ഭൂമിയിൽ സ്ത്രീകളുണ്ടെന്നു പോലുമറിയാതെ കാട്ടിൽ കഴിഞ്ഞത് 40 വർഷം, ഈ 'ടാർസന്റെ' ജീവിതം
വർഷങ്ങളുടെ ഒറ്റപ്പെടൽ അദ്ദേഹത്തിന്റെ ജീവിതത്തെയും, സ്വഭാവത്തെയും വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. അദ്ദേഹത്തിന് ഇപ്പോഴും വിയറ്റ്നാമീസ് മനസിലാക്കാൻ സാധിച്ചിട്ടില്ല. സൂര്യനെ നോക്കിയല്ലാതെ സമയം അളക്കാൻ അറിയില്ല.
കുട്ടിക്കാലം മുതലേ നമ്മൾ കേൾക്കുന്ന കഥയാണ് ടാർസന്റേത്. കാടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന ആ കഥാപാത്രം അമേരിക്കൻ സാഹിത്യകാരനായ എഡ്ഗാർ റൈസ് ബറോസിന്റെ സൃഷ്ടിയാണ്. എന്നാൽ, യഥാർത്ഥ ജീവിതത്തിലും അങ്ങനെ ഒരു ടാർസൺ ഉണ്ടായാലോ? ഹോ വാൻ ലാംഗ് എന്നാണ് അദ്ദേഹത്തിന്റെ പേര്. വിയറ്റ്നാം കാടുകളിൽ നാല്പത് വർഷത്തോളം ഒറ്റപ്പെട്ട് കഴിഞ്ഞു ഇയാൾ. എന്നാൽ, ഈ ടാർസനെ സംബന്ധിച്ചിടത്തോളം, അദ്ദേഹം ഒറ്റക്കായിരുന്നില്ല, മറിച്ച് അദ്ദേഹത്തിനൊപ്പം അദ്ദേഹത്തിന്റെ അച്ഛനുമുണ്ടായിരുന്നു. എന്നാൽ, ഋഷ്യശൃംഗന്റെ കഥ പോലെ സ്ത്രീകൾ ഉണ്ടെന്ന് അറിയാതെയാണ് അദ്ദേഹം അത്രയും വർഷം വനത്തിൽ കഴിഞ്ഞത്.
ലാങ്ങിന്റെ പിതാവ് ഹോ വാൻ ഒരു സൈനികനായിരുന്നു. 1972 -ൽ വിയറ്റ്നാം യുദ്ധസമയത്ത് യുഎസ് സൈന്യം അദ്ദേഹത്തിന്റെ വീട്ടിൽ ബോംബാക്രമണം നടത്തി. ആ ദുരന്തത്തിൽ ഭാര്യയെയും, രണ്ട് മക്കളെയും അദ്ദേഹത്തിന് നഷ്ടമായി. എന്നാൽ, അദ്ദേഹവും മൂന്ന് വയസ്സുള്ള ലാങ്ങും, ട്രൈ എന്ന് പേരുള്ള മറ്റൊരു മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇനി അവിടെ നിൽക്കുന്നത് അപകടമാണ് എന്നു മനസ്സിലാക്കിയ ആ നാല്പതുകാരൻ ലാങ്ങിനെയും കൊണ്ട് പ്രാണഭയത്തോടെ കാട് കയറി. ട്രൈയെ അവന്റെ അമ്മയുടെ സഹോദരനും കൊണ്ട് പോയി. പിന്നീട് അച്ഛനും മകനും 40 വർഷത്തിലേറെ കാലം കാട്ടിൽ കഴിഞ്ഞു. അവർ മരം ഉപയോഗിച്ച് വീട് പണിതു. നദിയിൽ നിന്ന് വെള്ളം എടുത്തു. കൂടാതെ കാട്ടിലെ മൃഗങ്ങളെ വേട്ടയാടിയും, തേനും ഫലങ്ങളും ഭക്ഷിച്ചും വിശപ്പടക്കി. 2013 വരെ അവർ അവിടെ ജീവിച്ചു. പിന്നീട് നാട്ടുകാർ അവരെ കണ്ടെത്തുകയും അധികാരികളെ അറിയിക്കുകയും ചെയ്തു. അതിനെ തുടർന്ന് ലാങ്ങിനെ ആളുകൾ കാട്ടിൽ നിന്ന് പുറത്തെടുത്തു.
