്മതമോ താല്‍പര്യമോ അന്വേഷിക്കാതെ ചെയ്യാനാകുമോ?
ഇങ്ങനെയൊരു സ്ഥാനാര്‍ത്ഥിത്വം ഓഫര്‍ ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഞാനിതിനൊപ്പം നില്‍ക്കുമെന്ന കാഴ്ചപ്പാടിലായിരിക്കും അവര്‍ ഉണ്ടായിരുന്നത്. പക്ഷേ അങ്ങനെ അവര്‍ ചിന്തിച്ചെങ്കില്‍ അത് ശരിയായില്ല. എന്റെ സമ്മതം ചോദിക്കുകയോ എന്നോട് ചര്‍ച്ച ചെയ്യുകയോ ചെയ്യാതെ എന്നെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ അവിടെ ഞാനെന്ന വ്യക്തി അപ്രസക്തമാകുന്നുണ്ട്. എന്തായാലും ആ ഓഫറിനൊപ്പമല്ല, ഞാന്‍ എന്റെ ജനതയ്‌ക്കൊപ്പമാണ്.
താങ്കള്‍ അംബേദ്കറിസ്റ്റാണോ?
അംബേദ്കര്‍ ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്ന വ്യക്തിയാണ്. അല്ലാതെ നൂറ് ശതമാനം അംബേദ്കറിസ്റ്റല്ല. ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും നല്ലതും ചീത്തതും ഞാന്‍ വിലയിരുത്താറുണ്ട്.
മാനന്തവാടി നിയോജകമണ്ഡലം റിസര്‍വേഷന്‍ ആകാന്‍ തന്നെ കാരണം ഒരു നിലയ്ക്ക് അംബേദ്കറാണല്ലോ. അതുകൊണ്ട് അദ്ദേഹത്തോടെനിക്ക് ഒരു മമതയുണ്ട്. അതുപോലെ തന്നെയാണ് ബിജെപിയുടെ ഈ തീരുമാനത്തോടും എനിക്കനുഭാവമുണ്ട്.
രാഷ്ട്രീയമായി പ്രാതിനിധ്യം ലഭിക്കാത്തതില്‍ പണിയ വിഭാഗത്തില്‍ നിന്നും നേരത്തേ തന്നെ പ്രതിഷേധങ്ങളുയരുന്നുണ്ടായിരുന്നു. അടിയ, കാട്ടുനായ്ക്ക- തുടങ്ങിയ സമുദായങ്ങളില്‍ നിന്നെല്ലാം ഇത്തരത്തില്‍ പ്രതിഷേധമുണ്ട്... കുറിച്യര്‍ക്കുള്ള രാഷ്ട്രീയ സ്വാധീനം നിങ്ങള്‍ക്കില്ലാത്തത് എന്തുകൊണ്ടാണ്?
വയനാട്ടില്‍ നിന്നുള്ള മുന്‍മന്ത്രി പി കെ ജയലക്ഷ്മി കുറിച്യയാണ്, അതുപോലെ ഒ കേളു കുറിച്യവിഭാത്തില്‍ നിന്നുള്ളയാളാണ്. ഐ സി ബാലകൃഷ്ണന്‍. വിശ്വനാഥന്‍ ചേട്ടന്‍- ഇവരെല്ലാ കുറുമയാണ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് പണി വിഭാഗത്തിലാണ്. പക്ഷേ അതില്‍ നിന്ന് ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലുമില്ല- ചരിത്രം സൃഷ്ടിക്കാനായിട്ട്. ഇപ്പോള്‍ പ്രഖ്യപിക്കപ്പെട്ട പല സ്ഥാനാര്‍ത്ഥികളെക്കാളും എന്തുകൊണ്ടും മെച്ചപ്പെട്ട യുവത്വം ഞങ്ങളുടെ സമുദായത്തിലുണ്ട്. പണിയരിലും കാട്ടുനായ്ക്കരിലുമൊക്കെ. എന്തുകൊണ്ട് ഇവരാരും പരിഗണിക്കപ്പെടുന്നില്ല എന്നത് ഞങ്ങളുടെ ചോദ്യമാണ്.
കമ്മ്യൂണിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയപിന്തുണ ഇല്ലായെങ്കില്‍ അത് വലിയ കുറവ് തന്നെയല്ലേ? അത് പരിഹരിക്കാന്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് പ്രതിനിധികളുണ്ടാകണ്ടേ?
അധികാരമുള്ള കമ്മ്യൂണിറ്റികളെ ശ്രദ്ധിച്ചാല്‍ മനസിലാകും, അവര്‍ രക്ഷപ്പെട്ടിട്ടുണ്ട്. അധികാരമില്ലാത്ത കമ്മ്യൂണിറ്റികളെ കണ്ടാല്‍ അറിയാം, അവരിപ്പോഴും അടിച്ചമര്‍ത്തപ്പെട്ടവരായി തന്നെ തുടരുകയാണ്.
ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ തന്നെയുള്ള ഹൈറാര്‍ക്കിയെ കുറിച്ച് അധികമെങ്ങും കേള്‍ക്കാറില്ല... കമ്മ്യൂണിറ്റികളുടെ ബൗണ്ടറിക്ക് പുറത്തേക്ക് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട് കാണാറും ഇല്ല...
പൊളിറ്റിക്കലായി പറയുകയാണെങ്കില്‍ കമ്മ്യൂണിറ്റികളുടെ ഇടയ്ക്ക് കാസ്റ്റ് സിസ്റ്റം വരെയുണ്ട്. പണിയര്‍ കോമ്പൗണ്ടില്‍ കയറിക്കഴിഞ്ഞാല്‍ അവിടെ ശുദ്ധികലശം നടത്തുന്ന കുറിച്യരും കുറുമരും ഇപ്പോഴും ഉണ്ട്. ഞങ്ങളെ കണ്ടുകഴിഞ്ഞാല്‍ മാറിനടക്കുന്ന കുറിച്യരും കുറുമരും ഉണ്ട്. അല്ലാതെ ചേര്‍ത്തുനിര്‍ത്തുന്നവരും ഉണ്ട്. സത്യത്തില്‍ എണ്ണത്തില്‍ അധികം പണിയരാണെങ്കിലും കൂടുതല്‍ ഗുണങ്ങള്‍ അനുഭവിക്കുന്ന വിഭാഗങ്ങള്‍ കുറിച്യ-കുറുമ- മലയരയ കമ്മ്യൂണിറ്റികളാണ്. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഇവരോടൊന്നും മത്സരിച്ച് ഇവര്‍ക്കൊപ്പമെത്താന്‍ സാധിക്കുന്നില്ല.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് പഠിക്കുമ്പോള്‍ പോലും, മറ്റ് കുട്ടികള്‍ സമാധാനത്തോടെ ഇരുന്ന് പഠിക്കുമ്പോള്‍ ഞങ്ങളുടെ കുട്ടികള്‍ പല പ്രശ്‌നങ്ങളോടും പൊരുതിയിട്ടാണ് പഠിക്കുന്നത്. അവര്‍ക്ക് എഴുതാന്‍ പുസ്തകമില്ല, പേനയില്ല, പഠിക്കാനുള്ള സാഹചര്യങ്ങളില്ല.. ഇപ്പോഴും...
ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നത് പോലും അറിയാത്ത ആദിവാസി വിദ്യാര്‍ത്ഥികളുണ്ട്. എന്നിട്ടും നമ്മള്‍ ഹൈടെക് വിദ്യാഭ്യാസമാണെന്ന അവകാശവാദമാണുള്ളത്. എവിടെയാണ് ആദ്യം ഹൈടെക് ആകേണ്ടത്? ഒരു ഭാഗം മാത്രം എടുത്ത് കാണിച്ചിട്ട് ഹൈടെക് ആണെന്ന് പറയുന്നത് ശരിയാണോ!
