1984 വരെ പുറത്തുനിന്നാരുമെത്തിയില്ല; ലോകത്തെ അമ്പരപ്പിക്കുന്ന അ‍ഞ്ചുതട്ടുള്ള കോൺവീടുകളുടെ ഗ്രാമം

കോണാകൃതിയിലുള്ള വീടുകളാണ് ഇവിടത്തെ ഏറ്റവും വലിയ സവിശേഷത. എംബാരു നിങ് എന്നാണ് ത്രികോണ വീടുകളുടെ പേര്. അഞ്ചു തട്ടുകളായാണ് ഈ വീടുകൾ ഉള്ളത്. ഏറ്റവും താഴത്തെ തട്ടിലാണ് വീട്ടുകാർക്ക് താമസിക്കാനുള്ള സ്ഥലം.

wei rebo village in  Manggarai Regency East Nusa Tenggara and importance of eco tourism

ഫ്‌ളോറൻസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു കൊച്ചു​ഗ്രാമമാണ് വെയ് റീബോ. പരിസ്ഥിതി വിനോദസഞ്ചാരത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഇന്തൊനീഷ്യയുടെ ഭാഗമായ വെയ് റീബോ. വെറും 1200 പേർ മാത്രമാണ് ഇവിടെ താമസിക്കുന്നത്. 1984 വരെ ഈ ഗ്രാമത്തിൽ പുറത്തുനിന്നൊരാൾ എത്തിയിട്ടില്ലായിരുന്നു. ഇപ്പോഴും ഇവിടെയെത്തുകയെന്നത് അൽ‌പം ബുദ്ധിമുട്ടാണ്. അടുത്തുള്ള പട്ടണമായ ലാബുവൻ ബാജുവിൽ നിന്ന് ഏഴുമണിക്കൂറോളം മോട്ടോർ സൈക്കിൾ ടാക്‌സിയിൽ യാത്ര ചെയ്താലേ ഈ ഗ്രാമത്തിൽ എത്താനാവൂ.

കോണാകൃതിയിലുള്ള വീടുകളാണ് ഇവിടത്തെ ഏറ്റവും വലിയ സവിശേഷത. എംബാരു നിങ് എന്നാണ് ത്രികോണ വീടുകളുടെ പേര്. അഞ്ചു തട്ടുകളായാണ് ഈ വീടുകൾ ഉള്ളത്. ഏറ്റവും താഴത്തെ തട്ടിലാണ് വീട്ടുകാർക്ക് താമസിക്കാനുള്ള സ്ഥലം. രണ്ടാമത്തെ തട്ടാണ് തട്ടിൻപുറം. ഇവിടെ ധാന്യങ്ങളും ഭക്ഷണവസ്തുക്കളും ശേഖരിക്കും. മൂന്നാമത്തെ തട്ടായ ലെന്റാറിൽ അടുത്ത കൃഷിക്കായുള്ള വിത്തുകൾ സൂക്ഷിക്കുന്നു. നാലാമത്തെ തട്ടായ ലെംപാ റേയിൽ ക്ഷാമമോ ദുരിതമോ വന്നാൽ അടിയന്തര ഉപയോഗത്തിനായുള്ള ഭക്ഷ്യധാന്യങ്ങളും ശേഖരിക്കും. ഏറ്റവും മുകളിലുള്ള അഞ്ചാമത്തെ തട്ട് ആകട്ടെ പൂർവികർക്കായി കാഴ്ചകൾ സമർപ്പിക്കാനുള്ള ഇടവും.

ഇക്കോടൂറിസത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായാണ് വെയ് റിബെ കണക്കാക്കപ്പെടുന്നത്. പാരിസ്ഥിതികപ്രാധാന്യമുള്ള ഒരു സ്ഥലത്തേക്ക് അവിടത്തെ പരിസ്ഥിതിയെ നശിപ്പിക്കാതെ ഉത്തരവാദിത്തബോധത്തോടെ നടത്തുന്ന വിനോദസഞ്ചാരമാണ് ഇക്കോ ടൂറിസത്തിന്റെ അടിസ്ഥാനം.  വിനോദസഞ്ചാരത്തിൽ നിന്നുള്ള പണമാണ് ഇന്ന് വെയ്‌റിബോ നിവാസികളുടെ പ്രധാന വരുമാനമാർഗം. ദിനം പ്രതി 50 മുതൽ നൂറ് വരെ വിനോദ സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ടെന്നാണ് ടൂറിസം രേഖകൾ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios