Love Notes : തിരിച്ചൊന്നും ആവശ്യപ്പെടാത്ത സ്‌നേഹം, അതല്ലേ യഥാര്‍ത്ഥ പ്രണയം!

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയാക്ഷരങ്ങള്‍ തുടരുന്നു. ഇന്ന്  സിജി സജീവ് വാഴൂര്‍ എഴുതിയ പ്രണയകുറിപ്പ്
 

perspectives of love  one way love  by SIji Sajeev Vazhoor

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയാക്ഷരങ്ങള്‍ തുടരുന്നു. ഈ പ്രണയമെഴുത്തുകളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയാക്ഷരങ്ങള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം. 

 

perspectives of love  one way love  by SIji Sajeev Vazhoor
 

 

പ്രണയം എപ്പോഴും തീവ്രമാകുന്നത് വണ്‍വെ പ്രണയത്തിലാണ്. 'യഥാര്‍ത്ഥ പ്രണയം' എന്ന് വിളിക്കാനാവുന്ന പൊരുളും വികാരവും ലയിച്ചു ചേര്‍ന്നിരിക്കുന്നത് അതില്‍ മാത്രമാണ്. സ്വന്തം പ്രണയത്തെ മനസ്സില്‍ കൊണ്ടു നടക്കുന്നവരാണ് അധികവും. വണ്‍വേ പ്രണയത്തില്‍, മറ്റാര്‍ക്കും പങ്കുവെച്ച് കൊടുക്കാത്ത സ്വകാര്യ അനുഭവമായി അത് മാറ്റപ്പെടുന്നു. 

തിരിച്ചൊന്നും ആവശ്യപ്പെടാതെയുള്ള പ്രണയത്തില്‍ സത്യസന്ധമായ കാഴ്ചകള്‍ മാത്രമാണ് ഉള്ളത്. അതില്‍ കാപട്യത്തിന് ഒരു മുറിയില്ല. ഒരാളെ മാത്രം കണ്ണില്‍ നിറയ്ക്കുന്നു. ആ വ്യക്തിയുടെ നേട്ടങ്ങളും കോട്ടങ്ങളും സത്യസന്ധമായി ഇഷ്ടപ്പെടുന്നു. അവയെ അതായിത്തന്നെ ഉള്‍ക്കൊള്ളുന്നു. ഒരിക്കലും തുറന്നുപറയാത്തതിനാല്‍, അതിന് സൗഹൃദത്തിന്റെ സുഗമപാത കൂടെയുണ്ട്. എത്രനാള്‍ വേണമെങ്കിലും, സൗഹൃദമായി കൊണ്ടുപോവാനാവുന്ന രഹസ്യാത്മകത അതിനെ ചൂഴ്ന്നുനില്‍ക്കുന്നു. 

പ്രൈമറി എഫക്ട് എന്ന ആശയമായാണ് സൈക്കോളജിസ്റ്റുകള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രണയം ഉണ്ടാകുമ്പോള്‍ തലച്ചോറിലെ പന്ത്രണ്ട് കേന്ദ്രങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ഈ പന്ത്രണ്ട് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുമ്പോള്‍ ഡോപോമൈന്‍, ഓക്സിടോസിന്‍, അഡ്രിനാലിന്‍, വാസോപ്രഷര്‍ എന്നിവ ഉണ്ടാവുന്നു. ഇതാണ് പ്രണയം എന്ന വികാരത്തെ ഉദ്ദീപിപ്പിക്കുന്നത്. ഇവയുണ്ടാക്കുന്ന രാസമാറ്റങ്ങള്‍ നമ്മുടെ ശാരീരിക, മാനസികാവസ്ഥകളെ തലതിരിച്ചിട്ടേക്കാം. 

പ്രണയത്തെ അനുഭവതലത്തില്‍ എങ്ങനെ വിശേഷിപ്പിക്കാനാവും? നെഞ്ചകം നിറയുന്നൊരു പിടച്ചിലിന്റെ അകമ്പടിയോടെ മാത്രം ഉള്ളിലേക്കെത്തുന്ന സുഖമുള്ള നോവ്. അകലും തോറും അടുക്കുവാന്‍ തോന്നുന്ന മാസ്മരികത. ഉള്ളാലെ വിങ്ങുന്ന വാക്കുകള്‍ക്ക് ജീവന്‍ തുടിക്കുന്ന അനുഭവരാശി. അനന്തതയില്‍ നൂലുപൊട്ടിയ പട്ടം പോലെ പാറിപ്പറക്കുന്ന മാനസികാവസ്ഥ. 

ഇതൊന്നും ഒരിക്കലും പുറത്തേക്ക് തുളുമ്പുന്നില്ല എന്നതാണ് വണ്‍വേ പ്രണയത്തിന്റെ അനുഭൂതി. മറ്റേയാളെ അറിയിക്കാതെ നടക്കുന്ന ഒറ്റയാള്‍ പ്രണയങ്ങളില്‍ ഈ അനുഭൂതിയുടെ തീവ്രത വളരെ കൂടുതലായിരിക്കും. അതു നമ്മുടെ പ്രണയ ചിന്തകളെ കെട്ടഴിച്ചുവിടുന്നു. നമ്മുടെ ഇഷ്ടങ്ങളിലേക്ക് പകല്‍ക്കിനാവുകളുടെ ജലധാര തുറന്നിടുന്നു. 

ഒരുവേള പ്രണയം വെളിപ്പെടുത്തുവാന്‍ ഒരുങ്ങുമ്പോഴോ? ആ അസുലഭ നിമിഷങ്ങള്‍ക്ക് തൊട്ടടുത്ത നിമിഷം വരെ അനുഭവപ്പെട്ട അനുഭൂതിക്കു മാറ്റം സംഭവിക്കുന്നു ആ പ്രണയം മറ്റൊരു ഘട്ടത്തിലേക്ക് തലത്തിലേക്കു പടവുകള്‍ കയറുന്നു. ചിന്തകള്‍ മാറുന്നു. പ്രവൃത്തികള്‍ മാറുന്നു,, അതുവരെയുണ്ടായിരുന്ന നോട്ടം പോലും മാറിമാറിയുന്നു. ഇതിന് കാരണം പലപ്പോഴും സത്യസന്ധമല്ലാത്ത വെളിപ്പെടുത്തലുകള്‍ ആണ്. 

പ്രണയത്തില്‍ ആയാലും ജീവിതത്തില്‍ ആയാലും നല്ല വശങ്ങള്‍ അറിയുന്നത് പോലെ പ്രാധാന്യം ഉള്ളതാണ് കുറവുകള്‍ അറിയുക എന്നതും. പ്രണയത്തില്‍ പലപ്പോഴും നന്മകളും സുന്ദരമായതും മാത്രമാകും പ്രകടമാവുക. മറച്ചുവെക്കപ്പെട്ട മനുഷ്യസഹജമായ പോരായ്മകള്‍ പുറത്തുവന്നു തുടങ്ങുമ്പോള്‍ ആവട്ടെ അക്കാര്യം അംഗീകരിക്കാനുള്ള ബുദ്ധിമുട്ടുകള്‍ സംഭവിക്കുന്നു. 

ഒരിക്കല്‍ പ്രണയം തുറന്നുപറയുന്നതോടെ, ഇത്തരക്കാര്‍ക്ക് ആദ്യഘട്ടത്തിലേക്കു പിന്നെയൊരു തിരിച്ചുപോക്ക് സാദ്ധ്യമല്ലാതാവുന്നു. അനുഭവസാന്ദ്രതയ്ക്ക് മാറ്റങ്ങളുണ്ടാവുന്നു. വണ്‍വേ പ്രണയം മറ്റെല്ലാ പ്രണയവും പോലെയാവുന്നു. സാധാരണ പ്രണയത്തില്‍ പരസ്പരധാരണകളുടെയും വിട്ടുകൊടുക്കലിന്റെയും ആവശ്യകത ഏറെയാണ്. ഇഷ്ടങ്ങള്‍ മനസ്സിലാക്കാനും അതു പരസ്പരം പങ്കുവെയ്ക്കുന്നതിലുമുള്ള തുറന്ന മനസ്സ് ആവശ്യമാണ്. ചില സാഹചര്യങ്ങള്‍ അതിന് അനുയോജ്യമായി വരാത്ത പക്ഷം, സ്‌നേഹത്തിന്റെ ബലാബലത്തില്‍ വിള്ളല്‍ വീണുവോ എന്ന് സംശയിച്ചു തുടങ്ങും. കൊടുക്കല്‍ വാങ്ങലുകളുടെ ഏറ്റക്കുറച്ചിലില്‍ സ്‌നേഹത്തിന്റെ മാറ്റുകുറയുന്നുവോ എന്ന തോന്നല്‍ വരുന്നു. കൂടുതല്‍ സ്‌നേഹം എനിക്കാണ് നിനക്കില്ല എന്ന ഡിബേറ്റില്‍ വരെ കാര്യങ്ങള്‍ ചെന്നു ചേരുന്നു. 

ഏന്തി വലിഞ്ഞും തത്തിപ്പിടിച്ചും ഒരുവേള പ്രണയം വിവാഹത്തിലെത്തിയാലോ? അതോടെ മിക്കവാറും ജീവിതങ്ങളിലും പ്രണയം ആത്മഹൂതി ചെയ്യുന്നു. പ്രണയത്തിന്റെ വഴിയിലേക്ക് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ കയറിവരുന്നു. അതിലെ കാല്‍പ്പനികത മാഞ്ഞ്് പ്രായോഗികത കയറിവരുന്നു. കാമുകി ഭാര്യയും കാമുകന്‍ ഭര്‍ത്താവും ആവുമ്പോള്‍ അവര്‍ക്കിടയില്‍ അധികാരത്തിന്റെ അദൃശ്യസമവാക്യങ്ങള്‍ പ്രബലമാവുന്നു. കാലകാലങ്ങളായി നമ്മുടെ പുരുഷാധിപത്യ സമൂഹം സ്വാംശീകരിച്ച ആണധികാരമൂല്യങ്ങള്‍ അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നു. പതിയെ പ്രണയമെന്നത് പണ്ടു പണ്ട് എന്നു തുടങ്ങുന്ന കുട്ടിക്കഥയാവുന്നു. 

വണ്‍വേ പ്രണയത്തില്‍ മറ്റൊരു സാധ്യത കൂടിയുണ്ട്. പ്രണയം തുറന്നുപറയുകയും മറ്റേയാള്‍ താല്‍പ്പര്യമില്ലെന്ന് പറയുകയും ചെയ്യുന്ന സാഹചര്യം. അതോടെ ഇതുവരെ സങ്കല്‍പിച്ചു കൂട്ടിയതൊക്കെയും തകരുന്നു. നിരാശയില്‍ നിന്ന് ഉടലെടുക്കുന്ന അരക്ഷിതബോധം ഉള്ളില്‍ വളര്‍ന്നു വൈരാഗ്യമായിമാറുന്നു. അതോടെ, അത്ര നാളും  പ്രണയം തോന്നിയ ആളെ ശത്രുവായി പോലും കാണുന്ന സ്ഥിതി ഉണ്ടാവുന്നു. പ്രതികാര ചിന്ത വരെ ഉടലെടുക്കുന്നു. എനിക്ക് കിട്ടാത്തത് മറ്റാര്‍ക്കും കിട്ടണ്ട എന്ന തോന്നലില്‍ പ്രണയിയെ അപകടപ്പെടുത്താന്‍ പോലും ശ്രമിക്കുന്ന അവസ്ഥ സംജാതമാവുന്നു. 

എന്നാല്‍ മിക്കവാറും വണ്‍വേ പ്രണയം ഇങ്ങനെയൊന്നുമാവില്ല. അത് ഒരാള്‍ക്ക് മാത്രം മനസ്സിലാക്കാനാവുന്ന ഭാഷയില്‍ എഴുതിയ കവിതയാവുന്നു. അവര്‍ പ്രണയം ആദ്യാവസാനം കാത്തു സൂക്ഷിക്കുന്നു. സ്വയം വിജയിയാവുന്നു. നോക്കൂ, പ്രണയം എപ്പോഴും തീവ്രമാകുന്നത് വണ്‍വെ പ്രണയത്തില്‍ തന്നെയല്ലേ...? 


 

പ്രണയമെഴുത്തുകള്‍ വായിക്കാം:

 പ്രവാസികള്‍, അവര്‍ക്കെന്നും പ്രണയദിനമാണ്!

ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു

പിടിച്ചുവെക്കരുത് ആരെയും, വിട്ടുകൊടുക്കലാണ് പ്രണയം!

 പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ

വാക്കുകള്‍ പടിയിറങ്ങുമ്പോള്‍ ചുംബനച്ചിറകില്‍ നാമത് വീണ്ടെടുത്തു, ഒരു പ്രണയലേഖനം

നിന്നെ പ്രണയിക്കുന്നതിന്‍ മുമ്പ്, നെരൂദയുടെ കവിത

രതിദംശനങ്ങള്‍, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

ആഞ്ഞുകൊത്തുന്ന പ്രണയം, വിമല്‍ജിത്ത് എഴുതിയ കവിത 

പാടി മറന്നൊരു പല്ലവിയോ നാം, മൂന്ന് പ്രണയഗാനങ്ങള്‍ 

നീ എന്നോട് പ്രണയത്തിലാകുന്ന നിമിഷം മുതല്‍  

സ്വപ്‌നമെത്തയില്‍ അവന്‍, കബനി കെ ദേവന്‍ എഴുതിയ പ്രണയകഥ

 

Latest Videos
Follow Us:
Download App:
  • android
  • ios