ശ്വാസതടസം മുതല്‍ മനോവിഭ്രാന്തി വരെ; എളുപ്പമല്ല എവസ്റ്റ് കയറ്റം, അതൊരു ജീവന്‍മരണ പോരാട്ടം!
എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്നത് മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ള ഒരു യാത്രയാണ്. കൊടുമുടി 8000 കിലോമീറ്റര്‍ പിന്നിട്ട് ഡെത്ത് സോണില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ ഓരോ നിമിഷത്തിനും ജീവന്റെ വിലയുണ്ട്.
2019 മെയ് 22-നാണ് 250 പേരടങ്ങുന്ന ആ വലിയ സംഘം എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്ന വലിയ സ്വപ്നവുമായി യാത്ര ആരംഭിച്ചത്. തുടക്കത്തില്‍ അത്ര പ്രയാസകരമായി അവര്‍ക്ക് അനുഭവപ്പെട്ടില്ലെങ്കിലും മുകളിലേക്ക് കയറും തോറും അവരില്‍ പലരും തളര്‍ന്നു. അത്രയേറെ പേര്‍ ഒരുമിച്ചുള്ള യാത്രയായിരുന്നതുകൊണ്ടുതന്നെ യാത്ര ആരംഭിച്ച് അധികം വൈകുന്നതിന് മുന്‍പ് തന്നെ അവരുടെ യാത്രയില്‍ വലിയ ട്രാഫിക് അനുഭവപ്പെട്ടു. ഏതാണ്ട് 8000 കിലോമീറ്ററുകള്‍ പിന്നിട്ട് ഡെത്ത് സോണ്‍ എന്നറിയപ്പെടുന്ന എവറസ്റ്റ് കൊടുമുടിയിലെ ഏറ്റവും ദുഷ്‌കരമായ യാത്ര പദത്തില്‍ എത്തിച്ചേര്‍ന്നപ്പോഴേക്കും ഈ ട്രാഫിക് ജാം കാരണം പലര്‍ക്കും മുന്‍പ് വിചാരിച്ചതിലും അധികം സമയം അവിടെ കഴിയേണ്ടി വന്നു. അങ്ങനെ കഴിയേണ്ടി വന്നവരില്‍ 11 പേര്‍ക്കാണ് ആ യാത്രയില്‍ ജീവന്‍ നഷ്ടമായത്.
സത്യത്തില്‍ എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്നത് മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ള ഒരു യാത്രയാണ്. കൊടുമുടി 8000 കിലോമീറ്റര്‍ പിന്നിട്ട് ഡെത്ത് സോണില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ ഓരോ നിമിഷത്തിനും ജീവന്റെ വിലയുണ്ട്. ഈ സമയം മുതല്‍ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്.
ഓക്‌സിജന് വേണ്ടി ദാഹിക്കുന്ന നിമിഷങ്ങള്‍
ഡെത്ത് സോണില്‍, പര്‍വതാരോഹകരുടെ തലച്ചോറും ശ്വാസകോശവും ഓക്‌സിജനുവേണ്ടി തീവ്രമായി ആഗ്രഹിച്ചു കൊണ്ടേയിരിക്കും. ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെ കൂടുതലായിരിക്കും ഈ സമയത്ത്. ട്രെഡ്മില്ലില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഒരു സ്‌ട്രോയിലൂടെ മാത്രം ഓക്‌സിജന്‍ ശ്വസിക്കാന്‍ ലഭിച്ചാല്‍ എന്തായിരിക്കുമോ നമ്മുടെ അവസ്ഥ അതുതന്നെയാണ് ഡെത്ത് സോണില്‍ ഓക്‌സിജന്റെ അഭാവം സംഭവിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്നത് എന്നാണ് പര്‍വതാരോഹകനായ ഡോക്ടര്‍ ജെറമി വിന്‍ഡ്സര്‍ ഇതിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നത്.
2007 ല്‍ എവറസ്റ്റ് കീഴടക്കിയ ജെറമി വിന്‍ഡ്സര്‍ കൊടുമുടിയുടെ മുകളില്‍ വച്ച് നാല് പര്‍വ്വതാരോഹകരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. ആ രക്ത സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് സമുദ്രനിരപ്പില്‍ നമുക്ക് ലഭിക്കുന്ന ഓക്‌സിജന്റെ നാലില്‍ ഒന്ന് ഓക്‌സിജന്‍ മാത്രമേ എവറസ്റ്റ് കൊടുമുടിക്ക് മുകളില്‍ എത്തുമ്പോള്‍ നമുക്ക് ലഭിക്കുന്നുള്ളൂ എന്ന് മനസ്സിലായത്. അതായത് മരണം തൊട്ടു മുന്‍പില്‍ എത്തുന്ന ഒരു രോഗിയുടെ ശാരീരിക അവസ്ഥയിലൂടെ ആയിരിക്കും ആ സമയം നമ്മള്‍ കടന്നു പോവുക.
