കേരള കോണ്‍ഗ്രസ് എം തകരും, സഹോദരിക്ക് സീറ്റ് നല്‍കാതിരുന്നത് ജോസ്: ജോസഫ്
പി ജെ ജോസഫ് ബിജെപിയിലെത്തും എന്ന ജോസ് കെ മാണിയുടെ പ്രതികരണത്തിന് മറുപടി.
തൊടുപുഴ: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അടുത്തിടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പി സി തോമസ് വിഭാഗത്തില്‍ ലയിച്ചിരുന്നു. ഏറെത്തവണ പിളര്‍ന്ന ചരിത്രമുള്ള കേരള കോണ്‍ഗ്രസില്‍ ഇനി ജോസഫ് വിഭാഗത്തിന്‍റെ പ്രസക്തിയെന്താണ്. ഇനിയെന്താണ് ജോസഫിന്‍റെ ഊഴം. പി ജെ ജോസഫ് ബിജെപിയിലെത്തും എന്ന ജോസ് കെ മാണിയുടെ പ്രതികരണത്തോട് മറുപടി എന്ത്. പി ജെ ജോസഫ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് വിനു വി ജോണുമായുള്ള അഭിമുഖത്തില്‍. അഭിമുഖത്തിന്‍റെ പൂര്‍ണരൂപം വായിക്കാം.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വലിയ പ്രതിസന്ധി നേരിടുകയാണ്. നാമനിര്‍ദേശം കൊടുക്കേണ്ട അവസാന ദിവസമായിട്ടും പാര്‍ട്ടിയും ചിഹ്നവും നിശ്‌ചയിക്കാന്‍ കഴിയാത്ത സ്ഥിതി. അങ്ങനെയൊരു പ്രതിസന്ധിയുണ്ടോ?
പാര്‍ട്ടിയുടെ കാര്യത്തില്‍ വളരെ വ്യക്തമാണ്, ബ്രാക്കറ്റ് ഇല്ലാത്ത കേരള കോണ്‍ഗ്രസ്. ചിഹ്നത്തിന്‍റെ കാര്യത്തില്‍ ഇന്നും നാളെയോടുമായി വ്യക്തതയുണ്ടാകും. ട്രാക്‌ടര്‍ ഓടിക്കുന്ന കര്‍ഷകന്‍.
ചങ്ങനാശ്ശേരിയില്‍ ആരോ ട്രാക്ടര്‍ ചോദിച്ചതായി അറിയുന്നു. അതൊരു പ്രശ്‌നമാകുമോ?
ഇല്ല, അത് പിന്‍വലിച്ചാല്‍ പ്രശ്നം തീരും. നാളെയോട് കൂടി അറിയാം. അതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
പാലാ ഉപതെരഞ്ഞെടുപ്പ് സമയത്ത് ചിഹ്നമായിരുന്നു പ്രശ്‌നം. ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചില്ല എന്നാണ് ജോസ് കെ മാണി ഇന്നും ആരോപിച്ചത്. അതിനേക്കാള്‍ വലിയ പ്രതിസന്ധിയാണോ ഇപ്പോഴത്തേത്?
പ്രതിസന്ധി ഇല്ല, നാളയോ മറ്റോ എല്ലാം പരിഹരിക്കപ്പെടും.
പി സി തോമസിന്‍റെ കേരള കോണ്‍ഗ്രസിലേക്കാണ് ജോസഫ് വിഭാഗം ചേര്‍ന്നത്. പതിവ് ലയനത്തിന്‍റെ രീതിയിലായിരുന്നില്ല. ജോസഫിന്‍റെ പാര്‍ട്ടി അവിടെ മെമ്പര്‍ഷിപ്പ് എടുത്ത പോലെ ചേരുകയായിരുന്നോ?
ലയിച്ച് ഒന്നാകുകയായിരുന്നു എന്ന് പി സി തോമസ് കൃത്യമായി പറഞ്ഞിട്ടുണ്ട്. കുറേനാളായി ചര്‍ച്ച ചെയ്യുകയായിരുന്നു. തീരുമാനമായ അന്ന് വെളുപ്പിന് അഞ്ചുമണിവരെ ചര്‍ച്ച ചെയ്ത് ലയിച്ച് ഒന്നാവുകയായിരുന്നു.
പി സി തോമസിനെ പോലൊരു നേതാവ് ഒപ്പം വരുന്നു. അദേഹത്തിന്‍റെ പാര്‍ട്ടി ഈ പാര്‍ട്ടിയായി മാറുന്നു. ചിഹ്നം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. അത് ഏതെങ്കിലും തരത്തില്‍ വിജയസാധ്യതയെ ബാധിക്കുമോ?
ബാധിക്കില്ല, പോളിംഗിലേക്ക് പോകുമ്പോള്‍ ഒറ്റ ചിഹ്നമേ ഉണ്ടാവുകയുള്ളൂ.
