അജന്ത, എല്ലോറ; എത്ര കാവ്യാത്മകമായാണ് ഇവിടെ സ്ത്രീ സൗന്ദര്യം കലയിലാവാഹിച്ചിരിക്കുന്നത്!
ഇരട്ട സഹോദരങ്ങളെന്ന് അറിയപ്പെടുമ്പോഴും അജന്തയില്‍നിന്ന് 100 കിലോ മീറ്ററുണ്ട് എല്ലോറയിലേക്ക്!
ഉച്ചനേരത്തെ സൂര്യന്റെ കത്തുന്ന വെയിലിലായിരുന്നു ഞങ്ങളവിടെ എത്തിയത്. വെയിലില്‍ നിന്നും രക്ഷപ്പെടാന്‍, ആദ്യം കണ്ട ഗുഹയിലേക്ക് കടന്നതും ഒരു തണുപ്പ് വന്ന് ഞങ്ങളെ പൊതിഞ്ഞു. തറയില്‍ മിനുസമുള്ള കരിങ്കല്ലിന്റെ പ്രതലം, ഉത്തരങ്ങള്‍ ചിത്രപ്പാളികളോട് കൂടിയത്.
മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു ജില്ലയാണ് മഹാരാഷ്ട്രയിലെ ഔറംഗബാദ്. ഇവിടെയാണ് പ്രത്യേകിച്ച് ഒരു ആമുഖവും ആവശ്യമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ഗുഹാക്ഷേത്രങ്ങളായ അജന്തയും എല്ലോറയുമുള്ളത്. ബിസി രണ്ടാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലുമൊക്കെ നിര്‍മ്മിക്കപ്പെട്ടതെന്ന് വിശ്വസിക്കുന്ന ഇവിടെ ഒരുകാലത്ത് സന്ദര്‍ശകരും, തീര്‍ത്ഥാടകരും, കച്ചവടക്കാരും ഒക്കെ വന്നു പോയിരുന്നു. കാലപ്പഴക്കത്തില്‍ ഉപേക്ഷിക്കപ്പെട്ട് കാടുമുടി കിടന്ന ഈ ഗുഹകളെ 1817 -ല്‍ ഹൈദരാബാദ് നൈസാമിന്റെ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് പട്ടാളക്കാര്‍ യാദൃശ്ചികമായി കണ്ടെത്തുകയായിരുന്നു. 1983-മുതല്‍ അജന്ത ഗുഹാക്ഷേത്രങ്ങള്‍ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
അജന്ത ഗുഹകള്‍
ഔറംഗബാദില്‍ നിന്നും 100 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഞങ്ങള്‍ അജന്ത പര്‍വ്വതശിഖരങ്ങളുടെ താഴ് വാ രത്തില്‍ എത്തിയത്. അവിടെ സ്വകാര്യ വണ്ടികള്‍ പാര്‍ക്ക് ചെയ്തശേഷം മഹാരാഷ്ട്ര ടൂറിസം വകുപ്പിന്റെ ബസ്സില്‍ പീഠഭൂമിയിലൂടെ 4 കിലോമീറ്റര്‍ വീണ്ടും സഞ്ചരിക്കണം. ഈ നാലു കിലോമീറ്റര്‍ റോഡിനിരുവശവും, വലിയ, വലിയ പാറക്കെട്ടുകളാണ്. ബസ്സില്‍ നിന്നിറങ്ങി, ഒരാള്‍ക്ക് 10 രൂപ കൊടുത്ത് ടിക്കറ്റ് എടുക്കണം. ഗുഹാ ക്ഷേത്രത്തിലേക്ക് കയറാന്‍, വലത് ഭാഗത്തായി, കരിങ്കല്ലില്‍ പണിത ധാരാളം ചവിട്ടുപടികള്‍ ഉണ്ട്. ഈ പടികള്‍ കയറി മുകളിലെത്തിയാല്‍, കരിങ്കല്ലില്‍, കവിത വിരിയുന്ന മഹാത്ഭതം കാണാം. ബുദ്ധമതാനുയായികള്‍ പര്‍വ്വതങ്ങള്‍ തുരന്നുണ്ടാക്കിയ ഗുഹാക്ഷേത്രങ്ങളും വിഹാരങ്ങളുമാണിവിടെ.
ഉച്ചനേരത്തെ സൂര്യന്റെ കത്തുന്ന വെയിലിലായിരുന്നു ഞങ്ങളവിടെ എത്തിയത്. വെയിലില്‍ നിന്നും രക്ഷപ്പെടാന്‍, ആദ്യം കണ്ട ഗുഹയിലേക്ക് കടന്നതും ഒരു തണുപ്പ് വന്ന് ഞങ്ങളെ പൊതിഞ്ഞു. തറയില്‍ മിനുസമുള്ള കരിങ്കല്ലിന്റെ പ്രതലം, ഉത്തരങ്ങള്‍ ചിത്രപ്പാളികളോട് കൂടിയത്. അവയെ തൂണുകള്‍ താങ്ങി നിര്‍ത്തുന്നു. അവയാണെങ്കിലോ, അഴകും തൂക്കവും ശില്പകലയും ഇഴുകിച്ചേര്‍ന്നത്. കരിങ്കല്ലില്‍ ഉളിയും ചുറ്റികയും കൊണ്ട് നിര്‍മ്മിച്ച അകത്തളങ്ങളും അക മുറികളും. കാലിലൂടെ അരിച്ചു കയറുന്ന തണുപ്പ്.
അവക്കുള്ളിലിരുന്ന് പുറത്തേക്ക് നോക്കിയാല്‍ വാഗൂര്‍പ്പുഴയും അവയുടെ ഉപോല്‍പ്പന്നമായ കാടും കാണാം. പുഴയുടെ തീരത്ത് 'യു' ആകൃതിയുള്ള പാറയിടുക്കിലാണ്, ഹീനയാനത്തിലും മഹായാനത്തിലുമായി പണിതതെന്ന് വിശ്വസിക്കുന്ന ,ഗുഹാക്ഷേത്രങ്ങളും വിഹാരങ്ങളുമായി 29 ഗുഹകള്‍ ഉളളത്. ഗുഹകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നമ്പറിട്ട് അതിന്റെ പ്രത്യേകതകള്‍ അവിടെ അടയാളപ്പെടുത്തിയിട്ടുണ്ട് . ക്ഷേത്രങ്ങളുടെ മധ്യഭാഗത്ത് ബുദ്ധപ്രതിമകള്‍ കാണാം. അവക്ക് ചുറ്റും ബുദ്ധന്റെ ദൈനംദിന ജീവിതത്തെ ചിത്രീകരിക്കുന്ന ചുവര്‍ ചിത്രങ്ങളും പെയിന്റിങ്ങുകളും.
ചാണകവും കളിമണ്ണും ഒക്കെയാണ് അന്ന് പെയിന്റിങ് ചെയ്യാന്‍ഉപയോഗിച്ചത് എന്ന് പറയപ്പെടുന്നു. ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള വിഹാരങ്ങള്‍ ബുദ്ധസന്യാസിമാരുടെ താമസസ്ഥലമായിരുന്നു . ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടത്തക്ക രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗുഹാന്തര്‍മുഖങ്ങളില്‍ സൂര്യപ്രകാശത്തിന് അഭിമുഖമായി നിരവധി കണ്ണാടികള്‍ തൂക്കിയിട്ടിരുന്നു. ബുദ്ധമതം എത്ര കാവ്യാത്മകമായാണ് സ്ത്രീ സൗന്ദര്യം കലയിലാവാഹിച്ചിരിക്കുന്നത്! അവരുടെ ആഭരണങ്ങള്‍,അലങ്കാരങ്ങള്‍, ശരീര സൗന്ദര്യം വെളിവാക്കുന്ന രീതിയിലുള്ള പോസുകള്‍! അതിശയം തന്നെ! അജന്ത തിങ്കളാഴ്ച അവധിയാണ്. എല്ലോറ ചൊവ്വാഴ്ചയും.
എല്ലോറ ഗുഹകള്‍
മഹാരാഷ്ട്രയിലെ സംഭാജി നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചാരനാദ്രി ഹില്‍സില്‍ ആണ് എല്ലോറ ഗുഹകള്‍. ഇരട്ട സഹോദരങ്ങളെപ്പോലെ അജന്ത, എല്ലോറ എന്ന് പറയുമെങ്കിലും രണ്ട് ഗുഹാക്ഷേത്രങ്ങളും രണ്ടിടത്താണ് സ്ഥിതി ചെയ്യുന്നത്. ഔറംഗബാദില്‍ നിന്നും 30 കിലോമീറ്റര്‍ യാത്ര ചെയ്തു വേണം എല്ലോറയിലെത്താന്‍. അജന്തയില്‍ നിന്നും 100 കിലോമീറ്ററും. ചൊവ്വാഴ്ചകളില്‍ എല്ലോറ അവധിയാണ്. വാഹനം പാര്‍ക്ക് ചെയ്ത് നേരെ ഇടതുഭാഗത്ത് കൂടി നടന്നു കയറുന്നത് 100 ഗുഹാക്ഷേത്രങ്ങങ്ങളുള്ള എല്ലോറയിലേക്കാണ്. അജന്ത ബുദ്ധമത പ്രതീകമാണെങ്കില്‍ എല്ലോറ ഹിന്ദു, ബുദ്ധ, ജൈന മതസങ്കലനത്തിന്റെ ഉത്തമ ഉദാഹരണമാണ്. 34 ഗുഹകളിലാണ് ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശന അനുമതി ഉള്ളത്. ഇവിടെയും, ക്ഷേത്രങ്ങള്‍ക്കും വിഹാരങ്ങള്‍ക്കുംനമ്പറിട്ട് പ്രത്യേകതകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഈ ഗുഹാക്ഷേത്രങ്ങളുടെ മുഖം വലിയൊരു അങ്കണത്തിലേക്കാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പതിനാറാമത്തെ ഗുഹയിലുള്ള കൈലാസ ക്ഷേത്രം. മൂന്ന് നിലകളില്‍, പിരമിഡ് ആകൃതിയില്‍ പണിത ക്ഷേത്രം ഒറ്റക്കല്ല് മുറിച്ചുണ്ടാക്കിയതാണ്. അതും മുകളില്‍ നിന്ന് താഴോട്ട് പണിതു കൊണ്ട്!
ദൈവങ്ങള്‍ അധിവസിക്കുന്നു എന്ന് വിശ്വസിക്കുന്ന കൈലാസ പര്‍വതത്തിന്റെ ആകൃതിയിലാണ് കൈലാസ ക്ഷേത്രം പണിതിരിക്കുന്നത്. പാറയില്‍ കൊത്തിയെടുത്തപ്പോള്‍ വെള്ളനിറം പൂശി കൈലാസത്തിന്റെ രുപത്തിലാക്കിയത്രെ. അവിടെയുള്ള ഒരു തൂണ് മാത്രം 100 അടി ഉണ്ട്. നമ്മുടെ 20 രൂപാ നോട്ടില്‍, ഇന്ന് കാണുന്ന സ്തൂപം എല്ലോറയിലേതാണ്. ക്ഷേത്രത്തിന്റെ വലിപ്പം, വാസ്തുവിദ്യ, ശില്‍പ്പകല എന്നിവ ലോകത്തെ മുഴുവന്‍ അല്‍ഭുതപ്പെടുത്തുന്നതാണ്.
ഒരു മലയെ തന്നെ തൂണുകളും ബാല്‍ക്കണിയും അനേകം മുറികളും കൊത്തുപണികളും ഒക്കെയാക്കി മാറ്റിയ ഒരേയൊരു ക്ഷേത്രം എല്ലോറ മാത്രമാണ്. ഈ ക്ഷേത്രത്തിന് ഇരുവശവുമായാണ്, ജൈന ബുദ്ധ മത വിഹാരങ്ങളുള്ളത്. ഇതില്‍ 12 എണ്ണം ബുദ്ധ ക്ഷേത്രവും, 17 എണ്ണം ഹിന്ദു ക്ഷേത്രവും, 5 എണ്ണം ജൈന ക്ഷേത്രവുമാണ്. പ്രാചീന കാലത്ത് ഇവിടെ സഞ്ചാരികളും കച്ചവടക്കാരും സന്ദര്‍ശകരും ഒക്കെ വന്നു പോയിരുന്നതായി പറയപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍, എല്ലോറയുടെ സജീവ ഉപയോഗം ഇല്ലാതായി എന്ന് പറയപ്പെടുന്നു.