സമുദായത്തിന് എന്താണ് സംഭവിക്കുന്നത്? ശാക്തീകരണം നടത്തുന്നതില്‍ എവിടെയാണ് പിഴവ് സംഭവിക്കുന്നത്?
ഞങ്ങള്‍ക്ക് സംഘടിക്കാന്‍ കഴിയുന്നില്ല. പല പൊളിറ്റിക്‌സിലായി ഇങ്ങനെ ചിതറിക്കിടക്കുകയാണ് ഞങ്ങള്‍. അങ്ങനെ നമ്മള്‍ സംഘടിക്കാന്‍ ശ്രമിക്കുമ്പോഴാകട്ടെ, അത് ഇല്ലാതാക്കാനാണ് ബാഹ്യശക്തികള്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് പരിശോധിച്ചാല്‍ മനസിലാക്കാനാകും, ജയലക്ഷ്മി മാഡം മന്ത്രിയായിരിക്കുമ്പോള്‍ എത്ര കുറിച്യ സ്ഥാപനങ്ങള്‍ മാനന്തവാടി നിയോജകമണ്ഡലത്തില്‍ വന്നിട്ടുണ്ട് എന്ന്. പണി സമുദായത്തിന്റെ എത്ര സ്ഥാപനങ്ങള്‍ വന്നിട്ടുണ്ടെന്നും പരിശോധിക്കാം. ഒരു തയ്യല്‍ യൂണിറ്റ് പോലും പണിയ സമുദായത്തിന് വേണ്ടി അവര്‍ തുടങ്ങിവച്ചിട്ടില്ല. നേരെ മറിച്ച് കുറിച്യ വിഭാഗത്തിന് എന്തെല്ലാം ഗുണകരമായ കാര്യങ്ങള്‍ ചെയ്തുവെന്ന് നോക്കണം.
മാറിവരുന്ന സര്‍ക്കാരുകള്‍ ആദിവാസിക്ഷേമത്തെ കുറിച്ച് സംസാരിക്കാറുണ്ട്, ഫണ്ടും വകയിരുത്താറുണ്ട്. ഇതൊന്നും നിങ്ങള്‍ക്ക് ഗുണം ചെയ്യുന്നില്ല...?
കപട ആദിവാസി സ്‌നേഹമാണ് സഹിക്കാനാകാത്തത്. എന്തിനാണ് ഈ കപട ആദിവാസി സ്‌നേഹവും കൊണ്ട് ഇവര്‍ വരുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇത് കേള്‍ക്കുമ്പോള്‍ നമുക്കുണ്ടാകുന്നൊരു ഫ്രസ്‌ട്രേഷന്‍ ഉണ്ടല്ലോ... കോടികള്‍ പ്രഖ്യാപിക്കുകയും അത് ഞങ്ങളിലേക്ക് എത്താതിരിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഫ്രസ്‌ട്രേഷന്‍. അത് ഞങ്ങളെവിടെയാണ് കൊണ്ടുതീര്‍ക്കേണ്ടത്?
ഞങ്ങളുടെ കോളനികളില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഒരുദാഹരണം പറഞ്ഞാല്‍ മദ്യപാനം. അത് ഞങ്ങളുടെ വിഭാഗങ്ങളില്‍ നേരത്തേ ഉണ്ടായിരുന്ന ശീലമല്ല. അത് വന്നുകയറിയ, അല്ലെങ്കില്‍ ഞങ്ങളുടെ കൂട്ടത്തെ വിഭജിപ്പിക്കാന്‍ വേണ്ടി, ചിന്നിച്ചിതറിക്കാന്‍ വേണ്ടി ഉണ്ടാക്കിയെടുത്ത- ഞങ്ങളിലേക്ക് ശീലിപ്പിച്ചെടുത്തൊരു സംഗതിയാണ്. അത് ഇപ്പേഴും വളരെ തീവ്രതയോടെ ഞങ്ങളുടെ ഊരുകളില്‍ ഉണ്ട്. കൂടാതെ ഞങ്ങള്‍ക്ക് സെല്‍ഫ് സഫിഷ്യന്റായി ഉയര്‍ന്നുവരാനുള്ള ഒരു പ്രോജക്ടോ കാര്യങ്ങളോ ഒന്നും ഇല്ല. പലതും നമുക്ക് ഫ്രീ ആയി തരുന്നുണ്ട്. നമ്മളാവശ്യപ്പെട്ടിട്ടോ ചോദിച്ചിട്ടോ ഇല്ല. അങ്ങനെയുള്ള ഓരോ പദ്ധതിയും പ്രഖ്യാപിക്കുമ്പോ അത് ഞങ്ങളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന തരത്തിലാണ് അനുഭവപ്പെടുന്നത്.
ഞങ്ങള്‍ എപ്പോഴും വാങ്ങാനും അവര്‍ തരാനും ഉള്ള ആള്‍ക്കാരാണ് എന്ന മനോഭാവമാണ്. ഞങ്ങളെന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് തന്നെ മറ്റുള്ളവരാണ്. ഇപ്പോഴീ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ തന്നെ അവര്‍ ഔദാര്യമായി തരുന്നത് പോലെയാണല്ലോ.
ആദിവാസി സമുദായങ്ങള്‍ക്കിടെ നിന്ന് പ്രവര്‍ത്തിച്ച്, ആ നിലയ്ക്ക് ശ്രദ്ധിക്കപ്പെട്ട പ്രമുഖ വ്യക്തിയാണ് സി കെ ജാനു. അവര്‍ വീണ്ടും എന്‍ഡിഎയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനെ എങ്ങനെയാണ് കാണുന്നത്?
മണിക്കുട്ടന്‍ എന്നത് ഒരു വ്യക്തിയാണ്. എന്റെ പിന്നില്‍ ആളില്ല. ഞാനൊരു സംഘടനയിലും ഇല്ല, ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയിലും മെമ്പറല്ല. ആകെ ആക്ടീവായി ഇടപെടുന്നത് ഫേസ്ബുക്കിലാണ്. പിന്നെ നമ്മുടെ ചുറ്റുപാടില്‍ തന്നെ നമ്മുടെ സഹോദരങ്ങളുടെ ജീവിതത്തിലും കഴിയുന്നത് പോലെ നല്ല ഇടപെടലുകള്‍ നടത്തുന്നുണ്ട്. അതൊരുപക്ഷേ ഇപ്പോള്‍ എന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചവര്‍ക്ക് പോലും അറിയണമെന്നില്ല. അവര്‍ മിക്കവാറും ഫേസ്ബുക്ക് ഇടപെടലൊക്കെ കണ്ടിട്ടായിരിക്കാം ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.
എന്റെ ചുറ്റുപാടുള്ളവരുടെ ജീവിതത്തില്‍ എന്നെക്കൊണ്ട് സാധിക്കുന്നത് പോലെ ഇടപെടലുകള്‍ നടത്തുന്നത് പൊളിറ്റിക്കല്‍ ഭാവി മുന്നില്‍ കണ്ടിട്ടല്ല. എനിക്ക് കിട്ടിയ വിദ്യാഭ്യാസം അവരുടെ കൂടി സംഭാവനയായിട്ടാണ് ഞാന്‍ കാണുന്നത്. എന്റെ വിദ്യാഭ്യാസം പൂര്‍ണ്ണമല്ല. ഞാന് എംബിഎ പാസായി, പക്ഷേ എന്റെ സമുദായത്തില്‍ നിന്ന് അഞ്ച് പേരെ എങ്കിലും എംബിഎക്കാരായി ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ എന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നുള്ളൂ. അപ്പോഴേ ഞാന്‍ യഥാര്‍ത്ഥത്തില്‍ ഒരു എംബിഎക്കാരനാകൂ.
