വീട്ടിലേക്കുള്ള വഴിയോളം മനോഹരമായ മറ്റെന്താണുള്ളത്?

വീടാണ് സമാധാനം, അവിടംവിട്ട് പുറത്തുപോവണം എന്ന് ഞാനിനി ഒരിക്കലും പറയില്ല!

passage to my home experience by Agna S Nath

പയ്യെ പയ്യെ ദൂരെ പോകണമെന്ന ആഗ്രഹം മാഞ്ഞുതുടങ്ങി.. അച്ഛനും അമ്മയ്ക്കും പ്രായമാവുന്നത് കാണുമ്പോള്‍ സങ്കടമായി തുടങ്ങി.  അവരുടെ മുടി നിരയ്ക്കുന്നതും, കൈകാല്‍ ചുളിയുന്നതും ശരീരം വേദനിയ്ക്കുന്നതുമെല്ലാം ഉള്ളിലെവിടെയോ ആന്തലുണ്ടാക്കുന്നുണ്ട്..

 

ഡിഗ്രിക്കാലം കഴിയുംവരെ, വീട് വിട്ട് ദൂരെ പോകണം, ജോലിക്ക് ദൂരെ പോകണം എന്നത് മാത്രമായിരുന്നു ചിന്ത. നല്ലൊരു ജീവിതം കിട്ടണമെങ്കില്‍, പുറത്തു പോകണമെന്ന് തെറ്റിദ്ധരിച്ച കാലം. കല്യാണ കാര്യം പറഞ്ഞ് ആരെങ്കിലും വന്നാല്‍ തിരുവനന്തപുരമോ കാസര്‍കോടോ നോക്കിക്കോളാന്‍ പറഞ്ഞ സമയമുണ്ട്.

അപ്പോളും അമ്മ ചോദിക്കുമായിരുന്നു, 'എന്തിനാ ഇത്ര ദൂരെ പോണത്?. 

അപ്പൊ ഞാന്‍ പറയും, 'കുറെ യാത്ര ചെയ്ത് വീട്ടിലെത്താലോ, ഇടക്കിടെ ചീത്ത കിട്ടില്ലല്ലോ, എപ്പോഴും എല്ലാരേം കണ്ടാ ആര്‍ക്കും ഒരു വിലയുണ്ടാവില്ല' എന്നൊക്കെ.
 
ഡിഗ്രി കാലഘട്ടത്തില്‍ എത്ര വൈകിയെത്തിയാല്‍ പോലും എന്താ വൈകിയതെന്ന് ആരും ചോയ്ച്ചില്ല. 'ഈ നേരത്ത് എന്തിനാ നടന്ന് വന്നത്, നിനക്കൊരു ഓട്ടോയില്‍ വന്നൂടെ' എന്ന് മാത്രം. അമ്മയുടെ വീട്ടില്‍ പോവുമ്പോള്‍ ഒരു വിളി. 'എത്തിയോ?' അല്ലാണ്ട് ഒരു കോള്‍ പോലും അന്ന് വന്നിട്ടില്ല. 

ഒരു തവണ പോലും വീട്ടിലേക്കുള്ള വഴി ആസ്വദിച്ച് നടന്നതായി ഓര്‍ക്കുന്നില്ല. ഒന്നുകില്‍ ഓട്ടം, ഇല്ലെങ്കില്‍ അതിവേഗ നടത്തം.

എന്നാല്‍, വീട് വിട്ടപ്പോഴാണ് വീട്ടിലേക്കുള്ള വഴി എത്ര മനോഹരമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നത്.

കോളേജില്‍ നിന്നും എത്ര അടുത്തായിരുന്നു വീടുണ്ടായിരുന്നത്. ചെല്ലുന്നു, കുളിക്കുന്നു, ഭക്ഷണം കഴിക്കുന്നു, ഫോണിലിരിക്കുന്നു, ഉറങ്ങുന്നു. ആരും ഒന്നും ചോയ്ച്ചില്ല..

പക്ഷേ, ദൂരെ പോരുമ്പോള്‍ അവര്‍ക്കുളളില്‍ പേടി നിറയുന്നത് ഞാന്‍ കണ്ടു.. ഹോസ്റ്റലിലാക്കി തിരിച്ചുപോകുമ്പോള്‍ ആദ്യമായി അവര്‍ കരയുന്നത് ഞാന്‍ കണ്ടു. മുടങ്ങാതെയുളള ഫോണ്‍ വിളികളില്‍ എന്റെ സുരക്ഷിതത്വം അവരാലാവും വിധം നന്നായ് നോക്കുന്നതും, വീടെത്തും വരെ നിര്‍ത്താതെയുള്ള വിളിയും, രാത്രി എത്തുമ്പോള്‍ അച്ഛനോ കുട്ടുവോ ബസ് സ്റ്റാന്റില്‍ കൂടാന്‍ വരുന്നതും, വീട്ടിലേയ്ക്കുളള വഴിയും, എന്റെ മുറിയും, അവരുടെ കരുതലുമെല്ലാം എന്റെ മെയിന്‍ വീക്ക് പോയിന്റുകളായി. 

ഞാന്‍ കരയുന്നതും, അനുഭവിക്കുന്നതുമൊന്നും അവരൊരിക്കലും അറിയരുതെന്ന് മാത്രം ആഗ്രഹിച്ചുതുടങ്ങി. സങ്കടം വരുമ്പോള്‍ ദേഷ്യപ്പെട്ടും, വാശികാണിച്ചും പയ്യെ പയ്യെ അവര്‍ക്കു വേണ്ടി ജയിച്ചു തുടങ്ങി..

അവരെയാരേലും എന്തേലും പറഞ്ഞാല്‍ മുന്നും പിന്നും പ്രായോം നോക്കാതെ സംസാരിച്ചും, ദേഷ്യപ്പെട്ടും അവരെ ചേര്‍ത്ത് നിര്‍ത്തി. 

പയ്യെ പയ്യെ ദൂരെ പോകണമെന്ന ആഗ്രഹം മാഞ്ഞുതുടങ്ങി.. അച്ഛനും അമ്മയ്ക്കും പ്രായമാവുന്നത് കാണുമ്പോള്‍ സങ്കടമായി തുടങ്ങി.  അവരുടെ മുടി നിരയ്ക്കുന്നതും, കൈകാല്‍ ചുളിയുന്നതും ശരീരം വേദനിയ്ക്കുന്നതുമെല്ലാം ഉള്ളിലെവിടെയോ ആന്തലുണ്ടാക്കുന്നുണ്ട്..

നമ്മള്‍ അടുത്തുണ്ടാവുമ്പോള്‍ അവര്‍ അനുഭവിക്കുന്ന സുരക്ഷിത ബോധം വേറൊരാള്‍ക്കും നല്‍കാനാവില്ല..

അമ്മയ്ക്ക് അച്ഛിച്ഛന്‍ കാശ് കാശ് കൊടുക്കുമ്പോള്‍ ആദ്യമൊക്കെ ഞാന്‍ അമ്മയെ വഴക്ക് പറയുമായിരുന്നു.
'എന്തിനാ അമ്മേ മേടിക്കണേ?' 

അപ്പോ അമ്മ പറയും, 'ഇത് വാങ്ങിയില്ലേ അച്ഛന്‍ ഇന്ന് ഉറങ്ങില്ല.'

അപ്പോളും എനിക്കത് മനസ്സിലാവില്ലായിരു.

അങ്ങനെയിരിക്കെ, ഒരു ദിവസം അമ്മമ്മ പറഞ്ഞു, 'ചെറുപ്പത്തില്ലേ അച്ഛനും അമ്മയും മരിച്ചു പോയ എനിക്ക് ഇത് വരെ ഇറങ്ങും നേരം ആരും ഒന്നും തന്നിട്ടില്ലടാ. തരുന്ന രൂപയില്ലല്ല, അതൊരു ബലമാണ്. നമ്മുടെയെന്ന ഉറച്ച ബലം, നമുക്ക് ആളുണ്ടെന്ന ധൈര്യം...'

ഓരോ തവണ വീട്ടില്‍ പോയാലും വിചാരിച്ചതിലും അധികം ദിവസം ഞാന്‍ നില്‍ക്കും. കൊണ്ട്‌പോയ വര്‍ക്കൊന്നും ചെയ്യാതെ അമ്മടെ പുറകീന്ന് മാറാതെ നടക്കും. ഇടക്കിടെ അച്ഛാ, അമ്മാ, കുട്ടൂ എന്ന് വിളിച്ചോണ്ടേയിരിക്കും.

അവര്‍ക്കതൊരു പക്ഷെ പലപ്പോഴും പ്രയാസമായിരിക്കും.. എന്നാലും ഞാന്‍ ഇടക്കിടെ വിളിച്ചോണ്ടേയിരിക്കും

രാവിലെ അമ്മേടെ ചീത്ത കേട്ട് എണീക്കുന്നതും, അച്ഛന്റെ പിന്നാലെ ബിരിയാണിയ്ക്ക് ചുറ്റുന്നതും, കുട്ടൂനോട് ഒരു കാരണവുമില്ലാണ്ട് അടികൂടുന്നതുമെല്ലാം ചെറിയ വലിയ സന്തോഷമാണ്.

ഇപ്പൊ ഞാന്‍ ദൂരെ പോവാന്‍ ആഗ്രഹിക്കാറില്ല. കാരണം, വീട്ടിലേക്കുള്ള വഴിയോളം, യാത്രയോളം മനോഹരമായതും, പ്രിയപ്പെട്ടതുമായ മറ്റൊന്നും കണ്ടെത്താനാവുന്നില്ല. 

വര്‍ക്ക് കഴിഞ്ഞു ഇറങ്ങിയാല്‍ അമ്മയെ വിളിച്ച് എന്താ ചെയ്യ്‌ണേ, അച്ചനെവിടെ, കുട്ടു വന്നോ എന്ന് ചോദിക്കുന്നതില്‍പരം സമാധാനം വേറൊന്നുമില്ല.

അച്ഛനുളളിടം, അമ്മയും, കുട്ടുവുമുളളിടം പ്രിയപ്പെട്ടതായി മറ്റെന്തു വേണം.

'എന്തിന് മര്‍ത്ത്യായുസ്സില്‍ സാരമായത്
ചില മുന്തിയ സന്ദര്‍ഭങ്ങള്‍-അല്ല മാത്രകള്‍ മാത്രം'

നമ്മളുളളിടത്തോളം, അവര്‍ക്ക് നമ്മളെയോര്‍ക്കാന്‍ ഇടവരുതാതെ, കൂടെയുണ്ടാവണം. 
ആരോ, കുറിച്ചതു പോലെ, 'നമ്മള്‍ ജീവിച്ചതല്ല ജീവിതം. മറ്റുള്ളവരുടെ ഓര്‍മ്മയില്‍ നാം എന്ത് ബാക്കി വെക്കുന്നു എന്നതാണ്.'
 

Latest Videos
Follow Us:
Download App:
  • android
  • ios