വാണി ജയറാം: പാട്ടു കൊത്തിയ ദേവശില്‍പ്പി
ശരീരമാകെ സാരിയില്‍ പൊതിഞ്ഞ്, മൈക്കിന് മുന്നില്‍, ചേഷ്ഠകളൊന്നുമില്ലാതെ, ഏറ്റവും ലോലമായി പാടുമ്പോഴും അവരുടെ തൊണ്ടയുണര്‍ത്തുന്ന സംഗീതം ബലിഷ്ഠമായിരുന്നു- പാട്ടുറവകള്‍. പാര്‍വതി എഴുതുന്ന സംഗീത പംക്തി
വാണി ജയറാം എന്ന ഗായികയുടെ ഏറ്റവും വലിയ കരുത്ത്, അവരുടെ തൊണ്ട നേടിയെടുത്ത സാധകബലവും പരന്ന സംഗീതബോധവും തന്നെയാണ്. കര്‍ണ്ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ഒരുപോലെ വഴങ്ങുന്ന അവരുടെ തൊണ്ട തീവ്രമായ ശിക്ഷണരീതികള്‍ കൊണ്ട് ബലപ്പെട്ടതാണ്. ഇതോടൊപ്പമാണ് അവരില്‍ പ്രവര്‍ത്തിക്കുന്ന സംഗീതഭാവുകത്വത്തിന്റെ (sensibility) ആഴപ്പരപ്പുകള്‍.
2023 ഫെബ്രുവരി നാല്. ദക്ഷിണേന്ത്യന്‍ ജനപ്രിയസംഗീതത്തിന്റെ ഭാവപ്രപഞ്ചത്തിലേക്ക് അപാരമായ ആലാപന സാദ്ധ്യതകളെ വിളക്കി ചേര്‍ത്ത ഒരു കണ്ണി അറ്റുവീണ ദിവസമാണത്. വ്യക്തമാക്കിയാല്‍, ദക്ഷിണേന്ത്യയിലെ പെണ്‍പാട്ടു ലോകം തീര്‍ത്ത ജനപ്രിയ 'പാട്ടുപുരകളുടെ' ഇന്നും ഒരനക്കവും തട്ടാത്ത അടിത്തറ പണിത വാണി ജയറാം എന്ന സംഗീതജ്ഞ വിട പറഞ്ഞ ദിവസം. ആ ദിവസത്തെ എങ്ങിനെയൊക്കെ അടയാളപ്പെടുത്തിയാലാവും ഉചിതമാവുക എന്നറിയില്ല.
19 ഭാഷകളില്‍ അതിവിശാലമായൊരു സംഗീത സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് പാടിയ ഒരു ഗായികയായിരുന്നു വാണി ജയറാം. ദക്ഷിണേന്ത്യന്‍ ചലച്ചിത്രഗാന ചരിത്രം എന്നത് വല്ലാത്ത പങ്കുവെയ്പ്പുകളുടെ കഥയാണ്. നാല് സംസ്ഥാനങ്ങളിലുമായി അതിര്‍ത്തികള്‍ മായ്ച്ചുകളഞ്ഞ് ഓടിനടന്ന് പാട്ടുകള്‍ പാടിയിരുന്ന ഗായകരുടെ ഒരു സംസ്‌കാരമുണ്ടതിന്. അതില്‍, ഉത്തരേന്ത്യന്‍ സംഗീത സംസ്‌കാരത്തോട് ഇത്രയധികം ഇഴചേര്‍ന്ന് പ്രവര്‍ത്തിച്ച ഗായിക വാണി ജയറാമായിരിക്കും. ഉത്തരേന്ത്യന്‍ സംഗീതവുമായി തന്റെ ആലാപന രീതികള്‍ ഉള്‍ച്ചേര്‍ത്ത ഗായിക.
അങ്ങിനെയുള്ള ഒരു ഗായികയാണ് വേര്‍പിരിഞ്ഞത്. ഈ സന്ദര്‍ഭത്തില്‍ അവര്‍ സംഗീതലോകത്തിന് നല്‍കിയ സംഭാവനകളെ ചെറുതായെങ്കിലും ഓര്‍ക്കുകയാണ് ഈ ലേഖനം. അവര്‍ മലയാളത്തിനു വേണ്ടി പാടിയ പാട്ടുകളെയും, മലയാളത്തില്‍ അവ തീര്‍ത്ത ഭാവലോകങ്ങളെയും കൂടി ഇത്തരുണത്തില്‍ ഓര്‍ത്തെടുക്കുകയാണ്.
...............................
Read More: രണ്ടരപ്പതിറ്റാണ്ടിനിപ്പുറം ആമേന്‍ എങ്ങനെയാണ് കാതോടു കാതോരത്തിന്റെ തുടര്‍ച്ചയാവുന്നത്?
Read More: 'ലജ്ജാവതിയേ' എന്ന 'അലോസരം'; 'ഹരിമുരളീരവം' എന്ന 'അതിശയം'
Read More: പുഷ്പവതി: പാട്ടും പോരാട്ടവും
........................................
വാണി എന്ന ശില്‍പ്പി
വാണി ജയറാമിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. അവരുടെ തൊണ്ടയും , ശബ്ദവും ചേര്‍ന്നു നിര്‍മ്മിച്ച ഒരു ചിത്രം. തന്റെ ശില്പത്തിന്റെ അരികും വക്കും, ഇടകളും ആകൃതികളും കൂര്‍പ്പിച്ചെടുത്ത ഏകാഗ്രതയോടെ ചെത്തിമിനുക്കിയെടുക്കുന്ന ഒരു ശില്പിയുടെ ചിത്രമാണത്.
ശരീരമാകെ സാരിയില്‍ പൊതിഞ്ഞ്, മൈക്കിന് മുന്നില്‍, ചേഷ്ഠകളൊന്നുമില്ലാതെ, ഏറ്റവും ലോലമായി പാടുമ്പോഴും അവരുടെ തൊണ്ടയുണര്‍ത്തുന്ന സംഗീതം ബലിഷ്ഠമായിരുന്നു. ഒരു ശില്പിയെ പോലെ കൃത്യമായ ധാരണകളോടെ, അളന്നും മുറിച്ചും ചെത്തിയും മിനുക്കിയും ആ സ്വരം മൈക്കിന് മുന്നില്‍ വല്ലാത്തൊരാത്മവിശ്വാസത്തോടെ തനതായ ഗാനശില്‍പം നിര്‍മ്മിച്ചുകൊണ്ടിരുന്നു. നേടിയെടുത്ത സംഗീതവിജ്ഞാനത്തെയും നിപുണതയെയും തന്റെ ശബ്ദത്തിലൂടെ പല മാനങ്ങളില്‍ ഉപയോഗപ്പെടുത്തിയ, ദക്ഷിണേന്ത്യയുടെ ഏറ്റവും മികച്ച 'ഗാനശില്‍പി'യായിരുന്നു വാണി ജയറാം.
പാട്ടില്‍ വൈകാരികതകളെ ഉണര്‍ത്തുന്നതിന് വാണി ജയറാമിന് അവരുടേതായ ഒരു രീതിയുണ്ടായിരുന്നു. സന്ദര്‍ഭം പോലെ ഉണര്‍ത്തേണ്ട 'ഭാവരസം' (mood) എന്നത് സിനിമാ സംഗീതത്തിന് പരമപ്രധാനമാണ്. പാട്ടിനകത്തു തന്നെയുള്ള കവിതയും ട്യുണും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ഭാവത്തെ (emote) വൈകാരികമായി പ്രകടിപ്പിക്കുന്ന കര്‍ത്തവ്യം ഗായകരുടേതാണല്ലോ. ശബ്ദത്തിന്റെ 'തോത്' (throw), വ്യതിയാനങ്ങള്‍ (modulation), വിരാമങ്ങള്‍ (pause), ആലാപനങ്ങള്‍ (alap) തുടങ്ങിയ പല രീതികള്‍ ഉപയോഗിച്ച് ഗായകര്‍ക്ക് ഒരു പാട്ടിനെ ഭാവവല്‍ക്കരിക്കാനാകും.
വാണി ജയറാം എന്ന ഗായികയുടെ ഏറ്റവും വലിയ കരുത്ത്, അവരുടെ തൊണ്ട നേടിയെടുത്ത സാധകബലവും പരന്ന സംഗീതബോധവും തന്നെയാണ്. കര്‍ണ്ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ഒരുപോലെ വഴങ്ങുന്ന അവരുടെ തൊണ്ട തീവ്രമായ ശിക്ഷണരീതികള്‍ കൊണ്ട് ബലപ്പെട്ടതാണ്. ഇതോടൊപ്പമാണ് അവരില്‍ പ്രവര്‍ത്തിക്കുന്ന സംഗീതഭാവുകതത്വത്തിന്റെ (sensibility) ആഴപ്പരപ്പുകള്‍. ദക്ഷിണേന്ത്യന്‍ ഗായികയ്ക്ക് കിട്ടാവുന്നതിലധികമായി സംഗീതത്തിന്റെ പല സംസ്‌കാരങ്ങളിലേക്കുള്ള 'തുറന്നുകിട്ടല്‍' (exposure) വ്യക്തിപരമായ ജീവിതവഴികളിലൂടെ അവര്‍ക്ക് സാധ്യമായിട്ടുണ്ട്. അവരതിനെ തുറന്ന മനസ്സോടെ, ഏറ്റവും ഏകാഗ്രതയോടെ, ഹൃദയം കൊണ്ട് സ്വീകരിക്കുകയും ചെയ്തു.
ഉദാഹരണത്തിന് 'സംഗതികളിന്‍ മേലുള്ള' മെരുക്കം. ഇത് കര്‍ണ്ണാടക സംഗീതാഭ്യസനം കൊണ്ട് നേടിയെടുത്തതാണ്. അതുപോലെ, ഹിന്ദുസ്ഥാനി സംഗീതാഭ്യസനത്തിലൂടെ ആര്‍ജിച്ചെടുത്ത 'ശ്രുതിയിന്‍ മേലുള്ള' കൃത്യത. ഇവ അവരുടെ ആലാപനത്തില്‍ വ്യക്തമായിരുന്നു. ഈ രണ്ടു ഘടകങ്ങളും വാണി ജയറാമിന്റെ തൊണ്ടയില്‍ സ്വാഭാവികമായിത്തന്നെ അവര്‍ പോലുമറിയാതെ പാട്ടുകളിലേക്ക് വിളക്കിച്ചേര്‍പ്പെട്ടിരുന്നു. ഇതുപോലെ അനേകം സൂക്ഷ്മമായ വിശദശാംശങ്ങള്‍ അവരുടെ ആലാപന മികവിന് കാരണങ്ങളാകുന്നുണ്ട്.
