അഹ്മദ് ഫറാസ്: പൂ മണമുള്ള ഗസല്‍; തീച്ചൂടുള്ള കവിത
ഉര്‍ദു കാവ്യ പ്രപഞ്ചത്തില്‍ കാല്‍പനികതയുടെ വര്‍ണപട്ടം പറത്തുകയും വിപ്ലവത്തിന്റെ കൊടിയുയര്‍ത്തുകയും ചെയ്ത അഹ്മദ് ഫറാസിന്റെ വേര്‍പാടിന് നാളെ 12 വര്‍ഷം തികയുന്നു.
ഫറാസിന്റെ കവിതകള്‍ ലോകത്ത് മുഴുക്കെ വിഹരിച്ചു. ഒപ്പം ഫറാസ് എന്ന പേരും. ഒരിക്കല്‍ അമേരിക്കയില്‍ വെച്ചൊരു മുഷായറയില്‍ അദ്ദേഹം പങ്കെടുത്തു. കവിതകളുടെ അവതരണമൊക്കെ കഴിഞ്ഞ് ഓട്ടോഗ്രാഫിനായുള്ള തിക്കും തിരക്കും തുടങ്ങി. ആരാധകര്‍ക്കിടയില്‍ നിന്ന് ഒരു ചെറുപ്പക്കാരി ഓട്ടോഗ്രാഫ് നീട്ടി. ഓട്ടോഗ്രാഫിലെഴുതാനായി അദ്ദേഹം പേരു ചോദിച്ചു. 'ഫറാസാ' എന്നായിരുന്നു അവളുടെ മറുപടി. ഇതെന്തു പേരാണ് എന്നായി അദ്ദേഹത്തിന്റെ ചോദ്യം. അഹ്മദ് ഫറാസിന്റെ ആരാധകരായിരുന്ന അച്ഛനുമമ്മയും തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് ഫറാസ് എന്നു പേരിടണമെന്നു കരുതിയത്രെ. എന്നാല്‍, അവരുടെ പ്രതീക്ഷ തെറ്റിച്ചു പിറന്ന പെണ്‍കുഞ്ഞിന് പേരില്‍ അല്പം മാറ്റം വരുത്തി ഫറാസാ എന്ന് പേരിടുകയായിരുന്നത്രെ.
മെരാ ഖലം തൊ അമാനത് ഹെ മെരെ ലോഗോം കി
മെരാ ഖലം തൊ അദാലത് മെരെ സമീര്‍ കി ഹെ
ഇസി ലിയെ തൊ ജൊ ലിഖാ തപക് എ ജാന്‍ സെ ലിഖാ
ജഭി തൊ ലോച് കമാന്‍ കാ സബാന്‍ തീര്‍ കി ഹെ
എന്റെ തൂലിക എന്റെ ജനങ്ങള്‍ എന്നില്‍ വിശ്വസിച്ചേല്‍പ്പിച്ചതാണ്
എന്റെ തൂലിക എന്റെ തന്നെ മനസ്സാക്ഷിക്കോടതിയാണ്
ഞാനെഴുതിയതൊക്കെ ആര്‍ജവത്തോടിരിക്കുന്നത് അതിനാലാണ്
അതിനാലാണ് അതിനെ് വില്ലിന്റെ മുറുക്കവും അമ്പിന്റെ നാവുമുള്ളത്
ഫൈസ് അഹ്മദ് ഫൈസിനും സര്‍ദാര്‍ അലി ജാഫ്രിക്കും പിറകെ ജനമനസുകളില്‍ പ്രതിഷ്ഠ നേടിയ കാല്പനിക കവി അഹ്മദ് ഫറാസ് സ്വന്തം കവിതകളെ വിലയിരുത്തിയത് ഇപ്രകാരമാണ്. പ്രണയ കാല്പനികതയും വിപ്ലവത്തീയും ഒരുപോലെ കവിതകളില്‍ പടര്‍ത്തിയ അഹ്മദ് ഫറാസിന് കവിത ഇപ്രകാരമായിരുന്നു. രഞ്ജിഷ് ഹി സഹി, ഷോലാ ഥാ, അബ് കെ ഹം ബിച്ഛ്ഡേ തുടങ്ങി നമ്മളറിയുന്ന ഫറാസിന്റെ ഗസലുകള്‍ പ്രണയത്തിന്റെ വിവിധ ഭാവങ്ങളെ ആസ്വാദകന്റെ മനസിലേക്ക് നിറക്കുന്നതായിരുന്നു. കാല്‍പനിക കവിയെന്ന് പാടിപ്പുകഴ്ത്തുമ്പോഴും ഉള്ളില്‍ തീയുള്ള കവിയായിരുന്നു ഫറാസ്. അനീതി കാണുമ്പോഴൊക്കെയും അത് ആളിക്കത്തി. കവിതകള്‍ക്ക് അമ്പിന്റെ മൂര്‍ച്ച കൈവന്നു.
