പുഴകടന്ന് അംബുജാക്ഷി താഴെക്കാവിലെത്തി, ദേവക്കൂത്ത് നാളെ
തെയ്യപ്രപഞ്ചത്തില്‍ സ്‍ത്രീകള്‍ കെട്ടിയാടുന്ന ഏക തെയ്യം. വള്ളിയമ്മ. ദേവക്കൂത്ത് നാളെ. കോലം ധരിക്കാൻ തയ്യാറായി 41 ദിവസത്തെ വ്രതത്തിനൊടുവില്‍ വഴിയും പുഴയും കടന്ന് മാടായിയിലെ വീട്ടില്‍ നിന്നും എം വി അംബുജാക്ഷി താഴെക്കാവില്‍ എത്തിക്കഴിഞ്ഞു.
അത്യുത്തര കേരളത്തിലെ തെയ്യപ്രപഞ്ചത്തിലെ ദൈവങ്ങളിൽ തൊണ്ണൂറു ശതമാനവും അമ്മത്തെയ്യങ്ങളാണ്. എന്നാൽ ആ തെയ്യങ്ങളെ കെട്ടിയാടുന്നവരെല്ലാം പുരുഷന്മാരും. പക്ഷേ ഇതില്‍ നിന്നും വ്യത്യസ്‍തമായി സ്ത്രീകൾതന്നെ കെട്ടിയാടുന്ന ഒരു തെയ്യക്കോലവുമുണ്ട്. അതാണ് ദേവക്കൂത്തും ‘വള്ളിയമ്മ’എന്ന തെയ്യക്കോലവും.
പഴയങ്ങാടിക്ക് അടുത്ത മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപിലുള്ള കൂലോം-തായക്കാവിലെ കളിയാട്ടത്തിനാണു തെയ്യപ്രപഞ്ചത്തിലെ സ്ത്രീ കെട്ടിയാടുന്ന ഏക തെയ്യക്കോലമായ ദേവക്കൂത്ത് അരങ്ങേറുന്നത്. നാലുപാടും പുഴയാൽ ചുറ്റപ്പെട്ട തെക്കുമ്പാട് ഒരുകാലത്ത് ഇന്നത്തെക്കാളും മനോഹരമായ ഒരു പച്ചത്തുരുത്ത് ആയിരുന്നത്രെ. അതിമനോഹരമായ ഒരു പൂന്തോട്ടമായിരുന്നു ഇവിടം. പൂക്കളുടെ മനംകവരുന്ന ഗന്ധം കാരണം പൂവുകള്‍ ശേഖരിക്കാൻ മേല്‍ലോകത്തു നിന്നും ദേവകന്യകള്‍ ഇവിടെയെത്തുക പതിവായിരുന്നു. അങ്ങനെ പണ്ടുപണ്ടൊരിക്കല്‍ പൂതേടിയെത്തി ഈ ദ്വീപില്‍ അകപ്പെട്ടുപോയ മേല്‍ലോകത്തെ ഒരു ദേവകന്യകയുടെ കഥയാണ് ദേവക്കൂത്തിന്‍റെ ഐതിഹത്യത്തിന് പിന്നില്‍. ആ കഥയിലേക്ക് വരാം. അതിന് മുമ്പ് നാളെ നടക്കാൻ പോകുന്ന ദേവക്കൂത്തിന്‍റെ മറ്റു ചില വിശഷങ്ങള്‍ അറിയാം.
രണ്ടു വർഷത്തിലൊരിക്കൽ കെട്ടിയാടുന്ന ഈ തെയ്യത്തിന്‍റെ കോലാവകാശം മലയസ്ഥാനികരുടെ ഭാര്യയായ സ്‍ത്രീക്കാണ് . മാടായിയിലെ കണ്ണൻ പണിക്കരുടെ ഭാര്യയായ എം വി അംബുജാക്ഷിയാണ് ഇപ്പോള്‍ ദേവക്കൂത്ത് കെട്ടിയാടുന്നത്. 2012 മുതല്‍ അംബുജാക്ഷിയാണ് കോലധാരി. ഇതിന് മുമ്പ് മാടായിയിലെ കേളുപ്പണിക്കരുടെ ഭാര്യയായ ലക്ഷ്‍മി ആയിരുന്നു ഈ തെയ്യം കെട്ടിയാടിയിരുന്നത്.