അങ്ങനെ ഉറച്ച ഒരു ശബ്ദമുള്ളപ്പോഴും കുട്ടികള്‍ക്കു വേണ്ടിയും അവര്‍ പാടിയിരുന്നുവല്ലോ. ശങ്കരാഭരണത്തില്‍ (1980) കൊച്ചു കുട്ടിക്ക് വേണ്ടിയാണ് മനോഹരമായി വാണി ആലപിച്ചത്. 'മാനസ സഞ്ച രരേ എന്ന 'സാമ' രാഗത്തിലുളള സദാശിവ ബ്രഹ്മേന്ദ്ര കൃതി, 'ദൊരഗുനാ ഇടുവവണ്‍ടി സേവാ' എന്ന ബിലഹരി രാഗത്തിലുള്ള ത്യാഗരാജ കൃതി, 'യെ തീരുഗ നനു' എന്ന നാഥനാമക്രിയയിലുള്ള ഭദ്രാചല രാമദാസ് കൃതി-ഇവയെല്ലാം വാണി പാടിയതാണ്. ദൊരഗുണ പാടിയതിന് 80 -ല്‍ ആന്ധ്രയിലെ മികച്ച പിന്നണി ഗായികക്കുള്ള അവാര്‍ഡും നേടി.
മലയാളത്തിലും വാണി പാടിയിട്ടുണ്ട്, ഒരു കുട്ടിപ്പാട്ട്. ബേബി ശാലിനിക്ക് വേണ്ടി ജോണ്‍സന്റെ സംവിധാനത്തില്‍ പാടിയ 'ഇണക്കമെന്തേ, പിണക്കമെന്തേ' (ഒരു കുടക്കീഴില്‍ - 1985).
വാണി ജയറാമെന്ന ഗാനശില്‍പി പണിത പാട്ടുപുരകള്‍ ഒരര്‍ത്ഥത്തില്‍ ഗായകര്‍ക്ക് ഒരു 'വിസ്മയാലയം' ആയിരുന്നു. അവര്‍ പ്രകടിപ്പിച്ച അനന്യമായ സംഗീതഭാവുകത്വം ഗായകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകേന്ദ്രമായി. കാരണം അതിനകത്ത്, അവര്‍ കണ്ട സംഗീതവഴികളിലെ കൃത്യത, തൊണ്ടയില്‍ ചെത്തിമിനുക്കി പണിഞ്ഞെടുക്കുന്ന സ്വരാകൃതികള്‍, സംഗതികളിലെ ചടുലത, അളന്നുതൂക്കിയ ഭാവങ്ങള്‍, ശബ്ദം കൊണ്ടു തീര്‍ത്ത പണിപ്പുരകള്‍ -ഇവയെല്ലാം സാധ്യതകളുടെ പല വഴികള്‍ കാണിച്ചു. ഒപ്പം, പുതുസാധ്യതകളിലേക്ക് പിന്നെയും വാതിലുകള്‍ തുറന്നിട്ടു.
അതിനാലാവണം, സുരക്ഷിതമായി കെട്ടിപ്പടുത്ത ഒരു പാര്‍പ്പിടത്തിന്റെ മേല്‍ക്കൂര പറന്നുപോയ അനുഭവമായി വാണിയുടെ വേര്‍പാട് മാറുന്നത്. അടുത്ത തലമുറയിലെ ഗായകര്‍ക്കും യുവഗായകര്‍ക്കും തങ്ങളുടെ അഭയസ്ഥാനം മാഞ്ഞുപോയൊരു നഷ്ടമായി ആ വേര്‍പാട് മാറിയത്.
......................................
Read More: 'മാരവൈരി രമണി': കാമത്തിനും പ്രണയത്തിനുമിടയില്‍
Read More: കുമ്പളങ്ങി നൈറ്റ്സിലെ 'ചെരാതുകള്‍' വീണ്ടും കേള്‍ക്കുമ്പോള്‍...
..................................
മലയാളിയുടെ വാണി
മുഴക്കമുള്ള ശബ്ദം, വികാരങ്ങള്‍ സ്വാഭാവികമായി ഉള്‍ക്കൊള്ളുന്ന ശബ്ദം, നേര്‍ത്തതോ ആഴമുള്ളതോ ആയ ശബ്ദം. ശബ്ദത്തിന് തൊടാനാവുന്ന pitch -ന്റെ വിസ്തൃതി (range)- ശബ്ദത്തിന്റെ ഗുണമേന്മ അളക്കുന്നത് ഇങ്ങനെ പല മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാവാം. ഒരു ശബ്ദം അതിന്റേതായ 'തനത് ഗുണം' പാട്ടില്‍ നിന്നും വേറിട്ട് തന്നെ പ്രകടിപ്പിക്കും. അതിനെ നമുക്ക് ശബ്ദത്തിന്റെ ഭാവം എന്നും വിളിക്കാം.
വാണി ജയറാമിന്റെ സഹഗായകരായ എസ്. ജാനകി, പി. സുശീല, മാധുരി എന്നിവര്‍ ഇത്തരത്തിലുള്ള തനതായ ശബ്ദഗുണത്തിന് ഏറ്റവും അനുയോജ്യ ഉദാഹരണങ്ങളാണ്. അതില്‍ തന്നെ എസ്. ജാനകി ഈ മൂന്നുപേരേക്കാളും ഒരുപക്ഷെ പാട്ടുകളെ emote ചെയ്യാന്‍ അതിസമര്‍ത്ഥയായിരുന്നു എന്ന് പറയാം. ഇക്കാര്യത്തില്‍ വാണി ജയറാം ഉപയോഗപ്പെടുത്തിയത് തന്റെ സംഗീതത്തിലുള്ള അടിത്തറ തന്നെയായിരുന്നു. അളന്നു മുറിച്ചെടുത്ത സൂക്ഷ്മ സംഗതികള്‍ കൊണ്ട് പാട്ടുകള്‍ക്ക് അവര്‍ വൈകാരികത പകര്‍ന്നു.
വാണി ജയറാമിന്റെ ഈ പ്രത്യേകത പാട്ടുകള്‍ക്ക് പ്രത്യേക ചടുലത നല്‍കിയിരുന്നു. പാട്ടിന്റെ ഗതി കുറച്ച് വിളംബിതം ആകുമ്പോഴും അതിനകത്ത് ചടുലതയുടെ സ്ഫുലിംഗങ്ങള്‍ അനുഭവിക്കാനാവും. ഉദാഹരണം: 'ഇളം മഞ്ഞിന്‍ നീരോട്ടം' (1981, പാതിരാസൂര്യന്‍ - ദക്ഷിണാമൂര്‍ത്തി,) എന്ന പാട്ട്. 'തെറിക്കുന്ന' ബൃഗകളും, കുഞ്ഞു സൂചനകള്‍ (suggestion ) മാത്രമായി മാറി തിളങ്ങുന്ന സംഗതികളും കൊണ്ട് സമൃദ്ധമാണ് ഈ പാട്ട്. വാണി ജയാറാമിന് മാത്രം സാധിക്കുന്ന ശില്‍പ്പചാതുരിയുടെ മാന്ത്രികതയുണ്ട് ഈ പാട്ടിന്. അര്‍ജ്ജുനന്‍ മാസ്റ്ററുടെ, 'സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ' (ആശീര്‍വാദം - 1977) എന്ന പാട്ടും മികച്ച മറ്റൊരു ഉദാഹരണം. മറ്റൊന്ന്, എ .റ്റി .ഉമ്മറിന്റെ 'ആയിരം പൂ വിടര്‍ന്നു എന്റെ മോഹ വാടികയില്‍' (കടമറ്റത്തച്ഛന്‍ )
ദക്ഷിണാമൂര്‍ത്തിയുടെ തന്നെ 'എന്റെ കയ്യില്‍ പൂത്തിരി' (സമ്മാനം - 1975 ) എന്ന പാട്ടും ഇതേ ഗണത്തില്‍ പെടുന്നു. 'ഒരു പ്രേമലേഖനം എഴുതിമായ്ക്കും ( അര്‍ജ്ജുനന്‍ മാസ്റ്റര്‍ - തുറമുഖം - 1979 ) എന്ന പാട്ടും , എം എസ് വിശ്വനാഥന്റെ 'താരകേ, രജത താരകേ' (രണ്ടിലൊന്ന് - 1978) എന്ന പാട്ടുമൊക്കെ മറ്റ് ചില ഉദാഹരണങ്ങള്‍. ഏറ്റവും ഒടുവില്‍ പാടിയ മലയാള ഗാനമായ 'ഓലഞ്ഞാലി കുരുവി (2013) ( ഗോപി സുന്ദര്‍ - 1983 ) എന്ന പാട്ടിന്റെ അനുപല്ലവിയിലും ചരണത്തിലും ഈ സൗന്ദര്യം ഉണ്ട്.
മറ്റൊരു പ്രത്യേകത ആലാപനത്തിലെ ചില ഭാഗങ്ങളില്‍ കൂര്‍ത്തു തറക്കുന്ന തരം ( sharp) ഭാവങ്ങള്‍ കിട്ടുന്ന ചില നോട്ടുകള്‍ ആണ്. പ്രത്യേകിച്ച് അവ എടുത്തു കാണിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍. ഉദാഹരണമായി 'ഏതോ ജന്മ കല്പന' ( പാളങ്ങള്‍ - ജോണ്‍സണ്‍). അതിന്റെ അനുപല്ലവിക്കും ചരണത്തിനും പല്ലവിയിലേക്ക് തിരിച്ചു കയറുന്നതു വരെ വല്ലാത്ത ഭാവതലമാണ് കൈവരുന്നത്. ഹംസധ്വനിയുടെ ചില മിന്നാട്ടങ്ങളിലൂടെ പോകുന്ന ആ പാട്ടില്‍, ഒരു ഭാഗമെത്തുമ്പോള്‍ മറ്റൊരു foreign note (അന്യ സ്വരം) -ലേക്ക് കയറിപ്പോകുന്നു. അതുപോലെ തന്നെയാണ് ഹമീര്‍ കല്യാണി രാഗത്തോട് ചേര്‍ന്ന് പോകുന്ന 'ധും ധും തനന' (തോമാശ്ലീഹ - സലീല്‍ ചൗധരി) എന്ന പാട്ടിലെ സ്വരവിന്യാസങ്ങള്‍.
ഇതുപോലെ സ്വരങ്ങളുടെ (notes ) പാറ്റേണുകളെ തൊണ്ടയിലെടുത്ത് ചടുലതയോടെ അമ്മാനമാടുവാന്‍ സമര്‍ത്ഥയായിരുന്നു അവര്‍. എം. എസ് . വിശ്വനാഥന്‍, ശ്യാം തുടങ്ങിയ സംവിധായകര്‍ വാണി ജയറാമിനെ അത്തരത്തില്‍ മലയാളത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണം: സുരലോക ജലധാര (ഏഴാം കടലിനക്കരെ - എം എസ് വിശ്വനാഥന്‍) ചെറുകിളിയെ, കിളികിളിയെ (അര്‍ജുനന്‍ മാസ്റ്റര്‍ - ഇരുമ്പഴികള്‍ - 1979). ചടുലമായ നൃത്തഭാഗങ്ങളുടെ പല രംഗങ്ങളും വാണി ജയറാമിന്റെ ശബ്ദത്തില്‍ മലയാളത്തിന് സ്വന്തമായുണ്ട്. ഉദാഹരണം: സര്‍ഗ്ഗതപസ്സിളകും നിമിഷം - (രംഗം - 1985, കെ. വി മഹാദേവന്‍ ) ചഞ്ചല പാദം - (അകലത്തെ അമ്പിളി - 1985, ശ്യാം) തുടങ്ങിയ ചില സങ്കീര്‍ണ്ണമായ പാട്ടുകള്‍.
വാണി ജയറാമും എസ് ജാനകിയും ഒരുമിച്ച് പാടുന്ന 'മഞ്ഞിന്‍ തേരേറി' (റൗഡി രാമു - ശ്യാം) എന്ന പാട്ട് അതിമനോഹരമാണ്. രണ്ടു ഗായകരും ഒരേ ചടുലതയില്‍ ഒരു ടെന്നീസ് കളിക്കുന്നതായി സങ്കല്‍പിച്ചു കേള്‍ക്കാവുന്ന പാട്ട്. സിനിമയില്‍ ശാരദയും ജയഭാരതിയും ഒരുമിച്ച് ആനന്ദത്തിരതല്ലി പാടുന്ന പാട്ടാണത്. വാണിജയറാമും ചിത്രയും കൂടി പാടുന്ന 'മാറിക്കോ, മാറിക്കോ ദൂരെ, ബെല്ലില്ലാതൊടുന്ന പെണ്ണുങ്ങള്‍ ഞങ്ങള്‍' (ഒന്നിങ്ങു വന്നെങ്കില്‍ - ശ്യാം ) എന്ന പാട്ടും ഈ പ്രകരണത്തില്‍ ഓര്‍മ്മയില്‍ വരുന്നു. കെ. ജെ. യേശുദാസും, പി. ജയചന്ദ്രനും, ഉണ്ണിമേനോനും, കൃഷ്ണചന്ദ്രനും ഒക്കെ വാണി ജയറാമിനൊപ്പം പാടിയ സമാനമായ പാട്ടുകള്‍ വേറെയുണ്ട്.
എന്നാല്‍, അക്കാലത്ത് അത്തരത്തിലുള്ള സാധ്യതകളായിരുന്നില്ല മലയാള ചലച്ചിത്ര സംഗീതലോകം ആവശ്യപ്പെട്ടിരുന്നത് എന്ന് തോന്നുന്നു. വാണി ജയറാമിന്റെ ആലാപന മികവിലുള്ള 'ചടുലതയും', 'സ്വരങ്ങള്‍ക്കുള്ള കൃത്യതയും', 'ശ്രുതി ബോധവും' എല്ലാം അപാര സാധ്യതകളാണ് ശേഷിപ്പിച്ചത്. എന്നാല്‍, മലയാളത്തില്‍ പലപ്പോഴും അവയൊക്കെയും സന്തോഷം പ്രതിഫലിപ്പിക്കുന്ന, ചടുലത അടങ്ങുന്ന പാട്ടുകള്‍ക്കായാണ് വലിയ അളവില്‍ ഉപയോഗിക്കപ്പെട്ടത്. മലയാളം കൂടുതല്‍ വശംവദരായത് ഒരുപക്ഷെ എസ്. ജാനകിയുടെ 'emote' ചെയ്യുന്ന രീതികളിലായിരുന്നിരിക്കുമോ? അവര്‍ രണ്ടു പേരും ഒരേ സിനിമക്ക് വേണ്ടി പാടിയ പാട്ടുകള്‍ എടുത്തു പരിശോധിക്കുമ്പോള്‍ അങ്ങിനെ ഒരു സാധ്യത തുറന്നു വരുന്നുണ്ട്.
ഉദാഹരണത്തിന് വിഷുക്കണി (സലീല്‍ ചൗധരി - 1977) എന്ന സിനിമയിലെ പാട്ടുകള്‍. അതില്‍ വാണി ജയറാമിന് ലഭിച്ച പാട്ട് 'കണ്ണില്‍ പൂവോ, ചുണ്ടില്‍ പാലോ ' എന്നതായിരുന്നു. വിധുബാലയും ശാരദയും അഭിനയിക്കുന്ന സന്തോഷം സ്ഫുരിക്കുന്ന മനോഹരഗാനമാണത്. അതില്‍, എസ് ജാനകി പാടുന്നത് 'മലര്‍ക്കൊടി പോലെ' എന്ന സുന്ദരമായ വികാരം മുറ്റി നില്‍ക്കുന്ന പാട്ടാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ (1980 ജെറി അമല്‍ദേവ് ) ഗാനങ്ങള്‍ നോക്കൂ. വാണി ജയറാം പാടിയ 'മഞ്ചാടിക്കുന്നില്‍' സന്തോഷവും ആഘോഷത്തിമര്‍പ്പും പ്രസരിപ്പിക്കുന്ന പാട്ടാണ്. അതില്‍തന്നെ എസ് ജാനകിക്ക് ലഭിച്ച പാട്ട് മഞ്ഞണിക്കൊമ്പില്‍, മിഴിയോരം എന്നീ വികാരസാന്ദ്രഗാനങ്ങള്‍.
'ശങ്കരാഭരണം' സിനിമയിലെ പാട്ടു രംഗങ്ങള്‍ ഓര്‍ത്താലും ഇതിനു സമാനമായ തിരഞ്ഞെടുപ്പുകള്‍ കാണാം. സിനിമയിലെ ഉപനായികയുടെ പ്രധാന വൈകാരിക മുഹൂര്‍ത്തം പാടുന്നത് എസ്. ജാനകിയാണ്. (സാമജവരഗമന' എന്ന കൃതി ജാനകിയും എസ് പി ബാലസുബ്രഹ്മണ്യവും പാടി മനോഹരമാക്കുന്നു. ആ സിനിമയില്‍ കൊച്ചുകുട്ടിക്ക് വേണ്ടി പാടിയ ചടുലമായ പാട്ടായിരുന്നു അത്തവണ വാണി ജയറാമിന് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തത്.
