Hasdeo Forest: മരങ്ങളെ കെട്ടിപ്പിടിച്ച് അവര്‍ പറയുന്നു, ജീവന്‍ തരാം, പക്ഷെ കാടിനെ കൊല്ലാന്‍ വിടില്ല!

ഖനനത്തിന് കരാറെടുത്ത അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥര്‍ എപ്രില്‍ ആറിന് അര്‍ധ രാത്രിയില്‍ മരങ്ങള്‍ മുറിക്കാന്‍ എത്തിയപ്പോള്‍ ചിപ്‌കോ പ്രസ്ഥാനം മുന്നോട്ടുവെച്ച സമരരീതിക്ക് സമാനമായ വിധത്തില്‍ ആദിവാസികള്‍ രംഗത്ത് വന്നു. 

Tribal protest against coal mining project in Hasdeo Forest

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പഠനം പ്രകാരം ഈ മേഖലയില്‍ ഖനനം തുടര്‍ന്നാല്‍ വെള്ളപ്പൊക്കമുള്‍പ്പടെ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അവഗണിച്ചാണ് ഇവിടെ ഖനനം തുടരുന്നത്.

 

Tribal protest against coal mining project in Hasdeo Forest

 

ഛത്തിസ്ഗഢിലെ കോര്‍ബ, സൂരജ്പൂര്‍, സുര്‍ഗുജ എന്നീ മൂന്ന് ജില്ലകളിലായി ഒരു ലക്ഷത്തി എഴുപതിനായിരം ഏക്കറില്‍ പരന്നു കിടക്കുന്ന കാടാണ് ഹസ്ദിയോ.  നാനൂറിലേറെ തരം സസ്യങ്ങള്‍ക്കും ജീവികള്‍ക്കുമൊപ്പം ആദിവാസി ജനത കാലങ്ങളായി ജീവിച്ചു പോരുന്ന ഇടം. പത്തുവര്‍ഷത്തിലേറെയായി ഈ കാടിന്റെ പല ഭാഗങ്ങളും കല്‍ക്കരി ഖനനത്തിനായി  സ്വകാര്യ കമ്പനികള്‍ക്ക് വിട്ട് നല്‍കിയിരിക്കുകയാണ് ഛത്തിസ്ഗഢ് സര്‍ക്കാര്‍. 

തുടക്കം മുതല്‍ തന്നെ ആദിവാസി ഗ്രാമങ്ങളുടെ വലിയ എതിര്‍പ്പ് പദ്ധതികള്‍ക്കെതിരെ ഉയര്‍ന്നെങ്കിലും ഇതിനെയെല്ലാം അവഗണിച്ച് മാറി മാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിക്കൊണ്ടേയിരുന്നു. നിലവില്‍ പതിനായിരം ഏക്കര്‍ വനഭൂമി ഖനനത്തിനായി കൈമാറി കഴിഞ്ഞു. ഓരോ തവണ ഖനനം തുടങ്ങുമ്പോഴും ഗ്രാമസഭയും പരിസ്ഥിതി വാദികളും എതിര്‍പ്പുമായി എത്തി, ചില പദ്ധതികള്‍ നിര്‍ത്തി വക്കേണ്ടിയും വന്നു.

 

Tribal protest against coal mining project in Hasdeo Forest

 

എന്നാല്‍ എതിര്‍പ്പുകളെല്ലാം അവഗണിച്ച് പാര്‍സ മേഖലയിലെ 2700 ഏക്കര്‍ വീണ്ടും അദാനി ഗ്രൂപ്പിന് കൈമാറിയത് പ്രതിഷേധം വീണ്ടും കനക്കാന്‍ ഇടയാക്കിയിരിക്കുകയാണ്. ഖനനത്തിന് കരാറെടുത്ത അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥര്‍ എപ്രില്‍ ആറിന് അര്‍ധ രാത്രിയില്‍ മരങ്ങള്‍ മുറിക്കാന്‍ എത്തിയപ്പോള്‍ ചിപ്‌കോ പ്രസ്ഥാനം മുന്നോട്ടുവെച്ച സമരരീതിക്ക് സമാനമായ വിധത്തില്‍ ആദിവാസികള്‍ രംഗത്ത് വന്നു. അന്ന് മുന്നൂറ് മരങ്ങള്‍ മുറിച്ച് നീക്കിയെങ്കിലും സമരം കടുത്തപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മടങ്ങി പോകേണ്ടി വന്നു. റായ്പൂര്‍ വരെ മുന്നൂറ് കി.മീ പദയാത്ര നടത്തിയും, 83 ദിവസത്തോളം കുത്തിയിരിപ്പ് സമരം നടത്തിയും ആദിവാസി ജനത അവരുടെ പ്രതിഷേധം അറിയിച്ചു കൊണ്ടേയിരിക്കുകയാണ്. ജീവന്‍ തരാം, പക്ഷെ മണ്ണ് തരില്ല എന്നതാണ് അവരുടെ മുദ്രാവാക്യം.

കാടുമായി ഇടചേര്‍ന്ന് കിടക്കുന്നതാണ് ആദിവാസികള്‍ക്ക് ജീവിതം. ഇവിടെ നിന്നും കുടിയൊഴിക്കപ്പെടുന്നത് നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. വനത്തിനുള്ളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമഭസകളുടെ കൂടി സമ്മതം വേണമെന്ന നിബന്ധനയിലിപ്പോള്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണെന്ന് ആദിവാസി പ്രവര്‍ത്തകര്‍ പറയുന്നു. മരം മുറിക്കുക എന്നാല്‍ ആദിവാസികളുടെ പരമ്പരാഗത വിശ്വാസങ്ങളനുസരിച്ച് പാപമാണ്. ഭൂമിയോട് മാപ്പപേക്ഷിച്ചാണ് ഇവര്‍ മരത്തില്‍ മഴു വെക്കുന്നത്. വ്യാപകമായി കാട് വെട്ടി നശിപ്പിക്കുന്നത് സ്വന്തം വീട് തകര്‍ക്കുന്നതിന് തുല്യമാണെന്ന് ഇവര്‍ പറയുന്നു. പാര്‍സ മേഖലയില്‍ ഖനനത്തിനായി ഗ്രാമസഭകളുടെ സമ്മതപത്രം വ്യാജമായി ഉണ്ടാക്തിയെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

 

Tribal protest against coal mining project in Hasdeo Forest

 

ഒരിക്കല്‍ സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ തന്നെ സര്‍ക്കാരാണ് ഇപ്പോള്‍ ഛത്തിസ്ഗഡില്‍ അദാനിയുമായി പദ്ധതിയില്‍ ഒപ്പ് വെക്കുന്നത്. കല്‍ക്കരി ക്ഷാമം പരിഹരിക്കാനുളള വലിയ സമ്മര്‍ദ്ദമുണ്ടെന്നാണ് ഇതിന് സര്‍ക്കാരിന്റെ വിശദീകരണം. പരിസ്ഥിതി ലോല പ്രദേശമായിട്ടു കൂടി ഖനനത്തിന് അനുമതി ലഭിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനും പങ്കുണ്ടെന്ന് ഛത്തിസ്ഗഡ് ബച്ചാവോ ആന്തോളന്‍ നയിക്കുന്ന അജയ് ശുക്ല പറയുന്നു. കുത്തക കമ്പനികള്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കുന്നതിന് പോരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും, ആദിവാസികളുടെ ആശങ്കകള്‍ക്കും നേരെ കേന്ദ്ര സര്‍ക്കാര്‍ കണ്ണടക്കുന്നുവെന്നും അജയ് ശുക്ല ആരോപിക്കുന്നു.

പാര്‍സ മേഖലയിലെ ഖനനത്തിന് ഹരിത ട്രിബ്യൂണല്‍ അനുമതി നിഷേധിച്ചെങ്കിലും, സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ വാങ്ങിയ കമ്പനി ഇവിടെ ഖനന പ്രവത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഛത്തിസ്ഗഢിന്റെ ശ്വാസകോശമെന്ന് അറിയപ്പെടുന്ന ഹസ്ദിയോ കാടിനുള്ളില്‍ തന്നെയാണ് ലെംറു ആന സംരക്ഷണ പദ്ധതിയുമുള്ളത്. 

 

Tribal protest against coal mining project in Hasdeo Forest

 

ഖനനത്തിന്റെ പേരില്‍ വ്യാപകമായി മരങ്ങള്‍ മുറിച്ചു മാറ്റുന്നത് ഈ പ്രദേശത്തെ മനുഷ്യ - വന്യ ജീവി സംഘര്‍ഷങ്ങള്‍ ഇരട്ടിയാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പഠനം പ്രകാരം ഈ മേഖലയില്‍ ഖനനം തുടര്‍ന്നാല്‍ വെള്ളപ്പൊക്കമുള്‍പ്പടെ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അവഗണിച്ചാണ് ഇവിടെ ഖനനം തുടരുന്നത്. കല്‍ക്കരി ക്ഷാമം തീര്‍ക്കാന്‍ കാട് വിട്ടു നല്‍കുന്നത് അപകടമാണെന്ന് ആദിവാസി ജനത സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios