'ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?'
എന്തിനായിരുന്നു ഷമീര്‍, അവളെ നീ തീവെയിലത്ത് ഒറ്റയ്ക്ക് നിര്‍ത്തിയത്?
പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം
സൂര്യന്‍ ചാഞ്ഞ് തുടങ്ങിയിരുന്നു. സന്ധ്യ മയങ്ങിയാല്‍ തിരുനെല്ലി യാത്ര ദുഷ്‌ക്കരമാണ്. എങ്കിലും പിന്‍മാറാന്‍ മനസ്സ് അനുവദിച്ചില്ല. ഉള്ളിലാകെ ബ്രഹ്മഗിരി മലകളും പാപനാശിനിയും ലച്ചുവും ഡോ. മഹാദേവനുമായിരുന്നു.
കാടിനെ തൊട്ട്, കാടിനെ കേട്ട്, കാടിനെ മണത്ത്, ഇലപ്പച്ചകള്‍ക്കിടയില്‍ ദൃശ്യവും അദൃശ്യവുമായി നില്‍ക്കുന്ന കാട്ടുമൃഗങ്ങള്‍ക്കരികിലൂടെ ചീറിപ്പായുകയാണ് ജീപ്പ്. താഴ്വാരത്തെ പൊതിയുന്ന കോടമഞ്ഞിനെ തുടച്ചുമാറ്റി വയനാടന്‍ കാറ്റും കൂടെപ്പോന്നു.
തിരുനെല്ലി ക്ഷേത്രത്തിലെത്തുമ്പോള്‍ നടയടച്ചു കഴിഞ്ഞിരുന്നു. 'രാത്രിയായതിനാല്‍ പാപനാശിനിയിലേക്കിറങ്ങാന്‍ കഴിയില്ലട്ടോ' എന്ന് മേല്‍ശാന്തി. അദ്ദേഹം നല്‍കിയ കുളിര്‍മയുള്ള ചന്ദനം നെറ്റിയില്‍ തൊടുമ്പോള്‍ നേരിയ സന്ദേഹം. എന്നോ നഷ്ടമായ ഭക്തിയുടെ ലോകത്തേക്കാണോ വീണ്ടും!
അരികെ, പാപനാശിനി തളര്‍ന്നൊഴുകി കാളിന്ദിയെ തൊടുന്നതിന്റെ നേര്‍ത്ത ശബ്ദം കേള്‍ക്കാം. പാപനാശിനിയിലെ കല്‍പടവുകള്‍! അവിടെയല്ലേ ലച്ചു ഡോ. മഹാദേവന്റെ പേരെഴുതിയിട്ടുണ്ടാവുക! ഇളം പച്ച നിറമുള്ള പൂപ്പലുകള്‍ പുതച്ച കല്‍പ്പടവുകള്‍. കാല്‍കുത്തുമ്പോള്‍ തണുപ്പ് വന്ന് കാല്‍പ്പാദങ്ങളെ പുണരുന്നു. അന്നേരമത്രയും ലച്ചുവിന്റെ ഓര്‍മ്മകള്‍ വന്നുതൊട്ടു.
മടങ്ങുമ്പോഴും ഓര്‍മ്മകള്‍ കൈവിട്ടില്ല. സ്റ്റീരിയോയില്‍ നിന്നും നിറഞ്ഞൊഴുകുന്ന ഭാവഗായകന്റെ ഉള്‍ക്കുളിരുള്ള സ്വരം വീണ്ടും ലച്ചുവിലെത്തിച്ചു. കോളജില്‍ചിത്രശലഭത്തെ പോലെ പാറി നടന്നവള്‍: പാട്ട്, കവിത, രാഷ്ടീയം. കൈ വയ്ക്കാത്ത മേഖലകളില്ല. മാഗസിന്‍ എഡിറ്ററും, വൈസ് ചെയര്‍മാനും ആയി കാമ്പസില്‍ നിറഞ്ഞു നിന്ന കിലുക്കാംപെട്ടി. പക്ഷേ, കാലം അവള്‍ക്കായി കരുതി വച്ചതോ...?
തികച്ചും ഒറ്റപ്പെട്ടു പോയ അവളുടെ ജീവിതത്തിലെ ഒരേട്. എപ്പോഴൊക്കെയോ അവള്‍ പങ്കു വെച്ച കുറേ ഓര്‍മ്മച്ചിന്തുകള്‍. ഒരുമിച്ചു തുഴയാന്‍ മോഹിച്ച ജീവിത നൗക, ജീവിതം പകുത്തു നല്‍കിയവന്‍ ഒറ്റയ്ക്ക് തുഴഞ്ഞ് അക്കരയ്ക്ക് പോയപ്പോള്‍, ഇക്കരെ അവളും അവളുടെ ചുടുനെടു വീര്‍പ്പും മാത്രമായ ഒരു കാലം. ആ കാലത്തിനൊരു പാട്ട്. എന്‍േറതുപോലെ പോലെ അവളുടെയും പ്രിയഗാനം.
'കരിമുകില്‍ കാട്ടിലെ
രജനിതന്‍ വീട്ടിലെ
കനകാംബരങ്ങള്‍ വാടി
കടത്തുവള്ളം യാത്രയായി
യാത്രയായീ
കരയില്‍ നീ മാത്രമായി..'
ജി. വിവേകാനന്ദന്റെ 'കള്ളിച്ചെല്ലമ്മ ' എന്ന നോവലിനെ അടിസ്ഥാനമാക്കി, അതേ പേരില്‍, ഭാസ്‌ക്കരന്‍ മാഷിന്റെ സംവിധാനത്തില്‍ 1969 -ല്‍ പുറത്തിറങ്ങിയ ചിത്രം. പ്രേംനസീറും, ഷീലയും മുഖ്യ കഥാപാത്രങ്ങള്‍. ഗാനരംഗത്തും അവര്‍ തന്നെയാണ്. ഭാസ്‌ക്കരന്‍ മാഷിന്റെ ഭാവനാ സമ്പന്നമായ രചനയ്ക്ക് രാഘവന്‍ മാഷിന്റെ വിഷാദാര്‍ദ്ര ഈണം. പ്രണയമധുരിമയും വിരഹ നൊമ്പരവുമുണര്‍ത്തുന്ന ഭാവഗായകന്റെ ആലാപനം. രചന, ഈണം, ആലാപനം- ഇവയുടെ അതിമനോഹര ലയനം.
ആദ്യസമാഗമത്തിനു ശേഷം, ചെല്ലമ്മയെ വിട്ടു പോവുന്ന നായകന്‍. പ്രഭാതം മെല്ലെ വിടരുന്നതേയുള്ളു. നായകന്‍ കടത്തു വള്ളത്തില്‍ അക്കരേയ്ക്ക് പോവുന്നു. ചെല്ലമ്മയുടെ കിനാവുകള്‍ ചവിട്ടിയരച്ച് കടന്നുപോവുകയാണ് അവനെന്ന് അവളറിയുന്നതേയില്ല. നിറമിഴികളോടെ കരയില്‍ ഒറ്റയ്ക്ക് നിന്ന് വിതുമ്പുകയാണവള്‍. നിശ്ശബ്ദമായ തേങ്ങല്‍.
ഈ ഗാന രംഗം കാണുമ്പോഴെല്ലാം ലച്ചുവിനെ ഓര്‍മ്മ വരും. അവള്‍ പറഞ്ഞറിയാവുന്ന ആ നിമിഷം. ഷമീറും അവളും അവസാനമായി കണ്ട രംഗം.
ആത്മാവില്‍ അഗ്‌നിയായി പടര്‍ന്നിറങ്ങിയ പ്രണയം കൊണ്ട് പൊള്ളലേറ്റവളാണ് ലച്ചു. അവളുടെ നിശ്വാസത്തിനു പോലും എന്നെ പൊള്ളിക്കാനുള്ള ചൂടുണ്ടായിരുന്നു. നഗരത്തിലെ കോളജില്‍ ഞങ്ങളുടെ ഒരു വര്‍ഷം സീനിയറായിരുന്നു ഷമീര്‍. ലച്ചുവിന്റെ അതേ നാട്ടുകാരന്‍. നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര അവര്‍ ഒരുമിച്ചായിരുന്നു. ഒരിയ്ക്കലും ഒരു മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ച് വിപ്ലവം സൃഷ്ടിക്കാനുള്ള ധൈര്യമൊന്നും അവള്‍ക്കുണ്ടായിരുന്നില്ല. അച്ഛന്‍ നിശ്ചയിക്കുന്ന ഒരാളെ കല്യാണം കഴിക്കുക എന്ന പരമ്പരാഗത രീതിയോടായിരുന്നു അവള്‍ക്കെന്നും താല്‍പര്യം. അവനുമതേ. വീട്ടുകാരെ എതിര്‍ത്ത് ഒരു ഹിന്ദു പെണ്ണിനെ കൂടെ കൂട്ടാനുള്ള ധൈര്യം ഒരു കാലത്തും അവനുമുണ്ടായിരുന്നില്ല. എങ്കിലും അവനോടൊപ്പമുള്ള യാത്രകള്‍ അവള്‍ ഗൂഢമായി ആസ്വദിച്ചിരുന്നു. അവനും.
കോഴ്‌സ് കഴിഞ്ഞ സമയത്താണ് ഷമീര്‍ ഒരപകടത്തില്‍ പെട്ട് കിടപ്പാവുന്നത്. കിടക്കയില്‍ നിന്ന് എണീക്കാനാവാത്ത അവന്റെ കിടപ്പറിഞ്ഞ്, അവന്റെ വീട്ടിലേയ്ക്ക് ഓടിയെത്തുകയായിരുന്നു അവള്‍. അന്നാണ് ഉള്ളില്‍ ചാരം മൂടി കിടന്ന അവനോടുള്ള പ്രണയത്തിന്റെ കനലുകളുടെ ചൂടെത്രയെന്ന് അവള്‍ തിരിച്ചറിയുന്നത്. അവനും! നടുവിനേറ്റ ക്ഷതം കാരണം ആ കിടപ്പില്‍ നിന്ന് എണീക്കാന്‍ കഴിയില്ലെന്ന് വിശ്വസിച്ചിരുന്ന അവന് അവളുടെ സാമീപ്യം താങ്ങും തണലുമായി. മാസങ്ങള്‍ നീണ്ട കിടപ്പ്. പിന്നീട്, എണീറ്റ് നടന്നു തുടങ്ങിയ നാളുകളിലൊന്നില്‍ ഷമീര്‍ തന്നെയാണ് ആ ഇഷ്ടം തുറന്നുപറഞ്ഞത്.
'നിന്നെ ഇനി ഞാനാര്‍ക്കും വിട്ടു കൊടുക്കില്ല' എന്ന അവന്റെ വാക്കുകള്‍ ഒരു കുളിര്‍മഴ പോലെ അവളുടെ ഉള്ളം തണുപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട ടെലിഫോണ്‍ സംഭാഷണങ്ങള്‍, കൂടിക്കാഴ്ചകള്‍ അവരുടെ പ്രണയം നിര്‍ബാധം ഒഴുകി. രണ്ടു വീട്ടിലുമുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ നന്നായി അറിയാമായിരുന്നു. എങ്കിലും അവര്‍ക്ക് സ്വയം നഷ്ടപ്പെടുത്താനാവില്ലായിരുന്നു. അവന്റെ ചേട്ടന്റെയും അവളുടെ അനിയത്തിയുടെയും വിവാഹ ശേഷം ഇക്കാര്യം വീട്ടിലവതരിപ്പിക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.
പക്ഷേ, അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. അവളുടെ വീട്ടില്‍ വിവാഹാലോചനകള്‍ മുറുകിത്തുടങ്ങി. ആ നാളുകളിലൊന്നില്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. അതിനവര്‍ കണ്ടെത്തിയത് പഠിച്ച നഗരത്തിലെ ഒരു രജിസ്ട്രാര്‍ ഓഫീസായിരുന്നു. അവിടെത്തി, കൂട്ടുകാരുടെ സഹായത്തോടെ നാട്ടിലേക്ക് നോട്ടീസയപ്പിച്ച ശേഷം ട്രെയിനിലുള്ള മടക്കയാത്രയില്‍, അവന്‍ അവളുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് പറഞ്ഞു, 'ഇനി ആര്‍ക്കും നമ്മളെ പിരിക്കാനാവില്ല. മറ്റുള്ളവരുടെ സന്തോഷത്തിനായി നമ്മുടെ സന്തോഷം നമ്മള്‍ മാറ്റിവയ്ക്കില്ല.'
അന്നുമുതല്‍ അവളുടെ മനസ്സില്‍ അവന് ഭര്‍ത്താവിന്റെ സ്ഥാനമായിരുന്നു. നാട്ടിലെ രജിസ്ട്രാര്‍ ഓഫീസിലേക്ക് അയയ്ക്കുന്ന നോട്ടീസ്, നാട്ടിലെത്താതിരിക്കാനുള്ള ഏര്‍പ്പാടൊക്കെ കൂട്ടുകാര്‍ ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെ ഫോണിനൊരു എക്‌സ്റ്റന്‍ഷനുണ്ടായ വിവരം പാവം അവളറിഞ്ഞില്ല. വീട്ടുകാര്‍ കാര്യമറിഞ്ഞു. രജിസ്ട്രാര്‍ ഓഫീസില്‍ എത്തേണ്ട ദിവസം അവള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ സാധിച്ചില്ല. ടിക്കറ്റുമെടുത്ത് കാത്തിരുന്ന അവന്‍ നിരാശനായി. ഇതിനിടയില്‍ രണ്ടു വീട്ടുകാരും ചേര്‍ന്ന് അവരെ പിരിക്കാനുള്ള തന്ത്രങ്ങള്‍ സംയുക്തമായി മെനഞ്ഞു തുടങ്ങി. ഈ തന്ത്രങ്ങള്‍ക്കൊന്നും അവളെ പിന്തിരിപ്പിക്കാനായില്ല. പക്ഷേ, ഇടയിലെപ്പോഴോ ഷമീര്‍ ഒരു പ്രായോഗിക വാദിയായി മാറിയിരുന്നു. വീട്ടുകാര്‍ക്കു മുന്നില്‍ അവന്‍ കീഴടങ്ങി.
ഒരു സാധാരണ മുസ്‌ലിം കുടുംബത്തിലെ പതിനൊന്ന് മക്കളില്‍ ഇളയവനായിരുന്നു ഷമീര്‍. 'ബാപ്പയുടെ മരണശേഷം സഹോദരങ്ങള്‍ക്കായി ജീവിതം മാറ്റിവച്ച ഏട്ടനു മുന്നില്‍, കാലു പിടിച്ചു കരയുന്ന ഉമ്മയ്ക്ക് മുന്നില്‍, പിടിച്ചു നില്‍ക്കാനുള്ള ചങ്കുറപ്പ് എനിക്കില്ല ലച്ചൂ' എന്ന് ഇടയ്‌ക്കൊക്കെ അവന്‍ അവളോട് പറഞ്ഞിരുന്നു. എങ്കിലും അതിലും മേലെയാണ് അവന് തന്നോടുള്ള പ്രണയമെന്ന് അവള്‍ വിശ്വസിച്ചു.
അതുകൊണ്ടു തന്നെ, ഒരു ദിവസം കാണണമെന്ന് അവന്‍ പറഞ്ഞപ്പോള്‍ അത് ഒരു യാത്ര പറച്ചിലിനായിരിക്കുമെന്ന് അവള്‍ കരുതിയതേയില്ല. അവന്റെ സുഹൃത്തായ ഒരു ഡോക്ടറുടെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു ആ കൂടിക്കാഴ്ച. 'മറ്റുള്ളവരുടെ സന്തോഷത്തിനായി നമുക്ക് നമ്മളെ മറക്കാം' എന്ന് പറഞ്ഞ് എന്റെ കവിളില്‍ തലോടി, ചേര്‍ത്തുപിടിച്ച് അവന്‍ നടന്നുനീങ്ങി, ഒന്നു തിരിഞ്ഞു പോലും നോക്കാതെ. നിറകണ്ണുകളോടെ അവന്‍ പോവുന്നതും നോക്കി നിന്ന രംഗം ഇപ്പോഴും ഓര്‍മ്മയിലുണ്ട്'- ഒരിയ്ക്കല്‍ അവള്‍ പറഞ്ഞു.
ആ ഗാനരംഗത്ത്, തോണിയില്‍ അക്കരേയ്ക്ക് പോവുന്ന പ്രേംനസീറിനെ നോക്കി വിതുമ്പുന്ന ചെല്ലമ്മയെ കാണുമ്പോഴെല്ലാം ആ രംഗം എന്റെ ഓര്‍മ്മയില്‍ തെളിയും.
'ഇനിയെന്നു കാണും നമ്മള്‍
തിരമാല മെല്ലെ ചൊല്ലി
ചക്രവാളമാകെ നിന്റെ
ഗദ്ഗദം മുഴങ്ങീടുന്നൂ...'
പറ്റിച്ചു കടന്നുപോവുന്ന കാമുകനെ നോക്കി, തേങ്ങുന്ന മനസ്സും നിറമിഴികളുമായി നില്‍ക്കുന്ന ചെല്ലമ്മ. തിരകളെ കീറിമുറിച്ച് പായുന്ന വള്ളം തിരിച്ചു വരണമെന്നില്ല. എങ്കിലും ഗദ്ഗദത്തോടെ ഇനിയെന്ന് കാണുമെന്ന് ചോദിക്കുകയാണ് തിരമാലകള്‍. അതുപോലെ ചെല്ലമ്മയുടെ മനസും ചോദിക്കുന്നു, ഇനിയെന്ന് കാണുമെന്ന്. വികാരസാന്ദ്രമായ ഒരു വിടപറയല്‍. ലച്ചുവിനും അറിയില്ലായിരുന്നല്ലോ ഇനിയൊരു കൂടിക്കാഴ്ചയുണ്ടാവില്ലെന്ന്.
ഞാന്‍ പാട്ട് ശ്രദ്ധിക്കുന്നുവെന്ന് തോന്നിയതിനാലാവണം ഡ്രൈവര്‍ വോള്യം കൂട്ടി. ചരണത്തിലെത്തിയിരിക്കുന്നു.
'കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ
മധുമാസ ചന്ദ്രലേഖ
മടങ്ങുന്നു പള്ളിത്തേരില്‍...'
പുലരുവോളം രാത്രിയോടൊപ്പമുണ്ടായിരുന്ന ചന്ദ്രലേഖ മടങ്ങുകയാണ്. അത് മാഞ്ഞ് പ്രഭാതമാവുമ്പോള്‍ കരയുന്ന രാക്കിളികള്‍. തന്റെ ആഗ്രഹ സാക്ഷാത്കാരം പൂര്‍ത്തിയാക്കി ചെല്ലമ്മയെ തിരിഞ്ഞു നോക്കാതെ തോണിയില്‍ അക്കരയ്ക്ക് പോവുന്ന നായകന്‍. വിരഹത്തിന്റെ വേദനയും നിരാശയും പ്രതിഫലിക്കുന്ന വരികള്‍. രാക്കിളിയുടെ കരച്ചില്‍ അവളുടെ വിരഹവേദനയുടെയും പ്രണയത്തിന്റെയും അടയാളമാണ്. എത്ര മനോഹരമായ കല്പന! ഗേറ്റ് കടക്കുമ്പോള്‍ ഷമീര്‍ ഒന്ന് തിരിഞ്ഞു നോക്കുമെന്ന് ചെല്ലമ്മയെപോലെ അവളും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലേ? എന്നാല്‍ ഷമീര്‍ മനസില്‍ നിന്ന് അവളെ ഇറക്കി വിട്ടിരുന്നല്ലോ. നാട്ടിലെ കോടീശ്വരന്റെ ഏക മകളുമായുള്ള നിക്കാഹിന് അവന്‍ മനസ്സുകൊണ്ട് ഒരുങ്ങിയിരുന്നു. അവന്‍ കണ്ണില്‍ നിന്നും മറയുന്നതുവരെ നോക്കിനിന്ന കാര്യം അവള്‍ പറയുമ്പോഴെല്ലാം പണ്ട് അപ്പച്ചി മൂളിയിരുന്ന ചങ്ങമ്പുഴയുടെ വരികള്‍ ഓര്‍മ്മവരും. അന്ന് അപ്പച്ചിയുടെ കരിമഷിയെഴുതിയ കണ്ണുകളിലെ നനവ് മനസിലാക്കാനുള്ള പക്വത ഒരെട്ട് വയസ്സുകാരിക്കുണ്ടായിരുന്നില്ലല്ലോ!
'യാത്രയോതി ഭവാന്‍ പോയൊരാ വീഥിയില്‍
പൂത്തു പൂത്താടിയ സായാഹ്ന ദീപ്തികള്‍
അന്നെന്റെ ചിന്തയില്‍ പൂശിയ സൗരഭം
ഇന്നും തനിച്ചിരുന്നാസ്വദിക്കുന്നുണ്ടു ഞാന്‍.'
ഷമീറിനെപ്പോലെ പിന്മാറാന്‍ ലച്ചു തയ്യാറല്ലായിരുന്നു. അവനോടുള്ള പ്രണയത്തിനുമുന്നില്‍ അവള്‍ മറ്റെല്ലാം മറന്നിരുന്നു. വീണ്ടും കുറച്ചു നാള്‍ അവര്‍ ഫോണ്‍ സംഭാഷണം തുടര്‍ന്നു. പിന്നെ അവള്‍ക്ക് ഫോണ്‍ ചെയ്യാന്‍ കഴിയാതായി. പുറത്തിറങ്ങാന്‍ അനുവാദമില്ലാതായ ദിവസങ്ങള്‍. സ്വപ്നത്തില്‍ പോലും ആങ്ങളമാരും അച്ഛനും കാവല്‍നിന്നു. ഇടയ്ക്ക് എപ്പോഴൊക്കെയോ ഷമീര്‍ വിളിച്ചിട്ടുണ്ടായിരുന്നിരിക്കണം. അവനും വൈകാരികതയുടെ തടവിലായിരുന്നെന്നല്ലോ.
Also Read: പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?
അതിനിടെ, പ്രണയത്തിനു വേണ്ടി മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപ്പോയ നന്ദിതയെ പോലെ അവളും മരണത്തെ പുല്‍കാന്‍ ഒരു വിഫല ശ്രമം നടത്തി. ആശുപത്രി കിടക്കയില്‍ പത്ത് നാളുകള്‍. ആശുപത്രിയിലായ വിവരം അവനെ അറിയിക്കാന്‍, അവള്‍ ഒരു കൂട്ടുകാരിയെ പറഞ്ഞുവിട്ടു. പത്ത് ദിവസത്തെ ആശുപത്രി വാസത്തിനിടയില്‍ ഒരു ദിവസമെങ്കിലും അവന്‍ വരുമെന്ന് അവള്‍ ഉറച്ച് വിശ്വസിച്ചു. ആ ആശുപത്രി വളപ്പിലായിരുന്നല്ലോ അവര്‍ അവസാനമായി കണ്ടത്.
ആ ജനലിനരികില്‍ അവന്‍ വരുന്നതും കാത്ത് അവളിരുന്ന നാളുകള്‍: ഒരിയ്ക്കലവള്‍ എനിക്കെഴുതി.
'ഡിസ്ചാര്‍ജ്ജാകുന്ന ദിവസം, അതിന് തൊട്ടുമുമ്പെങ്കിലും അവന്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. വല്ലാത്തൊരു കാത്തിരിപ്പ്.'
കതിരെന്നു കരുതിയതൊക്കെ വെറും പതിരാവുമോന്ന ആശങ്കയോടൊരു കാത്തിരിപ്പ്. ഒ എന്‍ വിയുടെ വരികള്‍ അവള്‍ക്കായി കുറിച്ചതു പോലെ തോന്നിയിട്ടുണ്ട്. എം. ജയചന്ദ്രന്റെ സംഗീതത്തില്‍, കെ.എസ് ചിത്ര അതി ഗംഭീരമായി ആലപിച്ച കാംബോജി എന്ന ചിത്രത്തിലെ ഗാനം.
'കതിരെന്നു കരുതി ഞാന്‍ കരുതിവച്ചവ
വെറുംപതിരെന്നോ കാറ്റില്‍ പറന്നുപോമോ
നടവാതില്‍ തുറന്നില്ല.
പടിവാതില്‍ കടന്നൊരാള്‍ അണഞ്ഞില്ല.
നറുനിലാവുദിച്ചിട്ടും
പടിവാതില്‍ കടന്നൊരാള്‍ അണഞ്ഞില്ല.
വരുമെന്നോ വരില്ലന്നോ
വരുവാന്‍ വൈകിടുമെന്നോ
പറയാതെ പോയതാം പ്രണയമാണേറെയെന്നോ
പാരില്‍ മാനസതാരില്‍
നറുനിലാവുദിച്ചിട്ടും
പടിവാതില്‍ കടന്നൊരാള്‍ അണഞ്ഞില്ല.'
Also Read : രാജാവിനെ പ്രണയിച്ച് ഭ്രാന്തിലവസാനിച്ച ചെല്ലമ്മ, വനജ ടീച്ചറെ പ്രണയിച്ച ഭ്രാന്തന്‍, പിന്നെ മജീദും സുഹറയും!
'പക്ഷേ, അവന്‍ വന്നില്ല. 'ഇവന് വേണ്ടിയാണോ നീ ആത്മഹത്യക്ക് ശ്രമിച്ചത്' എന്ന അച്ഛന്റെ ചോദ്യത്തിന് മുന്നില്‍ ഞാന്‍ നിശ്ശബ്ദയായി. ഞാനവനെ മറക്കാന്‍ ശ്രമിച്ചു. അതിനിടയില്‍ അവന്റെ നിക്കാഹും നടന്നു. മണ്ഡപത്തിലെത്തി അവന്റെ കരണത്ത് രണ്ട് പൊട്ടിക്കണമെന്ന് ഞാനെത്ര ആഗ്രഹിച്ചിരുന്നെന്നോ. ഊണും ഉറക്കവും നഷ്ടമായ ആ ദിവസങ്ങളിലാണ് ഞാന്‍ നാട്ടിലെ അറിയപ്പെടുന്ന സൈക്യാടിസ്റ്റായ ഡോ. മഹാദേവന്റെ ക്ലിനിക്കിലെത്തുന്നത്.'
ഇന്നും ഞാന്‍ സൂക്ഷിക്കുന്ന അവളുടെ കത്തിലെ വടിവൊത്ത അക്ഷരങ്ങള്‍ ഒരു മാത്ര ഓര്‍മ്മയില്‍ മിന്നിമാഞ്ഞു. അവിടെ നിന്നങ്ങോട്ട് അവളുടെ ജീവിതത്തിലെ മറ്റൊരു ഘട്ടം തുടങ്ങി. ഡോ. മഹാദേവന്‍ അവളുടെ രക്ഷകനായി. മദ്യപാനിയും സ്ത്രീലമ്പടനുമായ മിടുക്കനായ സൈക്യാട്രിസ്റ്റ്. സുന്ദരിയും അവിവിവാഹിതയുമായ പേഷ്യന്റ്. ബോധത്തിനും അബോധത്തിനുമിടയിലൂടെയുള്ള യാത്രയില്‍ അയാള്‍ അവള്‍ക്ക് കൈത്താങ്ങായി.
അയാള്‍ അവളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. സര്‍ക്കാര്‍ ജോലിയെന്ന ചിന്ത അവളിലുണ്ടാക്കിയത് അയാളായിരുന്നു. പതിയെപ്പതിയെ ഇഷ്ടമുള്ള കളിപ്പാട്ടം പിടിച്ചു വാങ്ങുന്ന ഒരു കുട്ടിയെ പോലെ അയാള്‍ അവളെ തന്നിലേയ്ക്ക് അടുപ്പിച്ചു. വീട്ടുകാരും ഷമീറും കൈവിട്ട അവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ കിട്ടിയ കച്ചിത്തുമ്പായിരുന്നു അവള്‍ക്കുമയാള്‍. 'നിന്നെ ഞാന്‍ സംരക്ഷിച്ചോളാം' എന്ന അയാളുടെ വാക്ക് അവള്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ അച്ഛനുമായ അയാള്‍ക്ക് എങ്ങനെയാണ് അവളുടെ സംരക്ഷകനാവാന്‍ കഴിയുക! എങ്കിലും ഡോ. മഹാദേവനും സംഗീതവുമായിരുന്നു അവളെ ജീവിതത്തിലേക്ക് തിരികെ നയിച്ച ഘടകങ്ങള്‍. വിരല്‍ത്തുമ്പില്‍ നിന്നകന്നു പോയ അക്ഷരങ്ങള്‍ തിരികെ വന്നു. ചങ്കുറപ്പുളള പെണ്ണൊരുത്തിയായി അയാള്‍ അവളെ മാറ്റി. ഞങ്ങള്‍ക്ക് ഞങ്ങളുടെ പഴയ ലച്ചുവിനെ തിരിച്ചു കിട്ടി.
പക്ഷേ, ആ ബന്ധത്തിന് രണ്ട് വര്‍ഷത്തെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തം മകളുടെ പ്രായമുളള കുട്ടിയോടുപോലും അയാള്‍ മോശമായി പെരുമാറുന്നത് കണ്ണില്‍ പെട്ടപ്പോള്‍ അവള്‍ക്ക് ക്ഷമിക്കാനായില്ല. അവള്‍ അയാളെ മനസില്‍ നിന്നിറക്കി വിട്ടു. എങ്കിലും ആ ചെറിയ കാലത്തിനിടയില്‍ അയാളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നു. അതയാള്‍ക്ക് മനസിലായത് അവള്‍ വിട്ടു പോയ ശേഷമായിരിക്കണം.
ജീവിതത്തില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടെന്ന് തോന്നിയ ആ നാളുകളിലാണ് ഒരു കൂട്ടുവേണമെന്ന് അവള്‍ ആഗ്രഹിച്ചത്. മരണക്കിടക്കയില്‍ വെച്ച് അമ്മ അവസാനമായി ആവശ്യപ്പെട്ടത് അവള്‍ വിവാഹിതയാകണം എന്നായിരുന്നു. അമ്മയുടെ അവസാന ആഗ്രഹത്തിനായി അവള്‍ വിവാഹത്തിന് സമ്മതം മൂളി...
താന്‍ വിവാഹം കഴിക്കാന്‍ പോവുന്ന കാര്യം അവള്‍ അയാളെ അറിയിച്ചു. പല പ്രാവശ്യം വേണ്ടെന്ന് പറഞ്ഞൊഴിവാക്കിയ വിവാഹാലോചന വീണ്ടും അവള്‍ തന്നെ പൊടി തട്ടിയെടുത്തു. അങ്ങനെ ശ്രീനിവാസ് എന്ന ശുദ്ധനായ നാട്ടിന്‍ പുറത്തുകാരന്‍ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. വിവാഹത്തിനു മുമ്പേ അവള്‍ സ്വന്തം ഭൂതകാലം ശ്രീനിവാസിനു മുന്നില്‍ തുറന്നു വച്ചു. എല്ലാമറിഞ്ഞിട്ടും, പതിമൂന്ന് വര്‍ഷത്തിനിടയില്‍ ഒരിയ്ക്കല്‍ പോലും അതും പറഞ്ഞ് അയാള്‍ അവളെ കുത്തി നോവിച്ചില്ല.
ലച്ചു വിട്ടുപോയ ശേഷം തികഞ്ഞ മദ്യപാനിയായി ജീവിതം നയിച്ച ഡോ. മഹാദേവന്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിവരം ആരോ പറഞ്ഞവള്‍ അറിഞ്ഞിരുന്നു. ആശുപത്രിയില്‍ നിന്നെത്തിയ അയാള്‍ ആദ്യം വിളിച്ചത് അവളെയായിരുന്നു. അയാളുടെ ജീവിതത്തിലൂടെ പല സ്ത്രീകള്‍ കടന്നുപോയെങ്കിലും അയാളെ നിയന്ത്രിക്കാന്‍ അധികാരമുണ്ടായിരുന്നത് അവള്‍ക്ക് മാത്രമായിരുന്നു. അവസാനമായി അവര്‍ സംസാരിച്ചത് അന്നായിരുന്നു. രണ്ട് വര്‍ഷം മുമ്പ്, അവള്‍ അയാളെ മനസില്‍ നിന്നിറക്കിവിട്ട് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, കൊവിഡിനോട് പൊരുതി മരണത്തിന് കീഴടങ്ങു കയായിരുന്നു ഡോ. മഹാദേവന്‍. മരിയ്ക്കുന്നതിന് തൊട്ടു മുമ്പ് അവളെയായിരുന്നു അയാള്‍ തിരക്കിയതെന്ന് പിന്നീടയാളുടെ ഭാര്യ പറഞ്ഞാണ് അവളറിയുന്നത്. അവള്‍ വിട്ടു പോയിട്ടും അയാള്‍ക്ക് അവളില്‍ നിന്ന് മടങ്ങിപ്പോവാനായിരുന്നില്ല.
അത് കേട്ടപ്പോള്‍ ഡൊമിനിക്കന്‍ കവിയായ മാര്‍ത്ത റിവേറ ഗാരിദോയുടെ (Martha Rivera Garrido) വരികളാണ് എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞത്.
'...താനെന്തെന്ന് സ്വയം തിരിച്ചറിഞ്ഞ ഒരുവളെ,
പറക്കാന്‍ അറിയുന്നവളെ,
സ്വയം അത്രമേല്‍ ഉറപ്പുള്ള ഒരുവളെ പ്രണയിക്കരുത്.
പ്രണയിക്കുമ്പോള്‍ ചിരിക്കുകയും
ഇടയില്‍ കരയുകയും ചെയ്യുന്നവളോട്,
സ്വന്തം ആത്മാവിനെ ഉടലായി മാറ്റാന്‍ കഴിയുന്നവളോട്,
കവിതയെ സ്‌നേഹിക്കുന്നവളോട്,
(അവളാണ് ഏറ്റവും അപകടകാരി)
ഒരു ചിത്രമെഴുതാന്‍ അതില്‍ മുഴുകി ആനന്ദിക്കുന്നവളോട്,
സംഗീതമില്ലാതെ ജീവിക്കാനാവില്ലെന്ന് കരുതുന്നവളോട്
ഒരിക്കലും പ്രണയത്തിലാവരുത്.
എന്തെന്നാല്‍,
അത്തരം ഒരുവളുമായി പ്രണയത്തിലായാല്‍
-അവള്‍ സഹവസിച്ചാലുമില്ലെങ്കിലും,
-പ്രണയിച്ചാലുമില്ലെങ്കിലും,
അവളില്‍നിന്നുമൊരു മടങ്ങിപ്പോക്ക്
നിങ്ങള്‍ക്കൊരിക്കലും സാദ്ധ്യമല്ല.'
സത്യമാണ്. ലച്ചുവിനെപ്പോലൊരു പെണ്ണില്‍നിന്ന് മടങ്ങിപ്പോവാന്‍ ആര്‍ക്കാണ് കഴിയുക?'
ഒരിയ്ക്കല്‍ ഞാന്‍ അവളോട് ചോദിച്ചു: 'ഷമീര്‍, ഡോ. മഹാദേവന്‍, നിന്റെ പാവം ഭര്‍ത്താവ് ഇവരില്‍ ആരോടാണ് നിനക്ക് പ്രണയം? ഷമീറിനോട് നിനക്ക് ദേഷ്യം തോന്നുന്നില്ലേ?'
അവളുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തിയില്ല.
'എന്റെ ഭര്‍ത്താവ് എന്റെ എല്ലാമെല്ലാമാണ്. എന്റെ കുഞ്ഞിനും എനിക്കും അദ്ദേഹം മാത്രമേയുള്ളൂ. എന്നാലും ഞങ്ങള്‍ക്കിടയില്‍ പ്രണയമില്ല. അതുകൊണ്ടു തന്നെ പൊസസീവ്‌നെസ്സില്ല, വഴക്കുമില്ല. എന്നും മനസില്‍ പ്രണയം തോന്നിയിട്ടുള്ളത് അവനോട് മാത്രം. ഡോ. മഹാദേവന്‍ എന്റെ നിസ്സഹായത മുതലെടുത്ത് എന്നെ അയാളിലേക്ക് അടുപ്പിക്കുകയായിരുന്നു. എങ്കിലും അയാള്‍ എന്നെ വല്ലാതെ സ്‌നേഹിച്ചിരുന്നു. അയാളുടെ ജീവിതത്തിലൂടെ കടന്നുപോയ മറ്റു സ്ത്രീകള്‍ക്കില്ലാത്ത ഒരു സ്ഥാനം എനിക്കയാള്‍ നല്‍കിയിരുന്നു. അയാളുടെ ഭാര്യയെക്കാള്‍ അയാളെ നിയന്ത്രിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. അയാളെ നേര്‍വഴിക്ക് നയിക്കാനേ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ.'-അവള്‍ പറഞ്ഞു തുടങ്ങി.
'ആത്മാവുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ, ഡോ. മഹാദേവന്‍ മരിച്ചു പോയെന്ന വാര്‍ത്ത കേള്‍ക്കുന്നതിന്റെ തലേന്നാള്‍ രാത്രി സ്വപ്നത്തില്‍ ഞാനയാളുടെ സാന്നിധ്യം അറിഞ്ഞു. ജീവിച്ചിരുന്നപ്പോള്‍ ഒരിയ്ക്കല്‍ പോലും എന്നെ തൊട്ടിട്ടില്ലാത്ത അയാള്‍ എന്നെ തഴുകുന്നത് പോലെ. ഞാന്‍ പൊക്കോട്ടേന്ന് ചോദിക്കുന്നത് പോലെ. അതുകൊണ്ടു തന്നെയാണ് അയാളുടെ ഒന്നാം ചരമവാര്‍ഷികത്തിന് ഞാന്‍ തിരുനെല്ലി പോയതും പടവുകളില്‍ ആ പേരെഴുതിയതും.
ഇപ്പോള്‍, ഓര്‍മ്മയുടെ പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്ന് അപ്പച്ചി വീണ്ടും ചൊല്ലുന്നു, ചങ്ങമ്പുഴയുടെ വരികള്‍.
'ആയിരം അംഗനമാരൊത്തു ചേര്‍ന്നെഴും
ആലവാലത്തിന്‍ നടുവിലങ്ങ് നില്‍ക്കിലും
ഞാനസൂയപ്പെടില്ലെന്റെയാണാ
മുഗ്ധ ഗാനാര്‍ദ്ര ചിത്തമെനിക്കറിയാം വിഭോ'
Also Read: ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍
Also Read: ഒരച്ഛന്‍ കാമുകിക്കെഴുതിയ കത്തുകള്‍, ആ കത്തുകള്‍ തേടി വര്‍ഷങ്ങള്‍ക്കു ശേഷം മകന്റെ യാത്ര!
സത്യത്തില്‍ ചങ്ങമ്പുഴയുടെ നായികയും ലച്ചുവും ഒരേ തൂവല്‍ പക്ഷികള്‍ തന്നെയല്ലേ! കുറച്ചു നാള്‍ മുമ്പുള്ള ലച്ചുവിന്റെ വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഓര്‍മ്മയില്‍ തെളിയുന്നു.
'ഞാന്‍ ആശുപത്രിയിലായിരുന്ന സമയത്ത്, ഷമീര്‍ ഒരു സര്‍ജറി കഴിഞ്ഞ് കിടപ്പിലായിരുന്നെന്ന വിവരം, എന്റെ അച്ഛന്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് ആ സുഹൃത്ത് എന്നില്‍ നിന്ന് മറച്ചു പിടിച്ചതെന്നറിയാന്‍ ഞാനൊരു പാട് വൈകി. അതറിഞ്ഞപ്പോള്‍ അവന്‍ ഒരു പാട് കരഞ്ഞുവെന്ന് കേട്ട നിമിഷം അവനോടുണ്ടായിരുന്ന വെറുപ്പ് അലിഞ്ഞലിഞ്ഞ് ഇല്ലാതായി. പള്ളിക്കാരും അമ്പലക്കമ്മിറ്റിയും ഉള്‍പ്പെടെ ആരുടെയൊക്കെയോ കൈകളിലെ പാവകളായി മാറി ഞാനും ഷമീറും. അവന് എന്റെ ധൈര്യം പോലുമില്ലാതെ പോയി. അന്ന് മൊബൈല്‍ ഫോണൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ വിധി മറ്റൊന്നായേനെ. എത്ര ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാലും മറന്നു പോകുന്നൊരു മുഖമായിരിക്കുന്നു ഷമീറിന്റേതെന്ന് ഒരായിരം തവണ ഞാന്‍ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അത്, ഓര്‍മ്മകളിലേയ്ക്കുള്ള അവന്റെ എത്തിനോട്ടം ഒഴിവാക്കാനുള്ള സുതാര്യമായൊരു നുണ മാത്രമാണെന്ന് എനിക്കുമാത്രമേ അറിയൂ.'
അവള്‍ പറഞ്ഞു നിര്‍ത്തി. ആ അവസാന വാചകത്തിന്, എന്നിലേക്കു തന്നെ നോക്കാന്‍ പ്രേരിപ്പിക്കുന്നത്രയും തീവ്രതയുണ്ടായിരുന്നു. വിസ്മൃതിയുടെ അഗാധത യഥാര്‍ത്ഥ പ്രണയികളെ സ്പര്‍ശിക്കുന്നതേയില്ലല്ലോ!
പ്രണയം പലപ്പോഴും യുക്തിരഹിതമാണ്. യുക്തി വെടിയാന്‍ അത് സദാ ആവശ്യപ്പെടുന്നു. സാര്‍ത്രിന്റെ ജീവിതത്തിലെ എത്രാമത്തെ സ്ത്രീയായിരുന്നു താനെന്നറിഞ്ഞുകൊണ്ട്, സാര്‍ത്രിന്റെ ഒരു കത്തിനു വേണ്ടി കാത്തിരുന്ന ഫെമിനിസ്റ്റായ ബുവ. രോഗഗ്രസ്തനും ചൂതാട്ടക്കാരനുമായ, തന്റെ അച്ഛനോളം പ്രായമുള്ള ദസ്തയോവസ്‌കിയുടെ ജീവിതത്തിലേക്കിറങ്ങിച്ചെന്ന അന്ന. ലോകം കണ്ടതില്‍ വച്ചേറ്റവും ക്രൂരനായ, തന്നെ ഒളിച്ച് എത്രയോ ബന്ധങ്ങള്‍ തുടര്‍ന്ന, തന്നേക്കാള്‍ 20 വയസ്സിലേറെ പ്രായമുള്ള ഹിറ്റ്‌ലറുടെ ഭാര്യയാവാന്‍ ജീവന്‍ പോലും നഷ്ടപ്പെടുത്താന്‍ തയ്യാറായ ഇവ ബ്രൗണ്‍, അതു പോലെ, ഫെമിനിസ്റ്റുകളെ പ്രണയിക്കുന്നതിന് ഒരു പ്രത്യേക സുഖമാണെന്ന് പറഞ്ഞ മെയില്‍ ഷോവിനിസ്റ്റായ ഒരു പ്രിയസുഹൃത്ത്. ഇപ്പോഴിതാ പ്രണയത്താല്‍ പൊള്ളലേറ്റ മറ്റൊരുവള്‍.
എന്തിനായിരുന്നു ഷമീര്‍, അവളെ നീ തീവെയിലത്ത് ഒറ്റയ്ക്ക് നിര്‍ത്തിയത്?