സംഗീതം പഠിച്ചത് ഒരു മാസം മാത്രം; ത്യാഗരാജ ആരാധനയിലെ അനുഭവവും പാട്ടുവഴിയും പറഞ്ഞ് എസ് ശ്രീജിത്ത് ഐപിഎസ്
വ്യക്തിപരമോ പ്രോഫഷണലോ ആയ സമ്മര്‍ദ്ദങ്ങള്‍ നേരിടുമ്പോള്‍ വസന്ത രാഗം പാടാനാണ് ഇഷ്ടപ്പെടുന്നത്. വസന്ത രാഗം ഒന്ന് മൂളി തീര്‍ക്കുമ്പോള്‍ പോലും നമ്മള്‍ അപ്പോള്‍ കടന്ന് പോയിരുന്ന മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഒന്ന് റിലാക്സ് ആകാറുണ്ട്.
തഞ്ചാവൂരിലൂടെ ഒഴുകിയ കാവേരി നദി, നൂറ്റി എഴുപത്തി ഏഴാമത് ത്യാഗരാജ ആരാധനാ കേട്ടു. അങ്ങേയറ്റത്തോളം പാരമ്പര്യത്തെ കൂട്ട് പിടിക്കുമ്പോഴും വ്യവസ്ഥതിയെ വെല്ലുവിളിച്ച ദക്ഷിണേന്ത്യയിലെ അപൂര്‍വ്വം കര്‍ണ്ണാടിക് സംഗീതാരാധനാ കേന്ദ്രങ്ങളിലൊന്നാണ് തഞ്ചാവൂര്‍ ത്യാഗരാജ ആരാധന. 1847 ല്‍ അന്തരിച്ച ത്യാഗരാജ ഭാഗവതരുടെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍, സമാധി ദിവസം ആരംഭിച്ച സംഗീതാരാധന ഇന്നും ഇടതടവില്ലാതെ തുടരുന്നു. ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നവര്‍ ആ ഗുരു സന്നിധിയില്‍ ലയിച്ച് ഒരു കീര്‍ത്തനം പാടാനായി ഏറെ കൊതിക്കുന്നു. ഇതിനിടെയാണ് ശാസ്ത്രീയ സംഗീതത്തില്‍ നീണ്ട ശിക്ഷണമൊന്നും അവകാശപ്പെടാനില്ലാത്ത ഒരാള്‍ കര്‍ണ്ണാടിക് സംഗീതാരാധനയ്ക്കായി കേരളത്തില്‍ നിന്നും ത്യാഗരാജ സന്നിധിയിലെത്തിയത്.
'അതൊരു അത്ഭുതവും മഹാഭാഗ്യവുമായി കരുതുന്നു. പാടി രണ്ട് ദിവസം കഴിഞ്ഞിട്ടും ഇപ്പോഴും ആ ഒരു ഫീലിലാണ്.' വഴുതക്കാട് ട്രാന്‍സ്പേര്‍ട്ട് കമ്മീഷണര്‍ ഓഫീസിന്‍റെ നാലാം നിലയിലെ മുറിയിലിരുന്ന് എസ് ശ്രീജിത്ത് ഐപിഎസ് പറയുന്നു. ഗണിത ശാസ്ത്രത്തില്‍ ബിരുദം, 1996 ബാച്ച് ഐപിഎസ് ഓഫീസര്‍. ഇതിനിടെ പോലീസ് ബാന്‍റിനൊപ്പവും പാടി. ഒടുവില്‍ സന്തോഷം ഇരട്ടിയാക്കി ത്യാഗരാജ ആരാധനയ്ക്ക് കീർത്തനം പാടാന്‍ അവസരവും. എസ് ശ്രീജിത്ത് ഐപിഎസ് തന്‍റെ കലാ സപര്യയെ കുറിച്ച് സംസാരിക്കുന്നു.
പൊതു സ്ഥലത്ത് പാടാന്‍ തുടങ്ങുന്നത്?
