ശൈശവ വിവാഹം; അറസ്റ്റിലായത് 2,580 പേര്‍, താത്കാലിക ജയില്‍ പണിയാന്‍ അസം

ശൈശവ വിവാഹം ചെയ്തു എന്ന കുറ്റത്തിന് 2580 പേര്‍ അറസ്റ്റിലായെന്നും ഇതില്‍ 1,560 മുസ്ലീങ്ങളും 1,020 ഹിന്ദുക്കളുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവരെ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് താത്കാലികമായി പാര്‍പ്പിച്ചിരിക്കുന്നത്.

Temporary jail to house 2580 arrested in Assam for child marriage bkg


ന്ത്യന്‍ ഭൂഖണ്ഡം ഭരിച്ചിരുന്ന ബ്രിട്ടീഷുകാരാണ് 1929 ല്‍ ശൈശവ വിവാഹ നിയന്ത്രണ നിയമം കൊണ്ടുവരുന്നത്. അതായത് ഇന്ത്യയില്‍ നിയമം മൂലം ശൈശവ വിവാഹം നിരോധിച്ചിട്ട് ഒരു നൂറ്റാണ്ട് തികയാന്‍ ഇനി വെറും അഞ്ച് വര്‍‌ഷം മാത്രമാണ്. എന്നാല്‍, കഴിഞ്ഞ ആഴ്ചയില്‍ ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ അസമില്‍ നിന്ന് മാത്രം ശൈശവ വിവാഹം ചെയ്തതിന് അറസ്റ്റിലായത് 2,580 പേരാണ്.  4,074 ശൈശവ വിവാഹ കേസുകളാണ് രണ്ടാഴ്ച്ചക്കിടെ അസമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് കൂടി അറിയണം. 

പ്രശ്നം അവിടം കൊണ്ടും തീര്‍ന്നില്ല, അന്വേഷണവും അറസ്റ്റും കഴിഞ്ഞപ്പോഴാണ് മറ്റൊരു ഗുരുതര പ്രശ്നം സംസ്ഥാനം നേരിട്ടത്. നിയമലംഘനം നടത്തിയവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്ലെന്നതായിരുന്നു അത്. ഇതോടെ താത്കാലിക ജയിലുകള്‍ സ്ഥാപിക്കാന്‍ അസം തീരുമാനിച്ചു. ഗോൾപാറ, കച്ചാർ ജില്ലകളിലാണ് ഇതിനായി ജയിൽ സൗകര്യങ്ങൾ ഒരുക്കുന്നത്. താൽക്കാലിക ജയിൽ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി കച്ചാർ പൊലീസ് സൂപ്രണ്ട് നോമൽ മഹത്ത പറഞ്ഞു. സിൽച്ചാറിന് സമീപമുള്ള സർക്കാർ ഭൂമിയിലായിരിക്കും നിര്‍മ്മാണമെന്നും നിലവിലുള്ള ജയിലുകളിലെ സ്ഥലസൗകര്യം തീരുന്നതിന് അനുസൃതമായി താൽക്കാലിക ജയിലുകൾ ഉപയോഗിക്കുമെന്നും അദ്ദേഹം കൂുട്ടിച്ചേര്‍ത്തു. 

കൂടുതല്‍ വായിക്കാന്‍: അവിശ്വസനീയം ഈ കൂടിക്കാഴ്ച; 58 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍, അമ്മയെയും സഹോദരങ്ങളെയും കണ്ടെത്തി!

നിലവില്‍ ഇന്ത്യന്‍ പൗരന്മാരല്ലാത്ത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ അസമിലെ ഗോൾപാറയിലെ മാറ്റിയ മേഖലയിൽ  പണി കഴിപ്പിച്ചിട്ടുള്ള അഭയാര്‍ത്ഥി ക്യാമ്പിലാണ് ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളായവരെയും പാർപ്പിച്ചിട്ടുള്ളത്. അറസ്റ്റിലായ 2580 പേരില്‍  1,560 മുസ്ലീങ്ങളും 1,020 ഹിന്ദുക്കളുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പിന്നാലെ ശൈശവ വിവാഹത്തിനെതിരായ അറസ്റ്റുകള്‍ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്ന ആരോപണവും ഉയര്‍ന്നു.  ശൈശവവിവാഹം തടയുന്നതിന്‍റെ പേരിൽ സർക്കാരിന്‍റെ ഹിറ്റ്‌ലർ ഭരണം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു.  ഉയർന്ന മുസ്ലീം ജനസംഖ്യയുള്ള ജില്ലകളിൽ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ അറസ്റ്റുകൾ നടന്നിട്ടുണ്ടെന്ന് പൊലീസിന്‍റെ അറസ്റ്റ് ലിസ്റ്റ് കാണിക്കുന്നു. ബിശ്വനാഥ്, ബാർപേട്ട, ബക്‌സ, ധുബ്രി, ഹോജായ്, ബോംഗൈഗാവ്, നാഗോൺ എന്നീ മുസ്ലീം ഭൂരിപക്ഷ ജില്ലകളിലായി 100-ലധികം പേർ അറസ്റ്റിലായി. 

കൂടുതല്‍ വായിക്കാന്‍:  തിരക്കേറിയ ഹൈവെ കടക്കാന്‍, വാഹനങ്ങള്‍ പോകുന്നത് വരെ കാത്ത് നില്‍ക്കുന്ന കടുവ; അതിശയിപ്പിക്കുന്ന വീഡിയോ!

ബാല വിവാഹം കര്‍ശനമായി നിരോധിക്കുമെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അവകാശപ്പെട്ടത്. 14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാർക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമപ്രകാരവും 14-18 വരെ പ്രായത്തിലുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവുമായിരിക്കും കേസ്. അറസ്റ്റും കേസുമൊക്ക കൂടിയപ്പോള്‍ തങ്ങളുടെ കുടുംബാംഗങ്ങളെയും ഭര്‍ത്തക്കന്മാരെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി സ്ത്രീകളും രംഗത്തെത്തിയതായി വാര്‍ത്തകള്‍ പുറത്ത് വന്നു. ബാലവിവാഹവുമായി ബന്ധപ്പെട്ട് കൂട്ട അറസ്റ്റ് നടന്ന അസമില്‍ തന്‍റെ വിവാഹം മുടങ്ങി എന്ന് ആരോപിച്ച് ഒരു 17 -കാരി ജീവനൊടുക്കിയ സംഭവം വരെയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കൂടുതല്‍ വായനയ്ക്ക്:  ബാലവിവാഹത്തിന്‍റെ പേരില്‍ ഭര്‍ത്താക്കന്മാര്‍ അറസ്റ്റില്‍, ഭാര്യമാരുടെ പ്രതിഷേധം, 17 -കാരിയുടെ ആത്മഹത്യയും
 

 

 

Latest Videos
Follow Us:
Download App:
  • android
  • ios