'ജാതിയും മതവും വീട്ടില്‍ വെച്ചിട്ടുവേണം ഇവിടെ വരാന്‍', കൊടുംകാട്ടിലൊരു ദര്‍ഗ; വര്‍ഷത്തിലൊരിക്കല്‍ പ്രവേശനം!
മുസ്ലിംകള്‍ മാത്രം വന്നാല്‍, കരയടുക്കില്ല. വന്യമൃഗങ്ങള്‍ വഴിമുടക്കും. അതേ പോലെ, ഹൈന്ദവര്‍ മാത്രം വന്നാലും മഖാമിനടുത്തേക്ക് പോകാന്‍ തടസ്സങ്ങളുണ്ടാകും. ഇരുവിഭാഗത്തില്‍ നിന്നും ആളുണ്ടെങ്കിലേ തീര്‍ത്ഥാടനം നടക്കൂ. അന്നും ഇന്നും ആളൊഴുക്കിന് ജാതിമതഭേദമില്ലെന്നത് സത്യം. Photos: Shameer (Special Arrangement)
ജാതിയുടേയോ, മതത്തിന്റെ വേര്‍തിരിവുകളൊന്നുമില്ലാതെ കൊടുംകാട്ടിനുള്ളില്‍ തൊട്ടുചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന രണ്ടുപേര്‍. ഗുണ്ടറ മഖാമിന്റെ ചരിത്രം നിലകൊള്ളുന്നത് ഈ രണ്ടുപേരിലാണ്. അതിലൊരാള്‍ ഹസ്രത്ത് അബ്ദുല്‍ ബാരി എന്ന സൂഫി. കൂടെയുള്ളത് സഹചാരിയായ ആദിവാസി യുവാവ്.
കൊടുംകാട്. കാട്ടുവഴികളില്‍, പൊരിവെയിലത്ത് ഉറുമ്പരിച്ചത് പോലെ നടക്കുന്ന ജനക്കൂട്ടം. അവരുടെ കാതുകളില്‍ ദിക്റുകള്‍. ഒപ്പം, അറബി ബൈത്തുകള്‍, അറബ് -മലയാള കവിതകള്‍, ഖുര്‍ആന്‍ സൂക്തങ്ങള്‍. ചുറ്റും പല മണങ്ങള്‍. എരിഞ്ഞൊടുങ്ങുന്ന ചന്ദനത്തിരികളുടെ പുകയും ഗന്ധവും. കാട്ടുവഴി തീരുന്നിടത്ത് പതിഞ്ഞ ശബ്ദത്തില്‍ വിങ്ങിപ്പൊട്ടിയുള്ള പ്രാര്‍ത്ഥനകള്‍.
വഴി തീരുന്നിടത്ത് രണ്ടിടത്തായി ചെറിയ ആള്‍ക്കൂട്ടം കാണാം. ഒന്ന്, കുറച്ച് കല്ലുകള്‍ കൂട്ടിയിട്ടയിടം. ഇവിടെ പൂജ കഴിഞ്ഞതിന്റെ അടയാളങ്ങള്‍. തൊട്ടപ്പുറത്ത് പട്ടില്‍ പൊതിഞ്ഞ് മഖ്ബറകള്‍. കവിളുകളില്‍ കണ്ണീര്‍ നനവുമായി തലക്കനം ഇറക്കിവച്ച് കുറെ മനുഷ്യര്‍ മാറി മാറി വട്ടം കൂടി നില്‍ക്കുന്നു. അവരില്‍ പുരുഷന്‍മാരുണ്ട്, സ്ത്രീകളുണ്ട്, തലേക്കെട്ടുള്ളവരുണ്ട്, കുറിതൊട്ടവരുണ്ട്.
ഇതാണ് ഗുണ്ടറ മഖാം. കേരള-കര്‍ണാടക അതിര്‍ത്തിക്കടുത്തുള്ള നാഗര്‍ഹോള കടുവാ സങ്കേതത്തിനകത്താണ് ഹസ്രത്ത് അബ്ദുല്‍ ബാരി എന്ന സൂഫിവര്യന്‍ അന്ത്യവിശ്രമം കൊള്ളുന്നതായി കരുതുന്ന ഗുണ്ടറ മഖാം. ദര്‍ഗയില്‍ ഉറൂസ് നേര്‍ച്ച നടക്കുന്ന വേളയില്‍ മാത്രമാണ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഇവിടേക്ക് പുറത്തുള്ളവര്‍ക്ക് പ്രവേശനം ലഭിക്കുക. ഏപ്രിലില്‍ കര്‍ണാടക വനംവകുപ്പിന്റെ കാവലിലാണ് തീര്‍ത്ഥാടകര്‍ നദി മുറിച്ചു കടന്ന് കൊടും കാട്ടിനുള്ളിലൂടെ സഞ്ചരിച്ച് ഇവിടെ എത്താറുള്ളത്.
നദി കടന്ന്, കാട്ടിനുള്ളിലൂടെ
ഒട്ടും എളുപ്പമല്ല ആ യാത്ര. കേരള-കര്‍ണാടക അതിര്‍ത്തിയായ ബാവലി-മൈസൂരു പാതയില്‍ എഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മച്ചൂര്‍ എന്ന വനയോര ഗ്രാമത്തിലെത്താം. അവിടെ നിന്ന് കബനി നദിയോരം ചേര്‍ന്ന് ഗ്രാമ വഴികള്‍ താണ്ടി മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റോഡ് അവസാനിക്കും. റോഡിന് ഇരുവശവും കുഞ്ഞു വീടുകള്‍. പുല്ലുമേഞ്ഞ കുടിലുകള്‍. ഉഴുതുമറിച്ച കൃഷിയിടങ്ങള്‍. അവിടെ നിന്നാണ് ഗുണ്ടറ മഖാമിലേക്കുളള കാട്ടുവഴി തുടങ്ങുന്നത്.
അഞ്ഞൂറ് മീറ്റര്‍ നടന്നാല്‍ വേനലില്‍ മെലിഞ്ഞൊഴുകുന്ന കബനി. അടുത്തായി താത്കാലികമായി നടക്കാന്‍ ഉറൂസ് സംഘാടകര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിലെ സഞ്ചരിച്ചാല്‍, വീഴാതെ, നനയാതെ മറുകര പറ്റാം. കബനി കടന്നാല്‍ പിന്നെ കൊടുംകാടാണ്. മൈതാനം പോലെ തോന്നുമെങ്കിലും നടവഴിയെല്ലാം ബീച്ചനഹള്ളി ഡാമിന്റെ റിസര്‍വോയറാണ്. വേനലില്‍ വറ്റിവരണ്ട ഈയിടം കാട്ടാനകളുടെ വിളയാട്ടുകേന്ദ്രം കൂടിയാണ്. നടക്കുമ്പോള്‍, വഴിയില്‍ ഉടനീളം ആനപ്പിണ്ഡങ്ങള്‍ കാണാം. പതിവ് റോന്തുചുറ്റലിന് കര്‍ണാടക വനംവകുപ്പിന്റെ വാഹനങ്ങള്‍ വന്നുണ്ടായ മറ്റൊരു വഴിയുമുണ്ട് ഇവിടെ. അതിലൂടെയും തീര്‍ത്ഥാടകര്‍ നടക്കും. മേടവെയില്‍ നിഴലിനൊപ്പം നാലുകിലോമീറ്റര്‍ നടക്കണം, മഖാമില്‍ എത്താന്‍.
പണ്ടുപണ്ടൊരു അവധൂതന്‍
ഹസ്രത്ത് അബ്ദുല്‍ ബാരി എന്ന സൂഫിവര്യന്റെ ചരിത്രമുറങ്ങുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് മഖാം. ഹസ്രത്ത് അബ്ദുല്‍ ബാരി അന്ത്യവിശ്രമം കൊള്ളുന്ന ഇടം. അതിന് തൊട്ടടുത്തായി, ഈ സൂഫിവര്യന്റെ അനുചരനും പണിയ വിഭാഗക്കാരനുമായ യുവാവിന്റെയും അന്ത്യവിശ്രമസ്ഥാനമുണ്ട്.
ജാതിയുടേയോ, മതത്തിന്റെ വേര്‍തിരിവുകളൊന്നുമില്ലാതെ കൊടുംകാട്ടിനുള്ളില്‍ തൊട്ടുചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന രണ്ടുപേര്‍. ഗുണ്ടറ മഖാമിന്റെ ചരിത്രം നിലകൊള്ളുന്നത് ഈ രണ്ടുപേരിലാണ്. അതിലൊരാള്‍ ഹസ്രത്ത് അബ്ദുല്‍ ബാരി എന്ന സൂഫി. കൂടെയുള്ളത് സഹചാരിയായ ആദിവാസി യുവാവ്.
ഹസ്രത്ത് അബ്ദുല്‍ ബാരി എന്നാണ് നാഗര്‍ഹോള കടുവാ സങ്കേതത്തിന് അകത്തെത്തിയത് എന്ന് ആര്‍ക്കും നിശ്ചയമില്ല. ഇതുമായി ബന്ധപ്പെട്ട ചരിത്ര രചനകള്‍ ലഭ്യമല്ല. വാമൊഴി ചരിത്രമാണ് ഏക ആശ്രയം. വര്‍ഷങ്ങളായി ഏപ്രില്‍ മാസം നടക്കുന്ന നേര്‍ച്ചയാണ് അതിന്റെ പ്രമാണം.
ബാവലിയില്‍ എത്തിയ സൂഫിവര്യനായ സയ്യിദ് ബാരി ഒരു ആദിവാസി യുവാവുമായി കുത്തിയൊഴുകുന്ന കബനിപ്പുഴ മുറിച്ചുകടന്ന് കാട്ടിലേക്ക് പോയെന്നാണ് ഐതിഹ്യം. കുറെ നാളുകള്‍ കഴിഞ്ഞിട്ടും ഇവരുടെ ഒരു വിവരവും കിട്ടിയില്ല. തുടര്‍ന്ന്, കാട്ടിലേക്ക് അന്വേഷിച്ചുചെന്നവര്‍ ഈ കാട്ടിനുള്ളില്‍ രണ്ട് കബറിടങ്ങള്‍ കണ്ടു. ഇതാണ് ഹസ്രത്ത് അബ്ദുല്‍ ബാരിയും നാഗര്‍ഹോള കടുവാ സങ്കേതവുമായി ബന്ധപ്പെട്ട് പറയുന്ന ഐതിഹ്യം.
കാടകത്ത് ഒരു തീര്‍ത്ഥാടന കേന്ദ്രം
ആനക്കൂട്ടങ്ങളും കടുവയും പുലിയുമെല്ലാം വിലസുന്ന കാട്ടിലാണ് നേര്‍ച്ച നടക്കുന്നത്. ഇവിടെ കര്‍ണാടക വനംവകുപ്പിന്റെ തോക്കേന്തിയ കാവലുണ്ട്. അധികൃതരുടെ കൃത്യമായ നിര്‍ദ്ദേശങ്ങളുണ്ട്. അതനുസരിച്ചേ കാട്ടിലൂടെ പോകാനാകൂ. കേരളത്തിലെ തീര്‍ത്ഥാടകര്‍ക്കായി മച്ചൂര്‍ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാട്ടിലേക്ക് വഴിയൊരുക്കുന്നത്. കര്‍ണാടകത്തില്‍ നിന്നുള്ളവര്‍ എച്ച് ഡി കോട്ട ഭാഗത്ത് നിന്നാണ് കാട്ടിലേക്ക് പ്രവേശിക്കാനാവൂ. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണിത്. ബാക്കി 363 ദിവസവും ആള്‍പ്പെരുമാറ്റമില്ലാത്ത കൊടുംകാട് തന്നെയാണിവിടം.
രാവിലെ എട്ടുമണിയോടെ കാട്ടുവഴിയിലൂടെ തീര്‍ത്ഥാടകരെ കടത്തിവിടും. ഒരു മണിക്കൂര്‍ 15 മിനുറ്റ് നേരം കാട്ടിലൂടെ മാത്രം നടക്കണം. വന്നവര്‍ വന്നവര്‍ ദര്‍ഗയ്ക്ക് അടുത്തുള്ള മരത്തണലില്‍ ഇരിക്കുന്നുണ്ടാകും. ചിലര്‍ കൂട്ടമായി ഇരുന്ന് മൗലിദുകള്‍ ചൊല്ലും. നേര്‍ച്ചകള്‍ അര്‍പ്പിക്കും. മണിക്കൂറുകളോളം ഇതേ ഇരുത്തം തുടരുന്നവരുണ്ട്. തീര്‍ത്ഥാടകരോട് സ്ഥലം തിരക്കിയാല്‍ കേരളത്തിന്റെ നാനാദിക്കുകളുടെ പേരുകള്‍ കേള്‍ക്കാം. പല നാടുകളില്‍നിന്നും വന്നവര്‍. കേട്ടറിവ് കണ്ടറിയാന്‍ വന്നവരാണ് കൂടുതലും. ഇത്രയും നാള്‍ കേട്ട സൗഹൃദക്കഥ ശരിയെന്ന് തിരിച്ചറിയുന്ന നിമിഷമാണ് ഓരോ യാത്രയും. നാട്ടില്‍ മതസൗഹാര്‍ദത്തിന് ഉദാഹരണങ്ങള്‍ കുറയുന്ന കാലത്ത് കാടുകയറിക്കാണാവുന്ന മാതൃക.
വലിയ പ്രചാരണ പരിപാടികളൊന്നും നേര്‍ച്ചയ്ക്കില്ല. വന്നവര്‍ വന്നവര്‍ പറഞ്ഞറിഞ്ഞ് കൂടുതല്‍ പേര്‍ എത്തുന്നതാണ് പതിവ്. തീര്‍ത്ഥാടനം കഴിഞ്ഞു തിരികെ എത്തുമ്പോള്‍ മച്ചൂര്‍ ജമാഅത്ത് കമ്മിറ്റി എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കിയിട്ടുണ്ടാകും. നെയ്ച്ചോറും കോഴിക്കറിയുമാണ് പതിവ് വിഭവം. വയറുനിറയെ ഭക്ഷണവും മനസ്സുനിറയെ തീര്‍ത്ഥാടന സ്മൃതികളുമായാണ് ആളുകള്‍ കാടിറങ്ങുന്നത്.
'ഹിന്ദുവും മുസ്‌ലിമും ഒന്നിച്ചു വന്നാലേ തീര്‍ത്ഥാടനം നടക്കൂ'
വര്‍ഷങ്ങളായി മഖാമില്‍ നേര്‍ച്ചയുണ്ടെങ്കിലും രണ്ടായിരത്തിന് ശേഷമാണ് കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയതെന്ന് യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ ബൈരക്കുപ്പ സ്വദേശി ആലിക്കോയ പറഞ്ഞു. 35 വര്‍ഷത്തില്‍ അധികമായി ആലിക്കോയ ഗുണ്ടറയില്‍ വരാറുണ്ടത്രെ. ഗുണ്ടറയില്‍ എത്താന്‍ വേനല്‍ക്കാലത്തേക്കാള്‍ എളുപ്പം മഴക്കാലമെന്ന് പറയുന്നു, ആലിക്കോയ.
''അന്നൊക്കെ ബൈരക്കുപ്പയില്‍ നിന്ന് തോണിയില്‍ കയറി റിസര്‍വോയറിലേക്ക് എത്തുകയായിരുന്നു. അവിടെ റിസര്‍വോയറിന്റെ കരയിലെ ഒരു മരമായിരുന്നു അടയാളം. അതു ലക്ഷ്യമാക്കി തോണി അടുപ്പിക്കും. പിന്നെ മഖാമിലേക്ക് നടന്നുപോകും. പ്രാര്‍ത്ഥന കഴിഞ്ഞ്, ഭക്ഷണം പാകം ചെയ്ത് കഴിച്ചായിരുന്നു മടക്കം''-ആലിക്കോയ ഓര്‍ത്തെടുത്തു.
ആരൊക്കെയാണ് ഇവിടെ വരാറ് എന്ന് ചോദിച്ചപ്പോള്‍ ആലിക്കോയ തന്ന മറുപടി അത്ഭുതപ്പെടുത്തി. മുസ്ലിംകള്‍ മാത്രം വന്നാല്‍, കരയടുക്കില്ല. വന്യമൃഗങ്ങള്‍ വഴിമുടക്കും. അതേ പോലെ, ഹൈന്ദവര്‍ മാത്രം വന്നാലും മഖാമിനടുത്തേക്ക് പോകാന്‍ തടസ്സങ്ങളുണ്ടാകും. ഇരുവിഭാഗത്തില്‍ നിന്നും ആളുണ്ടെങ്കിലേ തീര്‍ത്ഥാടനം നടക്കൂ. അന്നും ഇന്നും ആളൊഴുക്കിന് ജാതിമതഭേദമില്ലെന്നത് സത്യം.
'ജാതിയും മതവും വീട്ടില്‍ വച്ചിട്ടുവേണം ഇവിടേക്ക് വരാന്‍'
മച്ചൂരുകാരനും ബൈരക്കുപ്പ പഞ്ചായത്ത് അംഗവുമായ പുരുഷോത്തമന്‍ പതിനഞ്ചാം വയസ്സുമുതല്‍ ഗുണ്ടറയിലേക്ക് വരാറുണ്ട്. ജാതിയും മതവും വീട്ടില്‍ വച്ചിട്ടു മനുഷ്യനായി വേണം ഇവിടേക്ക് വരാനെന്ന് പറയുന്നു, പുരുഷോത്തമന്‍. തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ ഹസ്രത്ത് അബ്ദുല്‍ ബാരിയേയും പണിയ വിഭാഗത്തില്‍പ്പെട്ട ഉറ്റ ചങ്ങാതിയെയും ഒരുപോലെ ആദരിക്കും. ആദ്യം ചങ്ങാതിയെ കാണണം. എന്നിട്ടേ, സൂഫിയെ കാണാനൊക്കു എന്നും പുരുഷോത്തമന്‍ പറഞ്ഞു.
നേര്‍ച്ച മുടക്കരുതെന്നും എല്ലാവരും ഒരുമിച്ച് ആണ്ടുനേര്‍ച്ച നടത്തണമെന്നും അച്ഛന്‍ ചെവിയിലോതിക്കൊടുത്തത് അതേ പോലെ നെഞ്ചേറ്റുന്ന പുരുഷോത്തമന്‍ ഉറൂസ് സംഘാടനത്തിലും സജീവമാണ്. ചെറുപ്പത്തില്‍ കുട്ടത്തോണിയില്‍ വന്ന കഥയും പുരുഷോത്തമന്‍ ഓര്‍ത്തെടുത്തു. 'പള്ളിയിലെ ഉസ്താദുമാര്‍ക്കൊപ്പമാണ് വരവ്. ഞങ്ങള്‍ പൂജ ചെയ്യും. അവര്‍ പ്രാര്‍ത്ഥിക്കും. ശേഷം കൊണ്ടുവന്ന ആടിനെ അറുക്കും. ഒരുമിച്ചിരുന്ന് പാകം ചെയ്ത് ഭക്ഷണിക്കും.'- ഒരുമ മുറ്റി നില്‍ക്കുന്ന ഓര്‍മകളാണ് ഇന്നാട്ടുകാര്‍ക്ക് പൊതുവായി പറയാനുള്ളത്.