വനിതാ പ്രാതിനിധ്യത്തോട് മുന്നണികളുടെ സമീപനമെന്ത്? ലതിക സുഭാഷിന്‍റെ പ്രതിഷേധം; നിലപാടറിയിച്ച് ശൈലജ ടീച്ചര്‍
മട്ടന്നൂർ നിയോജക മണ്ഡലത്തിൽ നിന്നാണ് ആരോഗ്യമന്ത്രി കെകെ ശൈലജ ഈ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. എൽഡിഎഫിന് ആഴത്തിൽ വേരോട്ടമുളള മണ്ണാണ് മട്ടന്നൂർ എന്ന് ശൈലജ ടീച്ചർ ആത്മവിശ്വാസത്തോടെ പറയുന്നു. തെരഞ്ഞെടുപ്പുകളിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച്, പ്രചരണ പരിപാടികളെക്കുറിച്ച്, നിലവിലെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് ശൈലജ ടീച്ചർ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നു
മട്ടന്നൂർ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മന്ത്രി കെകെ ശൈലജ മുന്നോട്ട് പോകുകയാണ്. ശൈലജ ടീച്ചറിനെ കാണുമ്പോഴൊക്കെ കൊവിഡിന്റെ കാര്യമാണ് സംസാരിക്കാറുള്ളത്. കുറെ കാലത്തിന് ശേഷമാണ് രാഷ്ട്രീയം. എൽഡിഎഫിന് വേരോട്ടമുള്ള മണ്ണാണ് മട്ടന്നൂർ. പ്രചരണ പരിപാടികളെക്കുറിച്ച്?
എൽഡിഎഫിന്റെ ഒരു സ്ട്രോംഗ്ഹോൾഡാണ് ഇത്. ഇവിടെ നന്നായിട്ട് പ്രചരണം നടക്കുന്നുണ്ട്. പൊതുപരിപാടികൾ ആരംഭിച്ചിട്ടില്ല. സ്ഥാപനങ്ങളും അതുപോലെ ചെറിയ ഇടങ്ങളിൽ ഗ്രാമത്തിലൊക്കെ ആളുകളെ കണ്ടുകൊണ്ട് പോകുകയാണ്. എല്ലാ പഞ്ചായത്തും കവർ ചെയ്തിട്ടില്ല. രണ്ട് ദിവസം കൊണ്ട് പൂർത്തിയാകും. അത് കഴിഞ്ഞാൽ പിന്നെ പൊതുപരിപാടികളാണ് ആരംഭിക്കുക. ഇവിടെ പ്രചരണം നടത്തുന്നതിനിടയിൽ മറ്റ് ജില്ലകളിൽ കൂടി ഏഴ് ദിവസം പ്രചരണത്തിന് പോകാൻ എൽഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് കഴിഞ്ഞ് തിരികെയെത്തിയാൽ വീണ്ടും പൊതുപരിപാടികളിലേക്ക് പോകും. ഏഴ് ദിവസം കോഴിക്കോട് , പാലക്കാട്, കോട്ടയം, എറണാകുളം ഒക്കെ പോകുന്നുണ്ട്.
മട്ടന്നൂർ സ്ട്രോംഗ്ഹോൾഡാണെന്ന് പറഞ്ഞു. ടീച്ചർ ഏത് ഫൈറ്റിംഗ് സീറ്റിൽ നിന്നാലും ജയിക്കുന്ന സ്ഥാനാർത്ഥിയാണ്. അപ്പോൾ കുറച്ചുകൂടി ഫൈറ്റിംഗ് സീറ്റിൽ ജയിക്കാനൊരു സാധ്യത ടീച്ചർക്കുണ്ടെന്ന് ടീച്ചറെ ഇഷ്ടപ്പെടുന്നവർ പറയുന്നുണ്ടല്ലോ?
എൽഡിഎഫിനെ ഇത്തവണ വലിയ തോതിൽ ജനങ്ങൾ അംഗീകരിക്കുകയാണ്. എനിക്ക് തോന്നുന്നു ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാർത്ഥികൾക്കെല്ലാം ജയിക്കാനുള്ള സാധ്യതയുണ്ട്. ഞാൻ കഴിഞ്ഞ തവണ നിന്ന കൂത്തുപറമ്പ് മണ്ഡലം വളരെ എളുപ്പത്തിൽ ജയിച്ചു വരുന്ന ഒരു മണ്ഡലമായിരുന്നില്ല, എന്നാലും അവിടെയൊരു നല്ല ഫൈറ്റ് തന്നെ നടത്തിയിരുന്നു. പേരാവൂർ നേരത്തെ അതുപോലെ തന്നെയായിരുന്നു. ഇത്തവണ കൂത്തുപറമ്പും പേരാവൂരും എല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണി നന്നായിട്ട് ജയിക്കാവുന്ന മണ്ഡലങ്ങളായിട്ടാണ് ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് കാണുന്നത്. മട്ടന്നൂർ നേരത്തെ തന്നെ എൽഡിഎഫിന്റെ നല്ല ഭൂരിപക്ഷമുള്ള മണ്ഡലമാണ്. ഇവിടെ നല്ല ഭൂരിപക്ഷത്തോട് കൂടി ജയിക്കാൻ കഴിയുന്ന അവസ്ഥയാണുള്ളത്. ഈ മണ്ഡലത്തിലായത് കൊണ്ട് തന്നെ മറ്റ് ജില്ലകളിലേക്ക് പ്രചരണത്തിന് പോകാൻ കഴിയുന്നു. ഇവിടെ ഞാൻ ഉണ്ടാകേണ്ടത് ആവശ്യമാണ്. എന്നാലും കുറച്ചു ദിവസം കൂടി മറ്റ് ജില്ലകളിലേക്ക് കൂടി ക്രമീകരിക്കാം. ഇവിടെ ശക്തികേന്ദ്രമായത് കൊണ്ട് കുറച്ച് കൂടി എളുപ്പമാണ്.
മഹിളാ അസോസിയേഷന്റെ സജീവ പ്രവർത്തകയാണ്. സാമൂഹ്യക്ഷേമ മന്ത്രിയാണ്. കഴിഞ്ഞ ദിവസം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ലതികാ സുഭാഷ് കെപിസിസി ഓഫീസിൽ ഒരു പ്രതിഷേധം നടത്തിയിരുന്നു. രാഷ്ട്രീയമായി എതിർചേരിയിലാണെങ്കിലും എങ്ങനെയാണ് ആ സംഭവത്തെ കാണുന്നത്?
രാഷ്ട്രീയമായി എതിർചേരിയിലാണെങ്കിലും ഞങ്ങൾ സ്ത്രീകളെല്ലാം സ്ത്രീകളുടെ പൊതുവായ അവകാശ പ്രശ്നങ്ങളിലെല്ലാം ഒരുമിച്ച് നിൽക്കാറുണ്ട്. പ്രതിഷേധത്തിന്റെ രീതി ശരിയാണോ തെറ്റൊണോ എന്നുള്ളതല്ല. കൂടുതൽ സീറ്റ് കോൺഗ്രസ് സ്ത്രീകൾക്ക് കൊടുത്തിട്ടില്ല എന്നുള്ളതാണ്. കഴിഞ്ഞ തവണ അവർക്ക് ആരുമുണ്ടായിരുന്നില്ല നിയമസഭയിൽ. അവസാനം ഒരു ഉപ തെരഞ്ഞെടുപ്പിലൂടെയാണ് ഷാനിമോൾ ഉസ്മാൻ വന്നത്. അവരുടെ കൂട്ടത്തിൽ നന്നായി പ്രവർത്തിക്കുന്ന ഒരുപാടുപേരുണ്ട്. രാഷ്ട്രീയമേതായാലും ആശയമേതായാലും പൊതുരംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകൾ ധാരാളമുണ്ട്. അവർക്ക് അങ്ങനെയുള്ള അവസരങ്ങൾ നിഷേധിക്കപ്പെട്ടത് കൊണ്ടാകാം ആ പ്രതിഷേധം ഉണ്ടായിട്ടുള്ളത്.
എൽഡിഎഫും ആനുപാതികമായി വേണ്ടത്ര സീറ്റുകൾ നൽകിയിട്ടുണ്ടോ? പത്ത് ശതമാനം സീറ്റുകളേ ഉള്ളൂ മുന്നണി നോക്കികഴിഞ്ഞാൽ മൊത്തത്തിൽ? അത് കുറവല്ലേ?
