ഈ ക്ഷേത്രത്തിലേക്ക് സമർപ്പിക്കേണ്ടത് പൂക്കളോ, ചന്ദനത്തിരിയോ ഒന്നുമല്ല, പകരം പ്ലാസ്റ്റിക്!

അതേസമയം ഈ പദ്ധതി തടസ്സം കൂടാതെ നടക്കാൻ പണം ആവശ്യമാണ്. അതുകൊണ്ട് തന്നെ, ഇങ്ങനെ നിർമ്മിക്കുന്ന വസ്ത്രങ്ങൾ സൗജന്യമായല്ല, പകരം വിലക്കാണ് കൊടുക്കുന്നത്. ഈ പണം മാലിന്യം വേർതിരിക്കാൻ സഹായിക്കുന്ന വീട്ടമ്മമാർ, വിരമിച്ചവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് കൂലിയായി ക്ഷേത്രം നൽകുന്നു.

plastics for blessings

സാധാരണ ആരാധനാലയങ്ങളിൽ പൂക്കളോ, ചന്ദനത്തിരിയോ ഒക്കെയാണ് ഭക്തർ സമർപ്പിക്കാറുള്ളതെങ്കിൽ, തായ്‌ലൻഡിലെ ഒരു ആരാധനാലയത്തിൽ നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാണ് ആളുകൾ സമർപ്പിക്കുന്നത്. അവിടെ അനുഗ്രഹം തേടി എത്തുന്ന ഭക്തർ കാണിക്ക വെയ്ക്കാൻ കൊണ്ട് വരുന്നത് പ്ലാസ്റ്റിക്  കുപ്പികളാണ്. ബാങ്കോക്കിലുള്ള വാട്ട് ചക് ദേങ് ക്ഷേത്രത്തിലാണ് ഈ വ്യത്യസ്തമായ ആചാരമുള്ളത്. ഒരു ബുദ്ധക്ഷേത്രമായ അത് ഭക്തിക്കൊപ്പം, വിലമതിക്കാത്ത ഒരു പ്രകൃതി പാഠം കൂടിയാണ് ഭക്തർക്ക് പകർന്ന് നൽകുന്നത്.  

പ്ലാസ്റ്റിക് ഉണ്ടാക്കുന്ന വിപത്തുകളെ കുറിച്ച് നമുക്കെല്ലാം അറിയാവുന്നതാണ്. അതിനെ വേണ്ട രീതിയിൽ നിർമാർജ്ജനം ചെയ്യാൻ സാധിക്കാതെ പല രാജ്യങ്ങളും കഷ്ടപ്പെടുന്നു. 2017 -ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, സമുദ്രത്തിലേക്ക് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക്ക് വലിച്ചെറിയുന്ന രാജ്യങ്ങളിൽ തായ്‌ലൻഡ് മുന്നിലാണ്. ഇവിടെയാണ് ഈ ക്ഷേത്രം പ്രാധാന്യം അർഹിക്കുന്നത്. ഒരു ആരാധനാലയമെന്നതിന് ഉപരി, പ്രകൃതിയോടുള്ള പ്രതിബദ്ധത വിളിച്ചോതുന്ന ഒരു ഇടം കൂടിയായി ഈ ക്ഷേത്രം മാറുന്നു. ടൺ കണക്കിന് പ്ലാസ്റ്റിക്കാണ് അവിടെ ഓരോ വർഷവും വന്ന് ചേരുന്നത്. ഇങ്ങനെ സമർപ്പിക്കുന്ന പ്ലാസ്റ്റിക്കെല്ലാം പക്ഷേ ക്ഷേത്രം എന്ത് ചെയ്യുമെന്ന് ചിന്തിക്കുന്നുണ്ടോ? ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങൾ അവയെ ചതച്ച് അരക്കും. പിന്നീട് പോളിസ്റ്റർ നാരുകളായി അവ പുനരുൽപ്പാദിപ്പിക്കപ്പെടും. ആ നാരുകൾ ഉപയോഗിച്ചാണ് ബുദ്ധ വിഹാരത്തിലുള്ള സന്യാസിമാർക്ക് വസ്ത്രങ്ങൾ ഉണ്ടാക്കുന്നത്.  

റിപ്പോർട്ടുകൾ പ്രകാരം, സന്യാസിമാർ ഇതുവരെ ഏകദേശം 40 ടണ്ണിലധികം പ്ലാസ്റ്റിക്ക് പുനരുപയോഗിച്ച് കഴിഞ്ഞു. നാല് വർഷം മുമ്പാണ് അവർ ഈ പരിപാടി തുടങ്ങിയത്. ഇങ്ങനെ പ്ലാസ്റ്റിക് പുനർനിർമ്മിക്കുന്നതിലൂടെ ചാവോ ഫ്രായ നദിയിലെ മാലിന്യം നിയന്ത്രിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. വെറും ധ്യാനവും, പ്രാർത്ഥനയും മാത്രമല്ല ബുദ്ധന്റെ കർമ പഥമായിരുന്നത്, മറിച്ച് ആഗോള പാരിസ്ഥിതിക സംരക്ഷണവും അതിൽ ഉൾപ്പെടുന്നുവെന്ന് സന്യാസിമാർ വിശ്വസിക്കുന്നു. ഒരു കിലോ പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് ഒരു ജോഡി വസ്ത്രങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് അവർ പറയുന്നു. 40 ടൺ പ്ലാസ്റ്റിക് ഉപയോഗിച്ച്, ക്ഷേത്രം ഇതുവരെ 800 ഓളം വസ്ത്രങ്ങൾ നിർമ്മിച്ചുവെന്നും അവർ പറയുന്നു.  

അതേസമയം ഈ പദ്ധതി തടസ്സം കൂടാതെ നടക്കാൻ പണം ആവശ്യമാണ്. അതുകൊണ്ട് തന്നെ, ഇങ്ങനെ നിർമ്മിക്കുന്ന വസ്ത്രങ്ങൾ സൗജന്യമായല്ല, പകരം വിലക്കാണ് കൊടുക്കുന്നത്. ഈ പണം മാലിന്യം വേർതിരിക്കാൻ സഹായിക്കുന്ന വീട്ടമ്മമാർ, വിരമിച്ചവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് കൂലിയായി ക്ഷേത്രം നൽകുന്നു. ഓരോ സെറ്റ് വസ്ത്രങ്ങൾക്കും 4,567 രൂപ മുതൽ 11,422 രൂപ വരെയാണ് വില. ഈ ക്ഷേത്രവും, അവിടെയുള്ള സന്യാസിമാരും പ്ലാസ്റ്റിക് പുനരുപയോഗത്തിന് വ്യക്തമായ സംഭാവന നൽകുന്നുവെന്ന് മാത്രമല്ല, അതിനെ കുറിച്ച് മറ്റുള്ളവരിൽ അവബോധം വളർത്തുകയും ചെയ്യുന്നു.   

Latest Videos
Follow Us:
Download App:
  • android
  • ios