ഒന്നിടവിട്ട വർഷങ്ങളിൽ ധനുമാസം ആദ്യമാണ് ദേവക്കൂത്ത് നടക്കുന്നത്. കോലം കെട്ടുന്നതിന് മുന്നോടിയായി കോലധാരിയായ സ്‍ത്രീ വ്രതമെടുക്കണം. മൽസ്യമാംസാദികൾ പൂർണ്ണമായി ഉപേക്ഷിച്ച് 41 ദിവസത്തെ വ്രതം. ദേവക്കൂത്തിന് തലേന്ന് കോലധാരിയും കൂട്ടുകാരും കാവിലെത്തണം. ആയിരംതെങ്ങ് കടവില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ പള്ളിച്ചെങ്ങാടത്തില്‍ പുഴ കടന്നാണ് ദ്വീപിലേക്കുള്ള യാത്ര. ദ്വീപിലെത്തിയാല്‍ സംഘത്തെ അഷ്‍ട ഐശ്വര്യ വിഭവത്തോടെ സ്വീകരിച്ച് താഴേക്കാവ് കൂലോത്തേക്ക് ആനയിക്കും. അവിടെ പ്രത്യേകം തയ്യാറാക്കിയ കുച്ചിലില്‍ (ചെറിയ പന്തല്‍) പ്രവേശിക്കുന്നു. പിന്നെ കോലം ധരിക്കുന്നതുവരെ ആരെയും കാണില്ല. ഒറ്റയ്ക്കായിരിക്കും താമസം.
കോലധാരിയെ അണിയിച്ചൊരുക്കാൻ പ്രത്യേക അവകാശമുള്ള മലയന്മാരുണ്ട്. ലളിതമായ തേപ്പും കുറിയും എന്ന മുഖത്തെഴുത്താണ് ദേവക്കൂത്തിന്. ചുവപ്പും വെള്ളയും ചേര്‍ന്ന ഞൊറിഞ്ഞുടുപ്പാണ് അരയില്‍. തലയില്‍ തലപ്പാളിയും ചെറിയൊരു തൊപ്പിക്കിരീടവും. ചായില്യം കൊണ്ട് ചുവപ്പിച്ച പാദങ്ങളില്‍ ചിലമ്പിന് പകരം പ്രത്യേകതരം പാദസരം. മൃദുവായ ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടു സ്ത്രീകൾ പിടിച്ച ചുവന്ന മറ പറ്റിയാണു ദേവക്കൂത്തിലെ കോലം ക്ഷേത്രനടയ്ക്കൽ എത്തുന്നത്. ചിറയ്ക്കൽ തമ്പുരാന്റെ കാലത്തോളം പഴക്കമുണ്ട് ദേവക്കൂത്തിനെന്ന് കരുതപ്പെടുന്നു. ദീഘകാലം ഇതു മുടങ്ങിക്കിടന്നെങ്കിലും മൂന്നരപ്പതിറ്റാണ്ട് മുമ്പ് പുനർജനിക്കപ്പെടുകയായിരുന്നു.
ഇനി നമുക്ക് ദേവകന്യാവിന്‍റെ കഥയിലേക്ക് മടങ്ങി വരാം. ദേവലോകത്ത് നിന്നെത്തിയ ഏഴ് ദേവകന്യകളില്‍ ഒരാളായിരുന്നു അവള്‍. പകല്‍മുഴുവൻ ദ്വീപ് കണ്ടാസ്വദിച്ച് നടക്കുകയായിരുന്നു സംഘം. ഇടയിലെപ്പൊഴോ ആണ് അവള്‍ക്ക് വഴി തെറ്റിപ്പോയത്. കൂട്ടുകാരിയെ അന്വേഷിച്ച് കരഞ്ഞുതളര്‍ന്ന ശേഷിച്ച ആറ് ദേവകന്യകളും ഇരുളും മുമ്പ് ദേവലോകത്തേക്ക് തിരിച്ചു പറന്നു. ദ്വീപിൽ അകപ്പെട്ടുപോയ പാവം ദേവകന്യക ഒരു വള്ളിക്കെട്ടിൽ ഭയന്ന് കരഞ്ഞുതളര്‍ന്നിരിക്കുകയായിരുന്നു ആ നേരമത്രയും. പുറത്തിറങ്ങാൻ പോലും ഭയമായിരുന്നു അവള്‍ക്ക്. പിന്നെ കൂട്ടുകാരെങ്ങനെ അവളെ കാണാൻ?! ഉടുതുണിക്ക് മറുതുണി പോലും ഇല്ലാത്ത അവസ്ഥ. ആ രാത്രി മുഴുവൻ ആ വള്ളിക്കുടില്‍ കഴിയേണ്ടി വന്നു അവള്‍ക്ക്. പല ദേവന്മാരെയും അവള്‍ മനം നൊന്തുവിളിച്ചു. ആരും തിരിഞ്ഞുനോക്കിയില്ല. പക്ഷേ ഒടുവില്‍ അവളെ സഹായിക്കാൻ ഒരാളെത്തി. ദേവലോകത്തെ പ്രബലനായ ആ കഥാപാത്രത്തിനും വള്ളിയമ്മയ്ക്കൊപ്പം നാളെ കോലമുണ്ട്. അതാരാണെന്നല്ലേ? ആ കഥ അറിയണമെങ്കില്‍ നാളെ തെക്കുമ്പാട് ദ്വീപിലുള്ള കൂലോം-താഴെക്കാവില്‍ എത്താം. കോലം ധരിക്കാൻ തയ്യാറായി 41 ദിവസത്തെ വ്രതത്തിനൊടുവില്‍ വഴിയും പുഴയും കടന്ന് മാടായിയിലെ വീട്ടില്‍ നിന്നും അംബുജാക്ഷി താഴെക്കാവില്‍ എത്തിക്കഴിഞ്ഞു.
നിങ്ങള്‍ക്കും കാവിലെത്താം. തെയ്യപ്രപഞ്ചത്തിലെ ഏക വനിതാ കോലധാരിയെയും ദേവകന്യകയെയും നേരില്‍ കാണാം. പകല്‍ 11 മണിയോടെയാണ് ദേവക്കൂത്ത് നടക്കുക. കണ്ണൂരില്‍ നിന്നും വരുന്നവര്‍ പാപ്പിനിശ്ശേരി വഴി 20 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ തെക്കുമ്പാട് ദ്വീപലെത്താം. കാസര്‍കോഡ് ഭാഗത്ത് നിന്നും വരുന്നവര്‍ക്ക് പയ്യന്നൂര്‍ പഴയങ്ങാടി ചെറുകുന്ന് വഴിയും ഇവിടെ എത്തിച്ചേരാം.
തെയ്യം കഥകള്‍ കേള്‍ക്കണോ? താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!
നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!
കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!
ഉറഞ്ഞാടി കരിഞ്ചാമുണ്ഡി, വാങ്കുവിളിച്ച് നിസ്‍കരിച്ച് മാപ്പിളത്തെയ്യം!
ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!
തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!
ഇതാ അപൂര്‍വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!
നടവഴി പലവഴി താണ്ടി റെയില്‍പ്പാളം കടന്ന് കുന്നുകയറി ഒരു തെയ്യം, ലക്ഷ്യം ഇതാണ്!
കെട്ടുപൊട്ടിച്ചോടി, പിന്നെ പുരപ്പുറത്ത് ചാടിക്കയറി ഒരു ഭൂതം!
നെഞ്ചുപൊള്ളുന്നൊരു കഥയുണ്ട് പറയാൻ കനല്‍ക്കുന്നില്‍ ആറാടുന്ന തീച്ചാമുണ്ഡിക്ക്!
തീരത്തൊരു കപ്പലുകണ്ടു, കനല്‍ക്കുന്നില്‍ നിന്നിറങ്ങി കടലിലേക്ക് ഓടി തെയ്യം!
മൂന്നാള്‍ കുഴിയില്‍ നിന്നും ഉയിര്‍ത്ത പെണ്‍കരുത്ത്, ചെമ്പും തന്ത്രിമാരെയും കണ്ടാല്‍ അടിയുറപ്പ്!
ചെത്തുകാരന്‍റെ മകൻ വിഷവൈദ്യനായി, വിഷമനസുകള്‍ ചതിച്ചുകൊന്നപ്പോള്‍ തെയ്യവും!
തുണി തല്ലിയലക്കും, നേര്‍ച്ചയായി വസ്‍ത്രങ്ങള്‍; ഇതാ അപൂര്‍വ്വമായൊരു അമ്മത്തെയ്യം!
ഇതാ, ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്ത ഗുളികൻ എന്ന കാവല്‍ക്കാരൻ!