ടോയ്‍ലെറ്റിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് കുടിക്കാൻ നൽകും, ഈ റെസ്റ്റോറന്റ് സ്വീകരിക്കുന്നത് വ്യത്യസ്തമായ വഴി
റെസ്റ്റോറന്റിലെ ആളുകൾ പറയുന്നത്, ഒന്നു കൊണ്ടും പേടിക്കേണ്ട. ഈ ജലം തികച്ചും ശുദ്ധമാണ് ധൈര്യത്തിൽ കുടിക്കാം എന്നാണ്.
വെള്ളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നാം എപ്പോഴും ചർച്ച ചെയ്യാറുണ്ട്. വെള്ളം വെറുതെ പാഴാക്കരുത്, സൂക്ഷിച്ച് വേണം ഉപയോഗിക്കാൻ എന്നെല്ലാം നാം പറയാറുമുണ്ട്. വെള്ളമില്ലാതെയായാൽ എന്ത് ചെയ്യും എന്നത് മനുഷ്യരെ എക്കാലത്തും ആശങ്കയിലാക്കുന്ന സംശയമാണ്. ഏതായാലും വെള്ളം റീസൈക്കിൾ ചെയ്തെടുക്കുന്ന രീതിയും ഇപ്പോൾ പലയിടങ്ങളിലും മനുഷ്യർ അവലംബിക്കുന്നുണ്ട്.
ബെൽജിയത്തിലുള്ള ഒരു റെസ്റ്റോറന്റും അത് തന്നെയാണ് ചെയ്യുന്നത്. റെസ്റ്റോറന്റിലെ മലിനമായ ജലം പുനരുപയോഗിക്കാനാവുന്ന തരത്തിലേക്ക് മാറ്റി അത് സൗജന്യമായി ആളുകൾക്ക് കുടിക്കാൻ നൽകുന്നു. ബെൽജിയത്തിലെ കുർനെ മുനിസിപ്പാലിറ്റിയിലുള്ള Gust'eaux റസ്റ്റോറന്റ് അവരുടെ അതിഥികൾക്ക് ടോയ്‌ലറ്റിൽ നിന്നുള്ള വെള്ളമാണ് ഇങ്ങനെ കുടിക്കാൻ നൽകുന്നത്. അഞ്ച് ഘട്ടങ്ങളിലൂടെ കടന്നു പോയാണ് ഇവ ശുദ്ധീകരിച്ച ജലമായി തിരികെ എത്തുന്നത്. അപ്പോഴേക്കും അത് പൂർണമായും ശുദ്ധീകരിക്കപ്പെട്ട ജലമായി മാറും എന്നാണ് പറയുന്നത്. അതിനായി മഴവെള്ളത്തോടൊപ്പം ഇത് സംയോജിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കുടിക്കുന്ന വെള്ളം നൽകുന്നതിന് പുറമെ കോഫിയുണ്ടാക്കാനും എന്തിന് ബിയറുണ്ടാക്കാനും വരെ ഈ ജലം തന്നെയാണ് ഉപയോഗിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റെസ്റ്റോറന്റിലെ ആളുകൾ പറയുന്നത്, ഒന്നു കൊണ്ടും പേടിക്കേണ്ട. ഈ ജലം തികച്ചും ശുദ്ധമാണ് ധൈര്യത്തിൽ കുടിക്കാം എന്നാണ്. അതുപോലെ തന്നെ ഇത്തരത്തിൽ ശുദ്ധീകരിക്കപ്പെട്ട ജലം ആവശ്യത്തിന് ജല ലഭ്യതയില്ലാത്ത വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് കൂടി ലഭ്യമാക്കാൻ വേണ്ടി നടപടികളും സ്വീകരിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ടോയ്‍ലെറ്റിൽ നിന്നുള്ള ജലം എന്നും പറഞ്ഞ് ഇത് കുടിക്കാൻ ചിലർക്ക് ബുദ്ധിമുട്ട് കാണും അല്ലേ? എന്നിരുന്നാലും ഇത് വളരെ പ്രായോഗികവും ഊഷ്മളവുമായ ആശയം തന്നെ എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.