വിഷാദരോഗവും മനോരോഗങ്ങളും; ചികില്‍സ തേടുന്നത് കുറച്ചിലല്ല
ഇന്ന് ലോക മാനസികാരോഗ്യ ദിനം ആണ്. തുല്യതയില്ലാത്ത ലോകത്തെ മാനസികാരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം.
നിരാശ മനുഷ്യന്റെ പ്രതീക്ഷകളും ഊര്‍ജവും തല്ലിക്കെടുത്തുന്നതും വിഷാദരോഗത്തിലേക്ക് തള്ളിവിടുന്നതും തുടക്കത്തിലേ അറിയുന്നത് നല്ലതാണെന്നും അല്ലെങ്കില്‍ പ്രിയപ്പെട്ടവരെ കൈവിട്ടു പോകുമെന്നും നാം മനസ്സിലാക്കണം. ഒപ്പം ഉള്ളവരുടെ പെരുമാറ്റത്തിലും സമീപനത്തിലും വരുന്ന മാറ്റങ്ങള്‍ തൊട്ടറിയാന്‍ കഴിയണം.
ഇന്ന് ലോക മാനസികാരോഗ്യ ദിനം ആണ്. തുല്യതയില്ലാത്ത ലോകത്തെ മാനസികാരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം.
മാനസിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തുറന്നു പറയാനും ചികിത്സ തേടാനും ആദ്യമെല്ലാം പ്രയാസമായിരുന്നു. സമൂഹത്തിന്റെ മുന്‍വിധികളെ കുറിച്ചുള്ള ഭയമായിരുന്നു പ്രധാന കാരണം. മുന്‍വിധികളും ഭയവും പരിഹാസവും സംശയവും എല്ലാം പൂര്‍ണമായി മാറിയിട്ടില്ലെങ്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ ഇനിയും സമീപനം മാറേണ്ടതുണ്ട് എന്നതിന്റെ പ്രാധാന്യവും പ്രസക്തിയും കുറേക്കൂടി സമൂഹത്തിന് ബോധ്യപ്പെടുത്തിയത് കൊവിഡ് കാലമായിരുന്നു.
ലോകത്തെ വിറപ്പിച്ച മഹാമാരിക്കാലത്തെ അടച്ചിടല്‍ മാനസിക സമ്മര്‍ദങ്ങള്‍ എന്ന വലിയ വിപത്ത് വെളിവാക്കുന്നതായിരുന്നു. സാമൂഹിക ജീവിതം ഇല്ലാതായതും ജോലി സാഹചര്യം മാറിയതും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചോദ്യചിഹ്നം ആയതും രോഗഭീതിയും എല്ലാം കൂടി മനസ്സിന്റെ സ്വാസ്ഥ്യം വല്ലാതെ കെടുത്തി. ഭാവിയെ കുറിച്ചുള്ള ഭയവും ജീവിതത്തിലെ അസംതൃപ്തിയും യുക്തിയില്ലാത്ത വിശ്വാസങ്ങളും വരിഞ്ഞു മുറുക്കുന്ന മാനസികനിലയാണ് അന്നു മുതല്‍ സമൂഹത്തില്‍ പതുക്കെ പടര്‍ന്നു തുടങ്ങിയത്. സമ്മര്‍ദവും ആശങ്കകളും മനസ്സിലും വ്യക്തിയിലും ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ തുടങ്ങിയത് കൊവിഡ് കാലത്തല്ല എന്നത് ശരി. പക്ഷേ മഹാമാരിക്കാലം അത്തരം ആശങ്കകളുടെ വ്യാപ്തി കൂട്ടി. നമ്മുടെ ഇടയില്‍ ശരീരത്തെ ബാധിക്കുന്ന രോഗങ്ങള്‍ പോലെ മനസ്സിന് ആഘാതം ഉണ്ടാക്കുന്ന രോഗങ്ങളും ഉണ്ടെന്നും പലരും അതൊന്നും പുറത്തു പറയാതെ സഹിക്കുകയാണെന്നും സമൂഹത്തിന്റെ മനസ്സിലാക്കല്‍ അത്യാവശ്യം ആണെന്നും ഉള്ള തിരിച്ചറിവ് കൂടുതല്‍ നല്‍കാന്‍ കൊവിഡ് കാലം വഴിയൊരുക്കി. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് 25 ശതമാനത്തില്‍ അധികമാണ് കൊവിഡ് കാലത്ത് മാനസിക സമ്മര്‍ദം കൂടിയത്.
നിരാശ മനുഷ്യന്റെ പ്രതീക്ഷകളും ഊര്‍ജവും തല്ലിക്കെടുത്തുന്നതും വിഷാദരോഗത്തിലേക്ക് തള്ളിവിടുന്നതും തുടക്കത്തിലേ അറിയുന്നത് നല്ലതാണെന്നും അല്ലെങ്കില്‍ പ്രിയപ്പെട്ടവരെ കൈവിട്ടു പോകുമെന്നും നാം മനസ്സിലാക്കണം. ഒപ്പം ഉള്ളവരുടെ പെരുമാറ്റത്തിലും സമീപനത്തിലും വരുന്ന മാറ്റങ്ങള്‍ തൊട്ടറിയാന്‍ കഴിയണം. ഉള്ളില്‍ തികട്ടി വരുന്ന സങ്കടങ്ങളും ആലോചനകളും അത് എന്തു ചെറിയ കാര്യത്തിന്റെ പേരില്‍ ആയാലും പറയാനും ചര്‍ച്ച ചെയ്യാനും ആരെങ്കിലും ഒക്കെ ഉണ്ടെങ്കില്‍ അതാണ് ഏറ്റവും നല്ല മരുന്ന്. അതല്ല സംഭാഷണങ്ങള്‍ക്കും ചേര്‍ത്തുപിടിക്കലിനും മനസ്സിന്റെ ആന്തലടക്കി സമാധാനിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വൈദ്യസഹായം തേടണം. രോഗം ഒരു കുറ്റമല്ല എന്ന് മറക്കരുത്. അത് ശരീരത്തിനായാലും മനസ്സിലായാലും. ആരെങ്കിലും എന്തെങ്കിലും വിചാരിക്കുമോ എന്ന ആലോചനക്ക് എടുക്കുന്ന നേരം ചിലപ്പോള്‍ ജീവിത്തില്‍ തീര്‍ത്താല്‍ തീരാത്ത വേദനക്ക് ഇടയാക്കുമെന്ന ബോധ്യം വേണം.
ജീവിതത്തിലെ സമ്മര്‍ദമാണ് മനസ്സിനെ ഏറ്റവും ബാധിക്കുക. അത് ഇപ്പോള്‍ ഇന്ന കാര്യത്തിന് എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. ജോലിസ്ഥലത്തെ മത്സരമാകാം, പരീക്ഷപ്പേടിയാകാം, പഠിക്കുന്നിടത്തും ജോലി ചെയ്യുന്നിടത്തും നന്നായി പെര്‍ഫോം ചെയ്യുന്നില്ലേ എന്ന ആശങ്കയാകാം, ഭാവി എന്താകുമെന്ന ചോദ്യമാകാം. എന്തും ആകാം. അസുഖങ്ങളും രോഗഭീതിയും മനസ്സിനെ ബാധിക്കാം. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ സ്വാസ്ഥ്യം കെടുത്തും എന്നുറപ്പ്. അനാരോഗ്യകരമായ ഭക്ഷണരീതി ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റേയും താളം തെറ്റിക്കാം. ലഹരി ആലോചനകളേയും യുക്തിയേയും എല്ലാം ബാധിച്ച് സമനില തെറ്റിക്കാം. മനസ്സിന്റെ സമാധാനം പോവുക എന്നത് ജീവനെ തന്നെ കാര്‍ന്നു തിന്നുന്ന രോഗാവസ്ഥയാണ് എന്ന തിരിച്ചറിവില്‍ വേണം സാഹചര്യം കൈകാര്യം ചെയ്യാന്‍.
മാനസിക രോഗത്തെ കുറിച്ചുള്ള മുന്‍ധാരണകള്‍ മാറ്റാന്‍ പല പ്രമുഖരുടെയും തുറന്നു പറച്ചിലുകള്‍ സമൂഹത്തെ സഹായിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഉദാഹരണം ദീപിക പദുക്കോണ്‍. ജോലി ചെയ്യുന്ന രംഗത്തെ മത്സരവും പ്രകടനം മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുകളും എല്ലാം സ്വാസ്ഥ്യം കെടുത്തിയതിനെ പറ്റി ദീപിക തുറന്നു പറഞ്ഞു. പെട്ടെന്ന് കരയുകയും ഒതുങ്ങിയിരിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ അമ്മയാണ് നിരാശ അഥവാ ഡിപ്രഷന്‍ തന്നെ ബാധിച്ചതായി മനസ്സിലാക്കിയതെന്ന് പറഞ്ഞ ദീപിക ചികിത്സ തേടിയതിനെ കുറിച്ചും തുറന്നു പറഞ്ഞു. അത് ഒരു കുറച്ചിലായി കാണേണ്ട കാര്യമില്ലെന്നാണ് ദീപിക ലോകത്തോട് വിളിച്ചു പറഞ്ഞത്. മാനസികാരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണത്തിനായി ദീപികയുടെ നേതൃത്വത്തില്‍ തുടങ്ങിയ കൂട്ടായ്മ ഈ രംഗത്ത് ഉഷാറായി പ്രവര്‍ത്തിക്കുന്നുമുണ്ട്. അനുഷ്‌ക ശര്‍മ, ഗുല്‍ പനാഗ്, ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍ തുടങ്ങിയ മറ്റ് ഉദാഹരണങ്ങളും ബോളിവുഡില്‍ നിന്നുണ്ട്.
നമുക്ക് നമ്മളോട് തന്നെ സത്യസന്ധരായിരിക്കാം. എന്താണ് വേണ്ടത്, വേണ്ടാത്തത് എന്ന കാര്യത്തില്‍ നമുക്ക് തെളിച്ചമുള്ള ബോധ്യം വേണം. ഇടക്ക് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നിന്നും ഇടവേളയെടുക്കുക. കുടുംബത്തിനൊപ്പം വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കുക, സ്‌നേഹിതര്‍ക്കൊപ്പം യാത്ര പോവുക, നല്ല പുസ്തകം വായിക്കുക, പാട്ട് കേള്‍ക്കുക, കുറച്ച് അധികനേരം ഉറങ്ങുക. നെഗറ്റീവ് ആലോചനകളില്‍ നിന്നും വെറുതെ ഫോണും കുത്തിയിരിക്കുന്നതില്‍ നിന്നും മാറി അവനവന് സ്വാസ്ഥ്യം നല്‍കുക. ആഗ്രഹിച്ചാലും ഇല്ലെങ്കിലും ജോലിസ്ഥലത്തെ സമ്മര്‍ദ്ദം ഒരു യാഥാര്‍ത്ഥ്യം ആണ്. അത് നമ്മളെ കാര്‍ന്നു തിന്നാതിരിക്കാന്‍ നമുക്ക് സ്വയം കരുതല്‍ എടുക്കുകയേ നിവൃത്തിയുള്ളൂ. ഇഷ്ടമുള്ളത് ചെയ്യാനും യോഗക്കും ഒരിത്തിരി നേരം കണ്ടെത്തുക. സമ്മര്‍ദം അകറ്റാനുള്ള കരുത്ത് ശരീരത്തിന് നല്‍കാന്‍ ഇഷ്ടമുള്ള വ്യായാമം കണ്ടെത്തുക. എന്ത് തിരക്കുള്ള ജീവിതമാണെങ്കിലും ഇടക്ക് ഒരു ഇടവേള എടുക്കുക. ബ്രേക്കില്ലാതെ ഒരു വണ്ടിയും ഓടിക്കൊണ്ടേയിരിക്കരുത്. ലഹരിയെ അടുപ്പിക്കാതിരിക്കുക. സ്വയംശ്രമങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത വിധം സമ്മര്‍ദ്ദം നിങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ ആലോചനകള്‍ കൂടുതലും ഇന്ന് എന്നതിനേക്കാള്‍ ഇന്നലെയിലും നാളെയിലും കുടുങ്ങിക്കിടക്കുകയാണെങ്കില്‍, നിരാശ നിങ്ങളുടെ ഉത്സാഹത്തിനും സ്വാസ്ഥ്യത്തിനും മേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ടെങ്കില്‍ ഒട്ടും അമാന്തിക്കാതെ പ്രൊഫഷണല്‍ സഹായം തേടുക. അതൊരു തെറ്റോ പോരായ്മയോ ബലഹീനതയോ അല്ലെന്ന് സ്വയം ഉറപ്പിക്കുക, പറയുക.
പിന്നെ എല്ലാത്തിനും ഉപരി നിങ്ങള്‍ ഇടക്കിടെ നിങ്ങളോട് തന്നെ പറയുക. വിജയങ്ങളുടെ ആനന്ദത്തേക്കാള്‍ സംതൃപ്തിയുടെ നിറവാണ് പ്രധാനമെന്ന്. നിങ്ങളെന്നാല്‍ അമൂല്യമാണെന്ന്. നിങ്ങള്‍ക്കും നിങ്ങള്‍ക്ക് ചുറ്റുമുള്ള നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും.