ഒരു രാജ്യം മൊത്തമായി വാടകയ്ക്ക്, പക്ഷേ, ദിവസ വാടക അല്പം കൂടും; അറിയാം ആ യൂറോപ്യന്‍ രാജ്യത്തെ
രാജ്യം വാടകയ്ക്ക് എടുക്കുന്ന ആള്‍ക്ക് വേണ്ടി തെരുവുകളില്‍ ബോര്‍ഡുകൾ ഉയരും. എന്തിന് ഭരണാധികാരി തന്നെ രാജ്യത്തിന്‍റെ താക്കോലുകൾ വ്യക്തിപരമായി അതിഥികൾക്ക് കൈമാറുകയും ചെയ്യും.
വീടുകളും വാഹനങ്ങളും തുടങ്ങി ആവശ്യമായ എല്ലാ നിത്യോപയോഗ സാധനങ്ങളും ഇന്ന് ആളുകൾ വാടകയ്ക്ക് എടുക്കുന്നത് സാധാരണമാണ്. എന്തിനേറെ പറയുന്നു ലോകത്തിന്‍റെ ചില ഭാഗങ്ങളിൽ കാമുകി കാമുകന്മാരെ പോലും വാടകയ്ക്ക് ലഭിക്കും. എന്നാൽ, ഒരിക്കൽ ഒരു രാജ്യം മുഴുവനായി വാടകയ്ക്ക് ലഭ്യമായിരുന്നതായി നിങ്ങൾക്കറിയാമോ? സംശയിക്കേണ്ട അങ്ങനെ ഒരു രാജ്യം ഉണ്ടായിരുന്നു. 'ലിച്ചെൻസ്റ്റീൻ' എന്നാണ് ആ വാടക രാജ്യത്തിന്‍റെ പേര്. 2011 -വരെ ഈ രാജ്യം ഒരു രാത്രി താമസത്തിനായി ആളുകൾക്ക് വാടകയ്ക്ക് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു.
സ്വിറ്റ്സർലൻഡിനും ഓസ്ട്രിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു യൂറോപ്യൻ രാജ്യമാണ് ഇത്. ഏകദേശം 40,000 ആളുകൾ മാത്രമാണ് ഈ രാജ്യത്തുള്ളത്. 2011 -വരെയാണ് ലിച്ചെൻസ്റ്റീൻ ആളുകൾക്ക് വാടകയ്ക്ക് ലഭ്യമായിരുന്നത്. എന്നാല്‍ പിന്നീടത് നിർത്തലാക്കി. ഒരു രാത്രി താമസിക്കാൻ ഒരു രാജ്യം മുഴുവൻ വാടകയ്ക്ക് എടുക്കുന്നതിന് എത്ര രൂപ ചെലവാകുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം? 70,000 ഡോളർ (ഏകദേശം 60 ലക്ഷം രൂപ) ആയിരുന്നു ഒരു ദിവസത്തെ വാടകയായി ഈടാക്കിയിരുന്നത്. ജനപ്രിയ ഓൺലൈൻ പ്ലാറ്റ്ഫോം ആയ AirBNB -യിൽ ലിസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു ഈ രാജ്യം ആളുകൾക്ക് വാടകയ്ക്ക് എടുക്കാനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നത്.
'അഭയാര്‍ത്ഥികൾ ഇവിടുണ്ട്'; ഇന്ത്യൻ വിദ്യാർത്ഥികളെ പരിഹസിച്ച് കനേഡിയൻ പൌരൻ; വിമർശനവുമായി സോഷ്യൽ മീഡിയ
ലിച്ചെൻസ്റ്റീനെ വാടകയ്ക്ക് എടുക്കുന്നവർക്ക് ലഭ്യമായിരുന്നത് ആഡംബര സൗകര്യങ്ങൾ ആയിരുന്നു. രാജ്യം ബുക്ക് ചെയ്യുന്നവരെ രാജ്യത്തിന്‍റെ അതിഥികളായി കണക്കാക്കുകയും അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു നൽകുകയും ചെയ്യും. തെരുവുകളിൽ അവരുടെ വരവറിയിച്ച് കൊണ്ടുള്ള പ്രത്യേക ബോർഡുകൾ സ്ഥാപിക്കും. ചരിത്ര പ്രാധാന്യമുള്ള കോട്ടകൾ ഉൾപ്പെടെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകളിലേക്ക് ഇത്തരം അതിഥികൾക്ക് അനിയന്ത്രിതമായ പ്രവേശനം നൽകും.
ലിച്ചെൻസ്റ്റൈനിലെ ഭരിക്കുന്ന ഭരണാധികാരി തന്നെ രാജ്യത്തിന്‍റെ താക്കോലുകൾ വ്യക്തിപരമായി അതിഥികൾക്ക് കൈമാറുകയും ചെയ്യുമായിരുന്നു. അതിഥികൾക്ക് അവരുടെ സ്വകാര്യ പരിപാടികൾ രാജ്യത്ത് വച്ച് ആഘോഷിക്കാനുള്ള സൌകര്യവും ചെയ്ത് കൊടുക്കും. ഈ അതുല്യമായ അവസരം ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് തോന്നുമെങ്കിലും, നിർഭാഗ്യവശാൽ 2011 മുതൽ രാജ്യം വാടകയ്ക്ക് നൽകുന്ന പരിപാടി ലിച്ചെൻസ്റ്റീ നിര്‍ത്തലാക്കി.. @geoallday എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അടുത്തിടെ പങ്കിട്ട ഒരു വൈറൽ വീഡിയോയാണ് ഈ അപൂർവ അനുഭവത്തെ വീണ്ടും ആളുകളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.