ശ്രീകുമാരന്‍ തമ്പി; 58 വര്‍ഷമായി മലയാളി ഉള്ളില്‍ കൊണ്ടുനടക്കുന്ന സംഗീതപ്രപഞ്ചം!

മാനസഗുരുവായി പി. ഭാസ്‌കരനെയാണ് ശ്രീകുമാരന്‍ തമ്പി കണ്ടിട്ടുള്ളത്. അദ്ദേഹം അത് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ അറിഞ്ഞോ അറിയാതെയോ വയലാറിന്റെ ശൈലിയാണ് കൂടുതല്‍ പാട്ടുകളിലും കാണാന്‍ കഴിയുന്നത്.

Songs Lyrics and Poetry music world of Sreekumaran Thambi

1966-ല്‍ രംഗത്തു വന്ന ശ്രീകുമാരന്‍ തമ്പി ഇപ്പോഴും സജീവമായി നില്‍ക്കുന്നു. തന്റെ ആത്മകഥാ രചനയ്‌ക്കൊപ്പം ഇപ്പോഴും തേടിയെത്തുന്നവര്‍ക്ക് വേണ്ടി അപൂര്‍വമായെങ്കിലും പാട്ടുകളെഴുതുന്നു. ജയരാജിന്റെ 'ഭയാനകം', മധുപാലിന്റെ 'ഒരു കുപ്രസിദ്ധ പയ്യന്‍', 'ഓട്ടം' തുടങ്ങിയ സിനിമകള്‍ക്ക് അദ്ദേഹം ഈയടുത്ത കാലത്ത് പാട്ടുകളെഴുതിയിട്ടുണ്ട്. ഇതില്‍ ഭയാനകം എന്ന സിനിമയിലെ പാട്ടിനാണ് അര്‍ജുനന്‍ മാഷ്‌ക്ക് ആദ്യമായി ഒരു സംസ്ഥാന അവാര്‍ഡ് കിട്ടിയത്.

Songs Lyrics and Poetry music world of Sreekumaran Thambi


അഭയാര്‍ത്ഥി സംഘങ്ങള്‍
അജയ്യരായുയരും 
അരമന കോട്ടകള്‍ തകരും
അടിമ തന്‍ കണ്ണിലിന്നെരിയുന്ന നൊമ്പരം
അഗ്‌നിനക്ഷത്രമായ് വിടരും നാളെ
അഗ്‌നി നക്ഷത്രമായ് വിടരും

'ക്രോസ്‌ബെല്‍റ്റ്' എന്ന സിനിമയിലെ ഒരു പാട്ടിലെ വരികളാണിത്. അടിയാളരുടെ കണ്ണില്‍നിന്നുയരുന്ന സങ്കടം ഒരു അഗ്‌നിനക്ഷത്രമായ് നാളെ ജ്വലിച്ചുയരും എന്നാണ് കവി എഴുതുന്നത്. വരികളില്‍ വിപ്‌ളവത്തിന്റെ അഗ്‌നിയുണ്ട്. അരമനക്കോട്ടകള്‍ തകരുന്നതിനെ കുറിച്ചുള്ള പ്രതീക്ഷയുണ്ട്. ഒരു വിപ്ലവ ജ്വാല ഉള്ളില്‍ എരിച്ചു നിര്‍ത്തുന്ന ഒരു കവിയുടെ തൂലികയില്‍ നിന്ന് മാത്രം പിറക്കാന്‍ സാദ്ധ്യതയുള്ളത്. മലയാളത്തില്‍ ഈ അഗ്‌നി സൂക്ഷിക്കുകയും അത് തന്റെ സിനിമാ പാട്ടുകളിലൂടെ പകര്‍ന്നുകൊടുക്കുകയും ചെയ്ത ഒരു ഗാനരചയിതാവേ ഉണ്ടായിട്ടൂള്ളു. വയലാര്‍. പി ഭാസ്‌കരന്‍ പോലും ചുരുക്കം ചില പാട്ടുകളിലേ അക്കാലത്തെ തന്റെ തീക്ഷ്ണ രാഷ്ട്രീയചിന്തകള്‍ പകര്‍ന്നിട്ടുള്ളൂ. എന്നാല്‍ മുകളില്‍ പറഞ്ഞ വരികളെഴുതിയത് വയലാറോ പി. ഭാസ്‌കരനോ അല്ല. ശ്രീകുമാരന്‍ തമ്പി ആണ് ഇതെഴുതിയ കവി. എം.എസ്. ബാബുരാജ് ഈണമിട്ട് യേശുദാസ് പാടിയിരിക്കുന്നു.

 

 


കാലം മാറി വരും കാറ്റിന്‍ ഗതി മാറും
കടല്‍ വറ്റി കരയാകും കര പിന്നെ കടലാകും
കഥയിത് തുടര്‍ന്ന് വരും ജീവിത
കഥയിത് തുടര്‍ന്ന് വരും.