പൊതു സ്ഥലത്ത് പാടുകയെന്ന ഒരു ആശയം പോലുമില്ലായിരുന്നു. പക്ഷേ പാടാന്‍ ഇഷ്ടമാണ്. അമ്മ അക്കാലത്തെ മ്യൂസിക് മെയിനായിരുന്നു. ചെറുപ്പം മുതലേ അമ്മ വീട്ടില്‍ പാടുന്നത് കേട്ടിട്ടുണ്ട്. പിന്നെ ചേച്ചി അഞ്ച് വർഷം തുടര്‍ച്ചയായി ഇന്‍റര്‍സോണ്‍ വൈയലിന്‍ വിന്നറായിരുന്നു. അവരും വീട്ടില്‍ പാടും. ഇതൊക്കെ കേട്ടാണ് ഞാന്‍ വളർന്നത്. വയലിന്‍ പഠിച്ചിട്ടുണ്ട്. ഞാനും ഇന്‍റർസോണ്‍ വിന്നറായിരുന്നു. മൃദംഗവും പഠിച്ചിട്ടുണ്ട്. ഒമ്പത് കൊല്ലത്തോളം ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ തന്നെ അങ്ങനൊരു സംഗീതത്തിന്‍റെ ഒരു ബേസ് ഉണ്ടായിരുന്നു. ചില രാഗങ്ങളൊക്കെ കേട്ടാല്‍ തിരിച്ചറിയാന്‍ പറ്റുമായിരുന്നു. പിന്നെ, അതിനെ കുറിച്ച് പഠിക്കാനുള്ള അടങ്ങാത്ത താത്പര്യമുണ്ട്. പക്ഷേ, വോക്കല്‍ ഇതുവരെ പഠിച്ചിരുന്നില്ല. പക്ഷേ, നമ്മള്‍ അത്രമേല്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഏത് തിരക്കിനിടയിലും അതിനായി സമയം കണ്ടെത്താനും കഴിയും.
ഓണം, ക്രിസ്മസ്, റംസാന്‍, ന്യൂ ഇയര്‍ തുങ്ങിയ ഫംഗ്ഷനുകള്‍ക്കൊക്കെയാണ് ആദ്യമൊക്കെ പാടിയിട്ടുള്ളത്. സിനിമാ പാട്ടുകളും ഭക്തിഗാനങ്ങളുമായിരുന്നു കൂടുതലും. അതിനും മുമ്പ് 2003-2004 കാലത്ത് കൈരളി ചാനലിലെ സിംഫണി എന്ന കൃഷ്ണകുമാറിന്‍റെ പ്രോഗ്രാമില്‍ പാടിയിട്ടുണ്ട്. പക്ഷേ, കൃത്യനിര്‍വഹണത്തിനിടെയുള്ള തിരക്കുകള്‍, പിന്നെ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോള്‍ ആളുകള്‍ 'പോലീസ് പാടാന്‍ പോയതാ'ണെന്നുള്ള നാട്ടുകാരുടെ അഭിപ്രായ പ്രകടനങ്ങള്‍... അങ്ങനെ പല കാരണങ്ങളാല്‍ ഇടയ്ക്ക് ഡിലേ വന്നു. സത്യത്തില്‍ പൊതു ഇടങ്ങളില്‍ പാടണമെന്ന ഒരു ഉദ്ദേശവുമുണ്ടായിരുന്നില്ല. അന്നത്തെ ഡിജിഎമ്മും എഡിജിപി മനോജ് സാറും പറഞ്ഞിട്ടാണ് വീണ്ടും പാടിത്തുടങ്ങുന്നത്. അങ്ങനെ പഴയ ജനമൈത്രി ബാന്‍ഡ് സെറ്റ് വീണ്ടും സജീവമാക്കി. ഇടയ്ക്ക് കൊവിഡ് വന്നപ്പോള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും ഫ്ലാറ്റുകള്‍ക്ക് മുന്നിലും പാടിയിട്ടുണ്ട്. ഇതിനിടെ 'ദി സ്പോയിൽസ്' എന്ന സിനിമയ്ക്ക് പിന്നണി പാടി. ഒടുവില്‍ മഹാഭാഗ്യം പോലെ ത്യാഗരാജ സന്നിധിയിലും. എന്‍റെ ആദ്യത്തെ കർണ്ണാട്ടിക്ക് വോക്കല്‍ അതും പബ്ലിക്കായിട്ട് പ്രസന്‍റ് ചെയ്തത് ത്യാഗരാജ സ്വാമികളുടെ മുന്നിലാണെന്നത് ഒരു മഹാഭാഗ്യമായി കരുതുന്നു. കൊല്ലങ്ങളുടെ സംഗീതസപര്യ കഴിഞ്ഞവര്‍ക്ക് പോലും കിട്ടാത്ത ഭാഗ്യമാണത്.
(177 -ാം തഞ്ചാവൂര്‍ ത്യാഗരാജ ആരാധാനാ വേദിയില്‍ എസ് ശ്രീജിത്ത് ഐപിഎസ്)
ഗണിതശാസ്ത്രത്തില്‍ നിന്നും പോലീസിംഗിലേക്ക് അതിനിടെ ശാസ്ത്രീയ സംഗീതവും...?
കണക്കായിരുന്നു ഡിഗ്രിക്ക് വിഷയം. സംഗീതവും ഒരു തരത്തില്‍ കണക്കാണ്. മനോധര്‍മ്മം പാടുമ്പോള്‍ നമ്മള്‍ മനസില്‍ അതിന്‍റെ സമയം കണക്ക് കൂട്ടിക്കൊണ്ടായിരിക്കും പാടുന്നത്. എങ്കില്‍ മാത്രമേ അത് കൃത്യമായി പാടി അവസാനിപ്പിക്കാന്‍ പറ്റുകയുള്ളൂ. ഒപ്പം നന്നായി പ്രാക്ടീസ് ചെയ്യുമ്പോള്‍ സ്വരസ്ഥാനങ്ങള്‍ ഹൃദിസ്ഥമാകുകയും ചെയ്യുന്നു. കര്‍ണ്ണാടിക് സംഗീതത്തില്‍ 'കടപയാദി സംഖ്യ' എന്ന ഒരു കണക്കുണ്ട്. ഓരോ രാഗത്തിനെയും കൃത്യമായി നിര്‍ണ്ണയിക്കുന്ന ആ പട്ടിക നോക്കിക്കഴിഞ്ഞാല്‍ നമ്മള്‍ അത്ഭുതപ്പെടും. അത്രയ്ക്കും കണക്കുകള്‍ അതില്‍ നമ്മുക്ക് കാണാന്‍ കഴിയും. ഈ കണക്കുകള്‍ മനക്കണക്ക് കൂട്ടിയാണ് നമ്മള്‍ മനോധര്‍മ്മം പാടുന്നതും.
വോക്കല്‍ അഭ്യസിച്ചിട്ടില്ലെന്ന് പറയുന്നു. പിന്നെ എങ്ങനെയാണ് ത്യാഗരാജ സന്നിധിയില്‍ അതും ശുദ്ധ കീര്‍ത്തനവുമായി?