അസംബ്ളി ഇലക്ഷന്റെ സ്ഥാനാർത്ഥി നിർണ്ണയം വരുമ്പോൾ പല രീതിയിലുള്ള പരിഗണനകളും വരാറുണ്ട്. മണ്ഡലത്തിന്റെ വിജയസാധ്യത, സ്ത്രീ നിന്നാൽ വിജയസാധ്യത ഇല്ലെന്നല്ല പറയുന്നത്. അത്തരം സാധ്യതകൾ വരുമ്പോൾ സ്ത്രീകൾക്കുള്ള അവസരം താരതമ്യേന കുറയുന്നു എന്ന അഭിപ്രായം തന്നെയാണുള്ളത്. പക്ഷേ ഇപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് ഏറ്റവും കൂടുതൽ പ്രാതിനിധ്യം കൊടുത്തിട്ടുള്ളത്. 12 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിക്കൊണ്ട് സ്ത്രീകൾക്ക് നല്ല അവസരം കൊടുക്കാൻ സാധിച്ചിട്ടുണ്ട് എന്നുള്ളതാണ്. അവരെല്ലാം വിജയിച്ചു വന്നാൽ മോശമല്ലാത്ത ഒരു അവസ്ഥയുണ്ടാകും. എന്നാലും പത്ത് ശതമാനം മാത്രമേ ആകുന്നുള്ളൂ. ഭാവിയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരം ലഭ്യമാകേണ്ടതാണ്.
സിപിഎം ആണ് ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട പാർട്ടി. ആനി രാജ പറയുന്നു, മൂന്നു മുന്നണികളും കേരളത്തിൽ വനിതാ പ്രാതിനിധ്യം കൊടുക്കുന്നതിൽ പരാജയപ്പെടുന്നു എന്നാണ്?
മഹിളാ പ്രസ്ഥാനത്തിന്റെ പ്രവർത്തകർ എന്ന നിലയിൽ ഞങ്ങൾ ഉന്നയിക്കുന്ന ആവശ്യം തുല്യപ്രാതിനിധ്യം വേണം എന്നുള്ളതാണ്. എന്നാൽ യാന്ത്രികമായി അത് പറയാൻ സാധിക്കില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംവരണം വന്നതിന് ശേഷം നമുക്ക് കാണാൻ കഴിയുന്നത് അമ്പത് ശതമാനത്തിലേറെ പ്രാതിനിധ്യമായി എന്നാണ്. എൽഡിഎഫ് തന്നെ എത്രയോ ജനറൽ സീറ്റുകളിൽ സ്ത്രീകളെ നിർത്തി മത്സരിപ്പിച്ച് ജയിപ്പിച്ചിട്ടുണ്ട്. സംവരണ സീറ്റിൽ മാത്രമല്ല. അതുകൊണ്ട് ഒരു കുഴപ്പമുണ്ടായിട്ടില്ല. അവർ നന്നായിട്ട് പഞ്ചായത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
അതുപോലെ തന്നെ അസംബ്ളി പാർലമെന്റിലും അമ്പത് ശതമാനം എന്നൊന്നും ഇപ്പോൾ പറയുന്നില്ല, ഒരു നല്ല പ്രാതിനിധ്യം സ്ത്രീകൾക്കുണ്ടാകണം എന്നുള്ളത് ഞങ്ങൾ എല്ലാ മഹിളാ സംഘടനകളും പറയാറുണ്ട്. പൊതുവെ ഇടതുപക്ഷമാണ് ഏറ്റവും കൂടുൽ പരിഗണന സ്ത്രീകൾക്ക് കൊടുക്കുന്നത്.
സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തികൾ പരസ്യ പ്രതിഷേധമായി വന്നിരുന്നു. കുറ്റ്യാടിയിൽ അത്തരം പരസ്യപ്രതിഷേധത്തിന് മുന്നിൽ പാർട്ടി മുട്ടുമടക്കിയോ? പ്രതിഷേധിക്കുന്നവരുടെ ആവശ്യം അതേപടി അംഗീകരിക്കുന്നത് പതിവില്ലാത്ത രീതിയാണ്?