ഹൃദയമിടിപ്പ് മിനിറ്റില്‍ 140 വരെ
ഓക്സിജന്റെ അഭാവം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് ഒരു നിശ്ചിത അളവില്‍ കുറയുമ്പോള്‍, ഹൃദയമിടിപ്പ് മിനിറ്റില്‍ 140 വരെ ഉയരുന്നു, ഇത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
എവറസ്റ്റിനു മുകളിലെ ഈ അതീവ ദുഷ്‌കരമായ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ശരീരത്തിന് സമയം ആവശ്യമാണ്. എവറസ്റ്റ് ബേസ് ക്യാമ്പില്‍ നിന്ന് പലതവണ മല കയറിയും ഇറങ്ങിയും ഒക്കെയുമാണ് പര്‍വതാരോഹകര്‍ ഈ കാലാവസ്ഥയോട് പൊരുത്തപ്പെടുന്നത്. തുടര്‍ച്ചയായി ഓരോ യാത്രയിലും ആയിരക്കണക്കിന് അടി മുകളിലേക്ക് കയറിയും താഴേക്കിറങ്ങിയും ആണ് ഇവര്‍ തങ്ങളുടെ ശരീരത്തെ ഇതിനായി പാകപ്പെടുത്തുന്നത്. ഉയരങ്ങളിലേക്ക് എത്തുംതോറും ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശരീരം കൂടുതല്‍ ഹീമോഗ്ലോബിന്‍ ഉല്പാദിപ്പിക്കാന്‍ തുടങ്ങും.
എന്നാല്‍ അതും അപകടകരമാണ് കാരണം ഹീമോഗ്ലോബിന്‍ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുമ്പോള്‍ അത് രക്തത്തെ കട്ടിയാക്കും, ഇത് ശരീരത്തിന് ചുറ്റും രക്തം പമ്പ് ചെയ്യുന്ന ഹൃദയത്തിനെ സമ്മര്‍ദ്ദത്തിലാക്കും. അത് ഒരു സ്‌ട്രോക്കിലേക്കോ ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നതിലേക്കോ നയിച്ചേക്കാം. ഇതോടൊപ്പം തന്നെ ചുമ, ക്ഷീണം, ഛര്‍ദി, ശരീരത്തിന് ബലക്ഷയം തുടങ്ങിയവയൊക്കെയും അനുഭവപ്പെട്ടേക്കാം.
മസ്തിഷ്‌കം വീര്‍ക്കും, മനോവിഭ്രാന്തിയുടെ നിമിഷങ്ങള്‍
ഡെത്ത് സോണില്‍ സംഭവിക്കുന്ന അതിഭീകരമായ മറ്റൊരു ശാരീരിക അവസ്ഥ ഓക്സിജന്റെ അഭാവം നിമിത്തം മസ്തിഷ്‌കം വീര്‍ക്കാന്‍ തുടങ്ങുന്നതാണ്. ഇത് തുടര്‍ച്ചയായുള്ള ചര്‍ദ്ദിക്കും മനോവിഭ്രാന്തിക്കും വരെ കാരണമായേക്കാം. ഇതോടെ സ്ഥലകാലബോധം വരെ നഷ്ടമായേക്കാവുന്ന അവസ്ഥയിലേക്ക് പര്‍വ്വതാരോഹകര്‍ എത്തിച്ചേരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അവര്‍ സാങ്കല്പിക വ്യക്തികളോട് സംസാരിക്കുകയും തങ്ങള്‍ എവിടെയാണ് ഉള്ളത് എന്ന് തിരിച്ചറിയാതെ വരികയും ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുകയും തുടങ്ങിയ വിചിത്രമായ കാര്യങ്ങള്‍ ചെയ്യുകയും സംസാരിക്കുകയും ചെയ്യുമെന്നാണ് പറിയപ്പെടുന്നത്.
വിശപ്പില്ലാതാകുന്നു, കാഴ്ച നഷ്ടപ്പെടുന്നു
മനോവിഭ്രാന്തിയും ശ്വാസതടസ്സവും മാത്രമല്ല പര്‍വ്വതാരോഹകര്‍ നേരിടേണ്ടി വരുന്നത്. ഉറക്കം ഒരു പ്രശ്‌നമായി മാറുന്നതോടെ പേശികള്‍ ക്ഷയിക്കുകയും ശരീരഭാരം കുറയുകയും ചെയ്യും.തുടര്‍ച്ചയായ ഓക്കാനവും ചര്‍ദ്ദിയും വിശപ്പിനെ ഇല്ലാതാക്കും. അനന്തമായി കിടക്കുന്ന മഞ്ഞിലേക്ക് നോക്കി കണ്ണിന്റെ രക്തക്കുഴലുകള്‍ തകരാറിലാകുകയും ഇത് താല്‍ക്കാലിക അന്ധതയ്ക്ക് കാരണമാവുകയും ചെയ്യും. ചില സന്ദര്‍ഭങ്ങളില്‍ രക്തക്കുഴലുകള്‍ പൊട്ടിത്തെറിക്കുന്ന അവസ്ഥ വരെ ഉണ്ടായേക്കാം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.