1931 ജനുവരി 12 നാണ് അദ്ദേഹത്തിന്റെ ജനനം. സയ്യിദ് അഹ്മദ് ഷാ എന്നായിരുന്നു യഥാര്‍ഥ പേര്. പിന്നീട് ഫറാസ് എന്ന തൂലികാ നാമം സ്വീകരിച്ചു. ജീവിതത്തില്‍ അവഗണന നേരിട്ടു എന്നു തോന്നിയ സന്ദര്‍ഭത്തിലായിരുന്നു ആദ്യ കവിത പിറക്കുന്നത്. അന്ന് ഫറാസ് ഒന്‍പതാം ക്ലാസിലാണ്. ആ വര്‍ഷത്തെ ചെറിയപെരുന്നാളിന് വീട്ടിലെല്ലാവര്‍ക്കും പുതുവസ്ത്രങ്ങളെടുത്തിട്ടുണ്ട്. ഒന്നാം ക്ലാസുകാരനായ അനിയന്റെ വസ്ത്രത്തേക്കാള്‍ മോശം വസ്ത്രമാണ് തനിക്ക് ലഭിച്ചതെന്നും താന്‍ അവഗണിക്കപ്പെട്ടു എന്നും തോന്നിയപ്പോഴാണ് ആദ്യ ശേര്‍ ഉരുവം കൊണ്ടത്.
ജബ് കെ സബ് കെ വാസ്തെ ലായെ ഹെ കപ്ടെ സാലെ സെ
ലായെ ഹെ മെരെ ലിയെ ഖൈദി കാ കംബല്‍ ജെയ്ല് സെ
എല്ലാവര്‍ക്കും അഴകുള്ള വസ്ത്രം കൊണ്ടു വന്നിരിക്കുന്നു
എനിക്കാകട്ടെ തടവു പുള്ളികളുടെ വസ്ത്രവും.
പിറ്റേ വര്‍ഷമാണ് അഹ്മദ് ഫറാസ് എന്ന കവിയുടെ ജനനത്തില്‍ പ്രധാന പങ്കുവഹിച്ച സംഭവമുണ്ടാകുന്നത്.
ഫറാസ് പത്താം ക്ലാസിലേക്കെത്തിയിരുന്നു. മകന്റെ പഠനം കൂടുതല്‍ മെച്ചപ്പെടുത്താനായി പത്താം ക്ലാസില്‍ പഠിക്കുന്ന ബന്ധുവായ പെണ്‍കുട്ടിക്കൊപ്പം ഒരുമിച്ചു പഠിക്കാനായി ഫറാസിനെ രക്ഷിതാക്കള്‍ ചുമതലപ്പെടുത്തി. ഉര്‍ദു നന്നായി പഠിക്കുമായിരുന്ന അവളുമൊത്തിരുന്നായി പിന്നെ പഠനം. ഇടയ്ക്കൊരിക്കല്‍ അവള്‍ 'നമുക്ക് ബൈത്ബാസി (അന്താക്ഷരി) കളിച്ചാലോ?' എന്നൊരു ചോദ്യവുമായി ഫറാസിനടുത്തെത്തി. ഫറാസിനാണെങ്കില്‍ ബൈത് ബാസിയുടെ നിയമാവലികള്‍ അത്ര വശമില്ലായിരുന്നു. അവളുടെ ചോദ്യത്തിനു മുന്‍പില്‍ ഫറാസ് ഒന്നന്ധാളിച്ചു നിന്നു. അവള്‍ നിയമങ്ങള്‍ സൂക്ഷ്മമായി ഫറാസിനെ പഠിപ്പിച്ചു. തുടര്‍ന്ന് ബൈത്ബാസി അരങ്ങേറി. മര്യാദക്ക് ഒരു ശേറു പോലുമറിയാത്ത ഫറാസുണ്ടോ ഉര്‍ദു സാഹിത്യത്തില്‍ നല്ല അറിവുള്ള കസിനോട് ജയിക്കുന്നു!