ജോസ് കെ മാണി പറഞ്ഞത് എന്‍ഡിഎയ്‌ക്ക് ഒപ്പം നിന്ന പി സി തോമസിനൊപ്പം ചേര്‍ന്ന് ബിജെപിയിലേക്കൊരു പാലം ഇടുകയായിരുന്നു ജോസഫ് എന്നാണ്...
അദേഹം പലതവണ ശ്രമിച്ചിട്ടുള്ളതാണ്. ഞാന്‍ ഏതായാലും ബിജെപിയുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല.
എന്‍ഡിഎയുടെ ഭാഗമായിരുന്ന ഒരു നേതാവ് പെട്ടെന്ന് ഇങ്ങോട്ട് വരുന്നത് അങ്ങനെയൊരു സംശയമുണ്ടാക്കില്ലേ?
പെട്ടെന്നാണ് എന്ന് പറയാനാവില്ല. ഞങ്ങള്‍ ഏതാനും മാസങ്ങളായി ചര്‍ച്ച നടത്തിവരികയായിരുന്നു. അദേഹം തന്നെ അതിന് മുന്‍കൈ എടുത്തുവരികയും ഒറ്റ ദിവസം കൊണ്ട് ചര്‍ച്ച പൂര്‍ത്തിയാക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ സാധ്യതകള്‍ എങ്ങനെയാണ് കാണുന്നത്?
ഇടുക്കിയില്‍ കഴിഞ്ഞ തവണ യുഡിഎഫിന് രണ്ട് സീറ്റേയുണ്ടായിരുന്നുള്ളൂ. തൊടുപുഴയും ഇടുക്കിയും ഉറപ്പായും ജയിക്കും. പീരുമേടും ദേവികുളവും ഒരു സംശയവുമില്ല. അതായത് രണ്ട് സീറ്റ് കൂടുതല്‍ ലഭിക്കും. പത്തനംതിട്ടയില്‍ കഴിഞ്ഞ തവണ ഒരു സീറ്റും ഉണ്ടായിരുന്നില്ല. ഇത്തവണ തിരുവല്ലയും റാന്നിയും കൂടി ഇപ്പോള്‍ ഉറപ്പാണ്. ആലപ്പുഴയില്‍ മൂന്ന് സീറ്റ് കൂടി അധികമായി ലഭിക്കും. വയനാട്ടില്‍ നിന്ന് രണ്ട് സീറ്റ് കൂടുതല്‍ കിട്ടും. തീരപ്രദേശത്ത് നിന്ന് നാലഞ്ച് സീറ്റുകളെങ്കിലും അധികമായി കിട്ടും. ഏറ്റവും കുറഞ്ഞത് 80 സീറ്റെങ്കിലും യുഡിഎഫിന് കിട്ടും എന്നാണ് എന്‍റെ കണക്കുകൂട്ടല്‍.
ജോസഫ് 15 സീറ്റ് ചോദിച്ചപ്പോള്‍ പത്തെണ്ണമാണ് കിട്ടിയത്. യുഡിഎഫില്‍ ജോസഫ് വിഭാഗത്തിന് അര്‍ഹമായ പരിഗണന കിട്ടിയില്ല എന്ന പരാതിയുണ്ടോ?
വേണ്ടത്ര കിട്ടിയില്ല എന്ന പരാതിയുണ്ട്. എങ്കിലും ഞങ്ങള്‍ക്ക് കിട്ടിയ സീറ്റെല്ലാം ജയിക്കും. തൃക്കരിപ്പൂരിലും പ്രതീക്ഷയുണ്ട്. ഒന്‍പത് സീറ്റുകള്‍ ഉറപ്പായും ജയിക്കും. അതേസമയം ജോസ് കെ മാണി വിഭാഗത്തിന് ജയിക്കുമെന്ന് ഉറപ്പുള്ള ഒരു സീറ്റ് പോലുമില്ല. പാലായില്‍ മാണി സി കാപ്പന്‍ ജയിക്കും.
ഏറ്റുമാനൂര്‍ സീറ്റ് ലഭിച്ചില്ല എന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് തല മുണ്ഡനം ചെയ്തത്. ലതികയും ചില കോണ്‍ഗ്രസ് നേതാക്കളും പറയുന്നത് ജോസഫിന് മറ്റൊരു സീറ്റ് കൊടുത്തിരുന്നേല്‍ ഏറ്റുമാനൂര്‍ വിട്ടുകൊടുത്തേനേ എന്നാണ്...ഉദാഹരണത്തിന് മൂവാറ്റുപുഴ.
ഏറ്റുമാനൂരിന് പകരം മൂവാറ്റുപുഴ എന്നൊരു ചര്‍ച്ചയുണ്ടായിട്ടില്ല. മൂവാറ്റുപുഴ ചോദിച്ചിരുന്നു എന്നത് ശരിയാണ്. എന്നാല്‍ മാത്യു കുഴല്‍നാടന് ഒരു സീറ്റ് ലഭിക്കും എന്ന തരത്തില്‍ ഞങ്ങള്‍ക്കും കോണ്‍ഗ്രസിനും ഇടയില്‍ ചര്‍ച്ച നടന്നിരുന്നു. കുഴല്‍നാടന്‍ ലക്ഷ്യമിട്ടിരിക്കുന്നത് മൂവാറ്റുപുഴയാണ് എന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. അതുകൊണ്ട് ഫ്രാന്‍സിസ് ജോര്‍ജിനോട് ഇടുക്കിയില്‍ പോയി മത്സരിച്ചോളാന്‍ പറഞ്ഞു.
