ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ ഇന്ത്യയിലെ ചപ്പാത്തിക്കടത്ത്! എന്തിനായിരുന്നു അത്?
ചപ്പാത്തി വിതരണത്തെക്കുറിച്ചുള്ള കിംവദന്തികൾ 1857 -ൽ രാജ്യത്തുടനീളം അസ്വസ്ഥത സൃഷ്ടിച്ചു. ആ വർഷം പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഈ ചപ്പാത്തി പ്രസ്ഥാനത്തിനും പങ്കുണ്ടെന്ന് വിശ്വസിക്കപ്പെട്ടു.
വർഷം 1857. ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയിൽ ഒരു കൊടുങ്കാറ്റ് രൂപപ്പെട്ടു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിനെതിരെ ഇന്ത്യക്കാർക്കിടയിൽ നീരസം വളർന്നു. ബ്രീട്ടീഷുകാർ രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിച്ച സാമൂഹിക പരിഷ്കാരങ്ങൾക്കെതിരെ വിദ്വേഷം വർധിച്ചു. നികുതികൾ അവരെ പ്രകോപിപ്പിച്ചു. ശിപായികൾ അല്ലെങ്കിൽ ഇന്ത്യൻ പട്ടാളക്കാർക്കിടയിൽ കൊണ്ടുവന്ന ജാതിയുടെ അടിസ്ഥാനത്തിലുള്ള വിഭജനം അസ്വസ്ഥത ജനിപ്പിച്ചു. ക്രിസ്തുമതം അടിച്ചേൽപ്പിക്കാൻ കമ്പനി ശ്രമിക്കുന്നുവെന്ന ആശങ്കയും ഉണ്ടായിരുന്നു.
ഈ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ, രാജ്യത്തിന്റെ ഉൾപ്രദേശത്ത് ഒരു പ്രസ്ഥാനം വളരുകയായിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികളെ ഭയപ്പെടുത്തുകയും, പ്രഭുക്കന്മാരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്ത ഒന്ന്. ഇന്ത്യയിലുടനീളം ആയിരക്കണക്കിന് ചപ്പാത്തികൾ രാത്രികളിൽ വീടുകളിലേക്കും പൊലീസ് ഔട്ട്‌പോസ്റ്റുകളിലേക്കും വിതരണം ചെയ്യപ്പെട്ടു. ആളുകൾ അത് നിശബ്ദമായി സ്വീകരിച്ച് പകരം പുതിയ ചപ്പാത്തികൾ കൈമാറി. ചപ്പാത്തി പ്രസ്ഥാനം എന്നാണിത് അറിയപ്പെട്ടത്. സാധാരണയായി ഗ്രാമത്തിലെ ചൗക്കിദാർ, അല്ലെങ്കിൽ വാച്ച്മാൻമാരാണ് അടുത്ത ഗ്രാമത്തിലേക്ക് ചപ്പാത്തികൾ കൊണ്ടുപോകുന്നത്. നിരവധി ചൗക്കിദാർമാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു, മൈലുകളോളം കാട്ടിലൂടെ സഞ്ചരിച്ച് അടുത്തുള്ള ഗ്രാമങ്ങളിലേക്ക് ചപ്പാത്തി വിതരണം ചെയ്തു.
മഥുര പട്ടണത്തിലെ മജിസ്ട്രേറ്റ് മാർക്ക് തോൺഹിൽ ആണ് ഈ അസാധാരണ പ്രവണത കണ്ടെത്തിയത്. ചപ്പാത്തികൾ എല്ലാ രാത്രിയിലും 300 കിലോമീറ്റർ വരെ സഞ്ചരിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ അദ്ദേഹം കണ്ടെത്തി. തെക്ക് നർമ്മദ നദി മുതൽ നേപ്പാളിന്റെ അതിർത്തി വരെയുള്ള നൂറുകണക്കിന് മൈലുകൾ ഈ ചപ്പാത്തികൾ താണ്ടുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. ചപ്പാത്തിയിൽ ഒന്നും എഴുതിയിട്ടില്ലാത്തതിനാൽ, ചപ്പാത്തി എത്തിക്കുന്നവരെ തടയുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ സാധിച്ചില്ല.
ചപ്പാത്തി വിതരണക്കാരോട് തിരക്കിയപ്പോൾ ഇതെന്തിനാണെന്ന് അവർക്കും അറിവില്ലായിരുന്നു. പൊലീസ് ചുട്ടെടുത്ത രണ്ട് ഇഞ്ച് വ്യാസമുള്ള ചപ്പാത്തി സഹപ്രവർത്തകർക്ക് കൈമാറും. സഹപ്രവർത്തകർ, കൂടുതൽ ഉണ്ടാക്കി അയൽ ഗ്രാമങ്ങളിലുള്ളവർക്ക് അത് കൈമാറും. പ്രദേശത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ചപ്പാത്തി കടത്തുന്നുവെന്നും, 90,000 പൊലീസുകാർ ഈ പ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്നും കണ്ടെത്തിയപ്പോൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കിടയിൽ പരിഭ്രാന്തി പടർന്നു. ഏറ്റവും വേഗതയേറിയ ബ്രിട്ടീഷ് മെയിലിനേക്കാൾ വേഗത്തിലായിരുന്നു ഈ ചപ്പാത്തികളുടെ സഞ്ചാരം. ഇത് അവരെ കൂടുതൽ അസ്വസ്ഥമാക്കി. നിർണായക തെളിവുകളൊന്നും ഇല്ലെങ്കിലും, ചപ്പാത്തികൾ ഒരുതരം കോഡാണെന്ന് ബ്രിട്ടീഷുകാർ സംശയിച്ചു. കൊളോണിയൽ ഭരണത്തിനെതിരെ കലാപത്തിനുള്ള ആഹ്വാനമാണ് ഇതെന്ന് അവർ കരുതി.
എന്നാൽ സാധാരണ ജനങ്ങൾ ഹിന്ദുവിന്റേയും മുസ്ലീമിന്റെയും മതവികാരം വ്രണപ്പെടുത്താൻ ബ്രിട്ടീഷുകാർ പശുക്കളുടെയും പന്നികളുടെയും രക്തം ചപ്പാത്തിയിൽ തളിച്ച് ആളുകളെകൊണ്ട് കഴിപ്പിക്കുന്നതാണെന്ന് ഭയപ്പെട്ടു. ചപ്പാത്തി വിതരണത്തെക്കുറിച്ചുള്ള കിംവദന്തികൾ 1857 -ൽ രാജ്യത്തുടനീളം അസ്വസ്ഥത സൃഷ്ടിച്ചു. ആ വർഷം പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഈ ചപ്പാത്തി പ്രസ്ഥാനത്തിനും പങ്കുണ്ടെന്ന് വിശ്വസിക്കപ്പെട്ടു. എന്നാൽ സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത് ചപ്പാത്തി പ്രസ്ഥാനം കോളറ ബാധിച്ച ആളുകൾക്ക് ഭക്ഷണം എത്തിക്കാനുള്ള ശ്രമമായിരിക്കാം എന്നാണ്. കാരണം എന്ത് തന്നെയായാലും കുറേക്കാലത്തേക്ക് ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്താൻ കേവലം ഒരു ഭക്ഷ്യവസ്തുവിനായി എന്നതാണ് വിചിത്രമായ കാര്യം.