തോല്‍വി തന്നെ ഫലം. ഓരോ തവണ ബൈത് ബാസി ആവര്‍ത്തിക്കുമ്പോഴും ഫറാസ് തോറ്റുകൊണ്ടേയിരുന്നു. ഒടുവില്‍ അല്പം ശേറുകളൊക്കെ സമയമെടുത്ത് പഠിച്ചായി പോരാട്ടം. പിന്നെയും തോല്‍വി തന്നെയായിരുന്നു ഫലം. ഒടുവില്‍ വിജയിക്കാനായി ഫറാസ് ഒരു വഴി കണ്ടെത്തി. നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ പുതു കവിതകള്‍ സ്വയം രചിക്കുക എന്നതായിരുന്നു അദ്ദേഹം കണ്ടെത്തിയ വഴി. ബൈത്ബാസികളില്‍ ഫറാസ് ജയിക്കുന്നതാണ് പിന്നെ കണ്ടത്. ഏതോ വലിയ കവികളുടെ ശേറുകളാണെന്നു കരുതി സഹോദരി, ഫറാസ് പടച്ചുണ്ടാക്കുന്ന മീറ്ററും പ്രാസവുമൊത്ത കവിതകളെ അംഗീകരിക്കുകയും ചെയ്തു.
ഫറാസ് എന്ന കവിയുടെ ജനനത്തില്‍ ഈയൊരു സംഭവം നാഴികക്കല്ലായി. പിന്നീട് ആ തൂലികയില്‍ നിന്ന് കവിതകള്‍ വിരിഞ്ഞുകൊണ്ടേയിരുന്നു. ബിരുദ പഠനത്തിനായി അദ്ദേഹം പെഷവാറിലെ എഡ്വാര്‍ഡ് കോളേജിലാണ് പോയിരുന്നത്. കാമ്പസിലെ മികച്ച കവിയായി അദ്ദേഹം അന്ന് അറിയപ്പെട്ടു. ആയിടയ്ക്കാണ് ഗുജറാത്തിലെ ഒരു കോളേജില്‍ നിന്ന് മുഷായിറ മത്സരത്തിലേക്കുള്ള ക്ഷണവുമായി കോളേജില്‍ ഒരു കത്തു വരുന്നത്. ഒരു ഇംഗ്ലീഷുകാരനായിരുന്നു പ്രിന്‍സിപ്പല്‍. ഫറാസ് അറിയാവുന്ന ഇംഗ്ലീഷൊപ്പിച്ച് പറഞ്ഞ് പ്രിന്‍സിപ്പലിനെ കയ്യിലെടുത്ത് മുഷായറിക്ക് പോകാനുള്ള അനുമതി വാങ്ങി. അപ്പോഴാണ് മറ്റൊരു പ്രശ്നമുദിക്കുന്നത്. ടീമായാണ് മുഷായറ മത്സരം. ഫറാസിനൊപ്പം പോകാന്‍ കവികളില്ല. ഉടന്‍ തന്നെ തന്റെ സുഹൃത്തിനെ ഫറാസ് അടുത്തു വിളിച്ചു. ഒരു കഷണം കടലാസില്‍ ഒരു കവിതയെഴുതി കയ്യില്‍ കൊടുത്ത് അതുമായി പ്രിന്‍സിപ്പലിനെ കാണാന്‍ പോകാനാവശ്യപ്പെട്ടു. ശ്രമങ്ങള്‍ക്കൊടുവില്‍ ഇരുവരും ഗുജറാത്തിലേക്ക് യാത്രയായി.
മുഷായറയില്‍ ഫറാസ് കശ്മീരിനെക്കുറിച്ചുള്ള കവിതയാണ് ചൊല്ലിയത്.