ഇതാണ് പാട്ടിന്റെ പല്ലവി. ഈ കാലം മാറി പുതിയതൊന്ന് പിറക്കുമെന്നാണ് പല്ലവിയില്‍. മാറിവരുന്ന കാലത്ത് എന്തെല്ലാം സംഭവിക്കുമെന്ന് ചരണങ്ങളില്‍ പറയുന്നു. അഴിമതിക്കെതിരേ കര്‍ശന നിലപാടെടുക്കുന്ന ഒരു ഓഫീസറെ എങ്ങനെയെങ്കിലും കുടുക്കാന്‍ അയാളുടെ ശത്രുക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ താല്‍ക്കാലികമായെങ്കിലും വിജയിക്കുകയും അയാള്‍, താന്‍ ചെയ്യാത്ത അവിഹിത പ്രവൃത്തിക്ക് പിടിക്കപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ പശ്ചാത്തലത്തില്‍ നിന്നുയരുന്ന പാട്ടാണിത്. 

കരിമേഘമാലകള്‍ പെയ്ത് പെയ്‌തൊഴിയും
കണിമഴവില്ലൊളി വിരിയും
കനകത്തിലൊളിക്കുന്ന സത്യത്തിന്‍ തൂമുഖം
ഒരു യുഗ പുലരിയില്‍ തെളിയും

സമ്പത്തിന്റെ ശക്തിയാല്‍ ഒളിച്ചുവെച്ചിരിക്കുന്ന സത്യം പുറത്തുവരിക തന്നെ ചെയ്യും എന്ന ഉപനിഷദ് ആശയമാണ് ഈ വരികളില്‍. എന്നാല്‍ അടുത്ത ചരണം സിനിമാസന്ദര്‍ഭത്തിന്റെ സാദ്ധ്യതകളും കടന്ന് വലിയൊരു പ്രവചന സ്വഭാവം കൈവരിക്കുന്നു. ഈ വരികളില്‍ ശ്രീകുമാരന്‍ തമ്പി വയലാറിന്റെ രീതിയോടടുക്കുന്നു. തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളിലൂടെ, കഥാ സന്ദര്‍ഭങ്ങളിലൂടെ തന്റെ ഉള്ളിലെ രാഷ്ട്രീയ ചിന്തകള്‍ പകര്‍ന്ന് കൊടുക്കാന്‍ വയലാര്‍ എന്നും തയ്യാറായിട്ടുണ്ട്. അത് മതത്തിനെതിരായും ദൈവത്തിനെതിരായും വ്യവസ്ഥിതിക്കെതിരായും നിരന്തരം ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ശ്രീകുമാരന്‍ തമ്പി ഇത്തരം തുറന്ന രാഷ്ട്രീയ നിലപാടെടുക്കുന്നതില്‍ നിന്ന് എന്നും മാറി നിന്നിട്ടേ ഉള്ളൂ. എന്നിട്ടും ഇത്രയും വിപ്ലവകരമായ വരികള്‍ എഴുതാന്‍ അദ്ദേഹം തയ്യാറായി. അതാണ് ആദ്യം പരാമര്‍ശിച്ച വരികളില്‍ തെളിയുന്നത്.

ഏറെക്കുറെ ഇതേ ശൈലിയിലുള്ള, വയലാറിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു പാട്ട് 'ചിത്രമേള' എന്ന സിനിമയിലുണ്ട്.

മദം പൊട്ടിച്ചിരിക്കുന്ന മാനം
മനം പൊട്ടിക്കരയുന്ന ഭൂമി
ഇടയില്‍പ്പെട്ടിര തേടി പിടയുന്നു പ്രാണന്‍
എവിടെയോ മറയുന്നു ദൈവം

 

 

നിസ്വരും അശരണരുമായ കഥാപാത്രങ്ങളിലൂടെ തന്റെ ഉള്ളിലെ സമൂഹ്യ വിമര്‍ശനം, മതദൈവ വിമര്‍ശനം ഒക്കെ കിട്ടിയ അവസരങ്ങളിലൊക്കെ പുറത്ത് വിട്ടിട്ടുണ്ട് വയലാര്‍ തന്റെ പാട്ടുകളിലൂടെ. ഇവിടെ ശ്രീകുമാരന്‍ തമ്പിയും ചെയ്യുന്നത് അത് തന്നെ. ചരണത്തില്‍ ഈ പക്ഷപാതിത്വം കുറച്ചുകൂടി വ്യക്തവും തീവ്രവും ആയി മാറുന്നുണ്ട്.

കരയുവാന്‍ കണ്‍കളില്‍ കണ്ണുനീരില്ലാത്ത
കളിമരപ്പാവകള്‍ ഞങ്ങള്‍
കാലമാം മാന്ത്രികന്‍ ഹോമത്തിനെഴുതിയ
കരിമഷിക്കോലങ്ങള്‍ ഞങ്ങള്‍

ശ്രീകുമാരന്‍ തമ്പിയുടെ അരങ്ങേറ്റ ചിത്രമായ 'കാട്ടുമല്ലിക' പുറത്തുവന്നുകഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞ് 1967-ല്‍ ആണ് 'ചിത്രമേള' വരുന്നത്. ഈ ചിത്രത്തില്‍ രണ്ട് പാട്ടുകളാണ് അദ്ദേഹത്തിനുവേണ്ടി നീക്കിവെച്ചിരുന്നതെങ്കിലും വരികളുടെ സൗന്ദര്യം കണ്ട് എട്ടുപാട്ടുകളും എഴുതാന്‍ അദ്ദേഹത്തെ ഏല്പിക്കുകയായിരുന്നു. അതോടുകൂടി ശ്രീകുമാരന്‍ തമ്പി എന്ന പേര് മലയാള പിന്നണി ഗാനരംഗത്ത് സ്ഥിരപ്രതിഷ്ഠ നേടി.

 

Songs Lyrics and Poetry music world of Sreekumaran Thambi

 

ഇനിയൊരു പാട്ട് ശ്രദ്ധിക്കാം. ഇതൊരു വിപ്ലവഗാനമല്ല, മറിച്ച് സുന്ദരമായ പ്രണയവിചാരങ്ങളാണ് പാട്ട് പകരുന്നത്. വയലാര്‍ എഴുതിയതാണെന്ന് തോന്നല്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും ഇതും ശ്രീകുമാരന്‍ തമ്പിയാണെഴുതിയിരിക്കുന്നത്.

എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൗര്‍ണമി വിടര്‍ന്നേനെ
എന്‍ സ്വപ്നരേണുക്കള്‍ രത്‌നങ്ങളായെങ്കില്‍
എന്നും നവരത്‌നമണിഞ്ഞേനെ
എന്നശ്രു ബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍
എന്നും മാധവമുണര്‍ന്നേനെ നിന്നില്‍

 

 

പ്രണയം അങ്ങനെയാണ് അത് ചുണ്ടില്‍ മന്ദഹാസം വിരിയിക്കും, ഉള്ളില്‍ സ്വപനരേണുക്കള്‍ നിറയ്ക്കും, ചിലപ്പോള്‍ കണ്ണുനീരും കൊണ്ടുവരും. പക്ഷേ ഈ വരികളിലെ യഥാര്‍ത്ഥ അര്‍ത്ഥം വെളിവാകുന്നത് പാട്ടിന്റെ അവസാനത്തില്‍ മാത്രമാണ്. പ്രണയം തന്നിലുണ്ടാക്കുന്ന ഭാവങ്ങള്‍ പൗര്‍ണമിയായും നവരത്‌നമായും മാധവമായും തെളിയുന്നത് നിന്നിലാണെന്നതാണ് പാട്ടിന്റെ ഹൈ ലൈറ്റ്. അവസാനം വരെ കേള്‍വിക്കാരെ ഇരുട്ടില്‍ നിര്‍ത്തിയാണ് 'നിന്നില്‍' എന്ന പ്രയോഗം. വരികളുടെ കാല്പനിക സൗന്ദര്യത്തോടൊപ്പം വല്ലാത്തൊരു റ്റ്വിസ്റ്റ്. പല്ലവിയിലെ ഓരോ വരിയും എ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത് എന്ന ഒരു പ്രത്യേകത കൂടിയുണ്ട്.

എന്നനുഭൂതി തന്‍ സ്വര്‍ണദലങ്ങളാല്‍ 
നിന്‍ മോഹ പുഷ്പകം അലങ്കരിക്കാന്‍
നിന്‍ ത്യാഗ മണ്ഡല യാഗാഗ്‌നി തന്നിലെ
ചന്ദന ധൂമമായ് ഞാനുയരാം

നിന്റെ ജാലകങ്ങളെ തൊട്ടുണര്‍ത്താന്‍ ഞാന്‍ മന്ദസമീരനായ് വരാം എന്നാണ് അടുത്ത ചരണത്തില്‍ കാമുകന്‍ പാടുന്നത്. 'നിന്റെ മിഴിത്താമര പൂവിതള്‍ തുമ്പിലെ നീര്‍ മുത്ത് ഒരുമ്മയാല്‍ ഞാന്‍ ഒപ്പിയെടുത്തേക്കാം' എന്നും. എന്തൊരു കാല്പനികസുന്ദരമായ വരികള്‍! 

നമ്മുടെ മിക്ക ഗാനരചയിതാക്കളും സ്വന്തമായൊരു ശൈലി എഴുത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. പാട്ടുകള്‍ കേള്‍ക്കുമ്പോള്‍, വരികള്‍ ശ്രദ്ധിക്കുമ്പോള്‍ തന്നെ അതാരുടെയാണെന്ന തോന്നല്‍ ഉള്ളിലുണ്ടാവും.

തന്റെ മാനസഗുരുവായി പി. ഭാസ്‌കരനെയാണ് ശ്രീകുമാരന്‍ തമ്പി കണ്ടിട്ടുള്ളത്. അദ്ദേഹം അത് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ അറിഞ്ഞോ അറിയാതെയോ വയലാറിന്റെ ശൈലിയാണ് കൂടുതല്‍ പാട്ടുകളിലും കാണാന്‍ കഴിയുന്നത്.

 

 

പൊന്‍ വെയില്‍ മണിക്കച്ച അഴിഞ്ഞുവീണു
സ്വര്‍ണ പീതാംബരമുലഞ്ഞുവീണു
കണ്ണന്റെ മന്മഥലീലാവിനോദങ്ങള്‍
സുന്ദരി വനറാണി അനുകരിച്ചു

ഈ പാട്ട് വേറൊരു ഉദാഹരണം. പാട്ടിന്റെ മൊത്തം ഭാവത്തില്‍ ഒരു ഭാസ്‌കര സ്പര്‍ശമുണ്ടെങ്കിലും വരികളുടെ ആഴത്തിലേയ്ക്ക് നോക്കുമ്പോള്‍ വയലാറിന്റെ സ്വാധീനം പ്രകടം.

ആദ്യ ചരണത്തില്‍ ഉദിച്ചുയരുന്ന താരങ്ങളെ കവി കാണുന്നത് സന്ധ്യയാകുന്ന ഗോപസ്ത്രീയുടെ ചെന്തളിര്‍ മേനിയില്‍ ഉണ്ടായ നഖപ്പാടുകളായിട്ടാണ്. 'ചെന്തളിര്‍ മേനിയിലെ നഖപ്പാടുകള്‍' വയലാറിന്റെ ഇഷ്ടപ്രയോഗമാണ്. 'രാജീവനയനന്റെ രതിവീണ' എന്ന രൂപകം മറ്റൊന്ന്.

കാഞ്ചന നൂപുരങ്ങള്‍ അഴിച്ചുവെച്ചു
കാളിന്ദീ പൂനിലാവില്‍ മയക്കമായീ
കണ്ണന്റെ മാറിലെ മലര്‍മാലയാകുവാന്‍
കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ

രാധാകൃഷ്ണ പ്രണയം വെറും കാല്പനികപ്രണയമായിരുന്നില്ലല്ലോ. 'ഗീതാഗോവിന്ദം' എന്ന ശൃംഗാരരസപ്രധാനമായ കാവ്യത്തിന് ആസ്പദം ഈ പ്രണയം തന്നെ. പാട്ട് 'നൃത്തശാല' എന്ന സിനിമയില്‍. വി.ദക്ഷിണാമൂര്‍ത്തി സംഗീതം കൊടുത്ത് യേശുദാസ് മനോഹരമായി പാടിയിരിക്കുന്നു.

 

Songs Lyrics and Poetry music world of Sreekumaran Thambi

 

ആദ്യമായി സിനിമയ്ക്കുവേണ്ടി എഴുതിയ പാട്ടിന്റെ വരികളിലുള്ളത് കൃത്യമായ ഭാസ്‌കരസ്പര്‍ശം. തനി നാടന്‍ പെണ്‍കുട്ടികളുടെ ലോലമായ ഹൃദയവിചാരങ്ങള്‍ ലളിതപദാവലിയിലൂടെ നമ്മളെ കേള്‍പ്പിച്ചത് ഭാസ്‌കരന്‍ മാഷാണ്.

ആതിര ചന്ദ്രിക അരിയാമ്പല്‍ പൂക്കളില്‍
മധുമാരി പെയ്യുമീ രാവില്‍
ഒരു കാട്ടുപൂവിന്റെ കരളിലെ നൊമ്പരം 
നറുമണമാകുമീ രാവില്‍

 

 

ഇനിയൊരു ചരണം പ്രണയത്തിലെ പ്രതീക്ഷയുടെ, കാത്തിരിപ്പിന്റെ, അക്കാലത്ത് സഹജമായ ലജ്ജയുടെ ഒക്കെ നിര്‍മലമായ ചിത്രമാണ്.

കാണാതിരിക്കുമ്പോള്‍ കണ്‍ നിറയും നീയെന്‍
കണ്മുന്നില്‍ വന്നാലോ കരള്‍ നിറയും
കണ്ണു തുറന്നിരുന്ന് കനവ് കാണും നിന്റെ
കാലൊച്ച കേട്ടാല്‍ ഞാനാകെ മാറും

'താമരത്തോണിയില്‍ താലോലമാടി' എന്ന് തുടങ്ങുന്ന പാട്ട് ബാബുരാജ് ഈണമിട്ട് യേശുദാസും എസ്. ജാനകിയും ചേര്‍ന്ന് പാടിയിരിക്കുന്നു.

ഇനി വേറൊരു പാട്ട് നോക്കാം. രവീന്ദ്രന്‍ ഈണമിട്ട് യേശുദാസ് അതിമനോഹരമായി പാടിയ പാട്ട്. ചിത്രം 'യുവജനോല്‍സവം'.

ഇന്നുമെന്റെ കണ്ണുനീരില്‍ 
നിന്നോര്‍മ പുഞ്ചിരിച്ചു
ഈറന്‍ മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സെന്ന പോലെ

ഒ. എന്‍. വി എഴുതിയ വരികളാണെന്ന് തോന്നലുണ്ടാക്കുന്നത് എനിക്ക് മാത്രമാകില്ല, ഉറപ്പ്. ഈറന്‍ മുകില്‍ മാലകളും ഇന്ദ്രധനുസ്സും ഒക്കെ.

 

 

സ്വര്‍ണമല്ലി നൃത്തമാടും
നാളെയുമീ പൂവനത്തില്‍
തെന്നല്‍ കൈ ചേര്‍ത്തുവെയ്ക്കും
പൂക്കൂട പൊന്‍ പണം പോല്‍
നിന്‍ പ്രണയ പൂ കനിഞ്ഞ
പൂമ്പൊടികള്‍ ചിറകിലേന്തി
എന്റെ ഗാന പൂത്തുമ്പികള്‍
നിന്നധരം തേടിവരും

എന്തൊരു സുന്ദരമായ വരികള്‍്! നിന്റെ പ്രണയപ്പൂ കനിഞ്ഞ് നല്‍കിയ പൂമ്പൊടികള്‍ ചിറകിലേന്തിയ എന്റെ ഗാന തുമ്പികള്‍ നിന്റെ അധരം തേടി വരുമെന്നാണ് കവി എഴുതുന്നത്. എന്റെ ഗാന തുമ്പികളുടെ ചിറകിലുള്ളത് നിന്റെ പ്രണയപ്പൂ കനിഞ്ഞ് നല്‍കിയ പൂമ്പൊടിയാണെന്ന്.