70-80 -കളില്‍, മലയാള ചലച്ചിത്രഗാന ലോകം പ്രഗത്ഭരായ സംഗീത സംവിധായകരുടെയും അനുപമ ഗായികമാരുടെയും നാദപ്രപഞ്ചത്താല്‍ തരംഗം തീര്‍ത്തിരുന്നു. ദേവരാജനും മാധുരിയും, പി.സുശീലയും ചേര്‍ന്നുള്ള മനോഹരഗാനങ്ങള്‍, എം.എസ്. ബാബുരാജ് - എസ് .ജാനകി സഖ്യം തീര്‍ത്ത മറ്റൊരു വസന്തം. ആ ഭാവലോകം ഏതാണ്ടങ്ങിനെ ക്രമീകരിക്കപ്പെട്ടിരുന്നു. താരതമ്യങ്ങള്‍ ഇല്ലെങ്കിലും, ഒരുപക്ഷേ ജാനകിയുടെ ഭാവപ്രകാശനവും, മാധുരിയുടെ ഉയര്‍ന്ന ശബ്ദവ്യാപ്തിയും സംയോജിക്കുന്ന ഒരു സ്ഥാനമായി വാണിജയറാം അടയാളപ്പെട്ടിട്ടുണ്ടാകാം. പക്ഷെ അതുമാത്രമായിരുന്നില്ല അവര്‍.
മലയാളത്തിന്റെ പാട്ടറകളില്‍ വാണി പാടിയ അതിമനോഹരങ്ങളായ ഗാനങ്ങള്‍ സമൃദ്ധമായുണ്ട്. വാണി ജയറാമിന്റെ ഈ സാധ്യതകള്‍ കണ്ടെടുക്കാന്‍ പറ്റിയ പാട്ടുകളാണ് എണ്ണം പറയാവുന്ന മലയാളത്തിലെ അതിമനോഹരമായ ചില ഗാനങ്ങള്‍. സങ്കീര്‍ണ്ണസ്വരങ്ങള്‍ അടങ്ങിയതും, ഏറ്റവും ലളിതമായവയും വാണി മലയാളത്തില്‍ പാടി. കെ.ആര്‍. വിജയ, ജയഭാരതി, ശാരദ, ശ്രീവിദ്യ, ലക്ഷ്മി തുടങ്ങി, പാളങ്ങളില്‍ ഒരു മഞ്ഞുതുള്ളി പോലെ എന്ന് ഭരതന്‍ പറയാതെ പറഞ്ഞു വെക്കുന്ന സറീന വഹാബ് പോലെ ഉള്ള നായികമാരുടെ വൈകാരിക സന്ദര്‍ഭങ്ങളെ വാണിയുടെ ശബ്ദം തീക്ഷ്ണങ്ങളാക്കിയിട്ടുണ്ട്.
സലില്‍ ചൗധരിയുടെ 'സ്വപ്നം', 'നാടന്‍ പാട്ടിലെ മൈന', രാഘവന്‍ മാസ്റ്ററുടെ 'നാദാപുരം', 'കാറ്റു ചെന്നു കളേബരം തഴുകി' പോലെയുള്ള ദക്ഷിണാമൂര്‍ത്തിയുമൊത്തുള്ള അനേകം പാട്ടുകള്‍, അര്‍ജുനന്‍ മാസ്റ്ററുടെ 'വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി', തിരുവോണപുലരി' പോലെയുള്ള ഗാനങ്ങള്‍, എ ടി ഉമ്മറിന്റെ പാട്ടുകള്‍, പിന്നീട് വന്ന ജോണ്‍സണ്‍ (മൗനം പൊന്മണി തംബുരു മീട്ടി - ഓര്‍മ്മയ്ക്കായി - 1982) , ശ്യാം, ജെറി അമല്‍ദേവ് തുടങ്ങിയവരുടെ കൂടെ മലയാളികളുടെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരുപാട് പാട്ടുകള്‍.
..............................................
Read More: മഴ പോയിട്ടും പെയ്യുന്ന മരങ്ങള്‍; എങ്ങും പോവാത്ത എസ് പി ബി
Read More: കണ്ണൂര്‍ രാജന്‍: കാലത്തിനു മുമ്പേ പറന്ന സംഗീതം
...............................
വാണി എന്ന കലൈവാണി
'സംഗീതബുദ്ധി' കൊണ്ടും, മൂര്‍ച്ചയുള്ള ഗ്രാഹ്യശക്തികൊണ്ടും, പാട്ടുകളെ അളന്നുകൊത്തി ശില്‍പ്പമാക്കുന്ന പാടവം കൊണ്ടും വാണി തന്റെ തൊണ്ടയില്‍ നിന്നും കടഞ്ഞെടുത്ത പാട്ടുപുരകള്‍ വടക്കേ ഇന്ത്യയില്‍ നിന്നുമാണ് ആരംഭിച്ചത് എന്നതും മറ്റൊരു കൗതുകമാണ്. മിയാന്‍ കി മല്‍ഹാര്‍ (വൃന്ദാവനസാരംഗ) എന്ന രാഗമോര്‍ത്താല്‍ ആദ്യം ഓടി വരുന്ന പാട്ടായി 'ബോലേ രെ പപ്പി' മാറിയിട്ട് പതിറ്റാണ്ടുകളായി.
തമിഴില്‍ എം എസ് വിശ്വനാഥനുവേണ്ടി വാണി പാടിയ 'ഏഴു സ്വരങ്ങളുക്കുള്‍ എത്തനൈ പാടല്‍' (1975ലെ മികച്ച പിന്നണിഗായികക്കുള്ള തമിഴ്നാട് സര്‍ക്കാര്‍ അവാര്‍ഡ് ഈ പാട്ടിനായിരുന്നു) എന്ന പാട്ട്, (പന്തുവരാളി രാഗത്തില്‍ തുടങ്ങി രാഗമാലിക), അതേ സിനിമയില്‍ത്തന്നെ 'കേള്‍വിയിന്‍ നായഗനേ' (ദര്‍ബാരി കാനഡ രാഗത്തില്‍ തുടങ്ങി രാഗമാലിക), ബി എസ് ശശിരേഖയുമൊത്ത് വാണി പാടിയ പാട്ടുകള്‍ എന്നി തമിഴ് പിന്നണി ഗാനരംഗത്തെ അവിസ്മരണീയ ഗാനങ്ങളാണ്.
ഒപ്പം എം എസ് വിശ്വനാഥനെ യഥാര്‍ത്ഥത്തില്‍ 'മെല്ലിസൈ മന്നന്‍' ആക്കുന്ന 'മല്ലിഗൈ മന്നന്‍ മയങ്കും' ( ദീര്‍ഘ സുമഗലി - 1974) , 'വസന്തകാല നദിഹളിലെ വൈരമണി നീലൈലകള്‍' (മൂണ്‍ട്രു മുടിച്ചി - 1976) , 'മല്ലിഹൈ മുല്ലൈ പൂപ്പന്തല്‍' (അന്‍പേ ആറുയിരേ - 1975), 'നാദമെനും കോവിലിലെ' (മന്‍മത ലീലൈ - 1976,) കെ.ജെ.യേശുദാസ് കൂടെ പാടിയ 'നിനൈവാലെ സിലൈ സെയ്ത' (അന്തമാന്‍ കാതലി - 1978,) എസ് പി ബാലസുബ്രഹ്മണ്യവുമായി ചേര്‍ന്ന് 'നാനാ പാടുവത് നാനാ' (നൂല്‍ വേലി - 1979), ജയലളിതയ്ക്ക് വേണ്ടി പാടിയ എങ്കിരുന്തോ ഒരു കുരല്‍ തുടങ്ങിയ തമിഴകത്തിന്റെ ഉള്‍ത്തുടിപ്പുകളായ പല പാട്ടുകളും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
അഭങ്കുകളും, ഗസലുകളും, ഹിന്ദുസ്ഥാനി ഭജന്‍സും ഒക്കെ പാടിപ്പരിചിതമായ വാണിയുടെ പാടവം നൃത്തം ചെയ്യുന്ന അനുഭവമാണ് 'മേഗമേ, മേഗമേ പാല്‍നിലാ തേയുതേ...' (പലൈവനൈസോലൈ - 1981, ശങ്കര്‍-ഗണേഷ്). ഖരഹരപ്രിയയുടെ രെമഹല -ല്‍, ഭാഗ്യശ്രീയുടെയോ, കര്‍ണ്ണരഞ്ജിനിയുടെയോ ഒക്കെ നിറങ്ങള്‍ വന്നുപോകുന്ന മനോഹരമായ ഈ പാട്ട് ഇല്ലാത്ത വാണിയുടെ ഏതു തമിഴ് പാട്ടുകളുടെ ലിസ്റ്റും അപൂര്‍ണ്ണമായിരിക്കും.
പിന്നെ, ഇളയരാജ. നളിനകാന്തി പോലെയുള്ള ചില പ്രത്യേക രാഗങ്ങള്‍ക്ക് നിറം പകരുന്നതില്‍ അതുല്യനാണ് അദ്ദേഹം. അദ്ദേഹം വാണിക്ക് നല്‍കിയ മധുരഗാനമാണ് 'എന്നുള്ളില്‍ എങ്കോ ഏങ്കും ഗീതം' (റോസാപ്പൂ റവിക്കൈക്കാരി - 1979). കാല്‍പനികത മുറ്റി നില്‍ക്കുന്ന, എന്നാല്‍ വളരെ സങ്കീര്‍ണ്ണമായ ഈ പാട്ട് ധര്‍മ്മവതി, മധുവന്തി രാഗ ഛായകള്‍ വരുന്നൊരു പാട്ടാണ്. ഇതുപോലെ, ഇളയരാജയുടെ തനത് രീതികളില്‍ ഉണ്ടാക്കിയിട്ടുള്ള നാടോടിച്ചേലുള്ള പല പാട്ടുകളും വാണി ജയറാമിന്റെ ശബ്ദത്തില്‍ തേനൂറുന്ന പാട്ടുകവിതകളായി മാറുന്നുണ്ട്. ഉദാഹരണം: 'നാ ഒര് കന്നി പ്പൊണ്ണ് തനിയാ വന്തിരുക്കേ' (നീതിയിന്‍ മറുപക്കം - 1985 ) പോലെയുള്ള പാട്ടുകള്‍. ഇളയരാജയുടെ തന്നെ ഒരുപാട് യുഗ്മഗാനങ്ങള്‍. എസ് പി ബാലസുബ്രഹ്മണ്യത്തിനൊപ്പം 'ഒരേ നാന്‍ ഉനൈ നാന്‍' (ഇളമൈ ഊഞ്ചലാടുകിറദ് - 1978), ആഭോഗി രാഗത്തില്‍ പി. ജയചന്ദ്രനോടൊപ്പം 'ഇന്‌ട്രെയ്ക്ക് ഏനിന്ദ ആനന്ദമേ' (വൈദേഹി കാത്തിരുന്താള്‍ - 1984), വസന്ത രാഗത്തെ അടിസ്ഥാനപ്പെടുത്തി യേശുദാസിനോടൊപ്പം 'മാന്‍ കണ്ടേന്‍ മാന്‍ കണ്ടേന്‍' (രാജഋഷി - 1985) ഇങ്ങനെ എത്ര ഗാനങ്ങള്‍!
...........................
Read More: വിപ്ലവ ഗായികയ്ക്കപ്പുറം കെ. പി എ സി സുലോചന
Also Read: പകയുടെ കനലിവളുടെ മിഴികള്‍; മറുതായ്, പെണ്‍പകയുടെ സിംഫണി!
.................
സ്വരപ്പൂക്കളുടെ മലയാള വസന്തം!
മലയാളത്തിന് വാണി എന്നാല്‍, മഞ്ചാടിക്കുന്നിലെ ആഘോഷക്കൊഴുപ്പോ, ഏതോ ജന്‍മകല്പനയിലെ നേര്‍ത്ത പ്രണയസ്വപ്നമോ, മഞ്ഞുതുള്ളിയുടെ കുളിര്‍മ്മയും നിഷ്‌കളങ്കതയുമോ വിരഹമോ, ദുഃഖമോ പൊഴിക്കുന്ന പാട്ടുമരമോ ഒക്കെയാണ്. എന്നാല്‍ സംഗീത സംവിധായകര്‍ക്ക് സാധ്യതകളെ തിരഞ്ഞു ചെല്ലാനുള്ളൊരു വസന്തം ആയിരുന്നു അവര്‍. പ്രതിഭയുടെ ജ്വലനകാന്തിയുള്ള സ്വരപ്പൂക്കളുടെ വസന്തം!
അതിനുമപ്പുറം അവര്‍ കലയോട് അങ്ങേയറ്റം സഹൃദയത്വം സൂക്ഷിച്ചിരുന്ന കലാകാരി കൂടിയായിരുന്നു. ജീവിതത്തില്‍ തനിച്ചായപ്പോള്‍ ചിത്രരചനയും, കവിതാരചനയും, അവയ്ക്ക് സംഗീതം പകരലും ഒക്കെയായി അവര്‍ കലകളില്‍തന്നെ മുഴുകി. മറ്റുള്ള കലാ സംസ്‌കാരങ്ങളെ ഹൃദയം തുറന്ന് സ്വീകരിച്ചു. 2020 ആവുമ്പോഴേക്കും സംഗീതലോകത്ത് 50 വര്‍ഷങ്ങള്‍ പാടിത്തികച്ച അവരെ, പല ഘട്ടങ്ങളില്‍ ഉണ്ടായിട്ടുള്ള അവഗണനകളോ, മാറ്റിനിര്‍ത്തലുകളോ നോവിപ്പിച്ചിരുന്നുവോ? പക്ഷെ ആ നഷ്ടങ്ങളുടെ ആത്യന്തിക ഫലമുണ്ടായത് അവര്‍ക്കായിരുന്നില്ല, കലാ ലോകത്തിനു തന്നെയാവണം.
മറ്റ് ഭാഷകളില്‍ നിറഞ്ഞുകവിഞ്ഞ നദിയായിരിക്കുമ്പോഴും,, മലയാളത്തിന് ഏറ്റവും പ്രിയമുള്ള ഗായികയാണ് വാണി ജയറാം. സാങ്കേതികമായി ഒരു സംസ്ഥാന അവാര്‍ഡ് അംഗീകാരത്തില്‍ അതൊതുങ്ങിതെങ്കിലും വാണി നമ്മുടെ മനസ്സുകളില്‍ തന്നെയുണ്ടായിരുന്നു. അതിന്റെ ഏറ്റവും നല്ല തെളിവ് 2010 -നു ശേഷവും വാണി മലയാളത്തില്‍ പാടി എന്നത് തന്നെയാവണം. 1994 -ല്‍ വാണി മലയാളത്തിലേക്ക് വീണ്ടും പാടാന്‍ വന്നു. ഫാസിലിന്റെ 'മാനത്തെ വെള്ളിത്തേരില്‍' എന്ന ഏറ്റവും നിര്‍ണ്ണായകമായ ഒരു മുഹൂര്‍ത്തത്തിനു ശബ്ദം കൊടുത്തു. 'മനസ്സിന്‍ മടിയിലെ' എന്ന വൈകാരികത തുളുമ്പി നിന്ന പാട്ടിലേക്ക് ജോണ്‍സന്‍ തിരഞ്ഞെടുത്തത് വാണിയെ ആയിരുന്നു.പിന്നെയും വന്നു വാണിയുടെ പാട്ടുകള്‍. 'പൂക്കള്‍, പനിനീര്‍ പൂക്കള്‍' (ആക്ഷന്‍ ഹീറോ ബിജു - 2016 ) എന്ന മനോഹരാനുഭവം. ജെറി അമല്‍ദേവ് ആ പാട്ടിനായി വാണിയെ മലയാളത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നീട്, പുതിയ തലമുറയിലെ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ പുലിമുരുകനിലെ ( 2016) 'മാനത്തെ മാറിക്കുറുമ്പേ' എന്ന മനോഹരമായ പാട്ടിലേക്കും, 'ഓലഞ്ഞാലി കുരുവി' എന്ന പാട്ടിലേക്കും വാണിയെ ക്ഷണിച്ചു. ആ ആ പാട്ടുകളെ വാണി മറക്കാനാവാത്ത അനുഭവങ്ങളാക്കി മാറ്റുകയും ചെയ്തു.