തഖ്രീബെ ഗുലിസ്താന്‍ ഹോതി ഹെ താമീറെ ഗുലിസ്താന്‍ സെ പെഹ്ലെ
(സൃഷ്ടിപ്പിനും മുന്‍പ് പൂന്തോട്ടത്തിന്റെ നാശം സംഭവിക്കുന്നു) എന്നു തുടങ്ങുന്ന കവിതയായിരുന്നു അത്. ഒന്നാം സമ്മാനവും നേടിയാണ് അദ്ദേഹം അവിടുന്ന് മടങ്ങുന്നത്.
കവിയുടെ ഉയര്‍ച്ചയിലെ പടവുകളില്‍ ഒന്ന് മാത്രമായിരുന്നു അത്. പ്രണയവും രോഷവും അദ്ദേഹത്തിന്റെ കവിതകളില്‍ ജ്വലിച്ചു. മെഹ്ദി ഹസനെ പോലുള്ള ഗസല്‍ ഗായകര്‍ അദ്ദേഹത്തിന്റെ ഗസലുകള്‍ ആളുകള്‍ക്കിടയിലേക്ക് പരത്തി. ഗസലുകളില്‍ അദ്ദേഹം ഒരു ഒറ്റയാന്‍ തന്നെയായിരുന്നു. ഗസലുകളില്‍ അസാമാന്യമായ രചനാപാടവം അദ്ദേഹം പുലര്‍ത്തി. ഒപ്പം, ശക്തമായ കവിതകളും അദ്ദേഹമെഴുതി.
അധികാരി വര്‍ഗം അദ്ദേഹത്തിന്റെ തൂലികയുടെ ചൂട് നന്നായറിഞ്ഞിട്ടുണ്ട്. ഫൈസ് അഹ്മദ് ഫൈസ് ആയിരുന്നു അദ്ദേഹത്തിന്റെ റോള്‍മോഡല്‍ എന്നിരിക്കെ അങ്ങനെയല്ലാതെയാവാന്‍ തരമില്ലല്ലോ. 1976 -ല്‍ പാകിസ്താന്‍ അക്കാദമി ഓഫ് ലെറ്റേഴ്സില്‍ പ്രൊജക്ട് ഡയറക്ടറായി അദ്ദേഹം നിയമിതനായിരുന്നു. 1977 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിലെ മുഖ്യാതിഥി ആയി അദ്ദേഹം ക്ഷണിക്കപ്പെട്ടു. ആ വേദിയില്‍ അദ്ദേഹം തന്റെ പെഷവാര്‍ ഖാതിലോ (professional killers) എന്ന കവിത ചൊല്ലി. സുല്‍ഫിക്കര്‍ അലി ഭൂട്ടോ ഗവണ്മെന്റിനെതിരെയുള്ള ശക്തമായ വിമര്‍ശനങ്ങളായിരുന്നു ആ കവിതയില്‍. ആ ദിവസം പാതിരാത്രിയില്‍ തന്നെ പൊലീസ് എത്തി ഫറാസിനെ കൊണ്ടു പോയി.പതിനഞ്ചു ദിവസത്തിനു ശേഷം, നൂര്‍ജഹാനെ പോലുള്ള പ്രമുഖരുടെ ഇടപെടലിനെ തുടര്‍ന്നാണ് അദ്ദേഹം പുറത്തിറങ്ങുന്നത്.
എഴുത്തുകള്‍ വീണ്ടും ജയില്‍വാസത്തിന് കാരണമാകുമോ എന്ന ചിന്ത അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിരുന്നേ ഇല്ല. പിന്നീട് ജനറല്‍ സിയാഉല്‍ ഹഖിന്റെ കാലത്ത് 'മഹസറ' എന്നകവിതകൂടി വിവാദമായി. ഒടുവില്‍ സ്വയം നാടുകടത്തപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ വിധി. പിന്നീട് വര്‍ഷങ്ങളോളം അദ്ദേഹം യൂറോപ്പിലായിരുന്നു. ആ സമയത്തും എഴുത്തിനോട് അദ്ദേഹം വിട പറഞ്ഞിരുന്നില്ല. പിന്നീട് പാകിസ്താനില്‍ ജനാധിപത്യക്രമം സ്ഥാപിക്കപ്പെടുന്നതോടെയാണ് അദ്ദേഹം തിരികെ പാകിസ്താനിലെത്തുന്നത്. വര്‍ഷങ്ങളോളം അദ്ദേഹം നാഷണല്‍ ബുക് ഫൗണ്ടേഷന്‍ ചെയര്‍മാനായിരുന്നു. പിന്നീട് 2004 -ല്‍ പാകിസ്താന്‍ അദ്ദേഹത്തിന് 'ഹിലാലെ ഇംതിയാസ്' പദവി നല്കി ആദരിക്കുകയുണ്ടായി.
രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2006 ല്‍ ആ പുരസ്‌കാരം അദ്ദേഹം മടക്കി നല്‍കി. മുഷര്‍റഫിന്റെ ഏകാധിപത്യത്തിനെതിരായ പ്രതിഷേധം എന്ന നിലയിലായിരുന്നു അത്. തന്റെ മനസാക്ഷി ഏകാധിപത്യത്തോട് ചേര്‍ന്നു നില്ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ബഹുമതി തിരികെ നല്കുമ്പോള്‍ അദ്ദേഹം പ്രസ്താവിച്ചത്. ബഹുമതി തിരികെ നല്‍കിയ വേളയില്‍ പത്രപ്രവര്‍ത്തകരിലാരോ 'എന്തേ ബഹുമതി രണ്ട് വര്‍ഷം കയ്യില്‍ വെച്ചത്' എന്ന് ചോദിച്ചു. 'അത് മുട്ടയിട്ടു വിരിഞ്ഞെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?' എന്ന മറുചോദ്യത്തിനു മുന്‍പില്‍ ആ ശബ്ദം അപ്രസക്തമായി.
എഴുത്തില്‍ തീപ്പൊരി വിതറുമ്പോള്‍ തന്നെ സ്വഭാവത്തില്‍ അതിനൈര്‍മല്യം സൂക്ഷിച്ച ഒരാളായിരുന്നു അഹ്മദ് ഫറാസ്. മൃദു സംസാരങ്ങള്‍, അതികാല്പനികന്‍, എന്നാലോ അനീതിക്കെതിരെ തീപോലുള്ള വാക്കുകളും. നിര്‍ഭയനായിരുന്നു എന്നുമദ്ദേഹം.
അദ്ദേഹത്തിന്റെ പ്രണയം തുളുമ്പുന്ന വരികള്‍ ഏതു മനസിനേയും കാല്‍പനികമാക്കാന്‍ പോന്നതായിരുന്നു.
തു ഖുദാ ഹെ ന മെരാ ഇഷ്ഖ് ഫരിഷ്തോ ജൈസാ
ദോനോ ഇന്‍സാന്‍ ഹെ തൊ ക്യൂം ഇത്നെ ഹിജാബോ മെ മിലെ
നീ ദൈവമോ എന്റെ പ്രണയം മാലാഖമാരുടേതിനു സമാനമോ അല്ലല്ലോ;
നാമിരുവരും മനുഷ്യരാകുകില്‍ (പിന്നെ) നമുക്കിടയിലെന്തിനിത്രയും മറകള്‍
പ്രണയത്തില്‍ ചാര്‍ത്തപ്പെടുന്ന മറകളെ എത്ര മനോഹരമായാണ് അദ്ദേഹം അടയാളപ്പെടുത്തുന്നതെന്നു നോക്കൂ. കാപട്യമില്ലാതെ സ്നേഹിക്കാനാവണം എന്ന സന്ദേശം അദ്ദേഹം ഇതിലൂടെ പകരുന്നു. സ്നേഹത്തിന്റെ സര്‍വ മേഖലകളെയും അദ്ദേഹം സ്പര്‍ശിച്ചു പോയിട്ടുണ്ട്. രാജ്യം വിഭജിക്കപ്പെടുകയും, ഇരു കൂട്ടര്‍ക്കുമിടയില്‍ ശത്രുതയുടെ നാമ്പ് പൊട്ടുകയും ചെയ്തപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് ശത്രുക്കളാകാന്‍ കഴിയുന്നത് എന്ന അദ്ദേഹം ചോദിച്ചിട്ടുണ്ട്.
