Ukraine : പഠിക്കുന്നത് 18000ത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; എന്തുകൊണ്ടാണ് യുക്രൈന്‍ പ്രിയമാകുന്നത്
യുക്രൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 18,095 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ ഉപരിപഠനത്തിനായി എത്തിയത്. അതില്‍ ഏറെപ്പേരും പഠിക്കുന്നത് എംബിബിഎസിന്.
ദില്ലി: റഷ്യ (Russia) യുക്രൈനില്‍ (Ukraine) അധിനിവേശം നടത്തിയതോടെയാണ് ഇത്രയധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ (India Students) യുക്രൈനില്‍ പഠിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നത്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) കേരളത്തില്‍ നിന്ന് മാത്രം രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ പഠിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടു. മിക്കവരും എംബിബിഎസ് (MBBS) പഠിക്കാനാണ് യുക്രൈനിലെത്തിയെന്ന വിവരവും പുറത്തുവന്നു. യുക്രൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 18,095 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ ഉപരിപഠനത്തിനായി എത്തിയത്. അതില്‍ ഏറെപ്പേരും പഠിക്കുന്നത് എംബിബിഎസിന്. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനിലെത്തുന്നത്.
എന്തുകൊണ്ട് യുക്രൈന്‍?
എന്തുകൊണ്ടാണ് എംബിബിഎസ് പഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈന്‍ തെരഞ്ഞെടുക്കുന്നത്. ഇന്ത്യയില്‍ മെഡിസിന്‍ വിദ്യാഭ്യാസം എന്നത് വളരെ ചെലവേറിയതും മത്സരക്ഷമത നിറഞ്ഞതുമാണ്. സര്‍ക്കാര്‍ എംബിബിഎസ് കോഴ്‌സിന് രാജ്യത്താകമാനം വന്‍ ഡിമാന്‍ഡാണ്. അതേസമയം, സ്വകാര്യ മേഖലയിലെ എംബിബിഎസ് സീറ്റിന് കോടികളാണ് കൊടുക്കേണ്ടത്. എന്നാല്‍, മെഡിസിന്‍ വിദ്യാഭ്യാസത്തിന് ചെലവ് കുറവാണെന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈനിലേക്ക് ആകര്‍ഷിക്കുന്നു. ഇന്ത്യയില്‍ സ്വകാര്യ കോളേജുകളില്‍ എംബിബിഎസ് സീറ്റിന് 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് ഈടാക്കുമ്പോള്‍ യുക്രൈനില്‍ 20 മുതല്‍ 25 ലക്ഷം വരെ ആകുകയുള്ളു. ചെലവടക്കം 50 ല്ക്ഷത്തില്‍ ഒതുങ്ങും. അതോടൊപ്പം യൂറോപ്യന്‍ കുടിയേറ്റമെന്ന സ്വപ്‌നവും മറ്റൊരു കാരണമാണ്. മറ്റ് പല വിദേശ രാജ്യങ്ങളെ അപേക്ഷിച്ചും യുക്രൈനിലെ മെഡിസിന്‍ ചെലവ് കുറവാണെന്നതും ആകര്‍ഷണമാണ്. നിരവധി സര്‍വകലാശാകളാണ് യുക്രൈനിന്റെ മറ്റൊരു പ്രത്യേകത. ധാരളം സീറ്റുകളുള്ളതിനാല്‍ ഇന്ത്യയിെ പ്രവേശന പരീക്ഷയായ നീറ്റ് പാസാകുന്ന ആര്‍ക്കും അപേക്ഷിക്കാം. നീറ്റിലെ മാര്‍ക്ക് അവിടെ പരിഗണന വിഷയമല്ല. യുക്രൈന്‍ വിദ്യാഭ്യാസ മേഖലയുടെ പ്രധാന വരുമാന മാര്‍ഗവും വിദേശ വിദ്യാര്‍ത്ഥികളാണ്. ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷം വരെ എംബിബിഎസിന് ചെലവ് വരും. സ്വകാര്യ മേഖലയിലാകട്ടെ 10-12 ലക്ഷം വരും. യുക്രൈനില്‍ പ്രതിവര്‍ഷം 405 ലക്ഷം വരെ മാത്രമേ ചെലവ് വരൂ.
യുക്രൈന്‍ എംബിബിഎസ് ആഗോള അംഗീകൃതം
എല്ലാ വിദേശ സര്‍വകലാശാലയിലേയും ബിരുദ സര്‍ട്ടിഫിക്കറ്റ് ഇന്ത്യയില്‍ ജോലിക്കായി സര്‍ക്കാര്‍ പരിഗണിക്കില്ല. എന്നാല്‍ യുക്രൈന്‍ സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് കോന്ദ്ര സര്‍ക്കാര്‍ അംഗീകൃതമാണ്. ഇന്ത്യയില്‍ മാത്രമല്ല യൂറോപ്യന്‍ രാജ്യങ്ങളിലും യുക്രൈന്‍ മെഡിസിന്‍ ബിരുദം അംഗീകൃതമാണ്. വിദേശ സര്‍വകലാശാലകളില്‍ നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷ എന്ന കടമ്പ കടക്കണമെന്നാണ് നിയമം. ഫിലിപ്പീന്‍സ്, ജോര്‍ജിയ, ഖസാകിസ്താന്‍ എന്നിവിടങ്ങളിലും ഇന്ത്യന് വിദ്യാര്‍ത്ഥികള്‍ എംബിബിഎസ് കോഴ്‌സിനായി തെരഞ്ഞെടുക്കാറുണ്ട്. രാജ്യത്തെ മെഡിക്കല്‍ കോളേജുകളിലെ സീറ്റ് കിട്ടുന്നതിനേക്കാള്‍ പലരും നീറ്റ് എഴുതുന്നത് യുക്രൈന്‍ പോലുള്ള രാജ്യങ്ങളില്‍ പഠിക്കാനുള്ള അവസരം ലക്ഷ്യമിട്ടാണ്. ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസം പോലെ തന്നെ നിലവാരമുള്ളതാണ് യുക്രൈനിലെ മെഡിക്കല്‍ വിദ്യാഭ്യാസം. അതുകൊണ്ടാണ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നത്. യുക്രൈനിലെ മെഡിക്കല്‍ കോളേജുകളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
എംബിബിഎസ് പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം വ്യക്തമായതോടെയാണ് മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി രാജ്യത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ബജറ്റ് പ്രഖ്യാപനങ്ങളെ കുറിച്ചുള്ള വെബിനാറില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി ഇക്കാര്യം പറഞ്ഞത്.