രോഗശാന്തിക്കും 'ദുരാത്മാക്കളെ' അകറ്റാനും ആൺകുട്ടികളുടെ മൂത്രം..?
പരമ്പരാഗത ചൈനീസ് പ്രസവാനന്തര ശുശ്രൂഷയിൽ, ആൺകുട്ടിയുടെ മൂത്രം ചിലപ്പോൾ അമ്മമാർ കഴിക്കുന്ന സൂപ്പുകളിൽ ചേർക്കാറുണ്ട്.
ആൺകുട്ടികളുടെ മൂത്രത്തിന് പലതരം ഔഷധഗുണങ്ങളും ശക്തികളും ഉണ്ടെന്നാണ് പരമ്പരാഗത ചൈനീസ് സംസ്കാരത്തിലെ വിശ്വാസം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ശരീരത്തിന് കൂടുതൽ ഊർജ്ജം നൽകുക, പനി കുറയ്ക്കുക തുടങ്ങിയ ആരോഗ്യഗുണങ്ങൾ മുതൽ ദുരാത്മാക്കളെ അകറ്റുന്നതിനും ഭാഗ്യം വർദ്ധിപ്പിക്കുന്നതിനും വരെ ആൺകുട്ടികളുടെ മൂത്രം സഹായകരമാണ് എന്നാണ് ചൈനയിലെ ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നത്
ഇവരുടെ വിശ്വാസപ്രകാരം 10 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ മൂത്രത്തിനാണ് ഏറ്റവും കൂടുതൽ ഫലം. അതിൽ തന്നെ ഒരു ആൺകുട്ടി ജനിച്ച് ഒരു മാസം തികയുന്നതിന് തൊട്ടു മുൻപത്തെ ദിവസം പ്രഭാതത്തിൽ ഒഴിക്കുന്ന മൂത്രത്തിന് കൂടുതൽ ഗുണങ്ങൾ ഉണ്ടെന്ന് ഇവർ പറയുന്നു. പുരുഷത്വത്തെയും അനന്തമായ ചൈതന്യത്തെയും പ്രതിനിധീകരിക്കുന്ന ഒരു പോസിറ്റീവ് ഊർജ്ജം ആൺകുട്ടികളിൽ ഉണ്ട് എന്ന പരമ്പരാഗത വിശ്വാസത്തിൽ നിന്നാണ് പുണ്യമായി കരുതി മൂത്രം ശേഖരിക്കുന്ന സമ്പ്രദായം ആരംഭിച്ചത്.
മിംഗ് രാജവംശത്തിലെ ജിയാജിംഗ് ചക്രവർത്തി (1368-1644) നിത്യജീവൻ തേടി തന്റെ അമൃത് തയ്യാറാക്കാൻ ഇത് ഉപയോഗിച്ചിരുന്നു. അന്നുമുതലേ ഈ പാരമ്പര്യം പിന്തുടരുന്നുണ്ടത്രെ. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രം മനുഷ്യമൂത്രത്തിന്റെ ഉപയോഗം വളരെക്കാലമായി അവതരിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന്, മൂത്രം കൊണ്ട് നിർമ്മിച്ച പ്രശസ്തമായ ചൈനീസ് മരുന്നായ റെൻ സോങ് ബായ്, ചൂട് നീക്കം ചെയ്യാനും വീക്കം കുറയ്ക്കാനും രക്തസ്രാവം നിർത്താനും പേരുകേട്ടതാണ്.
പരമ്പരാഗത ചൈനീസ് പ്രസവാനന്തര ശുശ്രൂഷയിൽ, ആൺകുട്ടിയുടെ മൂത്രം ചിലപ്പോൾ അമ്മമാർ കഴിക്കുന്ന സൂപ്പുകളിൽ ചേർക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് പ്രസവശേഷം സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചൂട് കുറയ്ക്കാനും നീര്, വീക്കം എന്നിവ ഇല്ലാതാക്കാനും നല്ലതാണെന്നാണ് അവർ വിശ്വസിക്കുന്നത്. ഇതിനെല്ലാം പുറമേ ആൺകുട്ടികളുടെ മൂത്രം പ്രത്യേക പാത്രങ്ങളിലാക്കി വീടുകളിൽ സൂക്ഷിക്കുന്നത് ഭാഗ്യം കൊണ്ടു വരുന്നതിനും ചീത്ത ശക്തികളെ വീട്ടിൽ നിന്നും പുറത്താക്കുന്നതിനും ഉത്തമമാണ് എന്ന് വിശ്വസിക്കുന്നവരുമുണ്ട്.
ഈ പാരമ്പര്യത്തിന്റെ ഫലപ്രാപ്തിയെ പിന്തുണയ്ക്കുന്ന ആധുനിക ശാസ്ത്രീയ തെളിവുകളൊന്നുമില്ല എന്നതാണ് സത്യം. പക്ഷേ, ഇന്നും ചിലരൊക്കെ ഇത് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നു എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
വായിക്കാം: വെറുമൊരു ഗ്ലാസ് കഷ്ണമെന്ന് കരുതി തള്ളിക്കളഞ്ഞു, കയ്യിൽ കിട്ടിയത് ഒന്നാന്തരം വജ്രം..!