സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ട പൊതുവിടത്തിൽ, ജീവൻ നഷ്ടപ്പെട്ട സൗമ്യയ്ക്കും നിർഭയയ്ക്കും വേണ്ടിയുള്ള കിടാവിളക്കിനും നീർമാതളത്തിന്റെ ചുവട്ടിൽ തിരിതെളിച്ചു.

തിരുവനന്തപുരത്തിന്റെ സാംസ്കാരികമേഖലയിൽ വലിയ പ്രാധാന്യമുള്ള ഒരിടമാണ് മാനവീയം വീഥി. അതിൽ‌ തന്നെ മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയുടെ ഓർമ്മയുണർത്തുന്ന നീർമാതളം ഇടവും. മാധവിക്കുട്ടിയുടെ ഓർമ്മയ്ക്കായി എഴുത്തുകാരി സു​ഗതകുമാരിയാണ് ഈ നീർമ്മാതളം നട്ടത്. ഈ ഇടം ഇപ്പോൾ അറിയപ്പെടുന്നത് 'പഞ്ചമി പെണ്ണിടം' എന്നാണ്. 

സ്വതവേ പൊതുവിടങ്ങൾ കുറവാണ് സ്ത്രീകൾക്ക്. എന്നാൽ, ഒറ്റയ്ക്കും ഒരുമിച്ചും ഇരിക്കാനും കൂട്ടായ്മകളിൽ തങ്ങളെ തന്നെ പ്രകടിപ്പിക്കാനും സ്ത്രീകൾക്കായി ഒരിടം എന്ന നിലയിലേക്ക് 'പഞ്ചമി പെണ്ണിടം' മാറുകയാണ്. തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിച്ച വനിതാ ജങ്ഷന്റെ ജില്ലാതല പരിപാടികൾ അരങ്ങേറിയതും ഇവിടെ തന്നെ. പാട്ടും നൃത്തവും അടക്കം വിവിധ പരിപാടികളുമായി സ്ത്രീകൾ ഇവിടെ ഒത്തുചേർന്നു. ചിത്രങ്ങൾ കാണാം. 

വനിതാ ജങ്ഷൻ: ജില്ലാ പഞ്ചായത്തിന്റെ ജ്വാലാ പ്രൊജക്ടിന്റെ ഭാ​ഗമായി നടത്തിയ പരിപാടിയാണ് വനിതാ ജങ്ഷൻ. പ്രൊജക്ടിന്റെ ഭാ​ഗമായി നടത്തിയ 'സ്ത്രീ അവസ്ഥാ പഠന'ത്തിന്റെ ഭാ​ഗമായി നടന്ന സർവേയിൽ ഭൂരിഭാ​ഗം സ്ത്രീകൾക്കും പറയാനുണ്ടായിരുന്നത് ഒരേ കാര്യമാണ്- സ്ത്രീകൾക്ക് പൊതുവിടങ്ങളില്ല. അങ്ങനെയാണ് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലെയും പ്രധാന ജങ്ഷനുകളിൽ 'വനിതാ ജങ്ഷൻ' പരിപാടി സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ നവംബറിൽ ജില്ലയിലെ പഞ്ചായത്തുകളിൽ ആരംഭിച്ച പരിപാടിയുടെ താൽക്കാലിക സമാപനത്തിന് വേദിയായത് പഞ്ചമി പെണ്ണിടം.

നിരവധി സ്ത്രീകളാണ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തത്. കാണികളായി നൂറുകണക്കിന് സ്ത്രീകള്‍ വേറെയും.

വിവിധ പഞ്ചായത്തുകളിൽ നടന്ന പരിപാടിയിൽ 60 വയസിന് മുകളിൽ പ്രായമുള്ളവർ വരെ ആടിയും പാടിയും പങ്കെടുത്തു. അതിൽ ആദ്യമായി മൈക്ക് കയ്യിലെടുക്കുന്നവർ വരേയുമുണ്ടായി. 

ജില്ലാതല വനിതാ ജങ്ഷന്റെ വിളംബര ജാഥ മാനവീയം വീഥിയിൽ നീർമാതളത്തിന്റെ ചുവട്ടിലെത്തിച്ചേർന്നപ്പോൾ അയ്യങ്കാളിയുടെ കൈപിടിച്ചെത്തിയ പഞ്ചമിയുടെ സ്കൂൾ പ്രവേശനം ഓർമ്മിപ്പിക്കുന്ന വില്ലുവണ്ടിയുണ്ടായി. നൂറുകണക്കിന് സ്ത്രീകൾ അതിനെ അനു​ഗമിച്ചു.

ചിത്രകാരിയായ ജിഷിമോൾ പഞ്ചമി പെണ്ണിടത്തിൽ പഞ്ചമിയുടെയും അയ്യങ്കാളിയുടെയും ചിത്രം വരച്ചു. വിവിധ കലാപരിപാടികളും കലാജാഥയും നടന്നു. 

സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ട പൊതുവിടത്തിൽ, ജീവൻ നഷ്ടപ്പെട്ട സൗമ്യയ്ക്കും നിർഭയയ്ക്കും വേണ്ടിയുള്ള കിടാവിളക്കിനും നീർമാതളത്തിന്റെ ചുവട്ടിൽ തിരിതെളിച്ചു.

ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ പൂർണമായും സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങി സംഘടിപ്പിച്ച് വിജയിപ്പിച്ച പരിപാടികൾക്ക് താൽക്കാലിക സമാപനമായി.

എങ്കിലും, ഇനിയും 'പഞ്ചമി പെണ്ണിട'ത്തിന് ഇതുപോലെ അനേകം പരിപാടികൾക്കും സ്ത്രീകൂട്ടായ്മകൾക്കും സാക്ഷ്യം വഹിക്കാനുണ്ട് എന്ന് തന്നെയാണ് സംഘാടകർ പറയുന്നത്.