കെ എം മാണിയുടെ മരുമകനെ എന്തുകൊണ്ടാണ് സ്ഥാനാര്‍ഥിയാക്കിയത്?
അദേഹത്തിന്‍റെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കാന്‍ നേരത്തെ ഒരു ശ്രമം നടത്തിയിരുന്നു പാലാ ഉപതെരഞ്ഞെടുപ്പിൽ. ഞങ്ങള്‍ അംഗീകരിച്ചതാണത്. സാലി നിന്നിരുന്നെങ്കില്‍ ഉറപ്പായും ജയിക്കുമായിരുന്നു. എന്തുകൊണ്ടാണ് ജോസ് കെ മാണി അതിന് അനുവദിക്കാതിരുന്നത് എന്നാണ് മനസിലാക്കാത്തത്. സാലി നിന്നിരുന്നെങ്കില്‍ ചിഹ്നം നല്‍കിയേനേ.
ജോസഫിന്‍റെ മരുമകന്‍ കോതമംഗലത്ത് ട്വന്‍റി20യുടെ സ്ഥാനാര്‍ഥിയാണ്. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ജോസഫിന്‍റെ സ്ഥാനാര്‍ഥിയാണ് എതിര്‍ഭാഗത്ത്...
അതിനെ കുറിച്ച് പല വിലയിരുത്തലുകളുമുണ്ട്. പുള്ളി പിടിക്കുന്ന വോട്ട് ഷിബു തെക്കുംപുറത്തിന് അനുകൂലമായി വരും എന്നാണ് ഒന്ന്. എന്നാല്‍ അവിടെ പ്രചാരണത്തിന് പോകാന്‍ മാനസിക ബുദ്ധിമുട്ടൊന്നുമില്ല. ഞങ്ങളെല്ലാം രംഗത്തിറങ്ങും.
അസംബ്ലിയുടെ കാലാവധി അവസാനിക്കുന്നത് വരെ എംഎല്‍എയായിട്ടാണ് സാധാരണ തെരഞ്ഞെടുപ്പിനെ നേരിടാറ്. ഇത്തവണ എംഎല്‍എ ബോര്‍ഡ് അഴിച്ചുവച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്...
സുതാര്യത ഉറപ്പുവരുത്താന്‍ വേണ്ടിയാണ് എംഎല്‍എ സ്ഥാനം രാജിവച്ചത്. വേറൊരു പാര്‍ട്ടിയില്‍ ലയിച്ചാലും പ്രശ്‌നം ഉദിക്കാം. അത് ഒഴിവാക്കുന്നതിന് വേണ്ടായണ് രാജിവച്ചത്.
ഈ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ഒരുപാട് ആരോപണങ്ങളുണ്ട്. അവയെല്ലാം ഈ തെരഞ്ഞെടുപ്പില്‍ വിഷയമാകുമോ?
എല്ലാം ചെറിയ തോതില്‍ ജനങ്ങളുടെ മനസിലുണ്ടാകും. സ്വര്‍ണക്കടത്തും പിന്‍വാതില്‍ നിയമനങ്ങളും ലൈഫ് മിഷനും ആഴക്കടല്‍ മത്സ്യബന്ധനവും എല്ലാം കുറച്ചൊക്കെ ജനങ്ങളുടെ മനസിലുണ്ട്.
റബ്ബറിന് 250 രൂപ താങ്ങുവില എല്‍ഡിഎഫ് പ്രകടനപത്രികയിലുണ്ട്. റബ്ബര്‍ കര്‍ഷകര്‍ക്ക് ഉള്‍പ്പടെ ലഭിച്ച എല്ലാ ആനുകൂല്യങ്ങള്‍ക്കും കാരണം ഞങ്ങളുടെ സമ്മര്‍ദഫലമായാണ് എന്നാണ് ജോസ് കെ മാണിയുടെ അവകാശവാദം...
റബ്ബറിന് 250 രൂപ താങ്ങുവില നല്‍കുമെന്ന് കാസര്‍കോട്ട് വച്ച് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ജോസിന്‍റെ ഇടപെടലായിരുന്നു എങ്കില്‍ ബജറ്റിലുണ്ടാകുമായിരുന്നു. 170 രൂപ മാത്രമാണ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം ഒറ്റ കേരള കോണ്‍ഗ്രസേ ഇവിടെയുണ്ടാകൂ. കേരള കോണ്‍ഗ്രസ് എം തകരും. ജോസ് കെ മാണിയുടെ കൂടെയുള്ള നല്ല നേതാക്കളെ സ്വീകരിക്കും.