ജാനുച്ചേച്ചി ഇപ്പോള്‍ വീണ്ടും എന്‍ഡിഎയിലേക്ക് പോകുമ്പോള്‍ അവര്‍ ഒറ്റക്കല്ല, അവരുടെ പിന്നില്‍ ഒരു കൂട്ടമുണ്ട്. അവര്‍ക്കൊപ്പമാണ് ചേച്ചി പോയിട്ടുള്ളത്. പിന്‍ബലമായി നില്‍ക്കുന്ന ആ കൂട്ടം വച്ചുകൊണ്ട് ചേച്ചിക്ക് അവരുടെതായ അജണ്ടയുണ്ടാകും. പഴയ ഒരനുഭവം അവിടെയുണ്ട്. അതിലെ കൂടുതല്‍ കാര്യങ്ങളെനിക്ക് അറിയില്ല. പക്ഷേ അജണ്ട വച്ചിട്ടായിരിക്കുമല്ലോ ഇപ്പോള്‍ വീണ്ടും പോയിട്ടുണ്ടാവുക. അത് വാങ്ങിച്ചെടുക്കാനുള്ള ഉത്തരവാദിത്തം ചേച്ചിക്കുണ്ടാകണം. ഒരനുഭവത്തില്‍ പഠിച്ചില്ലെങ്കില്‍ പോലും രണ്ടാമത്തെ അവസരം അവരെടുത്തിരിക്കുകയാണ്.
ബിജെപിയുടെ സീറ്റ് നിഷേധിച്ചു. മറ്റാരെങ്കിലും ഒരവസരം നല്‍കിയാല്‍ സ്വീകരിക്കുമോ?
സത്യത്തില്‍ രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്ന് പറയാന്‍ സാധിക്കില്ല. ഇപ്പോള്‍ ബിജെപിയെടുത്ത നിലപാട് യഥാര്‍ത്ഥത്തില്‍ എടുക്കേണ്ടിയിരുന്നത് ഇടത് - വലത് മുന്നണികളായിരുന്നു. മാനന്തവാടി നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷം കേളുവേട്ടനായിരുന്നുവെങ്കില്‍ ഇത്തവണ നല്ലൊരു പോരാട്ടമാണ് ജയലക്ഷ്മി മാഡവുമായിട്ട് നടക്കുന്നത്. ഇവിടെയിപ്പോള്‍ ബിജെപിക്ക് പകരം യുഡിഎഫാണ് നമ്മളെ സമീപിച്ചിരുന്നതെങ്കില്‍ പോലും ഈ നിലപാടായിരിക്കില്ല ഞാന്‍ എടുക്കുക.
പൊതുപ്രവര്‍ത്തനം എങ്ങനെയാണ്? അതിനോടൊപ്പം തന്നെ ചോദിക്കാനുള്ളത് വയനാട്ടില്‍ തന്നെ മൂന്നിടങ്ങളില്‍ കേരള പണിയ സമാജം, ആദിവാസി ഗോത്രമഹാസഭ, കേരള ആദിവാസി ഐക്യവേദി എന്നിങ്ങനെയുള്ള പ്രസ്ഥാനങ്ങളില്‍ നിന്നെല്ലാം ആളുകളെ വച്ച് മത്സരിപ്പിക്കാനുള്ള ആലോചനകള്‍ നടക്കുന്നതായി അറിഞ്ഞു. ഏതെങ്കിലും തരത്തില്‍ അങ്ങനെയൊരു ചിത്രത്തില്‍ താങ്കളെ കാണാന്‍ സാധിക്കുമോ?
എന്റെ പൊതുപ്രവര്‍ത്തനം തുടങ്ങുന്നത് 2013ലാണ്. പഠനത്തിന് ശേഷം ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കറായി ഫീല്‍ഡില്‍ ഇറങ്ങി, ഞങ്ങളുടെ സമുദായത്തിനിടയ്ക്ക് തന്നെ പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്ക് കിട്ടിയിട്ടുണ്ടായിരുന്നു. അതിന്റെ കൂടെത്തന്നെ നമ്മുടെ പട്ടിണി മാറ്റുന്ന തരത്തില്‍ ഒരു ഓണറേറിയം കിട്ടിയിരുന്നു. അതാണ് എന്റെ ആദ്യ എക്‌സ്പീരിയന്‍സ്. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഒപ്പം തന്നെ മറ്റ് പല ഡിപ്പാര്‍ട്ട്‌മെന്റുകളുമായി സഹകരിച്ചും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അവിടെയെല്ലാം ഇപ്പോഴും പഴയ രീതിയിലുള്ള- സ്പൂണ്‍ ഫീഡിംഗ് പോലത്തെ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
പക്ഷേ ആ നാല് വര്‍ഷത്തെ അനുഭവം എന്നെ സംബന്ധിച്ച് വളരെ മൂല്യമുള്ളതായിരുന്നു. അതില്‍ നിന്ന് എനിക്ക് എന്തെടുക്കാം എന്ത് കളയാം എന്ന് മനസിലായി. അതിന് ശേഷമാണ് എന്റെ ചിന്ത തെളിയുന്നത്. എന്റെ ജനതയെ എങ്ങനെ ശാക്തീകരിച്ച് കൊണ്ടുവരാം എന്നുള്ള ഒരു സ്വപ്‌നം ഞാന്‍ കണ്ടുതുടങ്ങിയത് കേരളാ വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിന്റെ കീഴില്‍ 'ഗോത്ര മിഷന്‍' എന്ന് പറഞ്ഞ ഒരു പ്രോജക്ടില്‍ ടീച്ചിംഗ് അസിസ്റ്റന്റായി ജോലിക്ക് പ്രവേശിച്ചതിന് ശേഷമാണ്. 2019 ഫെബ്രുവരിയിലാണ് അവിടെ ജോയിന്‍ ചെയ്യുന്നത്. അതിന് ശേഷമാണ് ഞാന്‍ സംതൃപ്തിയോടെ എന്റെ കമ്മ്യൂണിറ്റിക്ക് വേണ്ടി വര്‍ക്ക് ചെയ്ത് തുടങ്ങുന്നത്.
നേരത്തേ സൂചിപ്പിച്ചത് പോലെ ഒരുപാട് പ്രശ്‌നങ്ങള്‍ നമ്മുടെ കോളനികളിലുണ്ട്. അതിലേറ്റവും വലിയൊരു പ്രശ്‌നമാണ് ഡ്രോപ് ഔട്ട് എന്ന് പറയുന്നത്. ഏഴാം ക്ലാസില്‍ നിന്നും എട്ടാം ക്ലാസില്‍ നിന്നുമൊക്കെ ഡ്രോപ്പ് ഔട്ടായിട്ട് നമ്മുടെ കുട്ടികള്‍- അത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും- കൂടുതല്‍ കോളനികളില്‍ തന്നെ ഒതുങ്ങുന്ന കാഴ്ചയാണുണ്ടായിരുന്നത്. പിന്നീടവര്‍ ശൈശവ വിവാഹം, മറ്റ് പല ചൂഷണങ്ങള്‍ക്കും വിധേയരാകുകയാണ്. അതൊക്കെ ഇങ്ങനെ ചുമ്മാ ഇരിക്കുന്നത് കൊണ്ട് സംഭവിക്കുന്നതാണ്. എന്റെ മുന്‍ ജോലി വച്ച് തന്നെ ഞാനതൊക്കെ പഠിച്ചതാണ്.