ഈ വഴിയില്‍ ഇഴകള്‍ നെയ്യും
സാന്ധ്യനിലാശോഭകളില്‍
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍
തേന്‍ പാളിയുയര്‍ത്തിടുമ്പോള്‍
നീയരികില്ലയെങ്കിലെന്തു നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കിവരും
കാറ്റെന്നെ തഴുകുമല്ലോ

നീ അരികില്‍ ഇല്ലെങ്കിലും നിന്റെ നിശ്വാസങ്ങള്‍ രാഗമാലയാക്കി വരുന്ന കാറ്റ് എന്നെ തഴുകുന്നുണ്ടല്ലോ എന്നാണ് കാമുകന്‍ ആശ്വാസം കൊള്ളുന്നത്. പ്രണയത്തെ ഒതുക്കി, ഒളിപ്പിച്ച്, കാവ്യാത്മകമായി അവതരിപ്പിക്കാന്‍ ഒ. എന്‍.വിയ്ക്കുള്ള കഴിവ് മലയാളത്തിലെ ഗാനരചയിതാക്കളില്‍ ഏറെ പേര്‍ക്കുമില്ല. ഇവിടെ ശ്രീകുമാരന്‍ തമ്പി ഒ. എന്‍.വിയെ അതിശയിക്കുന്നു.

മലയാള ചലച്ചിത്ര ഗാന രംഗത്തെ ത്രയങ്ങളായിരുന്നു വയലാര്‍, ഭാസ്‌കരന്‍, ഒ. എന്‍.വി. പി.ഭാസ്‌കരന്‍ 1950-ലും ഒ. എന്‍.വി 1955-ലും വയലാര്‍ 1956-ലുമാണ് സിനിമാ ഗാനരചനാരംഗത്ത് എത്തുന്നത്. ശ്രീകുമാരന്‍ തമ്പി എത്തുന്നതാവട്ടെ 1966-ല്‍ 'കാട്ടുമല്ലിക' എന്ന സിനിമയിലും. കവിത്രയങ്ങള്‍ മലയാള സിനിമാരംഗത്ത് അവരവരുടേതായ ഇരിപ്പിടം ഉറപ്പിച്ച് വാഴുന്ന കാലത്ത്. അവര്‍ മൂന്നുപേര്‍ക്കും അവരവരുടെതായ ശൈലി ഉണ്ടായിരുന്നു.

ഈ മൂന്നുപേരുടെ ശൈലിയും ഏറിയോ കുറഞ്ഞോ ശ്രീകുമാരന്‍ തമ്പിയിലുണ്ടെന്ന് എന്റെ തോന്നല്‍. 
ഒന്ന് വ്യക്തമാണ്. അദ്ദേഹം തന്റെ മുന്‍ഗാമികളെ അനുകരിച്ചെഴുതിയതല്ല. ഈ മൂന്ന് പേരില്‍ നിന്ന് വ്യത്യസ്തമായ ഒരു ശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. അത് പില്ക്കാലത്ത് എഴുതിയ പാട്ടുകളില്‍ കൃത്യമായി മനസ്സിലാക്കാന്‍ പറ്റും. മുന്‍ ചൊന്ന മൂന്ന് രാഗങ്ങളും നാലാമത്തെ സ്വന്തം രാഗവും ചേര്‍ന്ന രാഗമാലികയാണ് ശ്രീകുമാരന്‍ തമ്പി എന്ന് പറയാം.

മലയാളത്തിലെ മികച്ച പത്ത് പ്രണയഗാനങ്ങളെടുത്താല്‍ അതില്‍ 'ഹൃദയസരസ്സിലെ പ്രണയപുഷ്പമേ' എന്ന പാട്ടുണ്ടായിരിക്കും. 'പാടുന്നപുഴ' എന്ന ചിത്രത്തില്‍ വി.ദക്ഷിണാമൂര്‍ത്തി ഈണമിട്ട് യേശുദാസ് പാടിയ പാട്ട്.

പ്രണയത്തെ കുറിച്ച്, പ്രണയം പ്രപഞ്ചത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്.

പാടാത്ത വീണയും പാടും 
പ്രേമത്തിന്‍ ഗന്ധര്‍വ വിരല്‍ തൊട്ടാല്‍
പാടാത്ത മാനസവീണയും പാടും

ഇങ്ങനെയെഴുതാന്‍ ഒരു ശ്രീകുമാരന്‍ തമ്പി മാത്രം. ഈ പാട്ട് 'റസ്റ്റ് ഹൗസ്' എന്ന ചിത്രത്തില്‍.എം.കെ.അര്‍ജുനന്‍ ഈണമിട്ട് യേശുദാസ് പാടി അനശ്വരമാക്കി.