യെ ലോഗ് കൈസെ മഗര്‍ ദുഷ്മനി നിഭാതെ ഹെ
ഹമേ തൊ രാസ് ന ആയീ മൊഹബ്ബതേ കര്‍നി
ഈയാളുകള്‍ക്ക് എങ്ങനെയാണ് ശത്രുതയില്‍ കഴിഞ്ഞു കൂടാനാകുന്നത്?
എനിക്ക് പ്രണയത്തിലാവുന്നതു തന്നെ അംഗീകരിക്കാനായിട്ടില്ല
എന്നാണ് അദ്ദേഹം എഴുതുന്നത്. രാജ്യാതിര്‍ത്തികളില്ലാതെ സൗഹൃദത്തെ വളര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഇന്ത്യ പാക് -പ്രശ്നങ്ങള്‍ക്കിടയിലും സമാധാനത്തിന്റെ പാത തേടാനായി അദ്ദേഹം വളരെയധികം ശ്രമിച്ചു. രാജ്യങ്ങള്‍ക്കിടയില്‍ പാലം പണിയാനുള്ള മാര്‍ഗങ്ങള്‍ പലപ്പൊഴും അദ്ദേഹം മുന്നോട്ടു വെച്ചു. ഒത്തു പോയാല്‍ പാകിസ്താന് മികച്ച വിദ്യാഭ്യാസവും ആരോഗ്യവും നല്കാന്‍ ഇന്ത്യക്കും, മികച്ച സ്പോര്‍ട്സ് മെറ്റീരിയല്‍സ് നല്‍കാന്‍ പാകിസ്താനും സാധിക്കുമെന്ന് അദ്ദേഹം ഇടക്കിടെ പറയാറുണ്ടായിരുന്നു. സാഹോദര്യവും സ്നേഹവുമായിരുന്നു ഇരു കക്ഷികള്‍ക്കുമിടയില്‍ അദ്ദേഹം കൊതിച്ചിരുന്നത്. പാകിസ്താനിലെന്ന പോലെ തന്നെ ഇന്ത്യയിലും ഫറാസ് അംഗീകരിക്കപ്പെട്ടിരുന്നു. കവിതയ്ക്ക് അദ്ദേഹം പുതിയ മാനങ്ങള്‍ നല്കി.
ഫറാസിന്റെ കവിതകള്‍ ലോകത്ത് മുഴുക്കെ വിഹരിച്ചു. ഒപ്പം ഫറാസ് എന്ന പേരും. ഒരിക്കല്‍ അമേരിക്കയില്‍ വെച്ചൊരു മുഷായറയില്‍ അദ്ദേഹം പങ്കെടുത്തു. കവിതകളുടെ അവതരണമൊക്കെ കഴിഞ്ഞ് ഓട്ടോഗ്രാഫിനായുള്ള തിക്കും തിരക്കും തുടങ്ങി. ആരാധകര്‍ക്കിടയില്‍ നിന്ന് ഒരു ചെറുപ്പക്കാരി ഓട്ടോഗ്രാഫ് നീട്ടി. ഓട്ടോഗ്രാഫിലെഴുതാനായി അദ്ദേഹം പേരു ചോദിച്ചു. 'ഫറാസാ' എന്നായിരുന്നു അവളുടെ മറുപടി. ഇതെന്തു പേരാണ് എന്നായി അദ്ദേഹത്തിന്റെ ചോദ്യം. അഹ്മദ് ഫറാസിന്റെ ആരാധകരായിരുന്ന അച്ഛനുമമ്മയും തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് ഫറാസ് എന്നു പേരിടണമെന്നു കരുതിയത്രെ. എന്നാല്‍, അവരുടെ പ്രതീക്ഷ തെറ്റിച്ചു പിറന്ന പെണ്‍കുഞ്ഞിന് പേരില്‍ അല്പം മാറ്റം വരുത്തി ഫറാസാ എന്ന് പേരിടുകയായിരുന്നത്രെ. ഇതു കേട്ട അഹ്മദ് ഫറാസ് ആഹ്ലാദ ചിത്തനായി. തത്സമയം ഒരു ശേര്‍ അവള്‍ക്കു കുറിച്ചു നല്കി.