അങ്ങനെ യൂണിവേഴ്‌സിറ്റിയില്‍ ജോയിന്‍ ചെയ്ത ശേഷം നമ്മള്‍ പല ആക്ടിവിറ്റീസ് തുടങ്ങി. വിദ്യാഭ്യാസം ആവശ്യമില്ലാതെ തന്നെ പല രീതിയില്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന പരിപാടികള്‍. അലങ്കാരമത്സ്യം വളര്‍ത്തല്‍, കൂണ്‍ കൃഷി, പ്രാവ് വളര്‍ത്തല്‍, അലങ്കാര കോഴി വളര്‍ത്തല്‍, ചെടികള്‍ വളര്‍ത്തല്‍ എന്നിങ്ങനെ നമ്മുടെ ആളുകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പല ട്രെയിനിംഗ് പ്രോഗ്രാമുകള്‍ നമ്മളവിടെ തുടങ്ങി. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിന്തുണയോടെ അതിനകത്ത് ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള കോളനികളിലെ കുട്ടികളെ തെരഞ്ഞെടുത്ത് അവിടെ കൊണ്ടുവന്നു. അവര്‍ക്ക് ട്രെയിനിംഗ് കൊടുത്തു.
ആറ് മാസത്തെ കോഴ്‌സാണത്. അത് കഴിഞ്ഞ് തിരിച്ച് അവരെ വീണ്ടും കോളനിയിലേക്ക് വിട്ടുകഴിഞ്ഞാല്‍ പഴയതുപോലെയുള്ള പ്രശ്‌നങ്ങളിലേക്ക് തന്നെയാണ് അവര്‍ എത്തുന്നത് എന്ന് മനസിലാക്കിക്കൊണ്ട്, നമ്മള്‍ ഇവരെ മുന്‍നിര്‍ത്തിക്കൊണ്ട് ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കാനും ഇവരെ ട്രെയിനേഴ്‌സായി വയ്ക്കാനും ഓരോ ബാച്ച് - ബാച്ചായിട്ടുള്ള വയനാട് ജില്ലയുടെ പല ഭാഗത്തായുള്ള ആളുകളെ കൊണ്ടുവന്ന് ട്രെയിനിംഗ് കൊടുക്കാനും ആലോചിച്ചു. അതാകുമ്പോള്‍ അവര്‍ക്ക് പിന്നീട് അവരവരുടെ ഊരില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യമുണ്ടാകും. അവിടെ ഒരു ബാര്‍ഗെയിനിംഗിന്റെ പ്രശ്‌നമോ ചൂഷണമോ വരുന്നില്ല. ഇവര്‍ നേരിട്ടാണ് എല്ലാം ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവരര്‍ഹിക്കുന്നത് അവര്‍ക്ക് തന്നെ ലഭിക്കുന്ന സാഹചര്യവുമുണ്ടാകും.
ഇത്തരം കാര്യങ്ങളിലാണ് ഞാനിപ്പോള്‍ കൂടുതലും പങ്കാളിയായിക്കൊണ്ടിരിക്കുന്നത്. ഇതിനിടയ്ക്കാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നത്. ശരിക്ക് നമ്മുടെ ആളുകളെ ശാക്തീകരിച്ച് പോരുമ്പോള്‍ റൂട്ട് ലെവലില്‍ ഇതുപോലുള്ള കാര്യങ്ങളിലൂടെയേ പറ്റുകയുള്ളൂ.
ഒരു ജോലിക്ക് പ്രവേശിക്കുമ്പോള്‍ പോലും നമ്മുടെ ഊരില്‍ നിന്ന് വിഭിന്നമായ അവസ്ഥയുള്ള മറ്റൊരിടത്ത് പോകുമ്പോള്‍ മറ്റുള്ളവരുടെ സമീപനം മൂലം നമ്മുടെ ആളുകള്‍ ആകെ നിരാശപ്പെട്ട് തിരിച്ചുപോരുകയാണ് ചെയ്യുന്നത്. ആ അവസ്ഥ മാറണമല്ലോ. നമ്മള്‍ മുന്നോട്ടുവയ്ക്കുന്ന പദ്ധതികളാണെങ്കില്‍ നമ്മുടെ ഊരില്‍ തന്നെ ഉത്പാദനം നടത്തി, കച്ചവടം ചെയ്യാനുള്ള പ്ലാറ്റ്‌ഫോമാണ്. അപ്പോള്‍ അവിടെ നമുക്ക് ബാഹ്യശക്തികളുടെ ഇടപെടലുണ്ടാകുന്നില്ല. നമ്മുടെ ആളുകള്‍ തന്നെയാണ് അവിടെ സംരംഭകര്‍. അവര്‍ക്ക് അതിന്റെ പ്രോഫിറ്റ് കിട്ടുകയും ചെയ്യും.
