വീട്ടിൽ വരുന്നവർക്ക് ഭക്ഷണം കൊടുക്കില്ല, സ്വീഡനിലെ രീതിയെ കുറിച്ച് സോഷ്യൽമീഡിയയിൽ വൻ ചർച്ച
എന്നാൽ, അടുത്ത വീട്ടിൽ കളിക്കാൻ പോകുന്ന കുഞ്ഞുങ്ങൾ കുറേ കഴിയുമ്പോൾ ക്ഷീണിക്കില്ലേ, അവരെ കഴിക്കാൻ വിളിക്കാത്തത് എന്തൊരു ശരികേടാണ് എന്നാണ് മറ്റ് ചിലർ ചോദിച്ചത്.
നമ്മളെല്ലാം കൂട്ടുകാരുടെ വീട്ടിൽ ചെന്നാൽ, അല്ലെങ്കിൽ പരിചയക്കാരുടെ വീട്ടിൽ ചെന്നാൽ ഇഷ്ടം പോലെ ഭക്ഷണം കഴിക്കുന്നവരാണ് അല്ലേ? വിളമ്പാൻ അവർക്കൊരു മടിയുമില്ല. മിക്ക സ്ഥലത്തും പോയാൽ കഴിക്കാതെ നമ്മെ വിടുകയുമില്ല. എന്നാൽ, നമ്മുടെ ചങ്കുകളുടെ വീട്ടിൽ പോയാൽ അവർ ഭക്ഷണം കഴിക്കുകയാണ് എങ്കിൽ പോലും നമ്മെ ഭക്ഷണം കഴിക്കാൻ വിളിക്കാതിരുന്നാൽ എന്താവും നമ്മുടെ അവസ്ഥ? നമുക്ക് ആകെ വല്ലാതെ ആവും അല്ലേ? ഇപ്പോൾ, അത്തരത്തിൽ ഒരു ചർച്ച ഉയർന്നുവരുന്നത് സ്വീഡനെ കുറിച്ചാണ്. ചില സാഹചര്യങ്ങളിൽ സ്വീഡനിലുള്ളവർ അതിഥികൾക്ക് ഭക്ഷണം വിളമ്പില്ല എന്നും അത് അവിടെ സാധാരണമാണ് എന്നും അറിഞ്ഞതോടെ പലരും ഞെട്ടലിലാണ്.
ജനപ്രിയ റെഡ്ഡിറ്റ് ഫോറമായ r/AskReddit-ൽ u/sebastian25525 എന്ന ഐഡിയിൽ നിന്നും ഒരു ചോദ്യം ചോദിച്ചപ്പോഴാണ് ഈ ഭക്ഷണവിവാദം ആരംഭിച്ചത്: “മറ്റൊരാളുടെ സംസ്കാരം/മതം കാരണം നിങ്ങൾക്ക് ചെയ്യേണ്ടി വന്ന ഏറ്റവും വിചിത്രമായ കാര്യം എന്താണ്?” എന്നതായിരുന്നു ചോദ്യം. ഒരു റെഡ്ഡിറ്റ് ഉപയോക്താവിന്റെ പ്രതികരണം ഇന്റർനെറ്റിൽ പ്രത്യേക ശ്രദ്ധ നേടി: “എന്റെ സ്വീഡിഷ് സുഹൃത്തിന്റെ വീട്ടിൽ പോയത് ഞാൻ ഓർക്കുന്നു. ഞങ്ങൾ അവന്റെ മുറിയിൽ കളിക്കുമ്പോൾ, അത്താഴം തയ്യാറാണെന്ന് അവന്റെ അമ്മ ഉറക്കെ വിളിച്ചു പറഞ്ഞു. അവർ ഭക്ഷണം കഴിച്ച് വരും വരെ അവന്റെ മുറിയിൽ കാത്തിരിക്കാനാണ് അവൻ എന്നോട് പറഞ്ഞത്“ എന്നായിരുന്നു ഇയാൾ കുറിച്ചത്.
ഇതോടെ റെഡ്ഡിറ്റ് പോസ്റ്റ് കാട്ടുതീ പോലെ പടർന്നു. #Swedengate എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയി. അധികം വൈകാതെ ആയിരക്കണക്കിന് ആളുകൾ സ്വീഡനിൽ മറ്റ് വീടുകളിൽ ചെന്നാൽ ഭക്ഷണം കിട്ടാറില്ല എന്ന സ്വന്തം അനുഭവം പങ്കുവച്ചു. അതേസമയം സ്വീഡനിലുള്ളവർ പലരും ഈ വാദത്തെ എതിർത്തു. എന്നാൽ, മറ്റ് രാജ്യക്കാർ ഇതിനെ വിമർശിക്കാൻ തുടങ്ങി.
ശരിക്കും സ്വീഡൻകാർ അതിഥികൾക്ക് ഭക്ഷണം വിളമ്പില്ലേ?
അധികം ആളുകളും പറയുന്നത് വിളമ്പില്ല എന്നാണ്. സ്വീഡനിലെല്ലായിടത്തും ഇത് സാധാരണമാണ് എന്നും പറയുന്നു. മിക്കവാറും അടുത്ത വീട്ടിൽ നിന്നും കളിക്കാനെത്തുന്ന കുട്ടികൾക്ക് സ്വീഡനിലുള്ളവർ സ്വന്തം വീട്ടിൽ ഭക്ഷണം വിളമ്പാറില്ല. കുട്ടികളുടെ വീട്ടിലെ ഭക്ഷണപദ്ധതികൾ താറുമാറാവരുത് എന്ന് കരുതിയാണത്രെ ഇത്.
ലിൻഡ ജോഹാൻസൺ ദി ഇൻഡിപെൻഡന്റിനായി ഈ വിഷയത്തിൽ ഒരു കുറിപ്പ് എഴുതി. അതിൽ പറയുന്നത് ഇങ്ങനെ: "സ്വീഡിഷ് ചിന്താഗതി ഇങ്ങനെയാണ്: മറ്റേ കുട്ടിക്ക് (അല്ലെങ്കിൽ മറ്റ് കുടുംബത്തിന്) മറ്റൊരു തരത്തിലുള്ള അത്താഴത്തിന് പദ്ധതിയുണ്ടാകാം. അവരതിന് തയ്യാറെടുത്തിട്ടുമുണ്ടാകാം. അത് താറുമാറാവണ്ട എന്ന് കരുതിയാണ് കുട്ടിയെ അത്താഴത്തിന് വിളിക്കാത്തത്. അല്ലാതെ, മറ്റേ കുട്ടിക്ക് ഭക്ഷണം കൊടുക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടോ പണമോ മറ്റെന്തെങ്കിലുമോ ചെലവാകുന്നതുകൊണ്ടോ ആണിതെന്ന് ഞാൻ കരുതുന്നില്ല. ഇത് പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. എല്ലാവരും സ്വന്തം കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നതിനെ മുൻനിർത്തിയാണ്."
മിക്ക സ്വീഡൻകാരും ഇന്റർനെറ്റിൽ ഇത് അംഗീകരിക്കുന്നുണ്ട്. 'അതായത്, നിങ്ങൾ അവിടെനിന്നും ഭക്ഷണം കഴിക്കും എന്ന് അറിയിക്കുന്ന പക്ഷം ഭക്ഷണം നിങ്ങൾക്ക് കൂടി ഒരുക്കിയിട്ടുണ്ടാവും. അല്ലാത്തപക്ഷം ഉണ്ടാവില്ല. നേരത്തെ അറിയിക്കുന്നുണ്ടോ എന്നതിനെ മാത്രം അപേക്ഷിച്ചിരിക്കുന്ന ഒരു കാര്യമാണിത്. നിങ്ങൾ സുഹൃത്തിന്റെ വീട്ടിൽ നിന്നും നേരത്തെ പറയാതെ കഴിക്കാനും തയ്യാറാവില്ല. സ്വീഡനിൽ ഇതിൽ ഒരു അസ്വാഭാവികതയുമില്ല. അത് സാധാരണമാണ്' എന്നാണ് ഒരാൾ എഴുതിയിരുന്നത്.
മറ്റൊരാൾ എഴുതിയത് ഇത് തികച്ചും പരസ്പരബഹുമാനത്തിൽ നിന്നും ഉണ്ടായ പാരമ്പര്യമാണ് എന്നാണ്. 'നാം മറ്റൊരു കുട്ടിയുടെ അമ്മയെ ബഹുമാനിക്കുന്നു. അവർ തയ്യാറാക്കുന്ന ഭക്ഷണം ബാക്കി വരരുത്. മാത്രവുമല്ല, ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മൂല്യമുള്ളതുമായ കാര്യമാണ് സ്വന്തം കുടുംബത്തോടൊപ്പം ഡിന്നർ കഴിക്കുക എന്നത്. അതിനെയും നാം ബഹുമാനിക്കണം' എന്നും ഇയാൾ എഴുതി.
എന്നാൽ, അടുത്ത വീട്ടിൽ കളിക്കാൻ പോകുന്ന കുഞ്ഞുങ്ങൾ കുറേ കഴിയുമ്പോൾ ക്ഷീണിക്കില്ലേ, അവരെ കഴിക്കാൻ വിളിക്കാത്തത് എന്തൊരു ശരികേടാണ് എന്നാണ് മറ്റ് ചിലർ ചോദിച്ചത്.
സ്റ്റോക്ക്ഹോമിൽ പേർഷ്യൻ മാതാപിതാക്കൾക്കൊപ്പം വളർന്ന മറ്റൊരു യുവതി എഴുതിയത്, താൻ അവരുടെ വീട്ടിൽ വിശന്നിരിക്കുമ്പോൾ തന്റെ സ്വീഡിഷ് അയൽക്കാരി തന്നെ തനിച്ചാക്കി, കുടുംബത്തോടൊപ്പം അത്താഴം കഴിക്കാൻ പോയി എന്നാണ്. 'എന്റെ സ്വീഡിഷ് അയൽക്കാരിയുമായി വർഷങ്ങളോളം എനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നു, അത്താഴസമയത്ത് ഞാൻ അവളുടെ വീട്ടിൽ ആയിരിക്കുമ്പോഴെല്ലാം അവൾ എന്നെ അവളുടെ കിടപ്പുമുറിയിൽ ഏകദേശം 20-30 മിനിറ്റ് തനിച്ചാക്കി, എന്നോട് ഒരു വാക്കുപോലും പറയാതെ കഴിക്കാൻ പോകും. വിശക്കുന്ന വയറുമായി ഞാൻ മുകളിൽ കാത്തിരിക്കും' എന്ന് അവർ പറഞ്ഞു.
ഏതായാലും ഇതോടെ ഏറ്റവും നന്നായി അതിഥികളെ സൽക്കരിക്കുന്ന നാടുകളേത്. ഏതെല്ലാം നാട്ടിലാണ് ആളുകൾ പോയാൽ അത്താഴം കഴിക്കാൻ വിളിക്കുക, തുടങ്ങി അനവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നു.