പത്താം ക്ലാസ് തോറ്റ് ഓട്ടോ ഡ്രൈവറായി, നാടുകാണാനെത്തിയ ഫ്രഞ്ച് യുവതിയുമായി പ്രണയം, ഒടുവിൽ...
അങ്ങനെ ഇരിക്കെയാണ് ഒരുദിവസം ഇന്ത്യ സന്ദർശിക്കാൻ വന്ന ഫ്രാൻസിൽ നിന്നുള്ള ഒരു സ്ത്രീയെ അദ്ദേഹം പരിചയപ്പെടുന്നത്. അവളുടെ വഴികാട്ടിയായി രാജ്.
വിധി എല്ലായ്‌പ്പോഴും ജീവിതത്തിൽ ചില അത്ഭുതങ്ങൾ കാത്ത് വച്ചിരിക്കും. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അത് നമുക്ക് മുന്നിൽ തുറക്കപ്പെടും. രഞ്ജിത് സിംഗ് രാജിന്റെ ജീവിതത്തിലും അത്തരമൊരു അത്ഭുതം കാത്തുവച്ചിരുന്നു, ഒരു പ്രണയത്തിന്റെ രൂപത്തിൽ. അതിന്റെ കാണാച്ചിറകിൽ മരുഭൂമിയുടെ വരണ്ട ജീവിതത്തിൽ നിന്ന് ജനീവയിലെ സ്വപ്നലോകത്തേയ്ക്ക് അദ്ദേഹം പറന്നുയർന്നു. ആരെയും വിസ്മയിപ്പിക്കുന്ന ഒരു പ്രണയകഥയാണ് അത്.
ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച രാജിന്റെ കുട്ടിക്കാലം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. ചുറ്റുമുള്ള മരുഭൂമിപോലെ അവന്റെ ജീവിതവും വരണ്ടുണങ്ങിക്കിടന്നു. കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു അവൻ. പഠിച്ച് വലിയ ആളായി കുടുംബത്തിന് തണലാകുമെന്ന പ്രതീക്ഷയിൽ അവനെ വീട്ടുകാർ സ്കൂളിൽ ചേർത്തു. എന്നാൽ, പഠിപ്പും വായനവും തനിക്ക് പറ്റിയ പണിയല്ലെന്ന് താമസിയാതെ അവന് മനസ്സിലായി. പലവട്ടം തോറ്റും, പിന്നെ ജയിച്ചും എങ്ങനെയോ പത്താം ക്ലാസ്സ് വരെ എത്തി. എന്നാൽ, അതിനപ്പുറം പഠിക്കാൻ അവനായില്ല. അങ്ങനെ തന്റെ 16-ാമത്തെ വയസ്സിൽ അവൻ പഠിപ്പിനോട് ഗുഡ് ബൈ പറഞ്ഞു.
തുടർന്ന് ഉപജീവനത്തിനായി ഓട്ടോ ഓടിക്കാൻ തുടങ്ങി അദ്ദേഹം. വർഷങ്ങളോളം അദ്ദേഹം ജയ്പൂരിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കി. വിദേശ സഞ്ചാരികൾ ഒരുപാട് വരുന്ന അവിടെ ഡ്രൈവർമാർ നിരവധി വിദേശ ഭാഷകൾ പഠിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. അതിന്റെ സാധ്യതകൾ മനസിലാക്കിയ രാജ് ഇംഗ്ലീഷ് ഭാഷ പഠിക്കാൻ തീരുമാനിച്ചു. തുടർന്ന് ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ച അദ്ദേഹം വിനോദ സഞ്ചാരികളെ രാജസ്ഥാൻ ചുറ്റിക്കാണിക്കാൻ തുടങ്ങി. അധികം താമസിയാതെ സ്വന്തമായി ഒരു ട്രാവൽ ഏജൻസിയും അദ്ദേഹം ആരംഭിച്ചു. അങ്ങനെ ഒരു ഓട്ടോഡ്രൈവറായും, ടൂറിസ്റ്റ് ഗൈഡായും അദ്ദേഹം ജോലി ചെയ്തു.
അങ്ങനെ ഇരിക്കെയാണ് ഒരുദിവസം ഇന്ത്യ സന്ദർശിക്കാൻ വന്ന ഫ്രാൻസിൽ നിന്നുള്ള ഒരു സ്ത്രീയെ അദ്ദേഹം പരിചയപ്പെടുന്നത്. അവളുടെ വഴികാട്ടിയായി രാജ്. അദ്ദേഹം അവളെ ജയ്പൂർ മൊത്തം ചുറ്റിക്കാണിച്ചു. ഇരുവരും പരസ്പരം അടുക്കാൻ തുടങ്ങി. എന്നാലും, ആ ബന്ധം പ്രണയത്തിൽ എത്തിയില്ല. അവൾ ഫ്രാൻസിലേക്ക് തിരിച്ചുപോയി. ഇരുവരും പിന്നീട് സ്കൈപ്പിൽ കാണാൻ തുടങ്ങി. കാലങ്ങൾ കഴിയുംതോറും തങ്ങൾക്കിടയിലുള്ള സ്നേഹബന്ധം ശക്തിപ്പെടുന്നതായി ഇരുവരും തിരിച്ചറിഞ്ഞു. ക്രമേണ അത് പ്രണയത്തിൽ കലാശിച്ചു. അതേസമയം, രാജ് പലതവണ ഫ്രാൻസിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും വിസ ലഭിച്ചില്ല. അടുത്ത പ്രാവശ്യം അവൾ ഇന്ത്യയിൽ വന്നപ്പോൾ ഫ്രഞ്ച് എംബസിക്ക് മുന്നിൽ ഇരുവരും പ്രതിഷേധിച്ചു. തുടർന്ന് മൂന്ന് മാസത്തേക്ക് വിസ അനുവദിച്ചു.
2014 -ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഒരു വർഷത്തിന് ശേഷം ഇരുവരും മാതാപിതാക്കളായി. ഇതിനുശേഷം, നീണ്ട കാലയളവിലേക്ക് അദ്ദേഹം വിസയ്ക്ക് അപേക്ഷിച്ചു. ഇതിനായി ഫ്രഞ്ച് ഭാഷ പഠിക്കേണ്ടി വന്നു. അദ്ദേഹം ന്യൂഡൽഹിയിലെ അലയൻസ് ഫ്രാൻസിൽ നിന്ന് സർട്ടിഫിക്കറ്റ് നേടി. ഒടുവിൽ ദീർഘകാല വിസയും സമ്പാദിച്ച് അദ്ദേഹം ഫ്രാൻസിലേയ്ക്ക് പറന്നു. ഇപ്പോൾ ഇരുവരും ജനീവയിൽ ഒരു റെസ്റ്റോറന്റിൽ ജോലിചെയ്യുന്നു. രഞ്ജിത് ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. അതിലൂടെ അദ്ദേഹം ആളുകളെ പാചകം ചെയ്യാൻ പഠിപ്പിക്കുന്നു. ഉടൻ തന്നെ സ്വന്തമായി ഒരു റെസ്റ്റോറന്റ് തുറക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.
“പഠിപ്പില്ലാത്തവനും, പഠിച്ചവനും തമ്മിൽ വലിയ വ്യത്യസമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഒരാളുടെ വിജയം അയാളുടെ മനോഭാവത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒരു വ്യക്തി ശരിയായ ജീവിത തിരഞ്ഞെടുപ്പുകൾ നടത്തുകയും, കഠിനാധ്വാനം ചെയ്യുകയും, അഭിനിവേശത്തോടെ ആഗ്രഹത്തെ പിന്തുടരുകയും ചെയ്താൽ വിജയം ഉറപ്പാണ്” അദ്ദേഹം പറഞ്ഞു.