 

 

മനുഷ്യജീവിതം സുഖദുഖസമ്മിശ്രമാണ്. പലപ്പോഴും സങ്കീര്‍ണവും. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് ചിലപ്പോഴെങ്കിലും അതൊരു സമസ്യയായി അനുഭവപ്പെടാം. ഇത്തരം സമസ്യകളെ കുറിച്ച് തത്വചിന്താപരമായി ഏറ്റവും കൂടുതല്‍ എഴുതിയത് ശ്രീകുമാരന്‍ തമ്പിയാണ്.

 

 

സുഖമൊരു ബിന്ദു ദു:ഖമൊരു ബിന്ദു
ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു
പെന്‍ഡുലമാടുന്നു
ജീവിതം അത് ജീവിതം

മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിത പ്രയാണത്തെ കണ്ണീരില്‍ തുടങ്ങി ചിരിയായ് വളര്‍ന്ന് കണ്ണീരിലേക്ക് തന്നെ മടങ്ങുന്ന പെന്‍ഡുലമായി അദ്ദേഹം കണ്ടു. ആശ എന്ന ആതിരനക്ഷത്രം തന്നെ ധൂമകേതുവായ് മാറുന്നു എന്നും സിനിമയിലെ കഥാപാത്രത്തെക്കൊണ്ട് അദ്ദേഹം പാടിച്ചു. 'ഇത് മനുഷ്യനോ' എന്ന ചിത്രത്തിലെ പാട്ടിന് സംഗീതം കൊടുത്തത് എം.കെ.അര്‍ജുനന്‍.

വേറൊരു പാട്ടില്‍ സുഖവും ദുഖവും ആശയും നിരാശയുമൊന്നും ശാശ്വത സത്യങ്ങളല്ലെന്നും വെറും മരീചിക പോലെയാണെന്നും അദ്ദേഹം എഴുതി. പാട്ട് 'വിലയ്ക്ക് വാങ്ങിയ വീണ' എന്ന ചിത്രത്തില്‍. വി.ദക്ഷിണാമൂര്‍ത്തി ഈണമിട്ട് യേശുദാസ് പാടിയിരിക്കുന്നു. ഈ സിനിമ തമ്പി സാര്‍ തന്റെ മാനസഗുരു എന്ന് പല തവണ വിശേഷിപ്പിച്ചിട്ടുള്ള പി.ഭാസ്‌കരന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത സിനിമയായിരുന്നു. അതില്‍ ഭാസ്‌കരന്‍ മാഷോടൊപ്പം ചില പാട്ടുകള്‍ അദ്ദേഹം എഴുതി.

വെയിലത്തു നടക്കുമ്പോള്‍ തണലിന് കൊതിക്കും
തണലത്ത് നില്‍ക്കുമ്പോള്‍ താനേ മറക്കും
നിന്‍ നിഴല്‍ കൊണ്ട് നീ നിന്നെ മറയ്ക്കും
ആദിയിലേക്കുനീ അറിയാതൊഴുകും

തണല്‍ കിട്ടിയാല്‍ അതുവരെ അനുഭവിച്ച വെയിലും ചൂടും മാത്രമല്ല തന്നെത്തന്നെ മറന്നുപോകും എന്നാണ് അദ്ദേഹം എഴുതുന്നത്. ഒരു ചെറിയ സന്തോഷം പോലും വലിയ ദുഖത്തെ മറക്കാന്‍ സഹായിക്കുമെന്ന്. സുഗതകുമാരി എഴുതിയ 'പാവം മാനവഹൃദയം' എന്ന കവിതയുടെ ആശയം തന്നെ.

സ്വന്തം, ബന്ധം എന്നീ പദങ്ങള്‍ക്കൊന്നും അര്‍ത്ഥമില്ല എന്ന് ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടുമ്പോള്‍ വേദനിക്കുന്ന നായകനെ കൊണ്ട് അദ്ദേഹം പാടിച്ചു.

 

 

സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം
ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം
ബന്ധങ്ങള്‍ സ്വപ്നങ്ങള്‍ ജലരേഖകള്‍

ഈ അര്‍ത്ഥമില്ലായ്മയെ സമര്‍ത്ഥിക്കാന്‍ അദ്ദേഹം ഉപയോഗിച്ച രൂപകങ്ങള്‍ അതി സുന്ദരങ്ങളായിരുന്നു. 'പുണരാനടുക്കുമ്പോള്‍ പുറന്തള്ളും തീരം തിരയുടെ സ്വന്തമല്ല' എന്നും 'മാറോടമര്‍ത്തുമ്പോള്‍ പിടഞ്ഞോടും മേഘങ്ങള്‍ മാനത്തിന്‍ സ്വന്തമല്ല' എന്നും അദ്ദേഹം. 'വിരിഞ്ഞാലുടനെ കൊഴിയുന്ന പുഞ്ചിരി അധരത്തിന്‍ സ്വന്തമല്ല' എന്നും 'കരള്‍ പുകഞ്ഞാലൂറും കണ്ണീര്‍ മുത്തുകള്‍ കണ്ണിന്റെ സ്വന്തമല്ല' എന്നും തുടര്‍ന്നെഴുതി. വളരെ ലളിതമായ പദങ്ങള്‍ കൊണ്ട് നിത്യസത്യത്തെ തമ്പി സാര്‍ വരച്ചിട്ടു.

ഈ പാട്ട് 'മോഹിനിയാട്ടം' എന്ന ചിത്രത്തില്‍. ഈ സിനിമ നിര്‍മ്മിച്ച് സംവിധാനം ചെയ്തത് അദ്ദേഹം തന്നെയായിരുന്നു.സംഗീതം ചെയ്തത് ജി.ദേവരാജന്‍.

ഇതുപോലെയുള്ള വരികള്‍ തന്നെയാണ് 'ബന്ധുവാര് ശത്രുവാര്' എന്ന പാട്ടിലുമുള്ളത്.പുറമെ ബന്ധുക്കളാകുന്നവര്‍ തന്നെ അണിയറയില്‍ ശത്രുക്കളാകമെന്നും അദ്ദേഹം എഴുതി.

ഈ പാട്ടിന് സംഗീതം കൊടുത്തതും അദ്ദേഹം തന്നെയാണെന്ന് എടുത്തുപറയേണ്ടതായിട്ടുണ്ട്. 'ബന്ധുക്കള്‍ ശത്രുക്കള്‍' എന്ന സിനിമയിലെ പാട്ടുകള്‍ക്കെല്ലാം ഈണമിട്ടത് അദ്ദേഹം തന്നെ. നിരവധി ടി.വി.സീരിയലുകള്‍ക്കും അദ്ദേഹം സംഗീതം ചെയ്തിട്ടുണ്ട്.

സിനിമാ സംഗീതത്തിന്റെ കാര്യത്തില്‍ മിക്കപ്പോഴും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന കൂട്ടുകെട്ടുകള്‍ ഉണ്ടായിട്ടുണ്ട്. വയലാര്‍ - ദേവരാജന്‍, ഭാസ്‌കരന്‍ - ബാബുരാജ്, ഭാസ്‌കരന്‍ - രാഘവന്‍, പില്‍ക്കാലത്ത് കൈതപ്രം - ജോണ്‍സണ്‍ ബിച്ചു തിരുമല - ശ്യാം അങ്ങനെ നിരവധി കൂട്ടുകെട്ടുകള്‍. അന്യഭാഷാ സിനിമകളിലും ഇത്തരം കൂട്ടുകെട്ടുകള്‍ നിലനിന്നിട്ടുണ്ട്.

മലയാളത്തില്‍ ഇത്തരം കൂട്ടുകെട്ടുകള്‍ കൂടുതലുണ്ടായത് ശ്രീകുമാരന്‍ തമ്പിയുമായി ചേര്‍ന്നാണ്. നീണ്ട് നിന്ന മൂന്ന് വ്യതസ്ത കൂട്ടുകെട്ടുകളില്‍ ശ്രീകുമാരന്‍ തമ്പി പങ്കാളിയായിട്ടുണ്ട്. ആദ്യകാലത്ത് ദക്ഷിണാമൂര്‍ത്തിയുമായും പിന്നീട് എം.കെ.അര്‍ജുനനുമായും എം.എസ്.വിശ്വനാഥനുമായും ചേര്‍ന്ന് അദ്ദേഹം നിരവധി പാട്ടുകള്‍ ചെയ്തു. ആദ്യം വരികളെഴുതി ഈണമിട്ടപ്പോഴും പിന്നീട് ഈണത്തിനൊപ്പിച്ച് വരികളെഴുതിയപ്പോഴും നല്ല പാട്ടുകള്‍ നമുക്ക് കിട്ടി.

ഒരു കൂട്ടുകെട്ട് എന്ന നിലയില്‍ നിലനിന്നില്ലെങ്കിലും ശ്രീകുമാരന്‍ തമ്പിയും ജി ദേവരാജനും ചേര്‍ന്ന് ധാരാളം നല്ല പാട്ടുകള്‍ ചെയ്തിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പിക്ക് മലയാളസിനിമ സ്വന്തമായ ഇരിപ്പിടം നല്‍കിയ സിനിമ 'ചിത്രമേള' സംഗീതം ചെയ്തത് ദേവരാജനായിരുന്നു. എന്നാല്‍ 1968-ല്‍ പിറന്ന 'വെളുത്ത കത്രീന' എന്ന സിനിമയ്ക്കുശേഷം നീണ്ട അഞ്ചുവര്‍ഷക്കാലം അവര്‍ ഒരുമിച്ച് പാട്ടുകള്‍ ചെയ്തതേയില്ല. 'പനിനീര്‍ കാറ്റിന്‍ താരാട്ടിലാടി' പി.സുശീല, 'കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍' എ. എം. രാജ, 'പൂജാ പുഷ്പമേ പൂഴിയില്‍ വീണ' യേശുദാസ്, 'മകരം പോയിട്ടും മാടമുണര്‍ന്നിട്ടും' ജയചന്ദ്രന്‍ സുശീല  തുടങ്ങിയ സുന്ദര ഗാനങ്ങളൊക്കെ ഈ സിനിമയിലായിരുന്നു.

ഇടയ്ക്കിടെ സംഭവിച്ച പിണക്കങ്ങള്‍ കാരണം അവര്‍ക്ക് സ്ഥിരം കൂട്ടുകെട്ടായി നിലനില്‍ക്കാന്‍ കഴിയാതെ വന്നു. അത് രണ്ട് പേരും പില്‍ക്കാലത്ത് മനസ്സിലാക്കിയിട്ടുമുണ്ട്. എന്നാല്‍ സ്ഥിരം കൂട്ടുകെട്ടുകള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ പാട്ടുകള്‍ അവര്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. 200-നടുത്ത് പാട്ടുകള്‍. രണ്ട് പേരും തിളങ്ങിനിന്ന കാലഘട്ടത്തില്‍ അവര്‍ക്കിടയില്‍ സംഭവിച്ച പിണക്കങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇനിയുമെത്രയോ നല്ല പാട്ടുകള്‍ നമുക്ക് കിട്ടുമായിരുന്നു. നഷ്ടപ്പെട്ടിരിക്കാവുന്ന പാട്ടുകളെ ഓര്‍ത്ത് നെടുവീര്‍പ്പിടാനേ ഇപ്പോള്‍ നമുക്കാവൂ.

ഗാനരചയിതാവായി തുടങ്ങിയെങ്കിലും സിനിമയുടെ സമസ്തമേഖലകളിലും പ്രാഗല്ഭ്യം തെളിയിച്ചു ശ്രീകുമാരന്‍ തമ്പി. മാനസ ഗുരുവായ പി.ഭാസ്‌കരന്റെ പാതയാണ് ഇക്കാര്യത്തില്‍ അദ്ദേഹം പിന്തുടര്‍ന്നത്. 15 സിനിമകള്‍ നിര്‍മ്മിച്ചു. 29 സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്തു. ടി.വി.സീരിയലുകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. പാട്ടുകളെഴുതി. ടി.വി. സീരിയലുകള്‍ക്ക് സംഗീതം കൊടുത്തു. മലയാളത്തില്‍ ആരും ചെയ്യാതിരുന്ന കാര്യങ്ങള്‍.

1966-ല്‍ രംഗത്തു വന്ന ശ്രീകുമാരന്‍ തമ്പി ഇപ്പോഴും സജീവമായി നില്‍ക്കുന്നു. തന്റെ ആത്മകഥാ രചനയ്‌ക്കൊപ്പം ഇപ്പോഴും തേടിയെത്തുന്നവര്‍ക്ക് വേണ്ടി അപൂര്‍വമായെങ്കിലും പാട്ടുകളെഴുതുന്നു. ജയരാജിന്റെ 'ഭയാനകം', മധുപാലിന്റെ 'ഒരു കുപ്രസിദ്ധ പയ്യന്‍', 'ഓട്ടം' തുടങ്ങിയ സിനിമകള്‍ക്ക് അദ്ദേഹം ഈയടുത്ത കാലത്ത് പാട്ടുകളെഴുതിയിട്ടുണ്ട്. ഇതില്‍ ഭയാനകം എന്ന സിനിമയിലെ പാട്ടിനാണ് അര്‍ജുനന്‍ മാഷ്‌ക്ക് ആദ്യമായി ഒരു സംസ്ഥാന അവാര്‍ഡ് കിട്ടിയത്.

 

 

കുട്ടനാടന്‍ കാറ്റ് ചോദിക്കുന്നു
വട്ടക്കായല്‍ തിര ചോദിക്കുന്നു
കേവു വള്ളങ്ങള്‍ ചോദിക്കുന്നു
പോയവരാരും തിരിച്ചുവരില്ലേ

തകഴിയുടെ 'കയര്‍' എന്ന നോവലില്‍ നിന്ന് അടര്‍ത്തിയെടുത്ത ഒരു ഭാഗമാണ് സിനിമയായത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നടക്കുന്ന കഥ. പാട്ടിന്റെ വരികളും ഈണവും സംഗീത ഉപകരണങ്ങളുടെ ഉപയോഗവും ഒക്കെ ആ കാലഘട്ടത്തിന് ചേര്‍ന്നതാണ്. പാട്ട് പാടിയിരിക്കുന്നത് യേശുദാസിന്റെ ശബ്ദത്തിനോട് ഏറെ സാമ്യമുള്ള അഭിജിത് കൊല്ലം.

എന്നാല്‍ ഇനി സിനിമയ്ക്കുവേണ്ടി പാട്ടുകളെഴുതുകയില്ല എന്ന തീരുമാനം എടുത്തതായി അദ്ദേഹം പറഞ്ഞിരിക്കുന്നു. 'ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു', 'ഹൃദയസരസ്സിലെ പ്രണയപുഷ്പമേ' പോലെയുള്ള പാട്ടുകള്‍ ഇനിയുണ്ടാവില്ല. അതുകൊണ്ട് തന്നെ തന്നെപ്പോലുള്ളവരുടെ പാട്ടുകള്‍ ഇനി സിനിമയ്ക്ക് ആവശ്യമില്ല എന്ന തോന്നല്‍ ശക്തമായതുകൊണ്ടാണ് ഇത്തരം ഒരു തീരുമാനം എന്നുമദ്ദേഹം വേദനയോടുകൂടി പറഞ്ഞു. അതിമനോഹരങ്ങളായ നിരവധി പാട്ടുകള്‍ തന്നിട്ടുള്ളപ്പോള്‍ നഷ്ടബോധത്തോടെയാണെങ്കിലും ആ തീരുമാനത്തെ അംഗീകരിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ പറ്റുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios