മഹാശ്മശാന ഭൂമിയില്‍ ചുടലഭദ്രയുടെ കളിയാട്ടം, തെയ്യങ്ങളെ കാണാനെത്തിയത് പതിനായിരങ്ങള്‍
ചുടലഭദ്ര ആടിത്തീര്‍ത്ത മണ്ണിലേക്ക് തീക്കനല്‍ കൂമ്പാരത്തില്‍ വീണുരുണ്ട് കാണികളെ അത്ഭുതപരതന്ത്രരാക്കുന്ന പൊട്ടന്‍തെയ്യം വരുന്നു. മധ്യ കേരളത്തില്‍ അപൂര്‍വമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള തെയ്യരൂപമാണിത്.
മോക്ഷതീരത്ത് ചുടലഭദ്രയുടെ കളിയാട്ടങ്ങള്‍ നിറഞ്ഞാടി. മഹാശ്മശാന ഭൂമിയില്‍ കളിയാട്ടം കൂടാനെത്തിയത് പതിനായിരങ്ങൾ. മനുഷ്യമനസിന്റെ ഉപബോധതലങ്ങളില്‍ കടും നിറങ്ങളില്‍ ഇഴപിരിഞ്ഞിരിക്കുന്ന അതീതശക്തിയുടെ മാസ്മരികഭാവങ്ങള്‍ തീവ്രാവേശത്തോടെ പകര്‍ന്നാടുന്ന അപൂര്‍വനിമിഷങ്ങളായിരുന്നു കഴിഞ്ഞ രാത്രിയില്‍ ശ്മശാനഭൂമിയില്‍ അരങ്ങേറിയത്.
പകല്‍ വെളിച്ചത്ത് ആ ഭൂമിയിലേക്ക് വരാന്‍ പേടിച്ചിരുന്നവര്‍പോലും രാത്രിയില്‍ അവിടേക്ക് എത്തി. ലക്ഷ്യം ഒന്ന് മാത്രം... അതെ, തിരുവില്വാമല ഐവര്‍മഠം മഹാശ്മശാനത്തില്‍ വാണരുളുന്ന ചുടലഭദ്രയുടെ കളിയാട്ടം. മരിച്ചുപോയവരുടെ മണ്ണില്‍ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ ഒരു വലിയ സംഗമം -ഈ കളിയാട്ടം.
ബുധനാഴ്ച്ച വൈകീട്ട് ആറോടെ ചടങ്ങുകള്‍ തുടങ്ങി. അപ്പോഴേക്കും മഹാശ്മാശനം ആളുകളെ കൊണ്ട് നിറഞ്ഞു. ആയിരങ്ങള്‍ക്ക് അന്ത്യവിശ്രമമായ ചുടലപ്പറമ്പ് ചാണകം കൊണ്ട് മെഴുകിയിരുന്നു. ശ്മശാനത്തിലെ മഹാ പാലമരം കളിയാട്ടത്തിനായി കാതോര്‍ത്ത് നിന്നു. മുന്നില്‍ സര്‍വതും കണ്ട് നിള ഒഴുകി.
രാത്രിക്ക് നീളം കൂടിയപ്പോള്‍, കത്തുന്ന ചൂട്ടുകറ്റകള്‍ തട്ടിയെറിഞ്ഞ് ആര്‍ത്തട്ടഹസിച്ച് ചുടലഭദ്ര കുതിച്ചുപാഞ്ഞെത്തി... അതുവരെ ചുടലപ്പറമ്പില്‍ നെഞ്ചുവിരിച്ചുനിന്ന പുരുഷാരം ഓടി മാറി. പിന്നീട്, പാഞ്ഞെത്തുന്ന ചുടലദേവതയുടെ മുന്നില്‍ പലരും കൈകള്‍ കൂപ്പി തങ്ങളുടെ സങ്കടം പറഞ്ഞു. എല്ലാം കേട്ട് എല്ലാം കണ്ട് ചുടലഭദ്ര ആര്‍ത്തട്ടഹസിച്ച് നിറഞ്ഞാടി. രണ്ടുപേര്‍ നിയന്ത്രിച്ചിട്ടും കൂട്ടാക്കാതെ ദേവീഭാവത്തില്‍ നാവുനീട്ടി കണ്ണുകളില്‍ രൗദ്രം നിറച്ച് ചുറ്റും നോക്കിയാണ് ചുടലഭദ്ര നിറഞ്ഞാടുന്നത്. ഒന്ന് നോക്കുവാനേ കഴിയൂ.
ചുടലഭദ്ര ആടിത്തീര്‍ത്ത മണ്ണിലേക്ക് തീക്കനല്‍ കൂമ്പാരത്തില്‍ വീണുരുണ്ട് കാണികളെ അത്ഭുതപരതന്ത്രരാക്കുന്ന പൊട്ടന്‍തെയ്യം വരുന്നു. മധ്യ കേരളത്തില്‍ അപൂര്‍വമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള തെയ്യരൂപമാണിത്. പൊട്ടന്‍തെയ്യത്തിന്റെ അഗ്നിപ്രവേശനത്തിനുള്ള കനലിനു വേണ്ടുന്ന അഗ്നി ചുടലപ്പറമ്പില്‍ വൈകീട്ട് തന്നെ കത്തുന്നുണ്ടായിരുന്നു.
ശിവചൈതന്യമുള്ള പൊട്ടന്‍ തെയ്യം
ശിവചൈതന്യമാണത്രെ പൊട്ടന്‍ തെയ്യം. സര്‍വജ്ഞപീഠം കയറുവാന്‍ പോയ ശങ്കരാചാര്യരുടെ അഹങ്കാരം തീര്‍ക്കുവാന്‍ പൊട്ടന്‍ സകുടുംബം ശങ്കരാചാര്യരുടെ മാര്‍ഗമധ്യേ എത്തി എന്നും ശങ്കരാചാര്യരെ ജാതി അയിത്തത്തിൽ നിന്നും മുട്ടു കുത്തിച്ചു എന്നുമാണ് വിശ്വാസം. വഴി മാറി നടക്കുവാന്‍ ആവശ്യപ്പെട്ട ശങ്കരാചാര്യരോടായി പൊട്ടന്‍ ചൊല്ലിപ്പാടിയ പാട്ടില്‍ ശങ്കരാചാര്യരുടെ ജാതിബോധത്തിന് മാറ്റം വന്നു എന്നും പറയപ്പെടുന്നു.
'നാങ്കളെ കൊത്യാലും ഒന്നല്ലോ ചോര
നീങ്കളെ കൊത്യാലും ഒന്നല്ലോ ചോര
അവിടേക്കു നാങ്കലും നീങ്കളുമൊക്കും
പിന്നെന്തിനീ ചൊവ്വരെ പിശക്കുന്നു'
പൊട്ടന്റെ ശ്ലോകം കേട്ട് സര്‍വജ്ഞ പീഠം കയറുവാന്‍ യാത്ര തിരിച്ച ശങ്കരന്റെ ഉള്ളില്‍ അവസാനമായി ബാക്കിനിന്ന ജാതി മേല്‍ക്കോയ്മ ഇല്ലാതായി എന്നാണ് ഈ ഐതീഹ്യം പറഞ്ഞു വെയ്ക്കുന്നത്. പൊട്ടനായി ശങ്കരാചാര്യര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത് സാക്ഷാല്‍ ശിവ ഭഗവാന്‍ ആണെന്നും ശിവന്റെ മറ്റൊരു മൂര്‍ത്തീ ഭാവം ആണ് പൊട്ടന്‍ എന്നും വിശ്വസിക്കുന്നവര്‍ ഉണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണി: വെച്ച് കെട്ടലുകള്‍ ഒന്നുമില്ലാത്ത മുടിയും അരക്കച്ചയും മാത്രമുള്ള തെയ്യക്കോലം ചുടലപ്പമ്പിനെ ആദ്യം ഒന്ന് വലം വെച്ചു. പിന്നീട് കൂനകൂട്ടിയിട്ട തീക്കനലിലേക്ക് എല്ലാവരും നോക്കി നില്‍ക്കവേ വളരെ സ്വാഭാവികമായി ചെന്ന് കിടന്നു. അന്തരീക്ഷത്തില്‍ ഓം നമഃശിവായ എന്ന മന്ത്രം മുഴങ്ങി. തെയ്യത്തിന്റെ കുരുത്തോലകൊണ്ടും പാളക്കീറു കൊണ്ടും കെട്ടിയ മുടിയിലും അരക്കച്ചയിലും ചൂട് പിടിച്ചു കത്തിക്കറിയുമ്പോളും ചെറിയ ചിരിയുമായി രണ്ടു കൈകളും കെട്ടി കാലിന്മേല്‍ കാലെടുത്തു വച്ചിരിക്കുന്ന പൊട്ടന്‍ തെയ്യം.
ഓരോ പ്രാവശ്യവും ഓടിത്തളര്‍ന്നു പൊട്ടന്‍ കോലം വന്നു വിശ്രമിക്കുന്നത് കൂട്ടിയിട്ട ചൂട് പാറുന്ന തീ കനലിലേക്കാണ്. വെട്ടിയിട്ടത് പോലെ പൊട്ടന്‍ തെയ്യം ആ കനലുകളിലേക്ക് വന്നു വീഴുമ്പോള്‍ ചുറ്റും തീക്കനലുകളും ചാരവും പാറുന്നത് കാണാം. വളരെപെട്ടെന്ന് തന്നെ തെയ്യം ഉഗ്രകോപിയായി മാറി. തീയിലൂടെ പിന്നീട് നടക്കുന്നത് ഒരു വലിയ ഓട്ടപാച്ചിലാണ്. കൂട്ടിയിട്ട കനലുകളും കത്തിച്ചു വെച്ച ചൂട്ടുകളും ആണ് പിന്നീട് ആ കളം നിറയെ കാണുക. ഉഗ്രമൂര്‍ത്തിയായ ശിവന്‍ ചുടലക്കാട്ടില്‍ സംഹാര താണ്ഡവം ആടുന്ന പ്രതീതിയാണ് അപ്പോള്‍ ആ കളത്തില്‍ തെളിയുന്നത്. തന്റെ യഥാര്‍ത്ഥ രൂപം പുറത്തെടുത്ത നിര്‍വൃതിയില്‍ സര്‍വ്വവും ചുട്ടുചാമ്പലാക്കുവാന്‍ പോകുന്ന പൊട്ടന്‍ കോലമായി പെട്ടെന്ന് രൂപം മാറുന്നു.
ഐവര്‍മഠം ശ്മശാനത്തില്‍ പൊട്ടന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി തെയ്യം എന്നിവയാണ് അരങ്ങേറിയത്. കണ്ണൂര്‍ ഇരിട്ടി സ്വദേശി പെരുമലയനാണ് ഭദ്രകാളി തെയ്യം അവതരിപ്പിച്ചത്. അഭിലാഷ് പണിക്കര്‍ പൊട്ടന്‍ തെയ്യവും അവതരിപ്പിച്ചു. പൊട്ടന്‍ തെയ്യത്തിന്റെ അഗ്‌നി പ്രവേശത്തിനുശേഷം ഗുരുതിയോടെ കളിയാട്ടത്തിനു പരിസമാപ്തിയായി.
കളിയാട്ടം കാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും പതിനായിരങ്ങള്‍ ശ്മശാന ഭൂമിയിലെത്തി. 25 -ന് വൈകിട്ട് എം.പി. കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ യു.ആര്‍. പ്രദീപ്, പ്രേംകുമാര്‍, ജില്ലാ പഞ്ചായത്തംഗം ദിപ എസ്. നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഉദയന്‍ എന്നിവര്‍ പങ്കെടുത്തു.
കേരള ഫോക്ലോര്‍ അക്കാദമിയും കണ്ണൂര്‍ ഐവര്‍മഠം പൈതൃക സംസ്‌കാര സംരക്ഷണസമിതി തിരുവില്വാമലയും ചേര്‍ന്നാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. രമേശ് കോരപ്പത്ത്, ഡോ. സേതുമാധവന്‍, കെ. ശശികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.