എലിസബത്ത് രാജ്ഞി അന്തരിച്ചു, ആ പ്രശസ്തമായ കോഹിനൂർ കിരീടം ഇനി ആര് ധരിക്കും?
1849 -ൽ, ബ്രിട്ടീഷുകാർ പഞ്ചാബ് പിടിച്ചടക്കിയതിനുശേഷം, വജ്രം വിക്ടോറിയ രാജ്ഞിക്ക് വിട്ടുകൊടുത്തു. അന്നുമുതൽ ഇത് ബ്രിട്ടീഷ് കിരീടത്തിന്റെ ഭാഗമാണ്.
കഴിഞ്ഞ ദിവസമായിരുന്നു ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ അന്ത്യം. 96 വയസായിരുന്നു രാജ്ഞിക്ക്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തന്നെ കഴിഞ്ഞ ഒരു വർഷമായി ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് മരണത്തിന് കീഴടങ്ങിയതോടെ അടുത്ത കിരീടാവകാശി ചാൾസ് ആയിരിക്കും എന്നാണ് പറയുന്നത്. അപ്പോൾ, എലിസബത്ത് രാജ്ഞിയുടെ കോഹിനൂർ കിരീടം ഇനി ആർക്കാവും ലഭിക്കാൻ പോവുന്നത്?
അത് ലഭിക്കാൻ പോകുന്നത് അടുത്ത കിരീടാവകാശിയായ ചാൾസ് രാജകുമാരന്റെ ഭാര്യ കാമിലയ്ക്കായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. കോഹിനൂർ, ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തപ്പെട്ട 105.6 കാരറ്റ് വജ്രമാണ്. 14 -ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ കണ്ടെത്തിയ വജ്രം നൂറ്റാണ്ടുകളായി കൈമാറിക്കൊണ്ടിരിക്കയാണ്.
1849 -ൽ, ബ്രിട്ടീഷുകാർ പഞ്ചാബ് പിടിച്ചടക്കിയതിനുശേഷം, വജ്രം വിക്ടോറിയ രാജ്ഞിക്ക് വിട്ടുകൊടുത്തു. അന്നുമുതൽ ഇത് ബ്രിട്ടീഷ് കിരീടത്തിന്റെ ഭാഗമാണ്. എന്നാൽ, ഇന്ത്യയുൾപ്പെടെ കുറഞ്ഞത് നാല് രാജ്യങ്ങൾക്കിടയിലെങ്കിലും ചരിത്രപരമായ ഉടമസ്ഥാവകാശ തർക്കത്തിന്റെ വിഷയമായി ഇത് തുടരുന്നു.
1937 -ൽ ജോർജ്ജ് ആറാമൻ രാജാവിന്റെ കിരീടധാരണത്തിനായി എലിസബത്ത് രാജ്ഞിക്ക് വേണ്ടി തയ്യാറാക്കിയ പ്ലാറ്റിനം കിരീടത്തിലാണ് കോഹിനൂർ വജ്രം നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. ഇത് ലണ്ടൻ ടവറിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ചാൾസ് രാജകുമാരൻ രാജാവാകുമ്പോൾ അമൂല്യമായ പ്ലാറ്റിനവും വജ്ര കിരീടവും കാമില ധരിക്കുമെന്ന് യുകെ ആസ്ഥാനമായുള്ള ഡെയ്‌ലി മെയിൽ അവരുടെ ഒരു എക്‌സ്‌ക്ലൂസീവ് റിപ്പോർട്ടിൽ പറഞ്ഞു.
1926 ഏപ്രിൽ 21 -നാണ് എലിസബത്ത് രാജ്ഞിയുടെ ജനനം. അച്ഛൻ ജോർജ് ആറാമന്‍റെ മരണത്തോടെ 1952 ല്‍ വെറും 25 -കാരിയായ എലിസബത്ത് രാജ്യഭരണം ഏറ്റെടുത്തു. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരി കൂടിയാണ് എലിസബത്ത് രാജ്ഞി. 2002 -ൽ രാജഭരണത്തിന്‍റെ സുവർണ ജൂബിലിയും 2012 -ൽ വജ്ര ജൂബിലിയും അവരും രാജ്യവും ആഘോഷിച്ചു. 2015 -ൽ തന്നെ വിക്ടോറിയയുടെ റെക്കോർഡ് അവർ മറികടന്നു. അയർലന്‍റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരി കൂടിയാണ് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാൾ കൂടിയാണ് രാജ്ഞി.