ഓര്‍ ഫറാസ് ചാഹിയേ കിത്നി മൊഹബ്ബതേ തുജെ
മാഓന്‍ നെ തെരെ നാം പര്‍ ബച്ചോ കാ നാം രഖ് ദിയാ
ഇനിയുമെത്ര സ്നേഹമാണ് നിനക്കു വേണ്ടത് ഫറാസ്
നിന്റെ പേരെടുത്ത് അമ്മമാര്‍ മക്കള്‍ക്ക് പേരിട്ടു കഴിഞ്ഞിരിക്കുന്നല്ലോ
ഭരണവര്‍ഗത്തിന്റെ കണ്ണിലെ കരടായിരിക്കെ ക്രൂരമായ ചെയ്തികള്‍ക്ക് അദ്ദേഹം വിധേയമാകേണ്ടി വന്നിട്ടുണ്ട്. ഔദ്യോഗിക വസതികളില്‍ നിന്ന് അദ്ദേഹത്തിന്റെ സാധനസാമഗ്രികള്‍ ദൂരെക്കളയാനുള്ള ശ്രമങ്ങള്‍ പലപ്പോഴും ഉണ്ടായി. എന്നാലും തന്റെ കാഴ്ചപ്പാടുകള്‍ വെട്ടിത്തുറന്നു പറയാന്‍ അദ്ദേഹം മടി കാണിച്ചിരുന്നില്ല. ഭരണ വര്‍ഗത്തിനെന്ന പോലെ പുരോഹിത വര്‍ഗത്തിനും അദ്ദേഹത്തോട് അത്ര താല്പര്യമുണ്ടായിരുന്നില്ല. ഒരിക്കല്‍ നാലു പുരോഹിതര്‍ ഫറാസിന്റെ വീട്ടിലെത്തി. അദ്ദേഹത്തെ വിളിച്ചു. ഉമ്മറത്തേക്കെത്തിയ ഫറാസിനോട് അവര്‍ കലിമ (സത്യസാക്ഷ്യം) ചൊല്ലാനായി ആവശ്യപ്പെട്ടു. 'എന്തു പറ്റി? അതിനു വല്ല മാറ്റവും വന്നോ?' എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.
ഉര്‍ദു കാവ്യ ശാഖക്ക് കനപ്പെട്ട സംഭാവനകള്‍ തന്നെ അദ്ദേഹം നല്‍കിയിട്ടുണ്ട്. ഉര്‍ദു ഭാഷയിലായിപ്പോയി എന്നതിനാല്‍ തന്നെ വേണ്ടത്ര ശ്രദ്ധ നേടാതെ പോയ കവികളും കൃതികളും ഒരുപാടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. സാഹിത്യത്തില്‍ നൊബേല്‍ നേടിയ പല കവികളെക്കാളും എന്തുകൊണ്ടും മുന്‍പിലാണ് ഫൈസ് അഹ്മദ് ഫൈസിന്റെ സ്ഥാനം എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഒക്ടോവിയോ പാസിന് നൊബേല്‍ കിട്ടാമെങ്കില്‍ ഫൈസ് അഹ്മദ് ഫൈസിനുമാവാം എന്ന് അദ്ദേഹം വാദിച്ചു. ഉര്‍ദു ഭാഷയോടുള്ള അവഗണനക്കെതിരെ അദ്ദേഹം ധീരമായി ശബ്ദമുയര്‍ത്തി. സ്വന്തം ജീവിത കാലയളവില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായില്ലെങ്കിലും വരും തലമുറയ്ക്ക് ദിശാബോധം നല്കാന്‍ പോന്നതായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. 1950 ലാണ് അദ്ദേഹത്തിന്റെ തന്‍ഹ തന്‍ഹ എന്ന കൃതി പ്രസിദ്ധീകൃതമാകുന്നത്. അതിനു ശേഷം മികച്ച പല കൃതികളും അദ്ദേഹം ഉര്‍ദു സാഹിത്യത്തിന് സംഭാവന നല്കി. 2008 ആഗസ്ത് 25 ന് വൃക്ക തകരാറു മൂലമാണ് അദ്ദേഹം ലോകത്തോട് വിട പറയുന്നത്.