ഇന്ന് ലാങ് കാടുപേക്ഷിച്ചിട്ട് എട്ടു വർഷമായി. പിതാവ് മരിച്ചതിനുശേഷം, ഇപ്പോൾ 51 വയസുള്ള ലാങ്, ഇളയ സഹോദരൻ ട്രൈക്കൊപ്പമാണ് താമസിക്കുന്നത്. ഇപ്പോഴും ആളുകളുമായി ഇടപെടാൻ അദ്ദേഹത്തിന് മടിയാണ്. മറ്റുള്ളവരെ കണ്ടാൽ അദ്ദേഹം ഒന്ന് ചിരിക്കും അത്ര തന്നെ. താൻ താമസിച്ചിരുന്ന വനത്തിന്റെ അരികെ പച്ചക്കറികളും പഴങ്ങളും വളർത്തിക്കൊണ്ട് അദ്ദേഹം ഇന്ന് ഉപജീവനമാർഗം തേടുന്നു. "ചേട്ടന് എപ്പോഴും കാടിന്റെ ഓർമ്മയാണ്. ദിവസത്തിൽ കൂടുതൽ സമയവും ചേട്ടൻ കാട്ടിലാണ്. അവിടെ നട്ട് വളർത്തിയ പഴങ്ങളും പച്ചക്കറികളും പ്രദേശവാസികൾക്ക് വിറ്റാണ് ചേട്ടൻ ജീവിക്കുന്നത്" ഇളയ സഹോദരൻ ഹോ വാൻ ട്രൈ പറഞ്ഞു.
വർഷങ്ങളുടെ ഒറ്റപ്പെടൽ അദ്ദേഹത്തിന്റെ ജീവിതത്തെയും, സ്വഭാവത്തെയും വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. അദ്ദേഹത്തിന് ഇപ്പോഴും വിയറ്റ്നാമീസ് മനസിലാക്കാൻ സാധിച്ചിട്ടില്ല. സൂര്യനെ നോക്കിയല്ലാതെ സമയം അളക്കാൻ അറിയില്ല. സാങ്കേതികവിദ്യയുമായി ഇപ്പോഴും വഴക്കിലാണ്. സ്ത്രീകളെ കുറിച്ച് നാട്ടിൽ വരുന്ന വരെ അദ്ദേഹത്തിന് അറിവില്ലായിരുന്നു, കാരണം അച്ഛൻ ഒരിക്കലും അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. “ഇന്നും അതിശയിപ്പിക്കുന്ന കാര്യം, പുരുഷന്മാരെയും സ്ത്രീകളെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിലും, അവർ തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന് ഇപ്പോഴും അറിയില്ല” സഹോദരൻ പറഞ്ഞു.
ഒരു മനുഷ്യന്റെ ശരീരവും കുഞ്ഞിന്റെ മനസ്സുമാണ് ലാങ്ങിന് എന്ന് ട്രൈ പറയുന്നു. “ആരെയെങ്കിലും അടിക്കാൻ പറഞ്ഞാൽ ചേട്ടൻ എന്തിനെന്ന് പോലും ചോദിക്കാതെ അടിച്ച് കൊല്ലാറാക്കും. നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം ചേട്ടനറിയില്ല" ട്രൈ പറഞ്ഞു. എന്നിരുന്നാലും, താൻ കണ്ടുമുട്ടിയതിൽ വച്ച് ഏറ്റവും ശാന്തനായ വ്യക്തി ലാങ് ആണെന്നും അദ്ദേഹം പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona