ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍
അവിടെനിന്നിറങ്ങി നടക്കുമ്പോള്‍, എന്റെ മനസ്സില്‍ ഒരൊറ്റ പാട്ടും ബാക്കിയായില്ല. പകരം, സോളമന്റെ ഉത്തമഗീതത്തിലെ ഏറ്റവും പ്രണയഭരിതമായ ഒരു വാക്യം ഉള്ളില്‍ തുളുമ്പിനിന്നു.
പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം
പണ്ടുപണ്ട്, കാമ്പസ് കാലങ്ങളിലൊന്നില്‍, ക്ലാസ് മുറിക്കു പുറത്ത് ഒന്നിച്ചിരിക്കുമ്പോള്‍, പ്രിയപ്പെട്ടൊരു സുഹൃത്താണ് അവളെക്കുറിച്ച് പറയുന്നത്. അഞ്ചാം ക്ലാസ് മുതല്‍ പത്ത് വരെ അവന്റെ സഹപാഠിയായിരുന്നു അവള്‍. അതിമനോഹരമായി പാടിയിരുന്ന, മല്‍സരങ്ങളില്‍ അനേകം സമ്മാനങ്ങള്‍ വാങ്ങിച്ചിരുന്ന പെണ്‍കുട്ടി. വിവാഹശേഷം ഒരു മൂളിപ്പാട്ടുപോലുമില്ലാതെ അവള്‍ അടിമുടി അടഞ്ഞുപോയൊരു കഥയായിരുന്നു അവളുടേത്.
''പാട്ടുപെട്ടി. അതായിരുന്നു കുഞ്ഞുന്നാളില്‍ അവളുടെ പേര്. ക്ലാസില്ലാത്ത നേരങ്ങളിലൊക്കെ സദാ മൂളിക്കൊണ്ടിരിക്കും. ചില സമയത്ത് അവളുടെ സ്വരം കനക്കും. ഞങ്ങളവളുടെ പാട്ടിന് കാതോര്‍ക്കും. ക്ലാസിലാകെ അവളുടെ പാട്ടു മുഴങ്ങും.''-ഓര്‍മ്മയില്‍ അവന്റെ സ്വരമിടറി.
മനസ്സില്‍ ഞാനന്നേരം ആ പെണ്‍കുട്ടിയെ വരയ്ക്കാന്‍ ശ്രമിച്ചു. തിളങ്ങുന്ന കണ്ണുകളായിരിക്കണം അവള്‍ക്ക്. പട്ടുനൂലിഴപോലെ മനോഹരമായ സ്വരം. ഒരോര്‍മ്മ, ഒരു തമാശ, ഒരു ചിരി. എന്തും അവളുടെ തൊണ്ടയിലെ ഹാര്‍മോണിയത്തെ പാട്ടായി മാറ്റും. അതിസാധാരണ നേരങ്ങള്‍ പോലും അവളെ പാട്ടുമഴയത്ത് നിര്‍ത്തും. അവളുടെ മൂളിപ്പാട്ടിന് ശബ്ദം കൂടുമ്പോള്‍ കുറേയേറെ കുട്ടികള്‍ ആ ചുണ്ടുകളിലേക്ക് നോക്കി കാതുകൂര്‍പ്പിച്ചിരിക്കും. അന്നേരം, അവളുടെ തൊണ്ടയില്‍നിന്ന് നീലക്കിളികള്‍ പറന്നുചെന്ന് മേഘാവൃതമായ ധവളവാനത്തെ നീലയാക്കും.
അവളെക്കുറിച്ച് പറയുമ്പോള്‍ അവന്റെ സ്വനതന്ത്രികള്‍ സങ്കടം കൊണ്ട് മുറിഞ്ഞു. ജീവിതം കൊണ്ട് മുറിവേറ്റ ഒരു പെണ്‍കുട്ടിയുടെ കഥയായിരുന്നു അത്. പെണ്‍കുട്ടിക്കാലം കഴിഞ്ഞ്, വിവാഹജീവിതത്തിലേക്ക് കടന്നപ്പോള്‍ പാട്ടുവഴികള്‍ അടഞ്ഞുപോയൊരുവള്‍. അടിച്ചേല്‍പ്പിക്കപ്പെട്ട നിശ്ശബ്ദതയില്‍ സ്വയം മൂടിപ്പോയ ഒരുവള്‍. മറ്റാരോടും മിണ്ടാന്‍ ഇഷ്ടമില്ലാത്ത ഭര്‍ത്താവ്. അടുക്കളച്ചുമരുകള്‍ക്കും കിടപ്പറയ്ക്കുമിടയിലാണ് പെണ്ണിന്റെ ലോകമെന്ന് സദാ വിളിച്ചുപറയുന്ന വീട്ടുകാര്‍. പിന്നെ കുഞ്ഞുങ്ങള്‍, അവരുടെ വളര്‍ച്ചകള്‍, പല ഫ്ളാറ്റുകളില്‍ കുരുങ്ങിപ്പോയ പ്രവാസകാലങ്ങള്‍. പാട്ട് എന്നത് ഓര്‍മ്മയില്‍നിന്നുപോലും തൂത്തുമാറ്റപ്പെട്ട പില്‍ക്കാലങ്ങള്‍.
നിറയെ പാട്ടുകളുണ്ടായിരുന്ന കൂട്ടുകാരി നിതാന്തനിശ്ശബ്ദതയിലേക്ക് ആണ്ടുപോയതിന്റെ വ്യസനം അവന്റെ വാക്കുകളില്‍ കലമ്പി. അതു കേട്ടുകേട്ട് ഞങ്ങളും സങ്കടത്തിലേക്ക് മുറിഞ്ഞുവീണു.
മല്‍സരവേദികളില്‍ വാനമ്പാടിയെപ്പോലെ പറന്നുനടന്ന കൂട്ടുകാരിയെക്കുറിച്ച് അവന്‍ പറയുമ്പോള്‍ ഞാന്‍ വീണ്ടും അവളെ മനസ്സില്‍ വരച്ചുണ്ടാക്കി. ഏതോ മല്‍സരവേദിയിലായിരുന്നു, അവള്‍. മൈക്കിനു മുന്നിലെത്തുമ്പോള്‍, ചെസ്റ്റ് നമ്പര്‍ അനൗണ്‍സ് ചെയ്യപ്പെടുമ്പോള്‍, കണ്ണുകളടച്ച് അവള്‍ ചുണ്ടുകളനക്കുന്നു. അന്നേരം അവളുടെ സ്വരം ആഴക്കടലുകള്‍ തൊട്ടു. മല്‍സരത്തിന് എത്തിയ മറ്റുള്ളവര്‍ വാക്കുകളെ പാട്ടായി വിവര്‍ത്തനം ചെയ്യുമ്പോള്‍ അവള്‍ വികാരങ്ങളെ പാട്ടിന്റെ പുല്ലാങ്കുഴലിലൂടെ കടത്തിവിട്ടു. ദു:ഖഭരിതമായ പാട്ടായി അവള്‍ മാറുമ്പോള്‍ ലോകത്തുള്ള സങ്കടങ്ങളെല്ലാം ആകാശത്ത് തിങ്ങിവിങ്ങി പെയ്യാനോങ്ങി. പാട്ടിലവള്‍ സന്തോഷം കടയുമ്പോള്‍ ആനന്ദത്തിന്റെ കുന്നുകളില്‍നിന്നെല്ലാം അനേകം പാട്ടുകള്‍ പറന്നുയര്‍ന്നു. വിഷാദത്തിലും വിരഹത്തിലും ഭക്തിയിലും പ്രണയത്തിലുമെല്ലാം അവളുടെ പാട്ടുകള്‍ വികാരസാന്ദ്രമായി.
കാമ്പസ് കാലം കഴിഞ്ഞ്, കൂട്ടുകാരെല്ലാം പലവഴിക്ക് ചിതറിപ്പോയി, അവളെക്കുറിച്ച് സങ്കടപ്പെട്ട കൂട്ടുകാരന്‍ ദൂരെയൊരു രാജ്യത്ത്, വെര്‍ച്വല്‍ റിയാലിറ്റിയുടെ അനന്തസമസ്യകള്‍ പൂരിപ്പിക്കുന്ന ജോലിയില്‍ ആഴ്ന്നുമുങ്ങി. എന്നാല്‍, പിന്നീടൊരിക്കലും ആ പെണ്‍കുട്ടിയുടെ ഓര്‍മ്മ എന്നെ വിട്ടുപോയില്ല. ഓരോ സ്‌കൂള്‍ മല്‍സരവേദികളും എന്നെ അവളുടെ സ്മൃതികളില്‍ തളച്ചിട്ടു. മനോഹരമായി പാടുന്ന കുട്ടികളെല്ലാം അവളെ മാത്രം ഓര്‍മ്മിപ്പിച്ചു. ദൈവമേ, അവരുടെ ഭാവി കാലങ്ങള്‍ അവളുടേതു പോലെ നിശ്ശബ്ദമാവരുതേ എന്ന് മൗനമായി ഞാന്‍ പ്രാര്‍ത്ഥിച്ചു.
Also Read: സ്വപ്നം പോലെ മനോഹരമായ ഒരു പാട്ട്, രാത്രിയില്‍ കൂട്ടിനെത്തുമ്പോള്‍!
രണ്ട്
മൂന്ന് മാസങ്ങള്‍ക്ക് മുമ്പൊരു രണ്ടാം ശനിയാഴ്ച, അവളെ ഞാനാഴത്തില്‍ ഓര്‍ക്കാനുള്ള ഒരു കാരണമുണ്ടായി; രേവതി. ഗായികയും നര്‍ത്തകിയും എന്ന നിലയില്‍, സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച കൂട്ടുകാരിയാണ് അവള്‍. കൂട്ടുകാരി എന്നൊന്നും പറയാനുള്ള അടുപ്പം അതുവരെ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നില്ല. വെറുമൊരു കാഷ്വല്‍ അക്വയിന്റന്‍സ്. എങ്കിലും, എന്തോ ഒരിഷ്ടം ഉള്ളിലവളോട് എന്നും തോന്നിയിരുന്നു. അതുകൊണ്ടു തന്നെയാവും 'നമുക്കൊന്ന് പുറത്തു പോയാലോ' എന്ന് ഒരിയ്ക്കലവള്‍ ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ നഗരമധ്യത്തിലെ ആഴൊഴിഞ്ഞ റസ്‌റ്റോറന്റിലെ വട്ടമേശയ്ക്കിരുപുറം ഞങ്ങള്‍ കണ്ടുമുട്ടിയത്.
വെറുമൊരു സാധാരണ കൂടിക്കാഴ്ചയായി തുടങ്ങിയെങ്കിലും അസാധാരണമായ അനുഭവമായിരുന്നു അത്. അതുവരെ പരിചയക്കാരി മാത്രമായിരുന്നു അവള്‍ എനിക്കു മുന്നില്‍ തുറന്നിട്ടത് ഞാനൊട്ടും പ്രതീക്ഷിക്കാത്ത ഒരു ജീവിതകഥയായിരുന്നു. ആ കഥ കേട്ടപ്പോള്‍, പണ്ട് കാമ്പസില്‍ ആദ്യമായി കേട്ടതുമുതല്‍ പതിറ്റാണ്ടുകളായി എനിക്കൊപ്പം സഞ്ചരിക്കുന്ന ആ പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ വീണ്ടും വന്നു തൊട്ടു. പരാജയപ്പെട്ട രേവതിയായിരുന്നു ആ പെണ്‍കുട്ടി. ജയിച്ച ആ പെണ്‍കുട്ടിയായിരുന്നു രേവതി. ഇരുവര്‍ക്കുമിടയില്‍, പ്രണയത്തിന്റെയും സദാചാരത്തിന്റെയും സമൂഹം വെച്ചുനീട്ടുന്ന വിലക്കുകളുടെയുമെല്ലാം അദൃശ്യമായ ചരടുകള്‍ തൂങ്ങിക്കിടന്നു.
നഗരത്തിലെ അധികം തിരക്കില്ലാത്ത കോഫി ഹൗസിലായിരുന്നു ഞങ്ങള്‍. മുന്നില്‍, ആവി പറക്കുന്ന ഫില്‍ട്ടര്‍ കോഫി. റെസ്റ്റോറന്റിലെ ടി വി യില്‍ ജയചന്ദ്രഗാനം.
'റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ
അറബിപ്പെണ്‍കൊടി അഴകിന്‍ പൂമ്പൊടി
ആരു നീ - ആരു നീ - ആരു നീ..'
പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?
'ഫില്‍റ്റര്‍ കോഫി എന്റെയൊരു ദൗര്‍ബല്യമാണ്. അതുപോലെയാണ് ഈ പാട്ടും' അതും പറഞ്ഞ് അവള്‍ ജയചന്ദ്രന്റെ മധുരസ്വരത്തിനൊപ്പം മൂളി. പിന്നെ, ഒരു പ്രകോപനവുമില്ലാതെ, അവളുടെ ജീവിതകഥ എനിക്കു മുന്നില്‍ വരച്ചിടാന്‍ തുടങ്ങി. അനുസരണയുള്ള കുടുംബിനിയില്‍ നിന്ന് ഇന്നത്തെ ബോള്‍ഡായ രേവതിയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ കഥ.
''വളരെ ചെറുപ്പത്തില്‍ നാട്ടിലെ ലക്ഷ്മി ടാക്കീസില്‍ കണ്ടു മറന്ന ആലിബാബയും 41 കള്ളന്മാരും, 2022 -ല്‍ ഞാനും അവനും യു ട്യൂബില്‍ വീണ്ടും കണ്ടു. ഞങ്ങളുടെ അലുംനിയ്ക്ക് ആ ഗാനരംഗം അവതരിപ്പിക്കണമെന്നത് അവന്റെ തീരുമാനമായിരുന്നു. മര്‍ജിയാനയായി ഞാനും ആലിബാബയായി അവനും.''-മുഖവുരയൊന്നുമില്ലാതെ, പൊടുന്നനെ അവള്‍ പറഞ്ഞു. അവള്‍ പറയുന്നത് ഏറ്റവും സ്വകാര്യമായ അവളുടെ ജീവിതമാണ്. അതിനാല്‍, 'ആരാണ് ഈ അവന്‍' എന്ന ചോദ്യം എന്നില്‍ നിന്നുണ്ടായില്ല.
ടെലിവിഷനിലപ്പോള്‍ നസീറും ജയഭാരതിയും. പശ്ചാത്തലത്തില്‍ ഭാവഗായകന്റെ പ്രണയാര്‍ദ്രസ്വരം. വയലാറിന്റെ ഭാവനാസുന്ദരമായ രചന. ദേവരാജന്‍ മാഷിന്റെ മനോഹര ഈണം. മലയാളിയുടെ മനസില്‍ മായാത്ത ചന്ദ്രികയായി മാറിയ ഗാനം. എന്റെ പ്രിയ ഗാനങ്ങളിലൊന്ന്.
ജയഭാരതിയുടെ സ്ഥാനത്ത് ഒരു നിമിഷം മനസ്സില്‍ ഞാനവളെ സങ്കല്‍പിച്ചു. മലയാളത്തിന്റെ നിത്യ ഹരിത നായകന്റെ സ്ഥാനത്ത് അവ്യക്തമായൊരു രൂപവും! അതാരാണെന്നറിയാനുള്ള സ്ത്രീസഹജമായ ഒരു ജിജ്ഞാസ എനിക്കുണ്ടാവാതിരുന്നില്ല. എങ്കിലും ആ രൂപം അവ്യക്തമായിരുന്നോട്ടെ എന്ന് തന്നെ ഞാന്‍ ഉറപ്പിച്ചു.
'തേജോഗോപുരത്തിന്‍ തങ്കപ്പടവിറങ്ങും
താരമോ പുഷ്പകാലമോ
മുന്തിരിച്ചൊടിയിതള്‍ വിടര്‍ത്തൂ എന്നെ നിന്‍
മന്ദസ്മിതത്തിന്‍ മടിയിലുറങ്ങാനനുവദിക്കൂ
ഇടംകൈ നിന്റെ ഇടംകൈ എന്റെ
വിടര്‍ന്ന മാറിലെ പടരുന്ന പൂവള്ളിയാക്കൂ
പൂവള്ളിയാക്കൂ....'
അന്നേരം, ജയചന്ദ്രനൊപ്പം, അവള്‍ താളം പിടിച്ച് പാടി. മനസ്സിലെ ടെലിവിഷന്‍ സ്‌ക്രീനില്‍ അവളെന്ന ജയഭാരതിക്കപ്പുറം മുഖമില്ലാത്ത, രൂപരഹിതമായ ഒരു മനോഹര സാന്നിധ്യം ഉടലനക്കുന്നത് ഞാനറിഞ്ഞു.
കാമുകിയുടെ മന്ദസ്മിതത്തിന്‍ മടിയില്‍ മയങ്ങാന്‍ അനുവാദം ചോദിക്കുകയാണ് വയലാറിന്റെ പ്രണയാതുരനായ കാമുകന്‍. മാത്രമല്ല, അവളുടെ ഇടം കൈ തന്റെ വിടര്‍ന്ന മാറില്‍ ഒരു വള്ളി പോലെ പടരണമെന്ന് കൂടി ആവശ്യപ്പെടുന്നു അവന്‍. തുടര്‍ന്നങ്ങോട്ട് കവി ഭാവന പീലിവിരിച്ച് ആടുകയാണ്.
'ഏതോ ചേതോഹരമാം അരയന്ന-
ത്തേരിലെത്തും ദൂതിയോ സ്വര്‍ഗ്ഗദൂതിയോ
മഞ്ഞിന്റെ മുഖപടമഴിക്കൂ എന്നെ നിന്‍
മാദകഗന്ധം നുകര്‍ന്നു കിടക്കാനനുവദിക്കൂ
വലംകൈ നിന്റെ വലംകൈ എന്റെ
തലക്കു കീഴിലെ തളിരിന്റെ തലയിണയാക്കൂ
തലയിണയാക്കൂ..'
അവളുടെ വലംകൈ അവന്റെ തലയ്ക്കു കീഴില്‍ വച്ച് , കാമുകിയുടെ മാദക ഗന്ധം നുകര്‍ന്ന് കിടക്കാന്‍ അനുവാദം ചോദിക്കുന്നു അവന്‍. അതിമനോഹരമായ ഒരു ശയന വാങ്മയ ചിത്രം.
'എന്തൊരു പ്രണയം...!' എന്നു പറഞ്ഞവള്‍ നിശബ്ദയായപ്പോള്‍, ഞാന്‍ കുട്ടിക്കാലത്തിന്റെ ഏതോ മുറിയില്‍, ഒരു ഫിലിപ്‌സ് റേഡിയോയ്ക്ക് കാതോര്‍ത്തു കിടക്കുകയായിരുന്നു. ഒരു റേഡിയോയും അപ്പച്ചിയും. അതായിരുന്നു കുട്ടിക്കാലം എന്ന വാക്ക് ഉള്ളില്‍ വരയ്ക്കുന്ന ചിത്രം. വലം കൈയും ഇടം കൈയ്യും മാറി മാറി വച്ച് ഈ ശയന രംഗം അപ്പച്ചിയ്ക്കു മുന്നില്‍ അഭിനയിച്ചു കാട്ടുന്ന നിഷ്‌ക്കളങ്കയായ ഒരു പെണ്‍കുട്ടിയും അതു കണ്ടുറക്കെ ചിരിക്കുന്ന അപ്പച്ചിയും ഒളിമങ്ങാതെ ഇപ്പോഴുമുണ്ട് ഓര്‍മ്മയില്‍. ഇന്ന് അപ്പച്ചിയില്ല. കുട്ടിക്കാലത്തിന്റെ പ്യൂപ്പയില്‍നിന്നും വിരിഞ്ഞ് ജീവിതത്തിന്റെ മറ്റേതോ കാലത്തിലേക്ക് പറന്നെത്തിയിരിക്കുന്നു ഞാന്‍.
ഒരു നെടുവീര്‍പ്പോടെ ആ വരികളില്‍ ഞാനാ സ്‌നേഹനൊമ്പരക്കാലം തേടുമ്പോള്‍ അവള്‍ തുടര്‍ന്നു:
'തിരയും തീരവും പോലെയാണ് ഞാനും അവനും. ഒരിയ്ക്കലും ഒത്തുചേരില്ലെന്നറിയാമെങ്കിലും, വേര്‍പിരിയാന്‍ കൂട്ടാക്കാത്തവര്‍. സ്‌നേഹിച്ചു മതിയാകാത്തവര്‍. '
ഞാനന്നേരം പാട്ടും ഡാന്‍സും നിറഞ്ഞു നിന്ന കോളജ് ദിനങ്ങളെ ഓര്‍ത്തു. എന്നെ ചിറകിനുള്ളിലൊതുക്കി പറക്കാന്‍ ഒരു രാജകുമാരന്‍ വരുമെന്ന് ഞാനും കൊതിച്ചിരുന്നു. ഫിലിപ്‌സ് റേഡിയോ കുടഞ്ഞിട്ട ഏതോക്കെയോ പാട്ടുകളില്‍നിന്നും ഉള്ളില്‍ വന്ന് താമസമാക്കിയ ഒരു സ്വപ്ന രാജ്യത്തെ രാജകുമാരിയായി സ്വയം അവരോധിച്ചു നടന്നിരുന്ന ഗര്‍വ്വിന്റെ നാളുകള്‍.
ഒരു കൊച്ചു കുട്ടിയെ പോലെ എന്തോ ഓര്‍ത്ത് നിഷ്‌ക്കളങ്കമായി ചിരിക്കുന്ന അവളെ നോക്കിയിരിക്കുമ്പോള്‍ എന്റെയുള്ളില്‍ പൂ വിടരുന്നതു പോലെ ആ ചിത്രം തെളിയുന്നു . അവളെ ചിറകിനുള്ളിലൊതുക്കി അകലേയ്ക്ക് പറന്നു പോകുന്ന ഒരു രാജകുമാരന്‍! ചേതോഹരമായ അരയന്നത്തേരില്‍ വന്നിറങ്ങുന്ന മാര്‍ ജയാനയെ പോലെ, അവന്റെ പ്രണയ രാജ്യത്ത് ചെന്നിറങ്ങുന്ന അവള്‍! എത്ര സുന്ദരമായ സങ്കല്പം! അന്നേരം, ജീവിത നൗക മുന്നോട്ട് തുഴയാനുള്ള ഊര്‍ജ്ജം നല്‍കിയൊരുവളെ ഒപ്പം കൂട്ടാന്‍ കൊതിച്ച ഒരരയന്‍ ടെലിവിഷനില്‍നിന്നും ഞങ്ങള്‍ക്കിടയിലേക്കിറങ്ങി വന്നു.
'മുത്തു പോയൊരു ചിപ്പിയായ്
ഞാന്‍ പണ്ടു നിന്റെ
പുഷ്യരാഗദ്വീപിനരികിലൊഴുകി വന്നു
ലജ്ജയോടെ
-നിന്‍ മുഖശ്രീ വിടരും ലജ്ജയോടെ
തിരപ്പുറത്തു പൂഞ്ചെതുമ്പല്‍ വിതിര്‍ത്തു വന്നൂ
നിന്റെ ചിറകിനുള്ളില്‍
പൊതിഞ്ഞു പൊതിഞ്ഞു കൊണ്ടുപോന്നു
-എന്നെ കൊണ്ടുപോന്നൂ...'
'മനുഷ്യപുത്രന്‍' എന്ന സിനിമയ്ക്കായി വയലാര്‍ കുറിച്ച കവിത തുളുമ്പുന്ന വരികള്‍. ദേവരാജന്‍ മാഷിന്റെ മനോഹര ഈണം. ഗാനഗന്ധര്‍വന്റെ ഭാവസാന്ദ്രമായ ആലാപനം. തിരശ്ശീലയില്‍, വിധുബാലയും വിന്‍സന്റുമാണ്. വിവാഹമെന്നാല്‍ രണ്ട് മനസ്സുകളുടെ അടുപ്പവും ചേര്‍ച്ചയും മാത്രമാണെന്ന് അടിവരയിടുന്നു.
അവള്‍ കഥ തുടരവെ, ഞാന്‍ അമ്മൂമ്മയ്ക്കരികില്‍ കഥ കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന ആ പഴയ കുട്ടിയുടുപ്പുകാരിയായി.
''പിന്നീടെനിക്ക് മനസ്സിലായി അറേഞ്ച്ഡ് മാര്യേജ് പലപ്പോഴും രണ്ട് വീട്ടുകാര്‍ തമ്മിലുള്ള കച്ചവടം ഉറപ്പിക്കലാണെന്ന് . അവിടെ പാട്ടിനും കവിതയ്ക്കുമൊന്നും ഒരു സ്ഥാനവുമില്ല. അങ്ങനെ എന്റെ അച്ഛന്റെയും അമ്മയുടേയും സാമ്പത്തിക ഭദ്രതയ്ക്ക് ചേരുന്ന ഒരു ചെക്കനെ എനിക്കും കിട്ടി. അച്ഛന്റെ ഭാഷയില്‍, അന്ന് നാലക്ക ശമ്പളമുള്ള സര്‍ക്കാരുദ്യോഗസ്ഥന്‍. പക്ഷേ ഓഷോ പറഞ്ഞതു പോലെ
'സാധാരണ ദാമ്പത്യം അബോധാവസ്ഥയിലുള്ള ഒരു ബന്ധമാണ്: നിങ്ങള്‍ക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയില്ല, അതിനാല്‍ നിങ്ങള്‍ മറ്റൊരാളെ ആശ്രയിക്കുന്നു; മറ്റൊരാള്‍ക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയില്ല, അതിനാല്‍ അവന്‍ അല്ലെങ്കില്‍ അവള്‍ നിങ്ങളെ ആശ്രയിക്കുന്നു.''-അവളങ്ങനെ ഒരു കുത്തൊഴുക്കു പോലെ പറഞ്ഞു തുളുമ്പുകയാണ്.
''മോള്‍ സ്‌കൂളില്‍ ചേര്‍ന്ന ശേഷമാണ് ഞാന്‍ വീണ്ടും പാട്ടിലും ഡാന്‍സിലും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അതോടെ തോണി നന്നായി ഉലയാന്‍ തുടങ്ങി. മറ്റെന്തിനേക്കാളും വലുത് എനിക്ക് പാട്ടും നൃത്തവും ആയിരുന്നു. എന്നിട്ടും, ഞാനതില്‍ നിന്നും ഓടിയൊളിച്ചു. വസന്തം വേനലിന് വഴിമാറുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ശൂന്യത. മരവിപ്പ്.''-അവളുടെ വാക്കുകളിലെ മരവിപ്പ് എന്നിലും സങ്കടം തീര്‍ത്തു. എന്നാല്‍, അതു നീണ്ടുനിന്നില്ല. വെള്ളക്കുതിരപ്പുറത്തേറാന്‍ ഒരു രാജകുമാരന്‍ പുറപ്പെട്ടു തുടങ്ങിയിരുന്നു. '
കടുത്ത വിഷാദത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന ആ നാളുകളിലാണ് ഞാനും അവനും വീണ്ടും കണ്ടുമുട്ടുന്നത്. മോളുടെ സ്‌കൂള്‍ ആനിവേഴ്‌സറിയ്ക്ക് അവള്‍ നിര്‍ബന്ധിച്ച് കൂട്ടിയതായിരുന്നു എന്നെ. ഗാനമേള ടീമിന്റെ ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം എത്തിയതായിരുന്നു അവന്‍. കോളേജിലെ ബെസ്റ്റ് സിംഗറായിരുന്ന എന്നെ ആ വേദിയില്‍ അവന്‍ നിര്‍ബ്ബന്ധിച്ച് പാടിച്ചു. അതൊരു തുടക്കമായിരുന്നു. അന്നുമുതല്‍ വീട്ടില്‍ എനിക്കു വേണ്ടി വാദിക്കാന്‍ ഒരാളുണ്ടായി. എന്റെ മോള്‍!''
''എല്ലാത്തില്‍നിന്നും മാറി നടന്ന എന്നെ അവന്‍ ചിറകിനുള്ളില്‍ പൊതിഞ്ഞ് പാട്ടിന്റെയും നൃത്തത്തിന്റെയും ലോകത്തിലേക്ക് പറന്നു. പിന്നെ നിറയെ പ്രോഗ്രാമുകള്‍. യാത്രകള്‍. അവന്റെ ഭാര്യയ്‌ക്കോ എന്റെ ഭര്‍ത്താവിനോ ഞങ്ങളുടെ അടുപ്പം അംഗീകരിക്കാന്‍ കഴിയില്ല . രണ്ടാളെയും കുറിച്ച് ഓര്‍ക്കുമ്പോള്‍ വിഷമമുണ്ട്. പക്ഷേ അത് കണ്ടില്ലെന്ന് നടിക്കാനേ എനിക്കിന്ന് കഴിയുന്നുള്ളൂ. എനിക്കവനില്‍ നിന്ന് മാറി നടക്കാനിനി ആവില്ല. അതെന്റെ സ്വാര്‍ത്ഥതയാവാം. അവനില്ലെങ്കില്‍ ഞാനില്ല, എന്റെ പാട്ടില്ല, ഡാന്‍സില്ല. അവനാണിന്ന് എന്റെ ജീവിതത്തിന്റെ താളവും ലയവും! അവന്റെ സ്‌നേഹം വീഞ്ഞിനേക്കാള്‍ വീര്യമുള്ളതാണ്. നീ ഉത്തമ ഗീതങ്ങള്‍ വായിച്ചിട്ടില്ലേ. ശൂലേംകാരത്തി പറയുന്നത് ഓര്‍മ്മയില്ലേ? 'പ്രിയനേ നീ എന്നെ ചുംബനങ്ങള്‍ കൊണ്ട് മൂടൂ. നിന്റെ സ്‌നേഹം വീഞ്ഞിനേക്കാള്‍ മെച്ചമാണ്. നിനക്കൊപ്പം എന്നെയും ചേര്‍ക്കൂ, നമുക്കോടിപ്പോവാം.'
''എന്തുകൊണ്ടാണ് ഉത്തമഗീതങ്ങളിലെ ശൂലേം കാരിത്തി രാജകൊട്ടാരത്തെക്കാള്‍, രാജശാസനയെക്കാള്‍ തന്റെ പ്രിയനായ ഇടയച്ചെറുക്കനെ സ്‌നേഹിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ?''- ഒരു കള്ളച്ചിരിയോടെ അവള്‍ ആ ചോദ്യം എന്നിലേക്കെറിഞ്ഞ് വീണ്ടുമൊരു പാട്ടുമൂളുന്നു:
'മുത്തിരുന്നൊരു ചിപ്പിയില്‍ നീ
നിന്റെ നഗ്‌നബാഷ്പബിന്ദുവെന്തിനു നിറച്ചു വെച്ചു
രത്‌നമായി എന്നിലെ ചൂടുകൊണ്ടതു രത്‌നമായി
തിരമുറിച്ചു തോണിയിന്നു കടലിലിറക്കും
എന്റെ തുറമുഖത്തു തുഴഞ്ഞു പുണര്ന്നു
കൊണ്ടുപോകും - നിന്നെ കൊണ്ടുപോകും'
എന്റെ പ്രിയപ്പെട്ട വരികള്‍. വയലാറിനല്ലാതെ ആര്‍ക്കാണിങ്ങനെ എഴുതാനാവുക?
അവളുടെ പാടുന്ന കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഉത്തമ ഗീതങ്ങളില്‍ നിന്നും ശൂലേംകാരത്തിയും അവളുടെ ഇടയച്ചെക്കനും എനിക്കു നേരെ കൈവീശി.
അവിടെനിന്നിറങ്ങി നടക്കുമ്പോള്‍, എന്റെ മനസ്സില്‍ ഒരൊറ്റ പാട്ടും ബാക്കിയായില്ല. പകരം, സോളമന്റെ ഉത്തമഗീതത്തിലെ ഏറ്റവും പ്രണയഭരിതമായ ഒരു വാക്യം ഉള്ളില്‍ തുളുമ്പിനിന്നു. പ്രണയ സംഗമം കൊതിക്കുന്ന ഓരോ പ്രണയിനിയും ഒരിയ്ക്കലെങ്കിലും പറയാതെ പറഞ്ഞിട്ടുള്ള വാക്യം-'നീ സഹോദരനായിരുന്നെങ്കില്‍, എന്റെ അമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്നവനെങ്കില്‍, പുറത്തുവച്ചും എനിക്കു നിന്നെ ചുംബിക്കാമായിരുന്നു; ആരും എന്നെ നിന്ദിക്കുകയില്ല.'
Also Read : രാജാവിനെ പ്രണയിച്ച് ഭ്രാന്തിലവസാനിച്ച ചെല്ലമ്മ, വനജ ടീച്ചറെ പ്രണയിച്ച ഭ്രാന്തന്‍, പിന്നെ മജീദും സുഹറയും!
Also Read: നന്‍പകല്‍ നേരത്തെ തമിഴ് പാട്ടുകളും സിനിമാകഷണങ്ങളും; ചില പാട്ടുരഹസ്യങ്ങള്‍!
മൂന്ന്
ഇതെഴുതുമ്പോള്‍ എന്റെ മുന്നില്‍ അവര്‍ രണ്ടു പേരുമുണ്ട്. രേവതിയും ആ പെണ്‍കുട്ടിയും.
അനേകം നിറങ്ങളില്‍ ലൈറ്റുകള്‍ നൃത്തം ചെയ്യുന്ന ഏതോ വേദിയില്‍, തുറന്നുവെച്ച ക്യാമറക്കണ്ണുകള്‍ക്കു മുന്നിലാണ് രേവതി. ഏതോ ടി വി ഷോയാണ്. അണിയറയില്‍, അവളുടെ 'രാജകുമാരന്‍' അടുത്ത പാട്ടിന്റെ അവസാന വട്ട ഒരുക്കങ്ങളിലാണ്. ഏതോ രണ്ടു വീടുകളില്‍ അവരിരുവരുടെയും പങ്കാളികള്‍ അവരുടെ ജീവിതങ്ങള്‍ ജീവിക്കുന്നു. അന്നേരം, സ്വന്തം സ്വപ്‌നങ്ങളെ ചേര്‍ത്തുപിടിച്ച്, ഒരാകാശത്തുനിന്നും മറ്റാകാശങ്ങളിലേക്ക് സംഗീതം പോലെ പറന്നുപൊന്തുന്നു രേവതിയും അവളുടെ 'അവനും.'
മറുവശത്ത്, ആ പെണ്‍കുട്ടിയുടെ ജീവിതം. അവള്‍ ഇപ്പോഴൊരു സ്‌കൂള്‍ കുട്ടിയല്ല. ഒരു വീട്ടമ്മ. ഭര്‍ത്താവിനും മക്കള്‍ക്കുമിടയില്‍ വീതം വെയ്ക്കപ്പെട്ട ജീവിതത്തിന് മറ്റ് തുറസ്സുകള്‍ ഒന്നുമില്ല. ഏതോ വിദേശ നഗരത്തിലെ, ഒരു സാധാരണ ഫ്‌ളാറ്റിലിരുന്ന്്, മക്കള്‍ക്കും ഭര്‍ത്താവിനുമായി തിരക്കിട്ട് ഭക്ഷണം പാകം ചെയ്യുന്ന ഒരുവള്‍. അടുക്കളയിലെ മറ്റേത് ഉപകരണത്തെയും പോലെ, തനിക്ക് പറഞ്ഞുവെച്ച പണി മാത്രം ചെയ്തു ജീവിക്കുകയാണ് അവള്‍. ഗ്രൈന്റര്‍ പോലെ രാപ്പകലുകളെ പൊടിച്ചുപൊടിച്ച് കഴിയുന്നവള്‍.
ജീവിതത്തിലെ നിര്‍ബന്ധിതനിശ്ശബ്ദതകള്‍ മുറിച്ചു കടന്ന് സ്വന്തം ഇഷ്ടങ്ങളിലേക്ക് പറന്നുചെല്ലാന്‍ രേവതിക്ക് കഴിഞ്ഞത് എങ്ങനെയാവും? അകമേ പാട്ട് പൂക്കുന്ന മരമായിട്ടും എന്തു കൊണ്ടാണ് ആദ്യം പറഞ്ഞ കഥയിലെ പെണ്‍കുട്ടിക്ക് ഭൂതകാലത്തിലെ ഒരേടുമാത്രമായി സംഗീതത്തെ മറക്കേണ്ടി വന്നിട്ടുണ്ടാവുക? പാട്രിയാര്‍ക്കിയും അതില്‍ വേരുറപ്പിച്ച സമൂഹവും അതിന്റെ ഭാഗമായി നിലനില്‍ക്കുന്ന സദാചാര നിയമങ്ങളുമാണ് ഇരുവരുടെയും ജീവിതങ്ങള്‍ക്കിടയില്‍ അദൃശ്യമായി നില്‍ക്കുന്നത്. എന്നാല്‍, അതിനപ്പുറം, അവരവരുടേതായ തീരുമാനങ്ങളാണ് ഈ രണ്ടു മനുഷ്യരുടെയും ജീവിതങ്ങളുടെ വിധിയെഴുതിയത്. ഇതിലേതാണ് ശരി, ഏതാണ് തെറ്റ് എന്ന ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. എല്ലാം വിധിയെന്ന് മന്ത്രിക്കുന്നതിലും അര്‍ത്ഥമില്ല. എങ്കിലും, രേവതിയെ ഓര്‍ക്കുമ്പോള്‍, അവളുടെ പാട്ടുകള്‍ ഓര്‍ക്കുമ്പോള്‍ മറ്റേ പെണ്‍കുട്ടി കൂടി നിനവില്‍ വരുന്നു. അവളെ ഓര്‍ക്കുമ്പോള്‍ ഉള്ളിലാരോ പിടഞ്ഞുപിടഞ്ഞ് മണ്ണിരയുടെ ജീവിതം ജീവിക്കുന്നു.