ഒരു സ്ത്രീക്ക് ഒരേസമയം രണ്ടോ അതിലധികമോ ഭർത്താക്കന്മാര്‍, ഇന്ത്യൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന അപൂർവ വിവാഹരീതി!
ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ മൃഗങ്ങളെ പരിപാലിക്കുകയാണെങ്കില്‍ മറ്റൊരാള്‍ കൃഷിയുടെ കാര്യങ്ങള്‍ നോക്കുകയും ഗ്രാമത്തില്‍ ബാര്‍ട്ടര്‍ സമ്പ്രദായം വഴി അത്യാവശ്യം വേണ്ട സാധനങ്ങള്‍ ശേഖരിക്കാന്‍ പോവുകയും ചെയ്യുന്നു.
ഒരുസ്ത്രീക്ക് ഒരേസമയം ഒന്നിലധികം ഭർത്താക്കന്മാരാവാം എന്ന പാരമ്പര്യം നിലനിൽക്കുന്ന സ്ഥലങ്ങളുണ്ടോ ഇന്ത്യയിൽ? ഉണ്ട്, ഒരാൾക്ക് തന്നെ രണ്ടോ അതിലധികമോ ഭര്‍ത്താക്കന്മാരുണ്ടാകുന്ന ഒരു പഴയ രീതി ഇന്നും ചിലയിടങ്ങളിൽ നിലനിൽക്കുന്നു. അപൂർവമായ ഈ വിവാഹ സമ്പ്രദായം ചില കമ്മ്യൂണിറ്റികളിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്നുണ്ട്. എന്നാൽ, കുറച്ച് കാലങ്ങളായി അതില്‍ മാറ്റമുണ്ടാകുന്നുണ്ട്. പക്ഷേ, ഇപ്പോഴും അപൂര്‍വമായിട്ടാണെങ്കിലും ഈ രീതി ഭൂട്ടാന്‍, ടിബറ്റ്, നേപ്പാള്‍ തുടങ്ങിയ ചില സ്ഥലങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.
എങ്ങനെയാവും ഇങ്ങനെയൊരു രീതി നിലവില്‍ വന്നിട്ടുണ്ടാവുക? അതിന് പല കാരണങ്ങളും പറയുന്നുണ്ട്. സ്ത്രീകളേക്കാള്‍ വളരെ അധികം പുരുഷന്മാര്‍ ഉണ്ടായിരുന്നത് ഇതിലേക്ക് നയിച്ച കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുപോലെ, ഭൂമിയില്ലാത്തതും ഭക്ഷണമില്ലാത്തതുമെല്ലാം ഇതിന് ഒരു കാരണമായി പറയുന്നു. മിക്ക വീടുകളിലും സ്ത്രീകള്‍ വിവാഹം കഴിക്കുന്നത് സഹോദരങ്ങളായ രണ്ട് പുരുഷന്മാരെയാണ്. അങ്ങനെ അല്ലാത്ത വിവാഹങ്ങള്‍ ഉണ്ടെങ്കിലും അപൂര്‍വമായിരുന്നു.
ഇങ്ങനെ വിവാഹം കഴിക്കുന്നതിലൂടെ സ്വത്തുക്കള്‍ വേറെങ്ങും പോവാതിരിക്കും. അതുപോലെ തന്നെ മക്കള്‍ക്കെല്ലാം ഒരുമിച്ച് കൃഷി ചെയ്യാനും മറ്റും സാധിക്കും എന്നതും ഇങ്ങനെയുള്ള വിവാഹങ്ങള്‍ക്ക് കാരണമായി. മൂത്ത സഹോദരനായിരിക്കും വീട്ടുകാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നതിനുള്ള ചുമതല. ഭാര്യ എത്ര ഭര്‍ത്താക്കന്മാരുണ്ടോ അവരുടെയൊക്കെ കൂടെ കഴിയേണ്ടത് ഒരുപോലെയാണ്.
ഭൂട്ടാനിലെ ലയ, മെറാക്, സാക്തേങ് അടക്കമുള്ള ചില പ്രദേശങ്ങളില്‍ ഇന്നും ഈ ബഹുഭര്‍തൃത്വ രീതി നിലനില്‍ക്കുന്നുണ്ട്. ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളായത് കാരണം പുറത്ത് നിന്നുള്ളവരധികം അങ്ങോട്ടെത്താറില്ല. മാത്രവുമല്ല, പരസ്പരം വിശ്വസിച്ചും കൂട്ടായി കൃഷി ചെയ്തും ജീവിക്കുന്ന രീതിയായത് കാരണം ഒരേ വീട്ടില്‍ നിന്നുതന്നെ സ്ത്രീ ഒന്നിലധികം വിവാഹങ്ങള്‍ കഴിക്കുന്നു. ഇതൊക്കെ കാരണമാണ് ഇന്നും ഈ രീതി നിലനില്‍ക്കുന്നത് എന്ന് കരുതുന്നു.
ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ മൃഗങ്ങളെ പരിപാലിക്കുകയാണെങ്കില്‍ മറ്റൊരാള്‍ കൃഷിയുടെ കാര്യങ്ങള്‍ നോക്കുകയും ഗ്രാമത്തില്‍ ബാര്‍ട്ടര്‍ സമ്പ്രദായം വഴി അത്യാവശ്യം വേണ്ട സാധനങ്ങള്‍ ശേഖരിക്കാന്‍ പോവുകയും ചെയ്യുന്നു. തൊഴിലുകള്‍ ഇങ്ങനെ തരംതിരിച്ച് ചെയ്യുമ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ ആളുണ്ടാവുന്നു എന്നതാണ് സ്ത്രീകള്‍ ഈ വിവാഹങ്ങളെ മേന്മയായി കാണാന്‍ പ്രധാന കാരണമായി പറയുന്നത്.
സാം എന്ന സ്ത്രീ പറയുന്നത്, 'രണ്ട് ഭര്‍ത്താക്കന്മാരെയും ഞാന്‍ ഒരുപോലെ സ്നേഹിക്കുന്നു. രണ്ടുപേരെയും വേര്‍തിരിച്ച് കാണാറേയില്ല. അതാണ് നമ്മുടെ സന്തോഷത്തിന്‍റെ രഹസ്യവും. ഭർത്താക്കന്മാരിൽ ഒരാള്‍ കന്നുകാലികളെ മേയ്ക്കാന്‍ ദൂരെപ്പോയി എന്നിരിക്കട്ടെ മറ്റേയാള്‍ എനിക്കൊപ്പം വീട്ടില്‍ കൂട്ടുനില്‍ക്കുകയും എന്നെ വീട്ടുകാര്യങ്ങളില്‍ സഹായിക്കുകയും ചെയ്യുന്നു' എന്നാണ്.
എന്നാല്‍, പ്രായം ചെന്നവര്‍ക്ക് ഈ പാരമ്പര്യം നിലനില്‍ക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും പുതുതലമുറയില്‍ പെട്ടവര്‍ക്ക് മിക്കവര്‍ക്കും ഈ രീതിയില്‍ താല്‍പര്യമില്ലാതായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു സ്ത്രീക്ക് ഒരു പുരുഷൻ എന്ന രീതിയിൽ തന്നെയുള്ള വിവാഹമാണ് അവരിൽ പലരും തെരഞ്ഞെടുക്കുന്നത്.