കുട്ടിക്കാലത്ത് തന്നെ സംഗീതം കേട്ടാണ് വളര്‍ന്നത്. എന്നാല്‍, അങ്ങനെ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. അങ്ങനെയാണ് കഴിഞ്ഞ നവംബര്‍ 9 ന് പന്തളം ബാലനെ കാണുന്നത്. ഗുരു എന്ന് പറയാനൊരാളുണ്ടെങ്കില്‍ ഇന്ന് അത് അദ്ദേഹമാണ്. ത്യാഗരാജ ആരാധനയുടെ പ്രധാന സംഘാടകരിലൊരാളായ സുരേഷ് അടുത്ത സുഹൃത്താണ്. ഞാന്‍ പാടുമെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹമാണ് എന്നെ ത്യാഗരാജ സന്നിധിയിലേക്ക് ക്ഷണിച്ചത്. അങ്ങനെ കഴിഞ്ഞ മാസമാണ് ഏത് കൃതി പാടണമെന്ന് പോലും തീരുമാനിക്കുന്നതും ഗുരുവിന്‍റെ അടുത്ത് പോയി ഒരു മാസം ശിക്ഷണം ചെയ്യുന്നതും. ഓരോ നോട്ട് പാടുമ്പോഴും മനോധര്‍മ്മത്തിലും സ്വരസ്ഥാനങ്ങളിലും ഉണ്ടാകുന്ന ചെറിയ പിശകുകള്‍ വരെ അദ്ദേഹം കൃത്യമായി പറഞ്ഞ് തന്നു. അങ്ങനെയാണ് ത്യാഗരാജ ആരാധനയ്ക്ക് പാടാന്‍ കഴിഞ്ഞത്.
ഒപ്പം കൂടെ ഉപകരണ സംഗീതം വായിച്ചവരെല്ലാം സംഗീതത്തില്‍ വിദ്വാന്മാരാണ്. വയലിനിസ്റ്റ് റോജോ മ്യൂസിക്ക് കോളേജില്‍ പ്രോഫസര്‍. അതുപോലെ തബല വായിച്ച പുനലൂര്‍ മുരളി, ഘടം വായിച്ച എണ്ണക്കാട് മഹേശ്വരന്‍, മൃദംഗം രാജാ റാവു ... എല്ലാവരുടെയും സഹകരണം കൂടിയായപ്പോള്‍ വളരെ നന്നായി പാടാന്‍ കഴിഞ്ഞെന്ന് കരുതുന്നു. ഇപ്പോഴും ആ ഒരു അനുഭൂതിയിലാണെന്ന് പറയാം.
സംഗീതത്തിന് മനുഷ്യരെ സ്വീധീനിക്കാന്‍ കഴിയുമെന്ന് തോന്നിയിട്ടുണ്ടോ?
പന്തുവരാളി രാഗമാണ് ത്യാഗരാജ സന്നിധിയില്‍ പാടിയത്. തീവ്ര വിഭാഗത്തില്‍പ്പെടുന്ന രാഗമാണ് പന്തുവരാളി. കാമവർദ്ധിനി എന്നാണ് രാഗം അറിയപ്പെടുന്നത്. അതിന്‍റെ സ്വരസ്ഥാനങ്ങള്‍ മനസിലുണ്ടെങ്കില്‍ നമ്മുക്ക് ആ രാഗം പാടാന്‍ കഴിയും. മാത്രമല്ല, കര്‍ണ്ണാട്ടിക് സംഗീതം പാടിക്കഴിയുമ്പോള്‍ മറ്റേത് പാട്ട് പാടിക്കഴിയുമ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ സാറ്റിസ്ഫാക്ഷന്‍ കിട്ടും. അതായത് നമ്മുടെ ഉള്ളില്‍ അത്രയും അദ്ധ്വാനം നടക്കുന്നുണ്ട്. പിന്നെ ത്യാഗരാജ സന്നിധിയില്‍ ഭക്തിക്കാണ് പ്രാധാന്യം അവിടെ സംഗീതജ്ഞന്‍റെ കഴിവ് പ്രകടിപ്പിക്കേണ്ടതില്ല. അതായത് മനോധര്‍മ്മം പാടേണ്ടതില്ല. ഭക്തിക്ക്, ആരാധനയ്ക്കാണ് അവിടെ പ്രധാനം. വ്യക്തിപരമോ പ്രോഫഷണലോ ആയ സമ്മര്‍ദ്ദങ്ങള്‍ നേരിടുമ്പോള്‍ വസന്ത രാഗം പാടാനാണ് ഇഷ്ടപ്പെടുന്നത്. വസന്ത രാഗം ഒന്ന് മൂളി തീര്‍ക്കുമ്പോള്‍ പോലും നമ്മള്‍ അപ്പോള്‍ കടന്ന് പോയിരുന്ന മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഒന്ന് റിലാക്സ് ആകാറുണ്ട്. അത് മാനസികമായ ഒരു സ്വാസ്ഥ്യം തരുന്നു. അത് പോലെ രേവതി എന്ന രാഗവും ഏറെ ഇഷ്ടമാണ്.
(177 -ാം തഞ്ചാവൂര്‍ ത്യാഗരാജ ആരാധാനാ വേദിയില്‍ എസ് ശ്രീജിത്ത് ഐപിഎസ് 'നിന്നെ നേരാ നമ്മിനനുരാ എന്ന ത്യാഗരാജ കീര്‍ത്തനം ആലപിക്കുന്നു. വീഡിയോ കാണം)
പ്രഫഷണലിസവും പാഷനും ഏങ്ങനെ ഒന്നിച്ച് കൊണ്ട് പോകുന്നു?
സംഗീതത്തില്‍ അഭിരുചിയും അദ്ധ്വാനിക്കാനുള്ള മനസും പിന്നെ വിഷയത്തില്‍ അറിവുള്ള ഒരാളെ കാണുമ്പോള്‍ ബഹുമാനിക്കാനുള്ള മനസും ഉണ്ടെങ്കില്‍ ആര്‍ക്കും ശാസ്ത്രീയ സംഗീതം പഠിക്കാം. എന്നാല്‍, പോലീസുകാരൊക്കെ മുരടന്മാരാണെന്ന് പൊതുജനങ്ങള്‍ക്കൊരു മുന്‍വിധിയുണ്ട്. അത് തെറ്റാണ്. സുകുമാരകലകള്‍ മുരടന്മാര്‍ക്ക് വഴങ്ങില്ല എന്നൊക്കെ പറയുന്നത് തെറ്റാണ്. ജീവിതം നമ്മളെ എന്തിന് നിയോഗിക്കുന്നുവോ ആ വേഷം കെട്ടുക എന്നല്ലാതെ.... ഇപ്പോ പക്ഷേ.. പൊതുജനത്തിനിടയില്‍ നിന്നും അത്തരം ഒരു അഭിപ്രായത്തിന് വളരെയധികം മാറ്റമുണ്ടായിട്ടുണ്ട്. മാത്രമല്ല, പോലീസ് സേനയിലും ഇന്ന് നിരവധി കലാകാരന്മാരുണ്ട്. പോലീസ് ബാന്‍റ് ട്രൂപ്പില്‍ പദവി കൊണ്ട് ഏറെ ശ്രദ്ധനേടിയത് ഞാനാണെങ്കിലും എന്നേക്കാള്‍ നന്നായി പാടുന്ന നിരവധി പേര്‍ പോലീസ് സേനയിലുണ്ട്. ഇന്നും പോലീസ് സേനയിലെ ഓർക്കസ്ട്രയില്‍ സജീവമാണ്. മനസുണ്ടെങ്കില്‍ നമ്മുക്ക് എന്തും ചെയ്യാനുള്ള സമയവുമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.
അടുത്ത പദ്ധതികള്‍?
അടുത്ത വര്‍ഷവും ത്യാഗരാജ ആരാധനയ്ക്ക് പോകണം. ക്ഷണം ലഭിച്ചിട്ടുണ്ട്. പിന്നെ ഒന്ന് രണ്ട് അവസരങ്ങള്‍ സിനിമയിലും ഇന്‍റര്‍നാഷ്ണലി കളിക്കുന്ന ഒരു നാടകത്തിലേക്കും പാടാന് ക്ഷണം ലഭിച്ചിട്ടുണ്ട്. പോലീസിലേക്ക് തിരികെ എത്തിയാല്‍ വീണ്ടും ബാന്‍റിന്‍റെ ഭാഗമാകണം. പാടണം, അതാണ് ആഗ്രഹവും.