എപ്പോഴും സ്പൂണ്‍ ഫീഡിംഗ് അല്ലാതെ ആളുകള്‍ സ്വാശ്രയത്തില്‍ നിര്‍ത്തുന്ന തരത്തിലേക്കാക്കാന്‍ ഈ മാര്‍ഗങ്ങള്‍ സഹായിക്കും. രണ്ട് വര്‍ഷമായി നമ്മളിത് പരീക്ഷിക്കുന്നുണ്ട്. നൂറ് ശതമാനം വിജയമാണ് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയമായി നമുക്ക് പിന്തുണയുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്, എന്നാല്‍ വേണ്ട രീതിയില്‍ ഏറ്റെടുത്തിട്ടുണ്ടോ എന്ന കാര്യം ഇനിയും പരിശോധിക്കേണ്ടതാണ്. പക്ഷേ നമ്മള്‍ പ്രതിബന്ധങ്ങളെ തരണം ചെയ്തുകൊണ്ട്, നമ്മുടെ ലക്ഷ്യത്തിനായി മുന്നേറാനുള്ള ഒരുക്കത്തിലാണ്.
പണിയ വിഭാഗത്തിലെ ആദ്യ എംബിഎക്കാരനാണ്. അത് ചരിത്രമാണ്. എങ്ങനെയാണ് ഇവിടെ വരെ എത്താന്‍ സാധിച്ചത്?
നമ്മുടെ ഊരുകളില്‍ കുട്ടികളനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളും ഞാനും അനുഭവിച്ചിട്ടുണ്ട്. പക്ഷേ ഒരു വിഷനുണ്ടായിരുന്നു. ആ വിഷനിലേക്ക് എത്താന്‍ ഈ പ്രശ്‌നങ്ങളൊന്നും എനിക്ക് അത്ര വലിയ പ്രതിസന്ധിയായി മാറിയില്ല എന്നതാണ് സത്യം. അങ്ങനെയാണ് പഠിച്ചുകയറിയത്. ഞാനൊരു ബ്രില്യന്റായ ഒരാളാണെന്ന് ഞാനവകാശപ്പെടില്ല. കമ്മ്യൂണിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പിന്തുണ കൂടിയുള്ളതുകൊണ്ടാണ് എനിക്ക് ഈ ലെവലിലേക്ക് എങ്കിലും എത്താന്‍ സാധിച്ചത്.
ഞങ്ങള്‍ക്ക് വീടില്ലായിരുന്നു, കഴിക്കാന്‍ ഭക്ഷണം ഇല്ലായിരുന്നു, ഈ പറയുന്നത് പോലെ വെള്ളവും വെളിച്ചവും ഇല്ലാത്ത അവസ്ഥ, എസ് എസ് എല്‍സിക്ക് പഠിക്കുമ്പോള്‍ കാപ്പിത്തോട്ടത്തിലിരുന്ന് പഠിച്ചാണ് പരീക്ഷ എഴുതാന്‍ പോകുന്നത്. അങ്ങനെ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. അതെല്ലാം തരണം ചെയ്തിട്ട് തന്നെയാണ് നമ്മള്‍ ഇവിടെ വരെ എത്തിയിട്ടുള്ളത്. എന്നിട്ടും ആ കാലം മുതല്‍ ഈ കാലം വരെ ഇപ്പോഴും നമ്മുടെ കുട്ടികള്‍ നേരിടുന്നത് അതേ അവസ്ഥകളാണെന്നതാണ് ശ്രദ്ധേയമായ കാര്യം.