പ്രതിഷേധമെന്ന് പറയുമ്പോൾ, സാധാരണ ചില അഭിപ്രായ പ്രകടനങ്ങൾ ഉണ്ടാകാറുണ്ട്, ഇന്നയാളെയാണ് ഉദ്ദേശിച്ചത് അല്ലെങ്കിൽ ഇന്ന പാർട്ടി. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണെങ്കിൽ, കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളാണെങ്കിൽ അവര് തന്നെ മത്സരിക്കുന്നതല്ലേ നല്ലത് എന്നൊക്കെ. സാധാരണ ഗതിയിൽ അനുഭാവികൾക്ക് അങ്ങനെ തോന്നാറുണ്ട്. കുറ്റ്യാടി സീറ്റിന്റെ കാര്യത്തിൽ പത്രവാർത്തയിലൂടെ ഞാൻ മനസ്സിലാക്കിയത് കേരള കോൺഗ്രസ് മാണി വിഭാഗം ഞങ്ങളതിന് പ്രസ് ചെയ്യുന്നില്ല എന്ന് പറഞ്ഞു എന്നാണ്. ഞാനുൾക്കൊള്ളുന്ന ഒരു കമ്മറ്റിയിലോ ആ രീതിയിൽ ഒരു അറിയിപ്പോ എനിക്ക് കിട്ടുന്നത് വരെ കുറ്റ്യാടിയിലെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്നേരത്തേ പറയാൻ സാധിക്കുകയുള്ളൂ.
സാധാരണ കൊവിഡ് പ്രോട്ടോക്കോളിന്റെ കാര്യം എപ്പോഴും ഓർമ്മിപ്പിക്കാറുള്ള ആളാണ് ആരോഗ്യമന്ത്രി. ഈ തെരഞ്ഞെടുപ്പിൽ അത് പരമാവധി ശ്രമിക്കാറുണ്ട് പലരും പാലിക്കാറില്ല. ആരോഗ്യമന്ത്രിക്ക് കൂടുതൽ സമ്മർദ്ദമുണ്ടോ?
തീർച്ചയായിട്ടും. സമൂഹത്തിൽ നിന്ന് കൊവിഡ് പോയിട്ടില്ല. ഇലക്ഷനാകുമ്പോൾ എന്തൊക്കെ പറഞ്ഞാലും രണ്ട് മീറ്റർ അകലം പാലിക്കാൻ പറഞ്ഞാലും അത് സാധ്യമാകുന്നില്ല എന്നൊരു വസ്തുതയുണ്ട്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ വോട്ടർമാരെയൊക്കെ സ്ഥാനാർത്ഥികൾക്ക് കാണണം. അത്തരത്തിലുള്ള മീറ്റിംഗുകൾ സംഘടിപ്പിക്കണം. പക്ഷേ ഞാൻ ചെല്ലുന്നിടത്തെല്ലാം പറയുന്നുണ്ട്, മാത്രമല്ല പൊതുവായിട്ടും പറയുന്നുണ്ട്. മാസ്ക് ധരിച്ച് അടുത്ത് നിന്നാൽ വലിയ ബുദ്ധിമുട്ടൊന്നും വരില്ല. പക്ഷേ ബുദ്ധിമുട്ട് വരുന്നത് നമ്മൾ സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തുമ്പോഴാണ്. സംസാരിക്കുമ്പോഴാണ് മൂക്കും വായും മൂടേണ്ടത്.
ഒരു നല്ല കാര്യം ഞാൻ കണ്ടത്, ഞാൻ പോയ സ്വീകരണ സ്ഥലങ്ങളിലെല്ലാം ഞാൻ കണ്ടത് ആളുകൾ എല്ലാം മാസ്കി ധരിച്ചാണ് വരുന്നത്. അപൂർവ്വം അത്യാവശ്യത്തിന് മാസ്ക് താഴ്ത്തുന്നതൊഴിച്ചാൽ മാസ്കില്ലാതെ ആരും പുറത്തിറങ്ങുന്നതായി കാണുന്നില്ല. എന്നാലും മാസ്ക് കഴുത്തിന് താഴെയോ കയ്യിൽ ചുരുട്ടിപ്പിടിച്ചോ ഒക്കെ കാണാറുണ്ട്. അത് കാണുമ്പോൾ തന്നെ അങ്ങനെയല്ല എന്ന് ഓർമ്മിപ്പിക്കും. അങ്ങനെയല്ല എന്ന്. മാസ്ക് കൃത്യമായി ധരിച്ചാൽ തന്നെ കൊവിഡ് വ്യാപനം തടയാൻ സാധിക്കും. എല്ലാവരും ഇത് അനുസരിക്കണമെന്നാണ് എല്ലാവരോടും പറയാനുള്ളത്.